ആകെ മൊത്തം ടോട്ടല്‍ സ്പെഷലാണ് റേഞ്ച് റോവര്‍ എസ്വി മസാര എഡിഷന്. ലോകമാകെ 12 യൂണിറ്റുകള്‍ മാത്രം പുറത്തിറക്കുന്ന ഈ അപൂര്‍വ വാഹനം ഇന്ത്യയിലും പുറത്തിറക്കി. 4.99 കോടി രൂപ എക്സ് ഷോറൂം വിലയുള്ള ഈ റേഞ്ച് റോവര്‍ വാഹനത്തിന് ഒരു ഇന്ത്യന്‍ കണക്ഷനുമുണ്ട്. ഹിമാലയന്‍ മല നിരകളില്‍ കണ്ടു വരുന്ന ഇന്ദ്രനീലത്തിന്റെ നിറത്തിലായിരിക്കും ഈ റേഞ്ച് റോവര്‍ എത്തുക. റേഞ്ച് റോവര്‍ എസ്വി മസാര എഡിഷനില്‍ പുറത്തിറങ്ങുന്ന 12 വാഹനങ്ങള്‍ക്ക് മാത്രമേ ഈ നിറം നല്‍കൂ എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. നേരത്തെ പറഞ്ഞതുപോലെ നമ്മുടെ ഹിമാലയന്‍ മലനിരകളില്‍ കണ്ടുവരുന്ന ഇന്ദ്രനീല കല്ലാണ് ഈ നിറത്തിന്റെ പ്രചോദനം. ബ്രോണ്‍സ്, ക്രോം ഹൈലൈറ്റുകളും 23 ഇഞ്ച് അലോയ് വീലുകളും വാഹനത്തെ വ്യത്യസ്തമാക്കും. 4.4 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എന്‍ജിനാണ് റേഞ്ച് റോവര്‍ എസ്വി മസാര എഡിഷന്റെ കരുത്ത്. 615എച്ച്പി കരുത്തും പരമാവധി 750എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 8 സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ഘടിപ്പിച്ചിരിക്കുന്നത്.
ഇന്ദ്രനീല നിറത്തില്‍ മസാര എഡിഷന്
