yt cover 43

 

ശബരിമല ക്ഷേത്രത്തില്‍നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം ആറന്മുളയിലുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍. ഇക്കാര്യത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം നല്‍കി. മറ്റു ചില വസ്തുക്കളുമായി ബന്ധപ്പെട്ട സംശയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അതില്‍ പരിശോധന തുടരുമെന്നുമാണ് വിവരം. തമിഴ്നാട്ടിലെ ഭക്തര്‍ 2012 ല്‍ സമര്‍പ്പിച്ച 55.72 പവന്‍ തൂക്കമുള്ള സ്വര്‍ണക്കിരീടം കാണാതായി എന്നായിരുന്നു നേരത്തെ പ്രചരിച്ചിരുന്ന വിവരം.

മാസപ്പടി ഡയറിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയുമടക്കം നിരവധി പ്രമുഖരുടെ പേരുമുണ്ടെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. കേന്ദ്ര ഏജന്‍സിയായ എസ്എഫ്ഐഒ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കളുടെ പേരുള്ളതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ പിണറായിക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കാത്തത്. പിണറായി വിജയന്റെ പേര് ‘പി വി’ എന്നല്ല, ‘പിണറായി’ എന്നു തന്നെയാണ് ഡയറിയിലുള്ളത്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വി എസ് അച്ചു, കെ.മുരളീധരന്‍, സി കെ ചന്ദ്രപ്പന്‍, എളമരം കരീം, ഗോവിന്ദന്‍ മാസ്റ്റര്‍, ഹൈബി ഈഡന്‍, പന്ന്യന്‍ രവീന്ദ്രന്‍, എസ് ശര്‍മ്മ, പി രാജീവ്, ഷിബു ബേബി ജോണ്‍, കെ ബി ഗണേഷ് കുമാര്‍ തുടങ്ങിയവരുടെ പേരുകളടങ്ങിയ പേജാണ് ഷോണ്‍ ജോര്‍ജ് പുറത്തുവിട്ടത്.

സിഎംആര്‍എല്‍ മുന്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ തന്റെ പേരില്ലെന്ന് ബിജെപി നേതാവ് വി. മുരളീധരന്‍. ഷോണ്‍ ജോര്‍ജ് വെട്ടിലാക്കിയാല്‍ അതില്‍ വീഴുന്ന ആളല്ല താന്‍. ബിജെപിയില്‍ വേറെയും മുരളീധരന്‍മാരുണ്ട്. അദ്ദേഹം പറഞ്ഞു. മാസപ്പടി കേസിലെ ഡയറിയില്‍ തന്റെ പേരിനെക്കുറിച്ച് അറിയില്ലെന്ന് ജി സുധാകരനും പ്രതികരിച്ചു.

സംസ്ഥാനത്തെ സ്പോര്‍ട്സ് കൗണ്‍സിലിലെ അഴിമതികള്‍ കണ്ടെത്താന്‍ ഓപ്പറേഷന്‍ കളിക്കളം എന്ന വിജിലന്‍സ് മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് വന്‍ ക്രമക്കേടുകള്‍. സ്പോര്‍ട്സ് കൗണ്‍സില്‍ ആസ്ഥാനത്ത് പൈക പദ്ധതി പ്രകാരമുള്ള ധനവിനിയോഗത്തിലും ക്രമക്കേട് കണ്ടെത്തി. ക്യാഷ് ബുക്കോ സറ്റോക്ക് രജിസ്റ്ററോ സൂക്ഷിച്ചിട്ടില്ല. മുന്‍ സ്റ്റേറ്റ് കൗണ്‍സില്‍ പ്രസിഡന്റിന് സര്‍ക്കാര്‍ അനുമതിയില്ലാതെ ബത്തകള്‍ നല്‍കി. 2019 മുതല്‍ 2021 മെയ് വരെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അനുമതിയില്ലാതെ ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചെന്നും വിജിലന്‍സ് കണ്ടെത്തി.

