കോഴിക്കോട് നെടുമണ്ണൂര്‍ എല്‍.പി.എയ്ഡഡ് സ്കൂളില്‍ പൂജ നടത്തിയ സംഭവത്തില്‍ മാനേജ്മെന്റിനും പൂജയില്‍ പങ്കെടുത്ത അധ്യാപികക്കുമെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കും. സ്കൂൾ മാനേജരുടെ മകന്റെ നേതൃത്വത്തിലാണ് പൂജ നടന്നത്. സംഭവം അന്വേഷിച്ച എ.ഇ.ഒ ചട്ടലംഘനം നടന്നതായി റിപ്പോര്‍ട്ട് നല്കി. നടപടി സംബന്ധിച്ച ഉത്തരവ് വൈകാതെ ഇറങ്ങിയേക്കും. സ്കൂളില്‍ നടന്ന പൂജ നിര്‍ത്തിവെക്കാന്‍ പ്രധാനാധ്യാപിക മാനേജരുടെ മകന് രുധീഷിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതനുസരിക്കാതെ പൂജ തുടര്‍ന്നു. ഇന്നലെ രാത്രിയാണ് സ്കൂള്‍ മാനേജരുടെ മകന് രുധീഷിന്റെ നേതൃത്വത്തില്‍ സ്കൂളിനകത്ത് പൂജ നടത്തിയത്. സ്കൂള്‍ കോംബൗണ്ടിനകത്ത് രാത്രി വാഹനങ്ങള്‍ കണ്ട നാട്ടുകാര്‍ സ്കൂളിലെത്തിയപ്പോഴാണ് പൂജ നടക്കുന്നത് ശ്രദ്ധയില്‍പെട്ടത്. പ്രതിഷേധം ശക്തമായതോടെ തൊട്ടില്‍പാലം പൊലീസെത്തി പൂജ നടത്തിയവരെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത ഏഴ് പേരെ പിന്നീട് വിട്ടയച്ചു.