മകനെ പൊരിച്ചു
വിരുന്നൂട്ടിയ രാജാവ്

മിത്തുകള്‍, മുത്തുകള്‍ – 33
യവനകഥ
പുനരാഖ്യാനം:
ഫ്രാങ്കോ ലൂയിസ്

കോറിന്തിലെ രാജാവാണ് താന്‍ഡലസ്. കുശാഗ്ര ബുദ്ധിമാനും വീരപരാക്രമിയുമാണദ്ദേഹം. ദേവതുല്യമായ ധര്‍മബോധവും പ്രൗഢിയും താന്‍ഡലസ് രാജാവിനുണ്ടായിരുന്നു. വിശ്വം മുഴുവന്‍ ആദരണീയനായി മാറിയ രാജാവ് ദേവന്മാര്‍ക്കും പ്രിയങ്ക രനായി.

ദേവന്മാര്‍ക്കു തന്നോടു വളരെ താല്പര്യമുണ്ടെന്ന് അറിഞ്ഞപ്പോള്‍ രാജാവിന് അത്യധികം ആഹ്ളാദം തോന്നി. അവരോടടുക്കാന്‍ കൂടുതല്‍ ശ്രമിച്ചു. കൂടുതല്‍ സദ്ക്കര്‍മങ്ങള്‍ ചെയ്തു. ദേവന്മാര്‍ക്കായി പ്രത്യേക പൂജകള്‍ നടത്തി. ദേവന്മാര്‍ക്കു രാജാവിനോടുള്ള സ്നേഹം പിന്നീട് ആദരവോടുകൂടിയ ചങ്ങാത്തമായി വളര്‍ന്നു. അവര്‍ സൗഹാര്‍ദസംഭാഷണം നടത്തി. ചങ്ങാതികളേപ്പോലെ പെരുമാറാന്‍ തുടങ്ങി. കൊട്ടാരവിരുന്നുകളില്‍ ദേവന്മാര്‍ പങ്കെടുത്തു. ദേവന്മാരുടെ വാസസങ്കേതമായ ഒളിമ്പസിലെ വിരുന്നുകളില്‍ താന്‍ഡലസും അതിഥിയായി. ദേവന്മാരുടെ വിരുന്നുകളില്‍ ക്ഷണിക്കപ്പെടുന്ന അക്കാലത്തെ ഏക മനുഷ്യനാണിദ്ദേഹം. മനുഷ്യരുമായി ലോഹ്യം കൂടാത്ത ദേവന്മാര്‍ താന്‍ഡലസ് രാജാവുമായി ചങ്ങാത്തമുണ്ടാക്കിയപ്പോള്‍ ലോകം മുഴുവന്‍ അദ്ദേഹത്തെ ഒരു ദേവനെപ്പോലെയാണു ദര്‍ശിച്ചത്.

കുറച്ചുകാലം കഴിഞ്ഞപ്പോഴേക്കും ദേവന്മാര്‍ അത്ര വമ്പന്മാരൊന്നുമ ല്ലെന്നു താന്‍ഡലസിനു തോന്നി. അവര്‍ക്കു പറ്റുന്ന നിസാര വിഢിത്ത ങ്ങള്‍ മനസിലാക്കിയ രാജാവ് ദേവന്മാ രെയൊന്നാകെ മനസില്‍ പരിഹസി ക്കാന്‍ തുടങ്ങി. പക്ഷേ, അതു പുറത്തു കാണിച്ചില്ല. ബഹുമാനത്തോടെ ത്തന്നെ പെരുമാറി. കുറച്ചുകാലം കൂടി കഴിഞ്ഞപ്പോള്‍ ദേവന്മാരോടു രാജാ വിനു പുച്ഛമായി. അവരേക്കാള്‍ ബുദ്ധി തനിക്കുണ്ടെന്നായി രാജാവിന്റെ മനോ ഗതം. അഹങ്കാരം നിറഞ്ഞ മന സില്‍നിന്ന് ഈ പുച്ഛവും പരിഹാസവും പുറത്തേക്കു വരാന്‍ തുടങ്ങി.

