സിഎംആര്എൽ-എക്സാലോജിക് മാസപ്പടി ഇടപാട് കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസും സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു. ഹര്ജിയുടെ ഡയറി നമ്പറായി. വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. അതേ സമയം ഹര്ജി ഇന്ന് പരിഗണിക്കില്ലെന്ന വിവരമാണ് പുറത്തുവരുന്നത്.
മുൻ ഡിജിപിയും ബിജെപി നേതാവുമായ ആര്. ശ്രീലേഖക്കെതിരെ കേസെടുത്ത് പുനലൂർ പൊലീസ്. രാഹുൽ ഗാന്ധിക്കെതിരെയുള്ള അധിക്ഷേപ പരാമർശത്തിലാണ് കേസെടുത്തത്. ബിഎൻഎശ് 192 പ്രകാരമാണ് കേസെടുത്തത്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മനഃപൂർവം പ്രകോപനം സൃഷ്ടിക്കാനാണ് പ്രസംഗമെന്ന് പറയുന്നു.
പട്ടയ ഭൂമിയിൽ നിന്ന് വ്യാപക മരം മുറിയ്ക്ക് വഴിയൊരുക്കി വീണ്ടും വനം വകുപ്പിന്റെ സർക്കുലർ. പ്രധാന പത്തിന മരങ്ങൾ ഒഴികെ ബാക്കിയുള്ളവ മുറിക്കാമെന്ന് കാണിച്ച് കോട്ടയം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആണ് ഉത്തരവിറക്കിയത്. മുട്ടിൽ മോഡൽ മരം മുറിക്ക് വഴിയൊരുക്കുന്നതാണ് ഉത്തരവെന്നാണ് വനം ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
നെടുമ്പാശ്ശേരി മിനി കൂപ്പര് അപകടത്തിൽ പ്രതി സുഹൈല് സജീവിന്റെ ശരീരത്തില് അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം. വ്യാഴാഴ്ച രാത്രി പുറത്തുവന്ന സാമ്പിൾ പരിശോധന ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സാമ്പിള് റിപ്പോര്ട്ട് ഞെട്ടിപ്പിക്കുന്നതാണെന്ന് പൊലീസ് പറയുന്നു..
ശബരിമല മിൽമ നെയ് ക്രമക്കേടുമായി ബന്ധപ്പെട്ട് നിയമസഭയിലെ ചോദ്യോത്തര വേളയിൽ മറുപടി നൽകി മന്ത്രി ബിന്ദു കൃഷ്ണ. 75.5 ലക്ഷം രൂപയാണ് മിൽമക്ക് നഷ്ടമുണ്ടായതെന്ന് മന്ത്രി വ്യക്തമാക്കി. മിൽമ തിരുവനന്തപുരം യൂണിയനാണ് സാമ്പത്തിക നഷ്ടം സംഭവിച്ചത്. ക്രമക്കേട് വ്യക്തമായതോടെ യൂണിയൻ പിരിച്ചുവിട്ടു. ലിറ്ററിന് 552 രൂപ ഹോൾസെയിൽ വിലയുള്ള നെയ് ലിറ്ററിന് ലിറ്ററിന് 510 രൂപക്ക് നൽകിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മെസ്സിയുടെ പേരിലെ തട്ടിപ്പിൽ സ്പോൺസർ ആയ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള രേഖകൾ ഇല്ലെന്ന് കായിക വകുപ്പ്.പണം അയച്ചതിന്റെ ഔദ്യോഗിക രേഖകൾ കണ്ടെത്താനോ സ്ഥിരീകരിക്കാനോ സാധിച്ചിട്ടില്ലെന്നും കായിക മന്ത്രി ഒജെ ജെനീഷ് നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു.
പ്രിയദർശിനി പദ്ധതിയിലൂടെയുള്ള സാമ്പത്തിക നഷ്ടം പരിഹരിക്കണമെന്നും മിനിമം ചാർജ് 20 രൂപയാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്. ആറ് സംഘടനകൾ അടങ്ങുന്ന സംയുക്ത സമിതിയാണ് കൊച്ചിയിൽ സമര പ്രഖ്യാപനം നടത്തുക. വിദ്യാർത്ഥികളുടെ കൺസേഷൻ നിരക്ക് വർധിപ്പിക്കുക എന്നതും ഇവരുടെ പ്രധാന ആവശ്യമാണ്.
രമ്യാ ഹരിദാസ് എംഎൽഎക്കെതിരെ പ്രമേയം. കൂന്തള്ളൂർ, കിഴുവിലം മണ്ഡലം കമ്മിറ്റികളുടെ സംയുക്ത യോഗത്തിലാണ് പ്രമേയം പാസാക്കിയത്. പ്രാദേശിക നേതൃത്വവുമായി എംഎൽഎ യോജിച്ചു പോകണമെന്നും ആസ്തി വികസന ഫണ്ട് ഉപയോഗിക്കാനുള്ള പദ്ധതികൾ നൽകണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ചിറ്റൂർ മൂലത്തറയിലുണ്ടായ അതിക്രൂരമായ ആൾക്കൂട്ട കൊലപാതകം നിയമസഭയിൽ ഉന്നയിച്ച് എംഎൽഎ സുമേഷ് അച്യുതൻ. ഉത്തരേന്ത്യൻ മോഡലിൽ നടന്ന ക്രൂരമായ ആക്രമണമാണിതെന്നും, കൊല്ലപ്പെട്ട വ്യക്തിയുടെ ശരീരത്തിൽ അമ്പതിലധികം മുറിവുകളുണ്ടായിരുന്നുവെന്നും സുമേഷ് അച്യുതൻ എംഎൽഎ പറഞ്ഞു. കേസിൽ പോലീസിന്റെ ഭാഗത്തുനിന്ന് സമയോചിതമായ ഇടപെടലുണ്ടായെന്നും കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഡി സതീശനൊപ്പം നിന്നു എന്നത് കൊണ്ട് എനിക്ക് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടു എന്ന ആരോപണത്തിന് മറുപടി നൽകേണ്ടത് പാർട്ടി നേതൃത്വവും മുഖ്യമന്ത്രിയുമാണ്. നമ്മൾ കാണുന്ന യോഗ്യതകളല്ലാതെ കൽപ്പിക്കപ്പെട്ട അയോഗ്യതകൾ ഉണ്ടോ എന്ന് അവരാണ് വ്യക്തമാക്കേണ്ടത്-ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ കെഎസ്ആർടിസി വിപുലമായ മുന്നൊരുക്കങ്ങൾ ഏർപ്പെടുത്തി. മണ്ഡലപൂജാ കാലത്ത് 461 ബസുകളും മകരവിളക്ക് മഹോത്സവത്തിന് 561 ബസുകളുമാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക.
നെടുമ്പാശ്ശേരി വാഹനാപകടവുമായി ബന്ധപ്പെട്ട വ്യാജ വാർത്ത പരാതിയിൽ ഡെപ്യൂട്ടി സ്പീക്കറുടെ ഷാനിമോൾ ഉസ്മാന്റെ മൊഴി രേഖപ്പെടുത്തി. ഡിജിപിക്ക് നൽകിയ പരാതിയിലാണ് നടപടി. ആലപ്പുഴയിൽ നിന്നുള്ള പ്രത്യേക പൊലീസ് സംഘം തിരുവനന്തപുരത്ത് എത്തിയാണ് ഡെപ്യൂട്ടി സ്പീക്കറുടെ മൊഴി രേഖപ്പെടുത്തിയത്. നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതിയെ സഹായിക്കാൻ ഷാനിമോൾ ഉസ്മാൻ ശ്രമിച്ചു എന്നായിരുന്നു ആരോപണം.
ചൂരൽമല- മുണ്ടക്കൈ ദുരന്തബാധിതർക്ക് മുടങ്ങിയ വാടക ലഭിച്ചു തുടങ്ങി. ഇന്നലെ വൈകീട്ട് മുതലാണ് തുക ദുരന്തബാധിതരുടെ അക്കൗണ്ടിൽ എത്തിത്തുടങ്ങിയത്. ടൗൺഷിപ്പിൽ വീടിനായി കാത്തിരിക്കുന്ന 287 പേർക്കായിരുന്നു വാടക മുടങ്ങിയത്. 1556 പേർക്ക് ദിനബത്തയും ലഭിച്ചു.
ജനങ്ങളുടെ സന്തോഷ സൂചിക ഉയർത്താനും ക്ഷേമ-വികസന പദ്ധതികളുടെ സന്തോഷ ആഘാതം വിലയിരുത്താനും ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ ‘ആനന്ദം’ എന്ന പേരിൽ പുതിയ വിഭാഗം വരുന്നു. എല്ലാ പഞ്ചായത്തുകളിലും ആളുകൾക്ക് ഒന്നിച്ചിരുന്ന് സന്തോഷിക്കാൻ അംഫി കോർണറുകളും ഹാപ്പിനസ് സെന്ററുകളും സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതികളാണ് ഇതിലൂടെ നടപ്പാക്കുക. ഭാവിയിൽ ഇത് പ്രത്യേക വകുപ്പായി മാറ്റാനും സർക്കാരിന് ആലോചനയുണ്ട്.