കേരള ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനക്കേസ് സുപ്രീം കോടതി തീര്‍പ്പാക്കി. വിസിയായി നിയമിതനായ കെ. റിജി ജോണിന്റെ കാലാവധി കഴിഞ്ഞതിനാല്‍ കേസ് തീര്‍പ്പാക്കണമെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ മുന്‍ സംസ്ഥാന സര്‍ക്കാരും റിജി ജോണും സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.

റിപ്പോര്‍ട്ടര്‍ ടിവിയില്‍നിന്നു പിടിച്ചെടുത്ത ഡോളര്‍ തിരികെ ആവശ്യപ്പെട്ട് റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം സെഷന്‍സ് കോടതിയില്‍. എന്നാല്‍ ഡോളര്‍ തിരികെ നല്‍കാനാവില്ലെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും പൊലീസ് അറിയിച്ചു. അതേസമയം, ആന്റോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി. നോട്ടീസ് നല്‍കി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. ആന്റോയുടെ ജാമ്യഹര്‍ജി സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.

മുഖ്യമന്ത്രി വി ഡി സതീശന്‍ ചാര്‍ട്ടേഡ് വിമാനയാത്രയുടെ സ്പോണ്‍സറുടെ പേരു മറയ്ക്കുന്നത് ദുരൂഹത ഉള്ളതുകൊണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വിമാനയാത്ര നടത്തിയിട്ടുണ്ടെന്ന സതീശന്റെ വാദം വിഷയത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള അടവാണെന്നും ഗോവിന്ദന്‍.

പേരു പുറത്തു പറയാന്‍ കൊള്ളാത്തവരായ ആളുകളാണ് സര്‍ക്കാരിന്റെ സ്പോണ്‍സര്‍മാരെന്നും പണക്കാരെ കാണുമ്പോള്‍ കവാത്ത് മറക്കുകയാണെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

മുഖ്യമന്ത്രിയുടെ സ്പോണ്‍സേര്‍ഡ് യാത്രക്ക് ഉപയോഗിച്ച കമ്പനിയുടെ വിമാനം പിണറായി വിജയനും ഉപയോഗിച്ചിട്ടുണ്ടെന്നു മന്ത്രി കെ മുരളീധരന്‍. കാലം മാറുന്നതനുസരിച്ച് മുഖ്യമന്ത്രിയുടെ യാത്രയില്‍ മാറ്റങ്ങള്‍ വേണമെന്നും മുരളീധരന്‍ പറഞ്ഞു.

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ സുഗതന്റെ സഹോദരന്‍ സന്ദീപ് പൊലീസിന്റെ പിടിയില്‍. മണ്ണന്തല രഞ്ജിത്ത് വധകേസിലെ സാക്ഷിയുടെ വീട്ടില്‍ അതിക്രമം കാണിച്ചതിനാണ് സന്ദീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ 30 നു കോടതി ശിക്ഷ വിധിക്കാനിരിക്കേയാണ് കേസിലെ സാക്ഷിയുടെ വീട്ടില്‍ സന്ദീപ് അതിക്രമമുണ്ടാക്കിയത്.

സുല്‍ത്താന്‍ ബത്തേരി ചെതലയം ആറാംമൈലില്‍ ആനക്കൊമ്പ് വില്‍പന നടത്താന്‍ ശ്രമിച്ചെന്ന കേസിലെ ആറ് പ്രതികളെ റിമാന്‍ഡ് ചെയ്യാതെ കോടതി വിട്ടയച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് വിട്ടയച്ചത്. ആറുപേരെയും കോടതിയുടെ അനുമതിയോടെ വീണ്ടും അറസ്റ്റ് ചെയ്യാനാകും. അതേസമയം പിടിച്ചെടുത്ത ആനക്കൊമ്പുകളും വാഹനവും അടക്കമുള്ള തൊണ്ടിമുതല്‍ വനംവകുപ്പിന്റെ കസ്റ്റഡിയില്‍ സൂക്ഷിക്കാനും കോടതി അനുമതി നല്‍കി.

