മുടികൊഴിച്ചില് തടയുന്നിനും മുടി വളരുന്നതിനും സവാള നീര് സ്കാല്പ്പില് പുരട്ടിയാല് മതിയെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് ആരോഗ്യവിദഗ്ധര്. പോഷകക്കുറവു മുതല് തൈറോയ്ഡ് പ്രശ്നങ്ങള്, പാരമ്പര്യം, മാനസിക സമ്മര്ദം തുടങ്ങിയ പല കാരണങ്ങള് മുടി കൊഴിച്ചിലിന് പിന്നിലുണ്ടാകാം. അത് കണ്ടെത്തുകയാണ് പ്രധാനം. സവാളയില് വിവിധ സള്ഫര് അടങ്ങിയ സംയുക്തങ്ങളും ആന്റിഓക്സിഡന്റ് ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. മുടിയുടെ ഘടനയില് പ്രധാനപ്പെട്ട പ്രോട്ടീനാണ് കെരാറ്റിന്, അതില് സള്ഫര് അടങ്ങിയ അമിനോ ആസിഡുകള് ഉണ്ട്. ഇതിന്റെ പേരിലാണ് സവാള മുടിക്ക് ഗുണകരമാണെന്ന് പറയുന്നത്. വളരെ സെന്സിറ്റീവ് ആയ സ്കാല്പ്പ് ഉള്ളവരില് സവാള നീര് നേരിട്ടു പുരട്ടുന്നത് ചൊറിച്ചില്, പുകച്ചില്, ചുവപ്പ്, ഇറിറ്റേഷന് എന്നിവ ഉണ്ടാക്കാം. സ്കാല്പ്പില് ഇതിനകം മുറിവ്, അണുബാധ, കടുത്ത താരന്, എക്സിമ തുടങ്ങിയ പ്രശ്നങ്ങളുണ്ടെങ്കില് സവാള നീര് പുരട്ടുന്നത് ഒഴിവാക്കണം. ദിവസവും കുറച്ച് മുടി കൊഴിയുന്നത് സാധാരണമാണ്. എന്നാല് മുടി കനം കുറയുക, നെറ്റി കയറുക, കഷണ്ടി രൂപപ്പെടുക തുടങ്ങിയവ മുടികൊഴിച്ചിലിന്റെ ലക്ഷണങ്ങളാകാം. മുടികൊഴിച്ചിലിന്റെ കാരണം കണ്ടെത്താതെ പൊടിക്കൈകള് മാത്രം പരീക്ഷിക്കുന്നത് ഫലം വൈകിപ്പിക്കാം.
സവാള നീര് മുടികൊഴിച്ചില് തടയുമോ?
