ബാങ്ക് വായ്പയ്ക്കായി ശ്രമിക്കുന്ന പലരുടെയും പ്രശ്നമാണ് സിബില്‍ സ്കോര്‍. സാധാരണ ഗതിയില്‍ മെച്ചപ്പെട്ട സിബില്‍ സ്കോര്‍ ഇല്ലാത്തവര്‍ക്ക് വായ്പ നിഷേധിക്കുകയെന്ന നയമാണ് ബാങ്കുകള്‍ പിന്തുടരുന്നത്. ഇപ്പോഴിതാ, ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സിബില്‍ സ്കോര്‍ കുറവാണെന്നതിന്റെ പേരില്‍ ആദ്യമായി വായ്പയ്ക്കായി സമീപിക്കുന്നവര്‍ക്ക് ലോണ്‍ നിഷേധിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. 300 മുതല്‍ 900 വരെയുള്ള മൂന്നക്ക സ്കോറായിട്ടാണ് സിബില്‍ സ്കോര്‍ സൂചിപ്പിക്കുന്നത്. ഒരാളുടെ സാമ്പത്തിക അച്ചടക്കത്തെപ്പറ്റി ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും കൃത്യമായ അറിവ് ഇതുവഴി ലഭിക്കും. സിബില്‍ സ്കോര്‍ കുറവാണെന്നത് ഒരാളുടെ വായ്പ തിരിച്ചടവ് ശേഷിയെ അടയാളപ്പെടുത്തുന്നതാണ്. കൂടിയ സിബില്‍ സ്കോര്‍ ഉള്ളവര്‍ക്ക് വായ്പ ലഭ്യമാക്കാന്‍ ബാങ്കുകള്‍ക്കും താല്പര്യമാണ്. ഇ.എം.ഐ, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം എന്നിവയെല്ലാം സിബില്‍ സ്കോറിനെ സ്വാധീനിക്കും. ക്രെഡിറ്റ് ചരിത്രത്തിന്റെ അഭാവം മാത്രം കാരണം ആദ്യമായി വായ്പയെടുക്കുന്നവരുടെ വായ്പാ അപേക്ഷകള്‍ നിരസിക്കരുതെന്ന് റിസര്‍വ് ബാങ്ക് വായ്പാദാതാക്കളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സിബില്‍ സ്കോര്‍ കുറവായാലും വായ്പ ലഭിക്കും!
