ഇന്ത്യയിലെ ഇലക്ട്രിക്ക് ഇരുചക്രവാഹന വിപണിയില്‍ തുടര്‍ച്ചയായി ആറാം മാസവും ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് ടിവിഎസ് മോട്ടോര്‍. സെപ്റ്റംബറിലെ വില്‍പനയുടെ കണക്കുകള്‍ പുറത്തുവന്നപ്പോഴും ഇലക്ട്രിക്ക് ടു വീലര്‍ വിഭാഗത്തില്‍ ടിവിഎസ് മേധാവിത്വം തുടരുകയാണ്. ഓഗസ്റ്റില്‍ അഞ്ചാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടി വന്ന ബജാജ് ഓട്ടോ ശക്തമായ തിരിച്ചുവരവോടെ രണ്ടാം സ്ഥാനത്തേക്കെത്തുന്നതും സെപ്റ്റംബറില്‍ കണ്ടു. ഒല ഇലക്ട്രിക്കിനെ മറികടന്ന് ഏഥര്‍ എനര്‍ജി കരുത്തു തെളിയിച്ച് മൂന്നാം സാഥാനത്ത് എത്തിയതാണ് സെപ്റ്റംബറിലെ മറ്റൊരു സുപ്രധാന വിവരം. സെപ്റ്റംബറില്‍ ആകെ 96,031 ഇലക്ട്രിക് ഇരുചക്രവാഹനങ്ങളാണ് ഇന്ത്യയില്‍ വിറ്റത്. ആകെ വൈദ്യുത ഇരുചക്രവാഹന വിപണിയുടെ 22 ശതമാനം സ്വന്തമാക്കിയാണ് ടിവിഎസ് ഒന്നാമതെത്തിയിരിക്കുന്നത്. സെപ്റ്റംബറില്‍ 21,052 യൂണിറ്റുകള്‍ വില്‍ക്കാന്‍ ടിവിഎസിന് സാധിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 18,256 യൂണിറ്റുകളായിരുന്നു ടിവിഎസ് വിറ്റത്. ഇവി വാഹനങ്ങളില്‍ മികച്ച പ്രകടനം ഐക്യൂബ് തുടരുന്നതിനിടെ ഓഗസ്റ്റ് അവസാനത്തില്‍ ഓര്‍ബിറ്റര്‍ എന്ന പുതിയ ഇലക്ട്രിക്ക് സ്‌ക്കൂട്ടറും ടിവിഎസ് അവതരിപ്പിച്ചിരുന്നു.
ആറാം മാസവും ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് ടിവിഎസ്
