കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന ഫ്ലവർ ഷോയിലുണ്ടായ അപകടവുമായി ബന്ധപ്പെട്ട് ഫ്ലവർ ഷോ സംഘാടകരായ ജിസിഡിഎ, എറണാകുളം ജില്ലാ അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി എന്നിവർക്കെതിരെ കേസെടുത്തു. ഫ്ലവർ ഷോ കാണാനെത്തി പരിക്കേറ്റ പള്ളുരുത്തി സ്വദേശിയായ ബിന്ദുവിന്റെ ഭർത്താവിന്റെ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ നടപ്പാത ക്രമീകരിച്ചെന്നും ഇത് അപകടത്തിനിടയാക്കിയെന്നുമായിരുന്നു പരാതി. യുവതിക്ക് പ്ലാറ്റ്ഫോമിൽ നിന്ന് വീണ് പരിക്കേറ്റിരുന്നു . ഫ്ലവർ ഷോയ്ക്കിടെ നിലത്ത് ഇട്ടിരുന്ന പ്ലൈവുഡ് പലകയിൽ തെന്നി വീണ് വീട്ടമ്മയുടെ കൈക്ക് രണ്ട് ഒടിവുകളുണ്ടായി. പവിലിയനിൽ വെള്ളം കെട്ടി ചെളിഞ്ഞ് കിടക്കുന്നതിനാൽ വരുന്നവർക്ക് നടക്കുന്നതിനായാണ് പ്ലൈവുഡുകൾ പവിലിയനിൽ മൊത്തം നിരത്തിയത്. വീട്ടമ്മയ്ക്ക് സർജറി വേണമെന്ന് ഡോക്ടർമാർ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംഭവത്തില്‍ ജില്ലാ കളക്ടർക്കും ജിസിഡിഎ സെക്രട്ടറിക്കും കുടുംബം പരാതി നൽകിയിരുന്നു.
മറൈൻ ഡ്രൈവിലെ ഫ്ലവർ ഷോ സംഘാടകർക്കെതിരെ കേസെടുത്ത് പൊലീസ്
