ചൈനയ്ക്ക് കൂടുതൽ ഇളവ് നൽകിയതിലും ഇന്ത്യക്ക് മേൽ 50 ശതമാനം തീരുവ ചുമത്തിയതിലും മറഞ്ഞിരിക്കുന്ന സന്ദേശമുണ്ടെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ചൈന ഏതാണ്ട് ഇരട്ടി വിലക്കാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് എങ്കിലും അവർക്ക് 90 ദിവസത്തെ സമയം നൽകി പക്ഷേ ഇന്ത്യയ്ക്ക് വെറും മൂന്ന് ആഴ്ച മാത്രമേ സമയം നൽകിയിട്ടുള്ളൂ. ഇതിനകം പ്രഖ്യാപിച്ച 25% വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നുവെന്നും ഈ മാസം തീരുവ 50% ആയി ഉയരുമെന്നും തരൂർ വ്യക്തമാക്കി. അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളിൽ അമേരിക്കയുടെ തീരുമാനത്തിൽ മാറ്റമൊന്നുമില്ലെങ്കിൽ നമ്മൾ അതേ നിരക്ക് തന്നെ ഏർപ്പെടുത്തണമെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയ്ക്ക് ഭീഷണി നയമില്ല. അതിനാൽ നമ്മൾ മൂന്ന് ആഴ്ച കാത്തിരിക്കണം. തുടർന്ന് ഒന്നും മാറിയില്ലെങ്കിൽ തിരിച്ചടിക്കണം. യുഎസ് ഇറക്കുമതിക്ക് ഇന്ത്യയുടെ താരിഫ് ശരാശരി 17% ആണെന്നും അതിനാൽ ട്രംപ് ചുമത്തിയ നിരക്കുകൾ പകരം തീരുവയായി തോന്നുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യ കാത്തിരുന്ന് തിരിച്ചടിക്കണമെന്ന് ശശി തരൂർ