മില്‍മ മലബാര്‍ മേഖല യൂണിയന്‍ പിരിച്ചുവിട്ടതില്‍ സര്‍ക്കാര്‍ മില്‍മ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഗുരുതര കണ്ടെത്തലുകള്‍ ഉണ്ടെങ്കില്‍ വിജിലന്‍സ് അന്വേഷണത്തിനും ശുപാര്‍ശ ചെയ്തേക്കും.

ജീവിതപങ്കാളിയുടെ പേര് പാസ്പോര്‍ട്ടില്‍ നിന്ന് നീക്കം ചെയ്യാന്‍ വിവാഹമോചന ഉത്തരവ് ഹാജരാക്കേണ്ടതില്ലെന്ന് ഹൈക്കോടതി. പാസ്പോര്‍ട്ട് ചട്ടങ്ങളില്‍ ഇത്തരമൊരു നിബന്ധന ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് മുരളി പുരുഷോത്തമന്‍ ഉത്തരവിട്ടത്.

നിക്ഷേപത്തുകയ്ക്ക് ആനുപാതികമായി ലാഭവിഹിതം ലഭിക്കുമെന്നു വിശ്വസിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യകമ്പനിയില്‍ നിക്ഷേപിച്ച 25 ലക്ഷം രൂപ തിരികെത്തരുന്നില്ലെന്ന് ആരോപിച്ച് മുന്‍ എം.എല്‍.എ പി.എന്‍. പ്രമോദ് നാരായണ്‍ അടക്കം നാലു പേര്‍ക്കെതിരേ നൂറനാട് പൊലീസ് കേസെടുത്തു. ചാരുംമൂട് പാലമൂട്ടിലെ പ്രസ്ബി നോളജ് മാനേജ്‌മെന്റ് എന്ന കമ്പനിക്കെതിരേയാണു നൂറനാട് പുതുപ്പള്ളികുന്നം ഗൗരിഭവനത്തില്‍ രവീന്ദ്രന്‍നായര്‍ പരാതി നല്‍കിയത്.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയെന്ന പരാതിയില്‍ ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ ഷാജി കസ്റ്റഡിയില്‍. വിദേശത്തുനിന്ന് എത്തിയ പാര്‍വതി മായ തിരുവനന്തപുരം വിമാനത്താവളത്തിലാണ് പിടിയിലായത്. അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് എഫ് ഐ ആര്‍.

ചേര്‍ത്തലയില്‍ യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പത്തു വര്‍ഷം കഠിനതടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ. എറണാകുളം ഇലഞ്ഞി സ്വദേശി രതീഷിനെയാണ് (25) ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ ഇന്ദു ചന്ദന്‍ ശിക്ഷിച്ചത്.

തൃശൂര്‍ കറുകപുത്തൂരിലെ റുസിയ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ജ്വല്ലറിയില്‍നിന്ന് 3.85 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ അസിസ്റ്റന്റ് മാനേജര്‍ക്കെതിരേ ചാലിശേരി പൊലീസ് കേസെടുത്തു. തിരുമിറ്റക്കോട് സ്വദേശിയായ വിജേഷിനെതിരേയാണ് കേസെടുത്തത്. ജ്വല്ലറിയുടെ ഉടമയായ ചാത്തന്നൂര്‍ വെട്ടത്ത് പറമ്പില്‍ വീട്ടില്‍ കരീം നല്‍കിയ പരാതിയിലാണ് കേസ്.

ആടിയ ശിഷ്ടം നെയ്യ് ക്രമക്കേടില്‍ ദേവസ്വം ബോര്‍ഡിന് നഷ്ടം വന്ന രീതി സംബന്ധിച്ച് വ്യക്തത ഇല്ലെന്ന് വിജിലന്‍സ്. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തി ഗുരുതര സ്വഭാവത്തിലുള്ളതാണെന്നും എന്നാല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇത് അപര്യാപ്തമെന്നുമാണ് വിജിലന്‍സ് റിപ്പോര്‍ട്ട്.

ജി സുധാകരന്റെ പ്രസ്താവനകള്‍ക്കെതിരെ തുടര്‍ച്ചയായി മാനനഷ്ടകേസ് ഫയല്‍ ചെയ്ത് ജില്ലയിലെ സിപിഎമ്മില്‍ സജി ചെറിയാനൊപ്പം നില്‍ക്കുന്ന യുവനേതാക്കള്‍. ലഹരിക്കേസില്‍ ആരോപണ വിധേയനായ ആലപ്പുഴ നഗരസഭ കൗണ്‍സിലര്‍ ഷാനവാസ് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടകേസ് ഫയല്‍ ചെയ്തു.

ദാമ്പത്യപ്രശ്‌നം തീര്‍ക്കാനായി എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ പിടിയില്‍. പുതുപ്പാടി സ്വദേശിയായ അന്‍വര്‍ സാദത്താണ് പിടിയിലായത്. ഭര്‍ത്താവിനോട് മന്ത്രം ചൊല്ലാന്‍ ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചെന്നാണു കേസ്.

ഇടുക്കിയിലെ ചിന്നക്കനാല്‍ ചക്കക്കൊമ്പന്‍, മുറിവാലന്‍ എന്നീ ആനകളെ പിടികൂടാനുള്ള നടപടികളുമായി വനംവകുപ്പ്. ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലായി ഒരു മാസത്തിനിടെ മൂന്നു പേരെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയതോടെയാണ് ആനകളെ മാറ്റണമെന്ന ആവശ്യം ശക്തമായത്.

തെരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നതകള്‍ പരസ്യമായിരിക്കേ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധവും സമരവും ആരംഭിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യ സഖ്യം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ സുപ്രീംകോടതി അടിയന്തരമായി പരിശോധിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാര്‍ അടിയന്തരമായി രാജി വെക്കണമെന്ന ആവശ്യവും പ്രതിപക്ഷം ശക്തമാക്കിയിട്ടുണ്ട്.

ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ സ്ലീപ്പര്‍ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉള്‍പ്പെടെ ഒന്‍പതുപേര്‍ മരിച്ചു. യമുന എക്‌സ്പ്രസ്വേയില്‍ ബുധനാഴ്ച രാത്രിയാണ് അപകടം. ബസില്‍ 35 യാത്രക്കാരുണ്ടായിരുന്നു.

ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ ഫാര്‍മ വ്യവസായി വിനീത് മിനോച്ചയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകന്‍ സുബ്രത് മിനോച്ചയെ പൊലീസ് അറസ്റ്റ് ചെയ്തു. മരുമകള്‍ വീട്ടിലെ മുന്‍ജീവനക്കാരെ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞിരുന്നത്. കൊല്ലപ്പെട്ട വ്യവസായിയുടെ സാമ്പത്തിക തര്‍ക്കങ്ങളാണു കൊലപാതകത്തിനു കാരണം.

യുഎസ് – ചൈന ഉച്ചകോടിക്കായി എത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് ഗംഭീര വരവേല്‍പ്പ് നല്‍കി അമേരിക്ക. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസിലെത്തിയ ഷി ജിന്‍പിങ്ങിനെ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും യുഎസ് പ്രഥമ വനിത മെലാനിയ ട്രംപും നേരിട്ടെത്തി സ്വീകരിച്ചു.

റഷ്യയുടെ വരുമാന മാര്‍ഗ്ഗങ്ങള്‍ അടയ്ക്കാനും, യുദ്ധനീക്കങ്ങള്‍ തടസ്സപ്പെടുത്താനും ലോകനേതാക്കളോട് അഭ്യര്‍ത്ഥിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. യുഎന്‍ പൊതുസഭയിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.

ഏഷ്യന്‍ ഗെയിംസില്‍ വുഷുവില്‍ ഇന്ത്യയ്ക്ക് വെള്ളി. ഹാട്രിക് നേട്ടവുമായി റോഷിബിന. തുഴച്ചിലില്‍ ഇന്ത്യ വെങ്കലം നേടി.

സൂപ്പര്‍ ലീഗ് കേരളയുടെ മൂന്നാം സീസണ്‍ നാളെ കണ്ണൂര്‍ ജവഹര്‍ലാല്‍ നെഹ്റു മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കണ്ണൂര്‍ വാരിയേഴ്സ് റണ്ണറപ്പായ തൃശൂര്‍ മാജിക് എഫ് സിയെ നേരിടും. ശനിയാഴ്ച കോഴിക്കോട്ട് കോര്‍പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ കാലിക്കറ്റ് എഫ്‌സി തിരുവനന്തപുരം കൊമ്പന്‍സുമായും ഞായറാഴ്ച കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഫോഴ്‌സ് കൊച്ചി മലപ്പുറം എഫ്‌സിയുമായും ഏറ്റുമുട്ടും. മത്സരങ്ങളെല്ലാം രാത്രി ഏഴരയ്ക്കാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് അജിത് അഗാര്‍ക്കര്‍ പടിയിറങ്ങുമെന്ന് ഉറപ്പിച്ച് ബിസിസിഐ. മൂന്ന് വര്‍ഷത്തെ കരാര്‍ കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് അഗാര്‍ക്കര്‍ ബിസിസിഐയെ അറിയിച്ചു.

2026ലെ ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റില്‍ റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും സമ്പന്നന്‍ എന്ന നേട്ടം സ്വന്തമാക്കി ഗൗതം അദാനി. 9.22 ലക്ഷം കോടി രൂപയുടെ ആസ്തിയോടെയാണ് അദാനി, 8.63 ലക്ഷം കോടി രൂപയുള്ള മുകേഷ് അംബാനിയെ മറികടന്നത്. ആര്‍സെലര്‍ മിത്തല്‍ ചെയര്‍മാന്‍ ലക്ഷ്മി മിത്തലാണ് മൂന്നാം സ്ഥാനത്ത്. 3.39 ലക്ഷം കോടി രൂപയാണ് ഇവരുടെ ആസ്തി. 3.03 ലക്ഷം കോടി രൂപ ആസ്തിയോടെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാലയാണ് നാലാം സ്ഥാനത്ത്. 2,78 ലക്ഷം കോടി ആസ്തിയോടെ എച്ച്എസിഎല്‍ കമ്പനിയുടെ റോഷ്‌നി നാടാര്‍ മല്‍ഹോത്ര അഞ്ചാം സ്ഥാനത്തും ആറാമത് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കുമാര്‍ മംഗളവുമാണ്. 2.65 ലക്ഷം കോടി രൂപ ആസ്തിയോടെ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസിന്റെ ദിലീപ് ഷാങ്ഖ്വിയാണ് ഏഴാം സ്ഥാനത്തെത്ത്. വിപ്രോയുടെ അസിം പ്രേംജി എട്ടാമതും വേദാന്ത റിസോഴ്സസിന്റെ അനില്‍ അഗര്‍വാള്‍ ഒന്‍പതാമതും ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഉടമ സമീര്‍ മേത്തയുമാണ് പത്താം സ്ഥാനത്ത്.

