ഏഷ്യന് രാജ്യങ്ങള്ക്കായുള്ള ക്രൂഡ് ഓയില് വിലയില് വന് കുറവ് പ്രഖ്യാപിച്ച് സൗദി അറേബ്യ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വിലക്കിഴിവാണ് സര്ക്കാര് ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ സൗദി അരാംകോ പ്രഖ്യാപിച്ചിരിക്കുന്നത്. അരാംകോയുടെ പ്രമുഖ ബ്രാന്ഡായ ‘അറബ് ലൈറ്റ്’ ക്രൂഡ് ഓയിലിന്റെ ഓഗസ്റ്റ് മാസത്തെ വിതരണ വിലയിലാണ് ഈ മാറ്റം വരുത്തിയിരിക്കുന്നത്. ബാരലിന് 11 ഡോളറാണ് കുറച്ചത്. ഇതോടെ വന്വിലക്കിഴിവില് ഏഷ്യന് രാജ്യങ്ങള്ക്ക് എണ്ണ ലഭിക്കും. 2003 മുതലുള്ള കണക്കുകള് പരിശോധിച്ചാല് ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കുറവാണിത്. 2020 ജൂണിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില നിലവാരത്തിലേക്കാണ് ഇപ്പോള് എണ്ണവില എത്തിയിരിക്കുന്നത്. കുതിച്ചുയര്ന്ന ബ്രെന്റ് ക്രൂഡ് ഓയില് വില ഇപ്പോള് ബാരലിന് 72 ഡോളറിലേക്ക് താണിട്ടുണ്ട്. എണ്ണ ഉത്പാദനം കൂട്ടി വരുമാനം വര്ധിപ്പിക്കാനുള്ള നീക്കം ഇന്ത്യ ഉള്പ്പെടെയുള്ള വാങ്ങലുകാര്ക്ക് നേട്ടമാകും.
