മാത്യു കുഴല്നാടൻ എംഎഎല്‍എ വടകരയിലെ കാഫിര്‍ പോസ്റ്റ് വിവാദം നിയമസഭയിലെ ചോദ്യോത്തര വേളയില്‍ ഉന്നയിച്ചു. സംഭവത്തില്‍ രണ്ട് പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി എംബി രാജേഷ് മറുപടി നല്കി. ഫേയ്സ്ബുക്കിനോട് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും വിവരങ്ങള്‍ കിട്ടുന്നതിന് അനുസരിച്ച് അന്വേഷണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തില്‍ സിപിഎം നേതാവ് കെകെ ലതികയെ ഉള്‍പ്പെടെ ന്യായീകരിച്ചുകൊണ്ടുള്ള മന്ത്രിയുടെ മറുപടിയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. യഥാര്‍ത്ഥ ചോദ്യങ്ങളില്‍ നിന്ന് മന്ത്രി ഒഴിഞ്ഞുമാറുകയാണെന്നും ചോദ്യോത്തരവേള ദുരുപയോഗപ്പെടുത്തുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. കാഫിർ ചോദ്യത്തിൽ നിന്നു ഭരണ പക്ഷം വഴി തെറ്റിച്ചു മറ്റ് ചോദ്യം ചോദിക്കുകയാണ്. കാഫിർ വ്യാജ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച മുൻ എംഎല്‍എ അടക്കം ഉള്ളവർക്ക് എതിരെ കേസ് എടുക്കാത്തത് എന്തുകൊണ്ടാണെന്നും വിഡി സതീശൻ ചോദിച്ചു. എന്നാല്‍, കെ.കെ. ലതിക പോസ്റ്റ് ഇട്ടത് വർഗീയ പ്രചരണത്തിന് എതിരെയാണെന്ന് മന്ത്രി എംബി രാജേഷ് വീണ്ടും ആവര്‍ത്തിച്ചു.
വടകരയിലെ കാഫിര്‍ പോസ്റ്റ് വിവാദം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം
