ഒന്നോ അതിലധികമോ പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ ദിവസവും കുടിക്കുന്നത് ഓറല്‍ ക്യാവിറ്റി കാന്‍സര്‍ സ്ത്രീകള്‍ക്ക് വരാനുള്ള സാധ്യത 4.87 മടങ്ങ് വര്‍ധിപ്പിക്കുമെന്ന് പഠനം. വാഷിങ്ടണ്‍ സര്‍വകലാശാല ഗവേഷകരുടെതാണ് കണ്ടെത്തല്‍. ഓറല്‍ കാന്‍സര്‍ അത്ര സാധാരണമല്ലെങ്കിലും പുകയില ഉപയോഗമായിരുന്നു കാന്‍സറിന്റെ പ്രധാന കാരണമായി വിലയിരുത്തിയിരുന്നത്. എന്നാല്‍ സമീപകാലത്തായി പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യാത്ത ചെറുപ്പക്കാരായ സ്ത്രീകള്‍ക്കിടയിലെ ഓറല്‍ കാന്‍സറുകളുടെ നിരക്ക് വര്‍ധിച്ചുവരുന്നത് ആശങ്കജനകമാണെന്നും ജെഎഎംഎ ഓട്ടോളറിംഗോളജി-ഹെഡ് ആന്റ് നെക്ക് സര്‍ജറിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ചായയിലും കാപ്പിയിലും സോഡയിലുമൊക്കെയായി ദിവസവും വലിയൊരു അളവില്‍ പഞ്ചസാര നമ്മുടെ ശരീരത്തിലേക്ക് എത്തുന്നുണ്ട്. 1976 മുതല്‍ സ്ത്രീകള്‍ മധുരപാനീയങ്ങള്‍ കുടിക്കുന്ന കണക്ക് വിലയിരുത്തിയായിരുന്നു ഗവേഷണം. പഞ്ചസാര അടങ്ങിയ മധുരപാനീയങ്ങള്‍ വന്‍കുടലിലെയും ദഹനനാളത്തിലെയും കാന്‍സറിന് കാരണമാകുമെന്ന് മുന്‍ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. പഞ്ചസാര ചേര്‍ത്ത പാനീയങ്ങളെ പഞ്ചസാര ചേര്‍ത്ത കഫീന്‍ അടങ്ങിയതും അല്ലാത്തതുമായ സോഡകള്‍, പഞ്ചസാര ചേര്‍ത്ത കോള ചേര്‍ക്കാത്ത കാര്‍ബണേറ്റഡ് പാനീയങ്ങള്‍, കാര്‍ബണേറ്റ് ചെയ്യാത്ത മധുരമുള്ള പാനീയങ്ങള്‍ (നാരങ്ങാവെള്ളം, മധുരമുള്ള ചായ പോലുള്ളവ) എന്നിങ്ങനെ പല തരത്തില്‍ തിരിച്ചായിരുന്നു പഠനം നടത്തിയത്. 160,000 ത്തിലധികം സ്ത്രീകളിലെ മധുര പാനീയം കുടിക്കുന്ന ശീലങ്ങളും ആരോഗ്യ ഫലങ്ങളും ഗവേഷകര്‍ വിശകലനം ചെയ്തു. അതിനൊപ്പം പുകവലിക്കുകയോ ലഘുവായി മദ്യപിക്കുകയോ ചെയ്യുന്നവരില്‍ ഓറല്‍ കാന്‍സറിനുള്ള സാധ്യത 5.46 മടങ്ങ് വരെ കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു.
മധുരപാനീയങ്ങള്‍ ഓറല്‍ കാന്‍സറിന് കാരണമാകും
