റെംഡിസൈവിർ വിവാദത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ . ആരോഗ്യമന്ത്രി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും ആരോഗ്യ പ്രവർത്തകരുടെ ആത്മസമർപ്പണത്തെയാണ് മന്ത്രി ചോദ്യം ചെയ്തതെന്നും പിണറായി പറഞ്ഞു. സർക്കാരിന് പറ്റിയ ഗുരുതര പാളിച്ചകളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ആരോഗ്യമന്ത്രി ഇല്ലാത്ത വിവാദം സൃഷ്ടിക്കുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു. കെ. മുരളീധരൻ കേരള സമൂഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കണ്ണൂരിൽ കിഫ്ബി മുഖേന ഭൂമി ഏറ്റെടുത്തതിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിറങ്ങി. കണ്ണൂർ ജില്ലയിൽ 4896 ഏക്കർ ഭൂമി 12,240 കോടി രൂപ ചെലവഴിച്ച് ഏറ്റെടുക്കുന്നതിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ വീഴ്ച സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന് സംസ്ഥാന വിജിലൻസിനെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു.
സാമ്പത്തിക തിരിമറി കേസിൽ ക്രൈംബ്രാഞ്ച് ചെന്നൈയിൽ നിന്ന് ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത ബി എൽ എം സ്ഥാപക ചെയർമാൻ പ്രേംകുമാറിന് ജാമ്യം ലഭിച്ചു. നടപടികൾ പാലിക്കാതെയുള്ള അറസ്റ്റാണെന്നടക്കം ചൂണ്ടിക്കാട്ടി കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. നിയമപരമായി പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്കായി എൽഐസി വഴി പുതിയ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ അറിയിച്ചു. അപകട മരണങ്ങൾക്ക് കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപ ഇൻഷുറൻസ് നൽകുന്ന ഇതിന്റെ പ്രീമിയം തുക ബോർഡ് തന്നെ അടയ്ക്കും.
സ്വകാര്യ ബസ് സമരം പിൻവലിച്ച് ഉടമകൾ. ഗതാഗത വകുപ്പ് മന്ത്രി സി പി ജോണുമായി നടന്ന ചർച്ചയ്ക്ക് ശേഷമാണ് സമരം പിൻവലിച്ചത്. സ്വകാര്യ ബസുകൾ കെഎസ്ആർടിസി വെറ്റ് ലീസിൽ എടുക്കാനും, പത്മകുമാർ കമ്മീഷൻ റിപ്പോർട്ട് നിയമായനുസൃതമായി നടപ്പിലാക്കാനും തീരുമാനമായിട്ടുണ്ട്. ബസ് ചാർജ് വർധനവ് സംബന്ധിച്ചും, വിദ്യാർത്ഥി കൺസെഷൻ നിരക്ക് ഉയർത്തുന്നത് സംബന്ധിച്ചും നിലവിൽ തീരുമാനം എടുക്കാൻ കഴിയില്ലെന്നും മന്ത്രി ബസ് ഉടമകളെ അറിയിച്ചു.
ചേരാനല്ലൂർ വാഹനാപകട കേസിൽ പൊലീസ് വിവരമറിയിക്കാൻ വൈകിയെന്നും അതിനിടയിൽ ജഡ്ജി തെളിവ് നശിപ്പിച്ചെന്നും മുഖ്യമന്ത്രിയോട് പരാതി പറഞ്ഞ് ജയബാലകൃഷ്ണന്റെ കുടുംബം. ജയബാലകൃഷ്ണന്റെ കുടുംബത്തെ ചിറ്റൂരിലെ വീട്ടിലെത്തി മുഖ്യമന്ത്രി ആശ്വസിപ്പിച്ചു.പ്രായപൂർത്തിയാകാത്തയാളുടെ പേര് വിവരങ്ങളോടെ അപ്പീൽ നൽകിയത് ശിക്ഷാര്ഹമാണെന്ന് കോടതി ഓർമ്മപ്പെടുത്തി.
അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്മെന്റ് ഏർപ്പെടുത്തിയ 2026ലെ ഇന്റർനാഷണൽ വിസിറ്റേർസ് ലീഡേർഷിപ്പ് പ്രോഗ്രാമിന് മൂന്ന് മലയാളികൾ അർഹരായി. ഇന്ത്യയിൽ നിന്ന് മാധ്യമ പ്രവർത്തകയായ നിലീന അത്തോളി, സെന്റർ ഫോർ ഇന്ത്യൻ മൈഗ്രന്റ് സ്റ്റഡീസ് മൈഗ്രന്റ് ഫോറം ഇൻ ഏഷ്യയുടെ റിസർച്ച് കൺസൾട്ടന്റ് അഖിൽ സി എസ്, സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ബിനോയ് പീറ്റർ എന്നിവർക്കാണ് ക്ഷണം ലഭിച്ചത്.
എഡിജിപി പി വിജയന്റെ നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി കേരള പൊലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 1931 കേസുകൾ രജിസ്റ്റർ ചെയ്തു. ഒക്ടോബർ 29 വൈകുന്നേരം നാല് മണി മുതൽ ഒക്ടോബർ 30 രാവിലെ 8 മണി വരെയാണ് പരിശോധനകൾ നടന്നത്.
മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി രണ്ട് വർഷത്തിന് ശേഷം പിടിയിൽ. തൃശൂർ തലപ്പിള്ളി പൈങ്കുളം സ്വദേശി രാഗേഷ് (ജുമാഞ്ചി 32)നെയാണ് നെടുമ്പാശേരി പൊലീസ് ഹിമാചൽ പ്രദേശിലെ കുളുവിൽ നിന്ന് പിടികൂടിയത്.
വയനാട് മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ. രക്തപരിശോധന ഫലം നെഗറ്റീവായിരുന്നതിനെ തുടർന്ന് പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തെറ്റെന്ന് തെളിഞ്ഞിരുന്നു. വലിയ പ്രയാസമാണ് ഞാൻ നേരിട്ടതെന്ന് അദ്ദേഹം പ്രതികരിച്ചു.
സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ നടത്തിയ പ്രത്യേക വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് 21 ഡ്രൈവർമാർ പിടിയിലായി. ഇന്ന് (ഒക്ടോബർ 30) രാവിലെ 5 മണി മുതൽ 8 മണി വരെയാണ് സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചത്. സംസ്ഥാനത്തൊട്ടാകെ 4504 സ്കൂൾ ബസുകളാണ് പരിശോധിച്ചത്.
കേരള സർവ്വകലാശാലയിലെ വിവാദമായ അസിസ്റ്റൻറ് ഗ്രേഡ് തട്ടിപ്പിൽ നിയമനം ലഭിച്ചവരിൽ 38 പേരും പ്രതികളാകും. ഗൂഢാലോചനയിൽ ഇവർക്കും പങ്കുണ്ടെന്നും ഉടൻ അഡീഷണൽ കുറ്റപത്രം നൽകുമെന്നും ക്രൈം ബ്രാഞ്ച് എസ് പി പറഞ്ഞു.
ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ മുംബൈയിൽ നടന്ന വെടിവയ്പ്പിന് പിന്നിൽ അധോലോക നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സംഘമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഒക്ടോബർ 18-ന് മുംബൈ ജൂഹുവിൽ വച്ച് ടൈഗർ ഷ്റോഫ് സഞ്ചരിച്ചിരുന്ന കാറിന് നേരെയാണ് ആക്രമണം നടന്നത്.
തമിഴ്നാട്ടിൽ സർക്കാർ ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ്. ഈ ഇളവ് അടുത്ത അഞ്ച് വർഷത്തേക്ക് പ്രാബല്യത്തിലുണ്ടാകും. സർക്കാർ ജോലിക്ക് ശ്രമിക്കുന്നവരുടെ നിവേദനം പരിഗണിച്ചാണ് ഈ തീരുമാനമെന്ന് സംസ്ഥാന സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഉത്തരവ് ഒക്ടോബർ 30 മുതൽ പ്രാബല്യത്തിൽ വന്നു.
ദില്ലിയിലെ പ്രതികൂല കാലാവസ്ഥയെ തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യ സഖ്യത്തിന്റെ ജനകീയ കുറ്റവിചാരണ നാളത്തേക്ക് മാറ്റി. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്
ഗ്യാനേഷിനെതിരായ ഇന്ത്യാസഖ്യത്തിന്റെ ജനകീയ കുറ്റവിചാരണ മാറ്റിവച്ചതിന് കാരണം കാലാവസ്ഥയല്ല, മുന്നണിക്കുള്ളിലെ ഐക്യമില്ലായ്മയാണെന്ന് ബിജെപി. പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ച പല പാർട്ടികളും പിന്മാറിയതാണ് പരിപാടി മാറ്റാൻ കാരണമെന്നും ബി ജെ പി ദേശീയ വക്താവ് സമ്പീത് പത്ര അഭിപ്രായപ്പെട്ടത്.
