ടെന്‍ഷന്‍ അടിച്ചാല്‍ മൂക്ക് ഐസ് കട്ട പോലെ തണുക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ബാഹ്യ സമ്മര്‍ദങ്ങളോട് പ്രതികരിക്കാന്‍ മനുഷ്യരുടെ തലച്ചോറും ശരീരവും കൂടുതല്‍ ജാഗ്രത പാലിക്കുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത്. സമ്മര്‍ദം കൂടുമ്പോള്‍ മുഖത്തേക്കുള്ള രക്തയോട്ടത്തില്‍ വ്യത്യാസമുണ്ടാകുന്നതാണ് ഇതിന്റെ കാരണം. സസെക്സ് സര്‍വകലാശാലയിലെ ഗവേഷകര്‍ തെര്‍മല്‍ ഇമേജ് ഉപയോഗിച്ചു നടത്തിയ പഠനത്തില്‍ മറ്റുള്ളവരെ അപേക്ഷിച്ച് സമ്മര്‍ദത്തിലായിരുന്ന ആളുകളില്‍ മൂക്കിന്റെ താപനില മൂന്ന് മുതല്‍ ആറ് ഡിഗ്രി വരെ താഴ്ന്നതായി കണ്ടെത്തി. എല്ലാ ജീവികളുടെയും പ്രാഥമിക സെന്‍സറി രീതി കാഴ്ചയായതിനാല്‍ നമ്മുടെ ദൃശ്യ സാധ്യതകളിലേയ്ക്ക് ശ്രദ്ധ വര്‍ധിപ്പിക്കാന്‍ നമ്മള്‍ ശ്രമിക്കുന്നു. അതുവഴി മുഖത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള രക്തയോട്ടം കുറയുന്നു. ഈ മാറ്റം മൂക്കിനു ചുറ്റുമുള്ള വാസകോണ്‍സ്ട്രിക്ഷന് കാരണമാകുന്നു. ഇത് നമ്മള്‍ ശാന്തമായിരിക്കുമ്പോള്‍ ഉള്ളതിനേക്കാള്‍ മൂക്കിന്റെ അഗ്രത്തിന്റെ താപനിലയില്‍ ഗണ്യമായ കുറവ് സൃഷ്ടിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ഈ കണ്ടെത്തല്‍ മനുഷ്യരുടെ സ്‌ട്രെസ് ലെവല്‍ കണ്ടെത്താനും അവ വിലയിരുത്താനും സഹായിക്കുമെന്ന് വിദഗ്ധര്‍ പറഞ്ഞു. സമ്മര്‍ദം ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ ഈ കണ്ടെത്തല്‍, ദോഷകരമായ സമ്മര്‍ദ നിലകള്‍ നിയന്ത്രിക്കാന്‍ സഹായിക്കും. ഒരാള്‍ ഈ അവസ്ഥയില്‍ നിന്ന് കരകയറാന്‍ എടുക്കുന്ന സമയം ഒരാള്‍ തന്റെ സമ്മര്‍ദം എത്രത്തോളം നന്നായി നിയന്ത്രിക്കുന്നു എന്നതിന്റെ വസ്തുനിഷ്ഠമായ അളവുകോലായിരിക്കാമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.
ടെന്‍ഷന്‍ അടിച്ചാല്‍ മൂക്ക് ഐസ് കട്ട പോലെ തണുക്കും!