സുഹൃത്തുക്കളായ മറ്റു രാജാക്കന്മാരുമായും പ്രമാണിമാരുമായും സംസാരിക്കുമ്പോഴും രാജസദസുകളിലും തന്റെ ബുദ്ധിയും ദേവമഹാത്മ്യവും രാജാവു വേണ്ടുവോളം വിളമ്പി. ദേവന്മാരേക്കാള്‍ കേമനാണു താനെന്നു ബോധ്യപ്പെടുത്താന്‍ അവരുടെ നിസാര വിഢിത്തരങ്ങള്‍ പെരുപ്പിച്ചു പറഞ്ഞു. അങ്ങനെ ദേവന്മാരെ കണക്കിനു പരിഹസിക്കാനും തുടങ്ങി. ദേവന്മരാകട്ടേ, ഇക്കഥയറിയാതെ താന്‍ഡലസിനെ വിശ്വസിക്കുകയും കൂടുതല്‍ സ്നേഹിക്കുകയും ചെയ്തു.

രാജാവിന്റെ മൂത്തമകന്‍ പെലോസിന് അച്ഛന്റെ പോക്ക് അത്ര പന്തിയല്ലെന്നു തോന്നി. അയാള്‍ അച്ഛനെ ഉപദേശിച്ചു: ‘ദേവന്മാരെ പരിഹസിക്കുന്നത് ദൈവനിന്ദയാണ്. അതു ചെയ്യരുത്.’

മകന്റെ ഉപദേശം രാജാവിനു രുചിച്ചില്ല. അരിശം മൂത്ത അയാള്‍ മകനെ കണക്കറ്റു ശാസിച്ചു. അഹങ്കാരിയായിത്തീര്‍ന്ന അച്ഛനെ പിന്നെയും പെലോസ് ഉപദേശിച്ചു. അപ്പോഴെല്ലാം രാജാവ് മകനുമായി വഴക്കിട്ടു. തനിക്കെതിരേ നില്ക്കുന്ന മകനെ വകവരുത്തണമെന്നു രാജാവ് തീരുമാനിച്ചു. അങ്ങനെയിരിക്കേ, ഒരുദിവസം രാജാവ് വലിയൊരു വിരുന്നു നടത്തി. ദേവന്മാരെയെല്ലാം ക്ഷണിച്ചു. അവര്‍ക്കായി പ്രത്യേക വേദിയും വിശിഷ്ട ഭക്ഷണപാനീയങ്ങളും വിഭവങ്ങളും തയാറാക്കിയിരുന്നു. പാട്ടും നൃത്തവുമെല്ലാം കഴിഞ്ഞ് വിരുന്നു തുടങ്ങുകയായി. ദേവന്മാര്‍ക്കു മുന്നില്‍ നിരത്തിയ വെള്ളിത്തളികകളില്‍ വിശിഷ്ട വിഭവങ്ങള്‍ വിളമ്പി. മണവും രുചിയും മല്‍സരിച്ച് വായില്‍ വെള്ളമൂറിക്കുന്നവയാണെല്ലാം.

എന്നാല്‍ ദേവന്മാര്‍ക്കു വായില്‍ വെള്ളമൂറിയില്ല. ഓക്കാനമാണു വന്നത്. അവര്‍ പരസ്പരം പിറുപിറുക്കാന്‍ തുടങ്ങി. ‘എന്താണിത്? ഈ വിഭവങ്ങളിലെല്ലാം മനുഷ്യമാംസത്തിന്റെ മണമാണല്ലോ?’

മനുഷ്യമാംസം ഭക്ഷിക്കുന്നത് ദേവന്മാര്‍ക്കും മനഷ്യര്‍ക്കും നിഷിധമാണ്. ദേവന്മാര്‍ക്കു മനുഷ്യമാംസത്തിന്റെ മണം പെട്ടെന്നു തിരിച്ചറിഞ്ഞു. ആദരണീയനും ചങ്ങാതിയുമായി തങ്ങള്‍ കരുതിയിരുന്ന താന്‍ഡലസ് ക്രൂരനും നീചനുമാണെന്ന് അപ്പോഴാണ് അവര്‍ക്കു തോന്നിയത്. ദേവന്മാരായ തങ്ങള്‍ക്കു നിഷിധമായ മനുഷ്യമാംസം വിളമ്പി അവഹേളിച്ച അയാളെ ഒരു പാഠംപഠിപ്പിക്കണം. ദേവന്മാര്‍ പരസ്പരം പറഞ്ഞു. വിരുന്നിനു വന്ന സ്യൂസ് ദേവനും അതു സമ്മതിച്ചു.

രാജാവ് ആരെയാണ് കശാപ്പു ചെയ്ത് പൊരിച്ചതെന്ന് അറിയാനായി അവരുടെ അടുത്ത ശ്രമം. പെട്ടെന്നുതന്നെ അതു കണ്ടെത്തി. രാജാവിനെ പലതവണ ഉപദേശിച്ച മൂത്തമകന്‍ പെലോസിനെത്തന്നെ.

കാര്യങ്ങള്‍ മനസിലാക്കിയ സ്യൂസ് ദേവന്‍ താന്‍ഡലസിനെ കണക്കിനു ശിക്ഷിച്ചു. ‘വഞ്ചകനായ താന്‍ഡലസ്, നീ ഒടുങ്ങാത്ത വിശപ്പും ദാഹവുമുള്ളവനായിത്തീരട്ടെ. നിന്റെ സിംഹാസനത്തിനു മുകളില്‍ ഡിമോക്ലസിന്റെ വാളു പോലെ കൂറ്റന്‍ പാറക്കല്ലു തൂങ്ങിക്കിടക്കട്ടെ.’- സ്യൂസ് അയാളെ ശപിച്ചു.

ആ നിമിഷംമുതല്‍ താന്‍ഡലസ് രാജാവിന് തീരാത്ത വിശപ്പും ദാഹവും. കൊട്ടാരത്തിലെ വിശിഷ്ടവിഭവങ്ങളും പഴങ്ങളും മധുരപാനീയങ്ങളും കൈയിലെടുക്കുമ്പോഴേക്കും അപ്രത്യക്ഷമാകുന്നു. ഒന്നും ഭക്ഷിക്കാനാകാതെ അയാള്‍ വിശന്നുപൊരിഞ്ഞു. ശാപഫലമായി സിംഹസനത്തിനു മുകളില്‍ കൂറ്റന്‍ പാറക്കല്ല് ഒരു നേര്‍ത്ത ചരടില്‍ തൂങ്ങിക്കിടന്നു. ചരടുപൊട്ടി കല്ലു വീണാല്‍ സിംഹാസനത്തിലിരിക്കുന്ന വന്റെ കഥ കഴിഞ്ഞതുതന്നെ. സിംഹാ സാനത്തിലിരുന്നില്ലെങ്കിലോ രാജാവല്ലാതാകുകയും ചെയ്യും. സുരക്ഷിതനായി സിംഹാസനത്തില്‍ ഇരിക്കാന്‍ കല്ലു മാറ്റാനുള്ള ശ്രമമൊന്നും ഫലിച്ചില്ല.

തലയ്ക്കുമീതെ തൂങ്ങിക്കിടക്കുന്ന കല്ല് തലയില്‍ വീഴുമെന്ന പ്രാണഭീതിയോടെ കുറച്ചുനാള്‍കൂടി സിംഹാസനത്തിലിരുന്ന രാജാവ് പട്ടിണി കിടന്നു മരിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *