ഇന്ധന ക്ഷാമത്താല്‍ വലഞ്ഞ് റഷ്യ. ആവശ്യത്തിലധികം എണ്ണ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും ശുദ്ധീകരണ ശാലകളിലേക്ക് യുക്രെയ്ന് നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ റഷ്യയ്ക്ക് തിരിച്ചടിയാകുന്നു. ഇന്ത്യയില്‍ നിന്നടക്കം പെട്രോള്‍, ഡീസല്‍ ഇറക്കുമതി നടത്തി പ്രതിസന്ധി പരിഹരിക്കാനാണ് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന കമ്പനികള്‍ക്ക് നികുതി ഇളവ് നല്‍കുമെന്ന് റഷ്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ആവശ്യകതയുടെ 20 ശതമാനം കുറവാണ് ലഭ്യതയില്‍ ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ശുദ്ധീകരിച്ച എണ്ണ വാങ്ങാന്‍ റഷ്യ തീരുമാനിച്ചാല്‍ നേട്ടങ്ങള്‍ പലതാണ്. റഷ്യന്‍ എണ്ണ കൂടുതല്‍ വിലകുറച്ച് ലഭിക്കാന്‍ ഇന്ത്യയ്ക്ക് സമ്മര്‍ദ്ദം ശക്തമാക്കാം. ക്രൂഡ് കൊണ്ടുവരുന്ന കപ്പലുകളില്‍ ശുദ്ധീകരിച്ച എണ്ണ തിരിച്ചയച്ച് ചെലവ് ചുരുക്കാന്‍ സാധിക്കും. ഇന്ത്യന്‍ പൊതുമേഖല കമ്പനികള്‍ക്ക് കൂടുതല്‍ ലാഭകരമായി എണ്ണ വില്‍ക്കാനും സാധിക്കും.
