ആരോഗ്യ സംരക്ഷണ നിലവാരത്തില്‍ മുന്നിലുള്ള ആദ്യ 10 രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ ഇപ്സോസ്. 32 രാജ്യങ്ങളെ ആധാരമാക്കി നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ‘ഇപ്സോസ് ക്വാളിറ്റി ഓഫ് കെയര്‍ പെര്‍സെപ്ഷന്‍ ഇന്‍ഡക്സ്’ പുറത്തുവിട്ടത്. ഒന്നാം സ്ഥാനത്ത് മലേഷ്യയും രണ്ടാംസ്ഥാനത്ത് സിംഗപ്പൂരും മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ്. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലുമുള്ള ആരോഗ്യ സംരക്ഷണ സംവിധാനങ്ങളില്‍ നീണ്ട കാത്തിരിപ്പ്, തൊഴിലാളികളുടെ കുറവ്, ജനങ്ങളുടെ വിശ്വാസക്കുറവ് എന്നിവ നേരിടുമ്പോള്‍ ഇന്ത്യയില്‍ ഇക്കാര്യങ്ങള്‍ വ്യത്യസ്തമാണെന്നും പൗരന്മാര്ക്കിടയില് ആരോഗ്യസംവിധാനങ്ങളില്‍ വിശ്വാസം കൂടുതലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നിരുന്നാലും ചികിത്സാച്ചെലവ് താങ്ങാനാവാത്തത് തന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ വെല്ലുവിളിയായി തുടരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയില്‍ എളുപ്പത്തില്‍ ഡോക്ടറുടെ അപ്പോയിന്റ്മെന്റ് ഉറപ്പാക്കാന്‍ കഴിയുമെന്ന് 73% പൗരന്മാര് അഭിപ്രായപ്പെട്ടു, ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റ് 32 രാജ്യങ്ങളെ അപേക്ഷിച്ച് ഇക്കാര്യത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്ന് സര്‍വേയില്‍ പറയുന്നു. ഫാര്‍മസികളിലും ഇന്ത്യയില്‍ കാത്തിരിപ്പില്ലെന്ന് 81ശതമാനം പേര് അഭിപ്രായപ്പെട്ടു. അപ്പോഴും ഇന്ത്യയില്‍ മികച്ച ആരോഗ്യ സംരക്ഷണം വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് സാമ്പത്തികമായി എത്തിപ്പിടിക്കാന്‍ കഴിയാത്തത്ര അകലെയാണെന്ന് 74% ഇന്ത്യക്കാര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ പ്രധാന ആരോഗ്യ പ്രശ്നമാണ് പ്രമേഹമെന്ന് സര്‍വേ വ്യക്തമാക്കുന്നു.
ആരോഗ്യ സംരക്ഷണ നിലവാരത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്
