രൂപയുടെ മൂല്യത്തകര്‍ച്ച തടയാനും വിദേശനാണ്യ കരുതല്‍ ശേഖരം ഉയര്‍ത്താനുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വന്‍തോതില്‍ സ്വര്‍ണം വിറ്റഴിച്ചെന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് തള്ളി കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും. മേയ് 22ന് അവസാനിച്ച രണ്ടാഴ്ചയ്ക്കുള്ളില്‍ ആര്‍ബിഐ 1,200 കോടി ഡോളറിന്റെ (ഏകദേശം 1 ലക്ഷം കോടി രൂപയിലധികം) സ്വര്‍ണം വിറ്റഴിച്ചെന്നായിരുന്നു ബ്ലൂംബെര്‍ഗ് ഇക്കണോമിക്സ് പുറത്തുവിട്ട റിപ്പോര്‍ട്ട്. രാജ്യത്തിന്റെ ഭൗതിക സ്വര്‍ണ ശേഖരം നിലവില്‍ 880.52 മെട്രിക് ടണ്ണായി തന്നെ തുടരുകയാണെന്ന് ആര്‍ബിഐ അറിയിച്ചു. മേയ് മാസത്തില്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവിലേക്ക് പോയപ്പോള്‍ വിദേശനാണ്യ വിപണിയില്‍ ആര്‍ബിഐ ഇടപെട്ടിരുന്നു. എന്നാല്‍ ഇതിനായി സ്വര്‍ണം വില്‍ക്കുകയല്ല, മറിച്ച് 750 കോടി ഡോളറിന്റെ വിദേശ കറന്‍സി ആസ്തികള്‍ വാങ്ങുകയാണ് ചെയ്തതെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. 2026 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് ഇന്ത്യയുടെ മൊത്തം വിദേശനാണ്യ ശേഖരം 691.11 ബില്യണ്‍ ഡോളറാണ്.
സ്വര്‍ണം വിറ്റഴിച്ചെന്ന റിപ്പോര്‍ട്ട് തള്ളി ആര്‍ബിഐ