ബെംഗളൂരു മുംബൈ വന്ദേഭാരത് സ്ലീപ്പർ ഉദ്ഘാടന സർവീസ് നവംബർ 1ന്. ഉച്ചയ്ക്ക് 12.15ന് ബംഗളുരുവിൽ നിന്ന് പുറപ്പെടും. പ്രതിദിന സർവീസ് നവംബർ 2 മുതൽ മുംബൈയിൽ നിന്ന് രാത്രി 8.10 ന് പുറപ്പെടും. അടുത്ത ദിവസം ഉച്ചയ്ക്ക് 12ന് ബംഗളുരുവിൽ എത്തും. ബെംഗളുരു മുംബൈ ട്രെയിൻ രാത്രി 7.45ന് പുറപ്പെടും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയേതര പ്രസംഗങ്ങൾ മികച്ചതാണെന്ന് പ്രശംസിച്ച് ഉദ്ധവ് താക്കറെ വിഭാഗം ശിവസേന എംപി സഞ്ജയ് റൗത്ത്. അയോധ്യയിൽ വെച്ച് ശ്രീരാമ ദർശനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം ഇത്തരത്തിലുള്ള ഒന്നായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2027-ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി സംഘടനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബിജെപി പുതിയ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി പ്രഖ്യാപിച്ചു. റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ അധ്യക്ഷനും മുൻ എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ പുതിയ എക്സിക്യൂട്ടീവ് സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ന്യായാധിപന്മാരെ ലക്ഷ്യംവെച്ചുകൊണ്ടുള്ള പൊതുയോഗങ്ങൾക്ക് പോലീസ് അനുമതി നൽകരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ജഡ്ജിമാരെ അവഹേളിക്കുന്ന പരാമർശങ്ങൾ ഉണ്ടായാൽ യോഗങ്ങൾ ഉടൻ നിർത്തിവെപ്പിക്കാനും സംഘാടകർക്കെതിരെ നടപടിയെടുക്കാനും കോടതി നിർദ്ദേശിച്ചു.
ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമീപം ഹെലികോപ്റ്റർ തകർന്നുവീണ് ആറ് മരണം. ബദരീനാഥിൽ നിന്ന് ഫാറ്റയിലേക്ക് പറന്ന ഹെലികോപ്റ്ററാണ് തകർന്നു വീണത്. പൈലറ്റ് ഉൾപ്പെടെ ആറ് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ആരെയും രക്ഷിക്കാനായില്ല. മരിച്ചവരിൽ കർണാടക പൊലീസിലെ ഉദ്യോഗസ്ഥനുമുണ്ട്.
ബിഎൽഎം ചെയർമാൻ പ്രേംകുമാറിൻ്റെ അറസ്റ്റിൽ തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദം. മുഖ്യമന്ത്രിയുടെ ഓഫീസിൽ വിജയ്ക്കൊപ്പമുള്ള പ്രേംകുമാറിന്റെ ചിത്രം ആയുധമാക്കി ഡിഎംകെ രംഗത്തെത്തി. ജൂലൈയിൽ ഒരു സ്വകാര്യ ചാനലിന്റെ ഡയറക്ടർമാർക്കൊപ്പം പ്രേംകുമാർ വിജയിയെ സന്ദർശിച്ചതാണ് വിവാദമായത്.
പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കൾ രാജ്യത്തെ വികസിത രാഷ്ട്രമാക്കാനുള്ള ശ്രമത്തിലാണെന്നും ചിലർക്കത് ഇഷ്ടപ്പെടുന്നില്ലെന്നും ഗുജറാത്തിലെ ബനസ്കന്തയിലെ റാലിയില് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം പ്രതിസന്ധിയിലാകുന്നതിന് ആഗ്രഹിക്കുന്നവരാണ് അവരെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
ഭൂട്ടാനിൽ ഷിന്താഫു ഹിമതടാകം കരകവിഞ്ഞൊഴുകിയതിനെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ വിനോദസഞ്ചാര കേന്ദ്രമായ ഗാസ ത്ഷാച്ചുവിലെ അടിസ്ഥാന സൗകര്യങ്ങളും പാലങ്ങളും റോഡുകളും ഒലിച്ചുപോയി. ആളുകളെ മുൻകൂട്ടി ഒഴിപ്പിച്ചതിനാൽ വൻ ആളപായം ഒഴിവായി.
പ്രശസ്ത നടൻ സർ പാട്രിക് സ്റ്റുവാർട്ട് അന്തരിച്ചു. അമേരിക്കയിലെ ലോസ് ആഞ്ചലസിൽ വച്ച് ഒക്ടോബർ 28നായിരുന്നു മരണം. 86 വയസ്സായിരുന്നു.