സിപിഐഎം കാസർകോട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനം. വീട്ടിൽ പോയി പറയാൻ പറഞ്ഞത് പോലുള്ള മുഖ്യമന്ത്രിയുടെ സമീപനം തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്നും സർക്കാരും പാർട്ടിയും തമ്മിൽ കോ-ഓർഡിനേഷൻ ഉണ്ടായില്ലെന്നും യോഗത്തിൽ വിമർശനമുയർന്നു.
എറണാകുളത്ത് സിനഗോഗിന് തീയിട്ട കേസിൽ പ്രതി എബിൻ പോളിൻ്റെ ‘ബോസി’ലേക്ക് എത്താന് പൊലീസ് ശ്രമം. എബിന്റെ ഫോണിലെ ബോസ് എന്ന ടെലഗ്രാം ഐഡി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. ടെലഗ്രാം ചാറ്റുകളില് വിശദ സൈബര് പരിശോധന നടത്തും. വിവരങ്ങള് തേടി ടെലഗ്രാമിന് കത്തും അയച്ചു. എബിന് മാനസിക പ്രശ്നമുണ്ടെന്നതില് അന്വേഷണ സംഘത്തിന് സംശയമുണ്ട്.
യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗ കേസുകളുടെ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നു. ശാസ്ത്രീയ പരിശോധനാഫലങ്ങൾ വൈകുന്നതും ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമാണ് നടപടികൾ വൈകാൻ കാരണം. മൂന്ന് കേസുകളിൽ ഒന്നിൽ മാത്രമാണ് ഇതുവരെ കുറ്റപത്രം സമർപ്പിച്ചത്.
കിഫ്ബി ഭൂമിയിടപാടുകളിൽ സമഗ്ര അന്വേഷണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. കണ്ണൂരിൽ അഞ്ചിരട്ടി വിലക്ക് ഏറ്റെടുത്തത് സിപിഎം ബന്ധമുള്ളവരുടെ ഭൂമി ആണോ എന്നാണ് സംശയം. വിഷയത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാനാണ് സാധ്യത. നിയമനങ്ങളും സ്ഥാനക്കയറ്റവും വാരിക്കോരി നൽകിയതും അന്വേഷണത്തിൻ്റെ പരിധിയിൽ വരും. കിഫ്ബിയുടെ ക്രമക്കേടുകളിൽ ഗൗരവ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വ്യക്തമാക്കിയിരുന്നു.
ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ ഉന്നയിച്ച് ജില്ലയിൽ ഇന്ന് ഹർത്താൽ ആചരിക്കാൻ സിപിഎം. പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറത്തിറക്കിയ കെഡസ്ട്രൽ മാപ്പിലെ അവ്യക്തത നീക്കുക, സിഎച്ച്ആർ പ്രദേശം വനഭൂമിയാക്കി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക, ആനത്താരകൾ സൃഷ്ടിക്കുന്നതിനുളള നീക്കം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ. വൈകിട്ട് ആറു വരെയാണ് ഹർത്താൽ.
മാസപ്പടി കേസിൽ ഹൈക്കോടതിയിൽ സർക്കാർ പിണറായിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിൽ കോൺഗ്രസ്സിൽ കടുത്ത ഭിന്നത. ഉമ്മൻചാണ്ടിക്ക് എൽഡിഎഫ് സർക്കാർ നൽകാത്ത നീതി എന്തിനാണ് പിണറായിക്ക് നൽകുന്നതെന്ന് പാർലമെൻ്ററി പാർട്ടി യോഗത്തിൽ മാത്യുകുഴൽ നാടൻ തുറന്നടിച്ചു. മാത്യുവിന് ചെറുപ്പത്തിൻറെ ആവേശമാണെന്നും അതിവേഗം കേസെടുക്കേണ്ട എന്നതാണ് ശരിയായ രാഷ്ട്രീയലൈൻ എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര മേഖലകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്.
രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ജനാധിപത്യത്തിൻ്റെ പേര് പറഞ്ഞ് അരാജകത്വം അഴിച്ചുവിടാനാകില്ലെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. ഭരണഘടന പോക്കറ്റിലിട്ട് രാഹുൽ അരാജകത്വം പ്രചരിപ്പിക്കുന്നു. ജനാധിപത്യത്തെ അഴിക്കുള്ളിലാക്കിയ ആളാണ് രാഹുലിൻ്റെ മുത്തശിയെന്ന കാര്യം ആരും മറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ദില്ലിയിൽ ഇത്തവണത്തെ ദസറ ആഘോഷങ്ങൾക്കിടെ രാവണൻ, കുംഭകർണ്ണൻ, മേഘനാദൻ എന്നിവരുടെ കോലങ്ങൾക്കൊപ്പം 30 അടി ഉയരമുള്ള പാറ്റയുടെ കോലവും കത്തിക്കും. രാജ്യതലസ്ഥാനത്ത് കോക്റോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധം ശക്തമാകുന്നതിനിടെ ആണ് പാറ്റയുടെ കോലം കത്തിക്കാനുള്ള സംഘാടകരുടെ തീരുമാനം.
