വൈറ്റമിന്‍ ബി12 അഭാവം നിര്‍ണ്ണയിക്കപ്പെടുന്നവരുടെ എണ്ണം ഇന്ത്യയില്‍ നാള്‍ക്ക് നാള്‍ വര്‍ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കാര്യം നമ്മുടെ ശരീരത്തിന് ചെറിയ അളവില്‍ മാത്രം മതിയാകുന്ന പോഷണമാണ് വൈറ്റമിന്‍ ബി12. എന്നാല്‍ അത് കൃത്യമായി ലഭിച്ചില്ലെങ്കില്‍ പല പ്രശ്നങ്ങളും ഉണ്ടാകും. രക്തത്തെയും തലച്ചോറിനെയും നാഡീവ്യൂഹത്തെയുമെല്ലാം ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുന്ന ഒന്നാണ് വൈറ്റമിന്‍ ബി12. ഇതിന്റെ അഭാവം ക്ഷീണം, കൈകാലുകളില്‍ മരവിപ്പ്, മൂഡ് മാറ്റങ്ങള്‍, ഓര്‍മ്മക്കുറവ്, മങ്ങിയ ചര്‍മ്മം, തലകറക്കം, അസ്ഥിരമായ നടത്തം, പെട്ടെന്നുള്ള ദേഷ്യം, ഗര്‍ഭകാല സങ്കീര്‍ണ്ണതകള്‍, കുട്ടികളുടെ മുരടിച്ച വളര്‍ച്ച, ശ്രദ്ധക്കുറവ് എന്നിവയുള്‍പ്പെടെ പല പ്രശ്നങ്ങള്‍ക്ക് കാരണമാകാം. പലരും ദൗര്‍ഭാഗ്യവശാല്‍ ഇതെല്ലാം വൈറ്റമിന്‍ ബി12 അഭാവം മൂലമാണെന്ന് തിരിച്ചറിയുന്നില്ല. സസ്യാഹാരികളില്‍ മാത്രമല്ല മാംസാഹാരികളിലും ഇന്ത്യയില്‍ വൈറ്റമിന്‍ ബി12 അഭാവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യയിലെ പാചകരീതി പലപ്പോഴും ദീര്‍ഘനേരം വറുക്കലും ചൂടാക്കലുമൊക്കെ ഉള്‍പ്പെടുന്നതാണ്. ഇത് ഭക്ഷണത്തിലെ വൈറ്റമിന്‍ തോത് കുറയ്ക്കാന്‍ കാരണമാകാം. ലളിതമായ രക്തപരിശോധനയിലൂടെ വൈറ്റമിന്‍ ബി12 അഭാവം നിര്‍ണ്ണയിക്കാന്‍ സാധിക്കും. പരിശോധനയിലൂടെ സ്ഥിരീകരിക്കപ്പെട്ടാല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം മരുന്നുകളുടെയോ ഇഞ്ചക്ഷനുകളുടെയോ നേസല്‍ സ്പ്രേയുടെയോ രൂപത്തിലുള്ള സപ്ലിമെന്റുകള്‍ എടുക്കാവുന്നതാണ്. വൈറ്റമിന്‍ ബി12 തോത് സാധാരണ നിലയിലേക്ക് വന്നാല്‍ ചെറിയ പ്രതിദിന ഡോസുകളിലൂടെ ഇത് നിലനിര്‍ത്താന്‍ സാധിക്കും. വൈറ്റമിന്‍ ബി12 -നാല്‍ സമ്പുഷ്ടീകരിക്കപ്പെട്ട ആട്ട, പ്രഭാതഭക്ഷണ സിറിയലുകള്‍, സസ്യാധിഷ്ഠിത പാലുകള്‍, ന്യൂട്രീഷണല്‍ യീസ്റ്റ് എന്നിവയും വിപണിയില്‍ ലഭ്യമാണ്.
വൈറ്റമിന്‍ ബി12 അഭാവത്തില്‍ ക്ഷീണമുണ്ടാകാം