സ്വന്തം മുഖത്തിന്റെ ഡിജിറ്റല്‍ അവകാശം എ.ഐ ഉപയോഗിച്ച് നിര്‍മിക്കുന്ന ഷോര്‍ട്ട് ഡ്രാമകള്‍, പരസ്യങ്ങള്‍, ഗെയിമുകള്‍ തുടങ്ങിയവക്കായി ലൈസന്‍സ് ചെയ്ത് പണം സമ്പാദിച്ച് ചൈനയിലെ സാധാരണക്കാര്‍. ഫേസ് ലൈസന്‍സിങ് പ്ലാറ്റ്ഫോമുകളില്‍ രജിസ്റ്റര്‍ ചെയ്ത് തിരിച്ചറിയല്‍ വിവരങ്ങള്‍ സ്ഥിരീകരിച്ച ശേഷം ഉപയോക്താക്കള്‍ക്ക് സ്വന്തം ഡിജിറ്റല്‍ ആക്ടര്‍ പ്രൊഫൈല്‍ തയാറാക്കാം. തുടര്‍ന്ന് എ.ഐ ഉപയോഗിച്ച് ഉള്ളടക്കം നിര്‍മിക്കുന്ന കമ്പനികള്‍ക്ക് ഈ പ്രൊഫൈലുകളില്‍ നിന്ന് ആവശ്യമായ മുഖം തിരഞ്ഞെടുക്കാം. അതേസമയം, ഓരോ മുഖത്തിനും വരുമാനം ഒരുപോലെയല്ല. ഏഴ് യു.എസ് ഡോളര്‍ മുതല്‍ 15,000 യു.എസ് ഡോളര്‍ വരെയാണ് ഇതുവരെ മുഖങ്ങള്‍ക്കായി നല്‍കിയിരിക്കുന്നത്. പ്ലാറ്റ്ഫോം, നിര്‍മാണം, ഉപയോഗ കാലയളവ്, ലൈസന്‍സ് നിബന്ധനകള്‍ എന്നിവ അനുസരിച്ച് തുക മാറുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലും എ.ഐ അധിഷ്ഠിത ഡിജിറ്റല്‍ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

തമിഴിലെ പ്രശസ്ത സംവിധായകന്‍ റാം രചനയും സംവിധാനവും നിര്‍വഹിച്ച് നിവിന്‍ പോളി, അഞ്ജലി, സൂരി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ‘യേഴു കടല്‍ യേഴു മലൈ’യുടെ ട്രെയിലര്‍ പുറത്ത്. ഒക്ടോബര്‍ 1ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ദുല്‍ഖര്‍ സല്‍മാന്റെ വേഫെയറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മിക്കുന്ന ചിത്രം ‘റിച്ചി’ക്ക് ശേഷം എത്തുന്ന നിവിന്‍ പോളിയുടെ തമിഴ് ചിത്രം കൂടിയാണ്. ത്രില്ലും മിസ്റ്ററിയും നിറച്ചാണ് ട്രെയ്‌ലര്‍ മുന്നോട്ട് പോകുന്നത്. അതേസമയം ചിത്രത്തില്‍ ഫാന്റസിയും പ്രണയവും നര്‍മവും ആക്ഷനും വൈകാരികതയും ഒരുപോലെ ഇടംപിടിച്ചിട്ടുണ്ടെന്ന സൂചനയും ട്രെയിലര്‍ നല്‍കുന്നു. 8000 ത്തിലധികം വര്‍ഷങ്ങളായി മരണമില്ലാതെ ജീവിക്കുന്ന അമരനായ കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്. ഒരു ട്രെയിന്‍ യാത്രയ്ക്കിടെ കണ്ടുമുട്ടുന്ന സാധാരണക്കാരനായ ഒരാളും നൂറ്റാണ്ടുകളായി തന്റെ പ്രണയം തേടി അലയുന്ന അമരനായ വ്യക്തിയും തമ്മിലുള്ള ബന്ധത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.

വീര്‍ പഹാരിയ, അപര്‍ശക്തി ഖുറാന, നവാഗതയായ ആഫിയ സയിദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന റൊമാന്റിക് കോമഡി ചിത്രം ‘പ്രേം കീടാണു’വിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മൂന്ന് കഥാപാത്രങ്ങള്‍ക്കിടയിലെ പ്രണയവും ആശയക്കുഴപ്പങ്ങളും അപ്രതീക്ഷിത സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേഹം. 2024ല്‍ പുറത്തിറങ്ങിയ മലയാളം റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’വിന്റെ റീമേക്കാണിത്. എന്നാല്‍ ‘പ്രേമലു’വില്‍ നിന്ന് ഏറെ മാറ്റങ്ങളോടെയാണ് എത്തുന്നത്. മലയാളം ചിത്രത്തിന്റെ റീമേക്ക് അല്ലെന്ന് വീര്‍ പഹാരിയ നേരത്തെ അവകാശപ്പെട്ടിരുന്നു. അപൂര്‍വ് സിങ് കാര്‍ക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാകേഷ് ബേദി, നിഖില്‍ വിജയ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഒക്ടോബര്‍ രണ്ടിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ‘ദൃശ്യം: ദി കണ്‍ക്ലൂഷന്‍’ എന്ന ചിത്രത്തോടൊപ്പമാണ് ‘പ്രേം കീടാണു’ ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുന്നത്.

