സാങ്കേതിക സർവകലാശാല താൽക്കാലിക വൈസ് ചാൻസലറായി സിസ തോമസിനെ നിയമിച്ച നടപടിക്കെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ ഹർജി തള്ളി.
വൈസ് ചാൻസിലർ ആയി സിസാ തോമസിനെ നിയമിച്ച
ഗവർണറുടെ നടപടി ശരിവെച്ച സിംഗിൾബെഞ്ച് നടപടി ചോദ്യം ചെയ്തുളള സർക്കാരിന്‍റെ ഹർജിയാണ് തളളിയത്.
സ്ഥിരം വിസിയെകണ്ടെത്താൻ മൂന്നുമാസത്തിനുളളിൽ സെലക്ഷൻ കമ്മിറ്റി രൂപീകരിക്കണമെന്നും ഉത്തരവിലുണ്ട്.
ഗവർണറുടെ നിയമന ഉത്തരവ് ചോദ്യം ചെയ്തുളള സംസ്ഥാന സർക്കാരിന്റെ ഹർജി അത്യപൂർവമെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ് തുടങ്ങുന്നത്.
യുജിസി മാനദണ്ഡങ്ങൾ അനുസരിച്ചുതന്നെ യോഗ്യരായവരെ കണ്ടെത്താനുളള ശ്രമങ്ങൾ ചാൻസലാറായ ഗവർണർ നടത്തിയിട്ടുണ്ട്. ഡിജിറ്റിൽ സർവകലാശാല വിസിയടക്കം സർക്കാർ ശുപാർശ ചെയ്ത രണ്ടുപേർക്കും സാങ്കേതിക സർവകലാശാലയുടെ തലപ്പത്തിരിക്കാൻ യോഗ്യതയില്ല എന്ന ഗവർണറുടെ കണ്ടെത്തലും ശരിയാണ്. പ്രോ വൈസ് ചാൻസലർക്ക് വേണ്ടത്ര അധ്യാപന പരിചയമില്ലെന്ന് സർവകലാശാല തന്നെ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് പത്തുവർഷത്തിലധികം അധ്യാപന പരിചയമുളളവരുടെ പട്ടിക തേടി ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർക്ക് ഗവർണർ കത്തയച്ചത് . സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സിസ തോമസിനേക്കാൾ സീനിയോറിറ്റിയുളളവർ ഉണ്ട് എന്നതും ശരിയാണ്. എന്നാൽ അവരൊക്കെ തിരുവനന്തപുരത്തിന് പുറത്താണ് ജോലി ചെയ്യുന്നത് എന്നതും അധിക ഉത്തരാവാദിത്വം നിറവേറ്റാൻ ബുദ്ധിമുണ്ടാകും എന്ന് തിരിച്ചറിഞ്ഞുമാണ് ചുമതല സിസ തോമസിന് കൈമാറിയത്. വിദ്യാർഥികളാണ് പ്രധാനമെന്നും സർവകലാശാലയുടെ സുഗമമായ പ്രവർത്തനം മുന്നിൽക്കരുതിയാണ് സിസ തോമസിനെ നിയമിച്ചതെന്നമുളള ഗവർണറുടെ മറുപടിയും പരിഗണിക്കപ്പെടേണ്ടതാണെന്ന് കോടതി വിലയിരുത്തി.
എന്നാൽ നിയമനത്തിനുശേഷവും സിസ തോമസിനെ പ്രവർത്തിക്കാൻ അനുവദിക്കാത്ത ജീവനക്കാരടക്കമുളളവരുടെ നടപടി അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി .
വൈസ് ചാൻസലർ പദവിയിൽ ഇരിക്കാനുളള അധ്യാപന പരിചയവും സിസ തോമസിനുണ്ട്. ഗവർണർ നടത്തിയ നിയമനം പക്ഷപാതപരമെന്നോ തെറ്റെന്നോ പറയാനാകില്ലെന്നുകൂടി വിലയിരുത്തിയാണ് സർക്കാരിന്‍റെ ഹർജി തളളിയത്.
സ്ഥിരം വിസിയെകണ്ടെത്താൻ മൂന്നു മാസത്തിനുളളിൽ സെലക്ഷൻ കമ്മിറ്റി രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു. താൽക്കാലിക വിസിയുടെ ചുമതല നിവഹിക്കുന്നതിൽ വീഴ്ചയുണ്ടായാൽ തൽസ്ഥാനത്തു നിന്ന് സിസ തോമസിനെ നീക്കാൻ തടസമില്ലെന്നും ഉത്തരവിലുണ്ട്