വയോധികര്‍ ആകാശത്തു പറന്ന് നക്ഷത്രപൂക്കളമൊരുക്കിയ വിശേഷമാണ്. കാലിഫോര്‍ണിയയിലാണു സംഭവം. 60 വയസിനു മുകളില്‍ പ്രായമുള്ള നൂറിലധികം മുതിര്‍ന്ന പൗരന്മാരടങ്ങുന്ന സംഘം സ്കൈ ഡൈവിംഗ് നടത്തിയാണ് ലോകറിക്കാര്ഡിട്ടത്. സംഘത്തിന്റെ പേരുതന്നെ ‘സ്കൈ ഡൈവേഴ്സ് ഓവര്‍ സിക്സ്റ്റി’ എന്നാണ്. ഈ ഗ്രൂപ്പിലെ അംഗങ്ങള്‍ രണ്ട് റെക്കോര്‍ഡുകളാണ് ഇപ്പോള്‍ തങ്ങളുടെ പേരിലേക്ക് തിരുത്തിക്കുറിച്ചത്. സതേണ്‍ കാലിഫോര്‍ണിയ സ്കൈ ഡൈവിംഗ് ഏജന്‍സിയായ സ്കൈഡൈവ് പെറിസ് ആണ് മുതിര്‍ന്ന പൗരന്മാരെ മാത്രം ഉള്‍പ്പെടുത്തി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. 60 നും 78 നും ഇടയില്‍ പ്രായമുള്ള 100 ലധികം മുതിര്‍ന്ന പൗരന്മാരാണ് സ്കൈ ഡൈവിംഗിന്റെ ഭാഗമായത്. ഇവരില്‍ മിക്കവരും ജീവിതത്തില്‍ ആദ്യമായി സ്കൈ ഡൈവിംഗ് നടത്തിയവരാണ്. ഡൈവ് ചെയ്തശേഷം പരസ്പരം കൈകോര്‍ത്ത് പിടിച്ച് ആകാശത്തു വലിയൊരു നക്ഷത്ര ചിത്രമൊരുക്കിയശേഷം എല്ലാവരും പിരിയുകയും ക്രമേണ പാരച്യൂട്ടു വിടര്‍ത്തി ലാന്‍ഡു ചെയ്യുകയുമായിരുന്നു. ഇതിന്റെ മനോഹരമായ വീഡിയോ സ്കൈഡൈവ് പെറിസ് തങ്ങളുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ചു. പ്രായം വെറും നമ്പരാണെന്ന് ഈ വീഡിയോ കാണുന്നവരെല്ലാം പറഞ്ഞുപോകും. ചെറുപ്പക്കാര്‍പോലും മടിക്കുന്നതു പ്രായമായവര്‍ക്കും ചെയ്യാമെന്നു തെളിയിച്ചിരിക്കുന്നുവെന്നും പ്രായമായവര്‍ക്ക് അസാധ്യമെന്നു കരുതിയ സ്വപ്നം സാക്ഷാത്കരിച്ചെന്നുമെല്ലാം കമന്റുകളുണ്ട്.
വയോധികര്‍ പറന്ന് ആകാശപ്പൂക്കളമായി