മഹീന്ദ്ര തങ്ങളുടെ ഇലക്ട്രിക് ഒറിജിന്‍ എസ്യുവി ബിഇ6ന്റെ പുതിയ മോഡല്‍ ബിഇ6 സ്പോര്‍ടെക് സീരീസ് അവതരിപ്പിച്ചു. ബിഇ6ന്റെ സ്പോര്‍ട്ടി സ്വഭാവവും നൂതന ടെക്നോളജിയും കൂട്ടിച്ചേര്‍ത്താണ് പുതിയ സ്പോര്‍ടെക് സീരീസ് എത്തിയിരിക്കുന്നത്. ഇതോടൊപ്പം ലോഞ്ച് എഡിഷന്‍, പെര്‍ഫോമന്‍സിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഫോര്‍മുല ഇ ഫ്രീഡം എഡിഷന്‍ എന്നിങ്ങനെ രണ്ട് പ്രത്യേക പതിപ്പുകളും അവതരിപ്പിച്ചു. പുതിയ സ്പോര്‍ടെക് സീരീസ് 12 വ്യത്യസ്ത നിറങ്ങളില്‍ ലഭിക്കും. ഇതില്‍ നാല് പുതിയ നിറങ്ങളാണ് റോസ് ഇംപള്‍സോ, റൂബി വെല്‍വെറ്റ്, ഗ്രാഫൈറ്റ് സ്റ്റോം, ഫയര്‍സ്റ്റോം ഓറഞ്ച് സാറ്റിന്‍. എട്ട് വേരിയന്റുകളിലാണ് സ്പോര്‍ടെക് സീരീസ് എത്തുന്നത്. സ്പോര്‍ടെക് സീരീസിലെ ഏറ്റവും ഉയര്‍ന്ന പതിപ്പാണ് ലോഞ്ച് എഡിഷന്‍. പ്രത്യേക ഗ്രാഫൈറ്റ് സ്റ്റോം എക്സ്റ്റീരിയര്‍ നിറവും റേസിങ് ടാന്‍ ലെതറൈറ്റ് ഇന്റീരിയറുമാണ് ഇതിന്റെ പ്രധാന പ്രത്യേകത. ബാറ്ററിക്ക് കിലോമീറ്ററിന് 3.75 എന്നതാണ് ബാസ് നിരക്ക്. പ്രതിദിനം 60 കിമീ ഉപയോഗം കണക്കാക്കിയാണിത്.

വര്‍ഷങ്ങള്‍ പഴക്കമുള്ള മഠത്തിലെ കാവില്‍ പുനഃപ്രതിഷ്ഠ തീരുമാനിച്ചപ്പോള്‍ മുതല്‍ അയാള്‍ അസ്വസ്ഥനായിരുന്നു. അയാളുടെ പ്രതിഷേധം വകവയ്ക്കാതെ അന്ന് പ്രതിഷ്ഠയിളക്കിയപ്പോള്‍ അതിനുള്ളില്‍നിന്ന് 90 വര്‍ഷങ്ങള്‍ പഴക്കമുള്ള അസ്ഥികൂടം ലഭിക്കുന്നു. പകുതി കല്‍മുഖവും ബാക്കി പകുതി പ്രേതമുഖവുമായി നില്‍ക്കുന്ന ആ ശില്പത്തിന് പറയാനുള്ളതെന്താണ്? 90 വര്‍ഷം പിന്നില്‍ നടന്ന എന്നാല്‍ ഇന്നും മാറാത്ത രാഷ്ട്രീയ സാമുഹിക അന്തരീക്ഷത്തില്‍ കാറ്റായി. മഴയായി അവള്‍ ആ കഥ പറയുകയാണ്. ‘കൊച്ചുതങ്കയുടെ രക്തം’. രാഹുല്‍ ആര്‍ പിള്ള. ഡിസി ബുക്സ്. വില 171 രൂപ.

