ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മാതാക്കളായ വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 58.95 കോടി രൂപ സംയോജിത അറ്റാദായം നേടി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 35 ശതമാനമാണ് ലാഭവര്‍ധന. സെപ്റ്റംബര്‍ 30ന് അവസാനിച്ച പാദത്തില്‍ കമ്പനി 1133.75 കോടി രൂപ സംയോജിത പ്രവര്‍ത്തന വരുമാനം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 986.55 കോടി രൂപയില്‍ നിന്ന് 14.9 ശതമാനം വര്‍ധന രേഖപ്പെടുത്തി. സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 2348.51 കോടി രൂപയാണ് കമ്പനിയുടെ സംയോജിത പ്രവര്‍ത്തന വരുമാനം. 17.1 ശതമാനം വളര്‍ച്ച നേടി. ആദ്യ പകുതിയിലെ അറ്റാദായം 26.9 ശതമാനം വര്‍ധിച്ച് 123.17 കോടി രൂപയിലെത്തി. വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ കടബാധ്യത സെപ്റ്റംബര്‍ 30ലെ കണക്കുപ്രകാരം 292 കോടി രൂപയാണ്. കഴിഞ്ഞ മാര്‍ച്ച് 31ലെ 420 കോടി രൂപയില്‍ നിന്ന് ബാധ്യത കുത്തനെ കുറഞ്ഞത് കമ്പനിക്ക് വന്‍ നേട്ടമായി. മുംബൈ ആസ്ഥാനമായ ബാറ്ററി നിര്‍മ്മാതാക്കളായ ഗിഗാഡൈന്‍ എനര്‍ജി ലാബ്സ് പ്രൈവറ്റ് ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം വി-ഗാര്‍ഡ് 24.32 ശതമാനമായി ഉയര്‍ത്താന്‍ തീരുമാനിച്ചു. 2021 ജനുവരി 15ലെ 18.77 ശതമാനത്തില്‍ നിന്നാണ് പുതിയ 20.01 കോടി രൂപയുടെ നിക്ഷേപത്തോടെ ഓഹരി പങ്കാളിത്തം ഉയര്‍ത്തുന്നത്. ഗിഗാഡൈന്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നത് തുടങ്ങിയിട്ടില്ല.
വിഗാര്‍ഡ് ഇന്‍ഡസ്ട്രീസിന് 35 ശതമാനം ലാഭം
