പത്താം തലമുറ ഓള്‍ട്ടോ 2026ല്‍ പുറത്തിറക്കുമ്പോള്‍ പുതിയൊരു വെല്ലുവിളി കൂടി ഏറ്റെടുത്തിരിക്കുകയാണ് സുസുക്കി. ഓള്‍ട്ടോയുടെ ഭാരം 100 കിലോഗ്രാം കുറക്കുകയെന്നതാണ് വെല്ലുവിളി. വലിപ്പത്തിലും വിലയിലുമുള്ള കുറവുകൊണ്ട് നിരവധി സാധാരണക്കാരുടെ പ്രിയ വാഹനമായി മാറിയിട്ടുണ്ട് സുസുക്കി ഓള്‍ട്ടോ. നിലവിലെ ഓള്‍ട്ടോയുടെ വിവിധ മോഡലുകള്‍ക്ക് 680 കിലോഗ്രാം മുതല്‍ 760 കിലോഗ്രാം വരെയാണ് ഭാരം. നൂറു കിലോ ഭാരത്തില്‍ കുറവു വരുന്നതോടെ പുതിയ ആള്‍ട്ടോയുടെ ഭാരം 580-660 കിലോഗ്രാമായി മാറും. മുന്‍ തലമുറ ആള്‍ട്ടോകളില്‍ പലതിനും ഇപ്പോഴത്തേതിനെ അപേക്ഷിച്ച് ഭാരം കുറവായിരുന്നു. ആദ്യ തലമുറ ആള്‍ട്ടോക്ക് 530-570 കിലോഗ്രാം മാത്രമായിരുന്നു ഭാരം. ആറാം തലമുറയായപ്പോഴേക്കും ഭാരം വര്‍ധിച്ച് 720-810 കിലോഗ്രാമിലേക്കെത്തി. ഭാരം കുറച്ച് ഓള്‍ട്ടോ എത്തുന്നത് ഉപഭോക്താക്കള്‍ക്കും പലതരത്തിലുള്ള ഗുണം ചെയ്യും. പവര്‍ ടു വൈറ്റ് റേഷ്യോ വര്‍ധിക്കുന്നതോടെ വാഹനത്തിന്റെ പ്രകടനം കൂടുതല്‍ മികച്ചതാക്കാനും ഇന്ധനക്ഷമത വര്‍ധിപ്പിക്കാനും ഈ മാറ്റം വഴി സാധിക്കും. ഇന്ധനത്തിന്റെ ആവശ്യം കുറയുന്നതോടെ മലിനീകരണത്തിലും കുറവു പ്രതീക്ഷിക്കാം. ഭാരം കൂടി കുറയുന്നതോടെ പത്താം തലമുറയില്‍ ഓള്‍ട്ടോക്ക് ലീറ്ററിന് 30 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത ലഭിച്ചേക്കും.
പത്താം തലമുറ ഓള്‍ട്ടോയുടെ ഭാരം കുറയ്ക്കാന്‍ സുസുക്കി