മുടികൊഴിച്ചില്‍ തടയുന്നിനും മുടി വളരുന്നതിനും സവാള നീര് സ്‌കാല്‍പ്പില്‍ പുരട്ടിയാല്‍ മതിയെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് ആരോഗ്യവിദഗ്ധര്‍. പോഷകക്കുറവു മുതല്‍ തൈറോയ്ഡ് പ്രശ്നങ്ങള്‍, പാരമ്പര്യം, മാനസിക സമ്മര്‍ദം തുടങ്ങിയ പല കാരണങ്ങള്‍ മുടി കൊഴിച്ചിലിന് പിന്നിലുണ്ടാകാം. അത് കണ്ടെത്തുകയാണ് പ്രധാനം. സവാളയില്‍ വിവിധ സള്‍ഫര്‍ അടങ്ങിയ സംയുക്തങ്ങളും ആന്റിഓക്സിഡന്റ് ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. മുടിയുടെ ഘടനയില്‍ പ്രധാനപ്പെട്ട പ്രോട്ടീനാണ് കെരാറ്റിന്‍, അതില്‍ സള്‍ഫര്‍ അടങ്ങിയ അമിനോ ആസിഡുകള്‍ ഉണ്ട്. ഇതിന്റെ പേരിലാണ് സവാള മുടിക്ക് ഗുണകരമാണെന്ന് പറയുന്നത്. വളരെ സെന്‍സിറ്റീവ് ആയ സ്‌കാല്‍പ്പ് ഉള്ളവരില്‍ സവാള നീര് നേരിട്ടു പുരട്ടുന്നത് ചൊറിച്ചില്‍, പുകച്ചില്‍, ചുവപ്പ്, ഇറിറ്റേഷന്‍ എന്നിവ ഉണ്ടാക്കാം. സ്‌കാല്‍പ്പില്‍ ഇതിനകം മുറിവ്, അണുബാധ, കടുത്ത താരന്‍, എക്സിമ തുടങ്ങിയ പ്രശ്നങ്ങളുണ്ടെങ്കില്‍ സവാള നീര് പുരട്ടുന്നത് ഒഴിവാക്കണം. ദിവസവും കുറച്ച് മുടി കൊഴിയുന്നത് സാധാരണമാണ്. എന്നാല്‍ മുടി കനം കുറയുക, നെറ്റി കയറുക, കഷണ്ടി രൂപപ്പെടുക തുടങ്ങിയവ മുടികൊഴിച്ചിലിന്റെ ലക്ഷണങ്ങളാകാം. മുടികൊഴിച്ചിലിന്റെ കാരണം കണ്ടെത്താതെ പൊടിക്കൈകള്‍ മാത്രം പരീക്ഷിക്കുന്നത് ഫലം വൈകിപ്പിക്കാം

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 95.95, പൗണ്ട് – 127.04, യൂറോ – 109.25, സ്വിസ് ഫ്രാങ്ക് – 115.87, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 67.48, ബഹറിന്‍ ദിനാര്‍ – 253.88, കുവൈത്ത് ദിനാര്‍ -310.64, ഒമാനി റിയാല്‍ – 249.59, സൗദി റിയാല്‍ – 25.52, യു.എ.ഇ ദിര്‍ഹം – 26.08, ഖത്തര്‍ റിയാല്‍ – 26.23, കനേഡിയന്‍ ഡോളര്‍ – 68.03.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *