ആഗോളതലത്തില് ദശലക്ഷക്കണക്കിന് കുട്ടികള് ലെഡ് സമ്പര്ക്കത്തിന് വിധേയരാകുന്നുവെന്നും തടയാന് ഇടപെടല് അനിവാര്യമെന്നും ലോകാരോഗ്യസംഘടന. ആഗോളതലത്തില് പ്രതിവര്ഷം ഉണ്ടാകുന്ന 35 ലക്ഷത്തിലധികം മരണങ്ങള്ക്ക് കാരണമാകുന്ന ആരോഗ്യ ഭീഷണിയാണ് ലെഡ് സമ്പര്ക്കം. പൊതുജനാരോഗ്യത്തിന് ആരോഗ്യഭീഷണിയാകുന്ന 10 രാസവസ്തുക്കളില് ഒന്നായാണ് ലെഡിനെ ഉള്പ്പെടുത്തിയിരിക്കുന്നത്. ആര്സെനിക്, ആസ്ബറ്റോസ്, മെര്ക്കുറി, അപകടകരമായ കീടനാശിനികള് എന്നിവയ്ക്കൊപ്പമാണ് ലെഡിനെയും കണക്കാക്കുന്നത്. കുട്ടികളുടെ വളര്ച്ചാകാലങ്ങളില് ലെഡ് സമ്പര്ക്കം കൂടുന്നത് മസ്തിഷ്ക വളര്ച്ചയെയും നാഡീവ്യൂഹത്തിന്റെ പ്രവര്ത്തനങ്ങളെയും ബാധിക്കും. 3.5 മൈക്രോഗ്രാം ലെഡുമായുള്ള സമ്പര്ക്കംപോലും കുട്ടികളില് ബുദ്ധിശക്തി കുറയുക, പെരുമാറ്റ വൈകല്യങ്ങള്, പഠന വൈകല്യങ്ങള് എന്നിവയ്ക്ക് കാരണമാകും. ലെഡ് ശരീരത്തില് പ്രവേശിച്ചാല് വൃക്കകള്, മസ്തിഷ്കം, കരള് തുടങ്ങിയ അവയവങ്ങളിലേക്കും അസ്ഥികളിലേക്കും വ്യാപിക്കും. പെയിന്റ്, പാത്രങ്ങള്, സൗന്ദര്യവര്ദ്ധക വസ്തുക്കള്, സുഗന്ധവ്യഞ്ജനങ്ങള്, വ്യാവസായിക മലിനീകരണം തുടങ്ങിയ വിവിധ സ്രോതസ്സുകളിലൂടെയാണ് ലെഡ് സമ്പര്ക്കം ഉണ്ടാകുന്നത്. വയറുവേദന, അമിതമായ ഉത്കണ്ഠ, തലവേദന, ഛര്ദ്ദി, ക്ഷീണം, വിളര്ച്ച, കാലുകളിലും പാദങ്ങളിലും മരവിപ്പ്, വന്ധ്യത, വൃക്കയിലെ പ്രശ്നം എന്നിവ ലെഡ് വിഷബാധയുടെ ലക്ഷണങ്ങളാണ്.
