ജാഫര്‍ ഇടുക്കിയെ ടൈറ്റില്‍ കഥാപാത്രമാക്കി അജയ് ഷാജി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ‘അമോസ് അലക്‌സാണ്ടര്‍’. 14 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടു. നെഞ്ചില്‍ നിറയുമെന്‍ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് പ്രശാന്ത് വിശ്വനാഥന്‍ ആണ്. മിനിബോയ്‌യുടേതാണ് സംഗീതം. ദീപക് നായര്‍ ആണ് പാടിയിരിക്കുന്നത്. ക്രൈം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇത്. ഒരു മാധ്യമ പ്രവര്‍ത്തകനായാണ് അജു വര്‍ഗീസ് ഈ ചിത്രത്തില്‍ എത്തുന്നത്. മാധ്യമപ്രവര്‍ത്തനത്തിനിടയിലാണ് ആമോസ് അലക്സാണ്ടറെ ഇയാള്‍ കണ്ടു മുട്ടുന്നത്. പിന്നീടുണ്ടാവുന്ന അവിചാരിത സംഭവങ്ങളിലൂടെയാണ് ചിത്രം കഥ പറയുന്നത്. നായികയായെത്തുന്നത് പ്രശസ്ത മോഡലും സ്റ്റേജ് ആര്‍ട്ടിസ്റ്റുമായ താര അമല ജോസഫ് ആണ്. 14 സംസ്ഥാനങ്ങളിലൂടെയുള്ള യാത്രയും ആ സ്ഥലങ്ങളിലെ കാഴ്ചകളും ചിത്രത്തിലെ ദൃശ്യവിരുന്നാണ്. കലാഭവന്‍ ഷാജോണ്‍, ഡയാനാ ഹമീദ്, സുനില്‍ സുഖദ, ശ്രീജിത്ത് രവി, അഷറഫ് പിലാക്കല്‍, രാജന്‍ വര്‍ക്കല, നാദിര്‍ഷ എന്നിവര്‍ക്കൊപ്പം ഏതാനും പുതുമുഖങ്ങളും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു.
