സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിക്കകത്ത് വീണ്ടും അസ്വാരസ്യങ്ങൾ ഉടലെടുത്ത സാഹചര്യത്തിൽ നേതൃത്വത്തിൽ നിന്ന് ഐക്യം ജനം പ്രതീക്ഷിക്കുന്നുണ്ടെന്ന് താരീഖ് അൻവർ. ഐക്യം പ്രധാനമാണെന്ന് നേതാക്കളോട് പറഞ്ഞിട്ടുണ്ട്. ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടേയെന്ന കാര്യം കെ മുരളീധരൻ തന്നെ തീരുമാനിക്കട്ടെ. വൈക്കത്തെ പരിപാടിയിൽ സമയക്കുറവ് കൊണ്ടാണ് എല്ലാവർക്കും സംസാരിക്കാൻ അവസരം കിട്ടാതിരുന്നത്. മുരളിക്കൊപ്പം താനുണ്ടായിരുന്നുവെന്നും പരാതി തന്നോട് പറയാമായിരുന്നുവെന്നും താരീഖ് അൻവർ പറഞ്ഞു.കെപിസിസിയുടെ വൈക്കം സത്യാഗ്രഹ വേദിയിൽ പ്രസംഗിക്കാൻ അവസരം നിഷേധിച്ചതിനെതിരെ കെ മുരളീധരൻ രംഗത്ത് വന്നതാണ് പാർട്ടിക്കകത്ത് പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. തന്നെ മനപ്പൂർവം അവഗണിച്ചെന്നും സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്താനാണ് തീരുമാനമെന്നും മുരളീധരൻ തുറന്നടിച്ചു. സമയ പരിമിതി കാരണമാണ് എല്ലാ നേതാക്കൾക്കും പ്രസംഗിക്കാൻ അവസരം ലഭിക്കാതിരുന്നതെന്നാണ് കോട്ടയം ഡിസിസിയുടെ വിശദീകരണം.
സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ജനങ്ങൾ ഐക്യം പ്രതീക്ഷിക്കുന്നുണ്ടെന്ന് താരീഖ് അൻവർ