റിപ്പബ്ലിക് ടിവി മാധ്യമപ്രവർത്തകർ സിജെപി അംഗത്തെ മർദിച്ചെന്ന ആരോപണവുമായി അഭിജീത് ദീപ്കെ. കൈമുട്ട് കൊണ്ട് വനിതാ അംഗത്തെ ഇടിച്ചെന്നും മർദിച്ചെന്നുമാണ് ആരോപണം. മാധ്യമപ്രവർത്തകർ എന്ന വ്യാജേനെ ഗുണ്ടകൾ റിപ്പബ്ലിക് ടിവി എത്തിക്കുന്നുവെന്നും ഇതാണ് അവരുടെ നിലവാരമെന്നും ദീപ്കെ ആരോപിച്ചു. കഴിഞ്ഞദിവസം നടന്ന വാർത്താ സമ്മേളനത്തിനിടെയാണ് സംഭവം.
ഉത്തരാഖണ്ഡിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി മന്ത്രി രംഗത്ത്. വനിത, ശിശുവികസന വകുപ്പ് മന്ത്രി രേഖ ആര്യയാണ് ഭർത്താവ് ഗിരിധാരി ലാൽ സാഹുവിനെതിരെ പൊലീസിൽ പരാതി നൽകിയത്. മന്ത്രിയുടെ പരാതിയിൽ ഗർഹി കാൻ്റ് പൊലീസ് വ്യാഴാഴ്ച വൈകുന്നേരം കേസെടുത്തു.
ഇടുക്കി പാംബ്ള ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം ക്രൂരകൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശിയായ 18 കാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ആൺസുഹൃത്തും ഇടുക്കി വട്ടപ്പാറ സ്വദേശിയുമായ 19കാരൻ നിഷാന്തിനെ പൊലീസ് പിടികൂടി.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരത്തിൽ ഐസ (AISA) “പ്രമോഷനിൽ” കോൺഗ്രസിലും ഇന്ത്യ സഖ്യത്തിലും അതൃപ്തിയെന്ന് റിപ്പോർട്ട്. ഐസ നേതാവ് നേഹ ബോറക്ക് ഇന്ത്യാസഖ്യം വാർത്താസമ്മേളനത്തിലടക്കം പ്രാധാന്യം നൽകിയ രാഹുൽഗാന്ധിയുടെ നടപടിയിലാണ് നേതാക്കൾക്ക് അതൃപ്തി. സമര രംഗത്തുള്ള യൂത്ത് കോൺഗ്രസ്, എൻഎസ്യു നേതാക്കളെ അവഗണിച്ചുവെന്നാണ് പരാതി.
മുംബൈയിലെ ഗോരേഗാവിൽ ഒന്നരവയസ്സ് പ്രായമുള്ള കുഞ്ഞിനെ അയലത്തെ 10 വയസ്സുകാരി ഫ്ലാറ്റിന്റെ ആറാം നിലയിൽനിന്നും എറിഞ്ഞു കൊലപ്പെടുത്തി. ബുധനാഴ്ച രാത്രി ഒൻപത് മണിയോടെ ‘ശിവഷാഹി’ അപാർട്ട്മെന്റിലാണ് ദാരുണമായ സംഭവം നടന്നത്. കെട്ടിടത്തിന്റെ ആറാം നിലയിൽനിന്നും കുഞ്ഞിനെ പെൺകുട്ടി തള്ളിയിടുകയായിരുന്നു. സംഭവം സിസിടിവി ക്യാമറയിൽ പതിഞ്ഞതിനെ തുടർന്ന് പൊലീസ് കുട്ടിയെയും അമ്മയേയും കസ്റ്റഡിയിൽ എടുത്തു.
പാകിസ്ഥാനും അമേരിക്കയും തമ്മിൽ യുദ്ധമുണ്ടായാൽ ഇന്ത്യ പാകിസ്ഥാനൊപ്പം നിൽക്കുമെന്ന ബിജെപി നേതാവിൻ്റെ പ്രസ്താവന വിവാദത്തിൽ. ബിജെപി രാജസ്ഥാൻ അധ്യക്ഷൻ മദൻ റാത്തോഡിന്റെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസും ആം ആദ്മി പാർട്ടി (എഎപി) യും രംഗത്ത്. ജയ്പുരിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയായിരുന്നു മദൻ റാത്തോഡിൻ്റെ വിവാദ പ്രസ്താവന.
മൈസൂരുവിനടുത്ത് സ്വകാര്യ എസി സ്ലീപ്പർ ബസും ലോറിയും നേർക്കുനേർ കൂട്ടിയിടിച്ച് അപകടത്ത് നാല് പേര് മരിച്ചു. മൈസൂരുവിനടുത്ത് സ്വകാര്യ എസി സ്ലീപ്പർ ബസും ലോറിയും നേർക്കുനേർ കൂട്ടിയിടിച്ചായിരുന്നു ദാരുണമായ അപകടം. മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞു.
തനിക്കെതിരെ രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണമുണ്ടെന്നും ഡൽഹി പോലീസ് തന്നെ കസ്റ്റഡിയിലെടുത്തേക്കാമെന്നും സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ ആരോപിച്ചു. കോക്ക്റോച്ച് ജനതാ പാർട്ടി ആഹ്വാനം ചെയ്ത ‘തിരംഗ മാർച്ച്’ നടക്കാനിരിക്കെയാണ് ആരോപണം.
ദില്ലിയിൽ സിജെപി ആഹ്വാനം നൽകിയ തിരംഗ മാർച്ചിൻ്റെ സാഹചര്യത്തിൽ സാഹചര്യം വിലയിരുത്തി ഉന്നത ഉദ്യോഗസ്ഥർ. 24 മണിക്കൂർ നിരീക്ഷണത്തിന് പ്രത്യേക സംഘത്തെയാണ് ദില്ലി പൊലീസ് തയ്യാറാക്കുന്നത്. ദില്ലി അതിർത്തികളിൽ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. അർദ്ധ സൈനിക വിഭാഗം ഉൾപ്പെടെ 20,000-ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിവിധ ഇടങ്ങളിൽ നിയോഗിക്കും.
ദില്ലി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ 10 മണിക്കൂറോളം ധർണയിരുന്ന എൻ എസ് യു ഐ പ്രവർത്തകരെയും ജെബി മേത്തർ എംപിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് അതിക്രമത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിൽ പ്രതിഷേധിച്ചായിരുന്നു ധർണ.
ത്രിവർണ പതാകയെ എന്തിനാണ് തടയുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭയമാണോയെന്നും സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ. സ്വന്തം റാലിയിലെ ത്രിവർണ പതാകയെ മോദി തടയുമോ? തിരംഗ മാർച്ച് എന്തായാലും നടക്കുമെന്നും ദിപ്കെ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് സിജെപി ആവർത്തിച്ചു.
റഷ്യയിൽ വൻ ഭൂചലനം. റഷ്യയുടെ കിഴക്കൻ തീരമേഖലയിലുള്ള കാംചാത്ക ഉപദ്വീപിലാണ് അതിശക്തമായ ഭൂകമ്പം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായതെന്ന് യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു.
ഗൾഫ് രാജ്യങ്ങളിലെ 84 തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അമേരിക്കയുടെ പശ്ചിമേഷ്യൻ യുദ്ധതന്ത്രങ്ങൾക്ക് കനത്ത തിരിച്ചടിയായെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട്. സൗദി അറേബ്യ, യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ എണ്ണ ശുദ്ധീകരണ ശാലകൾ, തുറമുഖങ്ങൾ, ആണവനിലയങ്ങൾ എന്നിവയ്ക്ക് നേരെയാണ് കൃത്യതയാർന്ന ആക്രമണം ഉണ്ടായത്
ഒറിഗണിലെ ബെൻഡിലുള്ള എലിമെന്ററി സ്കൂളിലുണ്ടായ വെടിവയ്പിൽ മൂന്ന് കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. 5, 8, 11 വയസ്സ് പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. 16 വയസ്സുള്ള അക്രമിയെ സ്കൂളിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.ആക്രണത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
പ്രതിഷേധ പരിപാടികൾ റിപ്പോർട്ട് ചെയ്യാൻ പോകുന്ന മാധ്യമപ്രവർത്തകർക്കായി പ്രസ് കൗൺസിൽ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. തിരിച്ചറിയൽ കാർഡ്, പ്രഥമശുശ്രൂഷാ കിറ്റ് എന്നിവ നിർബന്ധമാക്കിയതിനൊപ്പം വാർത്താശേഖരണത്തിൽ നിഷ്പക്ഷത പാലിക്കണമെന്നും നിർദേശമുണ്ട്.
