കേരള ലോക്ഭവനിൽ ഇനി മുതൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം വിളമ്പിയാൽ മതിയെന്ന് നിയുക്ത ഗവർണ്ണർ ഓം പ്രകാശ് മാഥൂർ നിർദ്ദേശം നൽകി. ലോക്ഭവനിലെ ജീവനക്കാരും വെജിറ്റേറിയൻ ഭക്ഷണം മാത്രമേ കഴിക്കാവൂ എന്നും നിർദ്ദേശമുണ്ട്. നാളെ ഗവർണ്ണറായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി നൽകിയ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളിലാണ് ഈ മാറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം നടപ്പിലാകുന്നു. ഇതോടെ ആർട്സ്, സയൻസ്, കോമേഴ്സ് വിദ്യാർത്ഥികൾക്ക് അപ്രന്റീസ്ഷിപ്പ് ലഭ്യമാകും. നിലവിലെ അക്കാദമിക വർഷം മുതൽ പദ്ധതി ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ അറിയിച്ചു. വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തന്നെ ആറ് മാസത്തെ പ്രായോഗിക വ്യവസായിക പരിശീലന ലഭിക്കും.
തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ എസ്എംഎ മരുന്ന് വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. കുറഞ്ഞ ചെലവിൽ കൂടുതൽ കുട്ടികൾക്ക് ചികിത്സ ഉറപ്പാക്കാൻ വിദഗ്ധ സമിതി നിർദേശിച്ച ഇന്ത്യൻ നിർമ്മിത മരുന്നാണ് നൽകുന്നത്. തെറ്റായ പ്രചരണങ്ങൾ ഒഴിവാക്കണമെന്നും ആശുപത്രി അഭ്യർത്ഥിച്ചു.
ഖത്തർ കെഎംസിസി ഓഫീസിൽ നടന്ന കോടികളുടെ കവർച്ചയുമായി ബന്ധപ്പെട്ട് പ്രതികളുടെ ഫോൺ സംഭാഷണം പുറത്തുവന്നു. സംഭവത്തിൽ കൊയിലാണ്ടിയിലെ പ്രാദേശിക ബിജെപി നേതാവ് പൊലീസിൽ കീഴടങ്ങിയതോടെ കേസിൽ നിർണായക വഴിത്തിരിവായി. പണം രാജ്യത്തേക്ക് കടത്തിയോ എന്നതടക്കം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടു.
ഉദ്ഘാടന ചടങ്ങിനിടെ വഴുതിവീണ് കുന്ദമംഗലം എംഎൽഎ എം എ റസാഖ് മാസ്റ്റർക്ക് പരിക്ക്. കാലിനാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടാണ് സംഭവം. പെരുവയലിൽ ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനത്തിനിടെ കാൽ വഴുതിവീഴുകയായിരുന്നു. കാലിന് പ്ലാസ്റ്റർ ഇട്ടു.
കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് നൽകി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു. ഫേസ്ബുക്കിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് വക്കീൽ നോട്ടീസ് അയച്ചത്.
ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് ബോര്‍ഡിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ തോറ്റു. നിലവിലെ ഭരണ സമിതിയിൽ നിന്ന് വീണ്ടും മത്സരിച്ച ഒന്‍പതു പേരിൽ പ്രസിഡന്‍റ് ഉള്‍പ്പെട 3 പേര്‍ തോറ്റു. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , സ്വാമി ശാരദാനന്ദ ഉള്‍പ്പെട ആറു പേര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 5 സന്യാസിമാരാണ് ബോര്‍ഡിൽ പുതുതായി എത്തിയത്.
കർശന ജാമ്യ വ്യവസ്ഥയിൽ ജയിൽ മോചിതരായ സിജെപി നേതാക്കൾ ദില്ലി പൊലീസ് ക്രൈംബ്രാഞ്ചിന് മുന്നിൽ ഇന്ന് ഹാജരായില്ല. ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് സൗരവ് ദാസ് അടക്കം നേതാക്കൾ പൊലീസിനെ അറിയിച്ചു. പുതുക്കിയ തീയതി പൊലീസ് നൽകും.
ചിത്രപ്രദർശനത്തിൽ നിന്നും റെയ്ഹാൻ വാദ്രയുടെ ചിത്രങ്ങൾ നീക്കിയ നടപടിയിൽ വിശദീകരണവുമായി ബിക്കാനീർ ഹൗസ്. ചില ചിത്രങ്ങൾ സ്ഥാപനത്തിന്റെ നയത്തിന് ചേരുന്നതല്ലെന്നും അതിനാൽ മാറ്റാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ബിക്കാനീർ ഹൗസ് അധികൃതർ വ്യക്തമാക്കുന്നു.
സോണിയ ഗാന്ധി ആദ്യമായി സാമൂഹിക മാധ്യമത്തിലേക്ക്. ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമായ ബിലോങ്ങിങ് എ ജേര്‍ണി ഓഫ് ലവ് എന്ന പുസ്തകത്തിന്‍റെ ആദ്യ പതിപ്പ് പ്രസാധകരില്‍ നിന്ന് ഏറ്റുവാങ്ങുന്ന ദൃശ്യം പങ്കുവെച്ചാണ് സാന്നിധ്യമാകുന്നത്. അടുത്തമാസം പത്തിന് പുസ്തകം ഇന്ത്യയിൽ പ്രകാശനം ചെയ്യും.
അമേരിക്കയിലെ ഫ്ലോറിഡയിൽ മരിച്ച വ്യക്തിയുടെ വിവരങ്ങൾ ദുരുപയോഗം ചെയ്ത് വീട് സ്വന്തമാക്കിയ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായി. 2022-ൽ മരിച്ച ഡെന്നിസ് വെസ്റ്റ് എന്നയാളുടെ വീടാണ് ബ്രയാൻ ലൂയിസ് എന്ന ഉദ്യോഗസ്ഥൻ വ്യാജരേഖകളിലൂടെ തട്ടിയെടുത്തത്. യഥാർത്ഥ അവകാശികൾ എത്തിയതോടെയാണ് കോടികൾ വിലമതിക്കുന്ന ഈ സ്വത്ത് തട്ടിപ്പ് പുറത്തായത്.
അറ്റ്ലാന്‍റിക് സമുദ്രത്തിന്റെ പേര് ‘ട്രംപ് ഓഷ്യൻ’ എന്നാക്കാൻ ഡൊണാൾഡ് ട്രംപ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയോട് ആവശ്യപ്പെട്ടതായി വെളിപ്പെടുത്തൽ. എന്നാൽ സമുദ്രങ്ങൾ പല രാജ്യങ്ങളുമായി പങ്കിടുന്നതിനാൽ ഈ നിർദേശം പിച്ചൈ നിരസിച്ചെന്നും ട്രംപ് വ്യക്തമാക്കി. മെക്സിക്കോ ഉൾക്കടലിനെ ‘ഗൾഫ് ഓഫ് അമേരിക്ക’ എന്ന് പുനർനാമകരണം ചെയ്തതിന് പിന്നാലെയാണ് ഈ പുതിയ വിവാദം.
വിശുദ്ധ നഗരമായ മദീന മേഖലയിലേക്കും സൗദി തലസ്ഥാനമായ റിയാദിലേക്കും വീണ്ടും ഹൂതി ആക്രമണം. നാല് ഡ്രോണുകൾ തകർത്തതായി സൗദി സേന അറിയിച്ചു. ദമ്മാം വിമാനത്താവളത്തിലേക്കും അരാംകോയുടെ ശൈബ എണ്ണപ്പാടത്തേക്കും നടത്തിയ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം നാലായി.
നൊബേൽ സമാധാന പുരസ്കാരം ലഭിക്കാത്തതിൽ അമർഷമുള്ള യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തനിക്ക് പുലിറ്റ്സർ പുരസ്കാരം ലഭിക്കേണ്ടതായിരുന്നു എന്ന് അവകാശപ്പെട്ടു. പുലിറ്റ്സർ നേടിയ മാധ്യമപ്രവർത്തകരുടെ റിപ്പോർട്ടുകൾ തെറ്റാണെന്നും തന്‍റെ എഴുത്തിന് പുരസ്കാരം അർഹിച്ചിരുന്നുവെന്നുമാണ് സൗത്ത് കരോലിനയിലെ റാലിയിൽ അദ്ദേഹം പറഞ്ഞത്.
