തൃശൂര്‍ ആസ്ഥാനമായ മണപ്പുറം ഫിനാന്‍സിന്റെ ഉപകമ്പനിയായ ആശിര്‍വാദ് ഫിനാന്‍സിന് വായ്പകള്‍ നല്കുന്നതില് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി റിസര്‍വ് ബാങ്ക്. തുടര്‍ന്ന് മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ ഇന്ന് ബി.എസ്.ഇയില്‍ 6.4 ശതമാനം ഉയര്‍ന്ന് 191.50 രൂപ വരെയെത്തി. അമിത പലിശ ഈടാക്കുന്നുവെന്നും വായ്പ അനുവദിക്കുന്ന നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ഒക്ടോബറില്‍ റിസര്‍വ് ബാങ്ക് ചെന്നൈ ആസ്ഥാനമായ ആശിര്‍വാദ് മൈക്രോ ഫിനാന്‍സിന് ആറ് മാസത്തേക്ക് വിലക്കേര്‍പ്പെടുത്തിയത്. മണപ്പുറം ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിയുടെ 25 ശതമാനവും സംഭാവന ചെയ്യുന്നത് ആശിര്‍വാദ് ഫിനാന്‍സാണ്. 2024-25 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ മണപ്പുറം ഫിനാന്‍സിന്റെ ലാഭം രണ്ട് ശതമാനം ഉയര്‍ന്ന് 571 കോടി രൂപയായിരുന്നു. അതേസമയം, സ്വര്‍ണ വായ്പ ആസ്തിയില്‍ 17.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ 12 മാസക്കാലയളവില്‍ മണപ്പുറം ഓഹരി വെറും അഞ്ചു ശതമാനം മാത്രമാണ് നേട്ടമുണ്ടാക്കിയത്.
ആശിര്‍വാദിന്റെ വിലക്ക് നീക്കി റിസര്‍വ് ബാങ്ക്
