തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പി ബിജെപി പ്രവർത്തകൻ അല്ലെന്ന് നേതൃത്വം. ബിജെപിയുടെ സ്ഥാനാർത്ഥിപ്പട്ടികയിലും ഉണ്ടായിട്ടില്ലെന്നും ഒരു കാലത്തും പ്രവർത്തകനായിരുന്നിട്ടില്ലെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ് പറഞ്ഞു. ഉദ്ദവ് താക്കറെ ശിവസേനയിൽ ആണ് ആനന്ദ്. അതിന്റെ അംഗത്വം എടുത്തിരുന്നു. അങ്ങനെയൊരു യുവാവിന്റെ മരണം ബിജെപിക്ക് എതിരായ കുപ്രചരണത്തിന് ഉപയോഗിക്കുകയാണെന്നും എസ് സുരേഷും മത്സരരംഗത്തുള്ള ആർ ശ്രീലേഖയും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

ആനന്ദ് കെ തമ്പിയുടെ ശിവസേന ബന്ധം ഉന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആനന്ദ് ശിവസേനയിലേക്ക് പോയെന്നാണ് താൻ അറിഞ്ഞതെന്നും മണ്ഡലം കമ്മിറ്റി നിർണയിച്ച ലിസ്റ്റിൽ ആനന്ദിന്റെ പേര് ഉണ്ടായിരുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പാർട്ടിക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു

 

തിരുവനന്തപുരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകൻ ആനന്ദ് ബി തമ്പിയുടെ ആത്മഹത്യ വ്യക്തിപരമായ മാനസിക വിഭ്രാന്തിയെ തുടര്‍ന്നാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ആത്മഹത്യയെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്നും ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംഘടനാപരമായി നേരിടുമെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. സീറ്റ് കിട്ടാത്തതിൽ ആത്മഹത്യ ചെയ്യണമെങ്കിൽ താൻ 12പ്രാവശ്യം ആത്മഹത്യ ചെയ്യേണ്ടതാണെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.

 

തിരുവനന്തപുരത്തെ ബിജെപി പ്രവർത്തകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. ആത്മഹത്യയിൽ അന്വേഷണം നടക്കണമെന്നും സംഭവത്തിൽ എല്ലാവർക്കും ദുഃഖമാണെന്നും ശശി തരൂർ പറഞ്ഞു. കോർപ്പറേഷനിലേക്ക് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ശബരിനാഥിന് വോട്ടഭ്യർത്ഥിച്ച് സംസാരിക്കുമ്പോഴായിരുന്നു തരൂരിൻ്റെ പ്രതികരണം.

 

ബിജെപിയിൽ കൂട്ട ആത്മഹത്യ നടന്നുകൊണ്ടിരിക്കുന്നുവെന്നും ഇത് ഗൗരവമുള്ള വിഷയമാണെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ബിജെപി വികാരമായി കണ്ടവരെ പറഞ്ഞുവിടുകയാണെന്നും, തിരുവനന്തപുരത്ത് ബിജെപി 20 സീറ്റ് പോലും നേടില്ല, സംസ്ഥാനത്ത് പരാതി പറയാൻ ആരുമില്ലാത്ത അവസ്ഥയാണെന്നും കെ മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു കെ മുരളീധരൻ.

 

ആത്മഹത്യ ചെയ്ത ആർ എസ് എസ് പ്രവർത്തകൻ ആനന്ദ് ബി തമ്പിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തി മന്ത്രി വി ശിവൻകുട്ടി. രാവിലെ വീട്ടിലെത്തിയ മന്ത്രി ആനന്ദിന്‍റെ കുടുംബാംഗങ്ങളെയും നാട്ടുകാരെയും കണ്ട് സംസാരിച്ചു. എല്ലാ പിന്തുണയും ഉറപ്പുനൽകിയാണ് മന്ത്രി മടങ്ങിയത്. ഇതിനിടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ശിവൻകുട്ടി ആർ എസ് എസിനെയും ബി ജെ പിയെയും രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

 

തിരുവനന്തപുരത്തെ തൃക്കണ്ണാപുരം വാർഡിൽ സീറ്റ് നിഷേധിച്ചതിൽ മനം നൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പി സുഹൃത്തുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നു. രണ്ടും കൽപ്പിച്ചാണ് മത്സരിക്കാൻ തീരുമാനിച്ചതെന്നും അപമാനിച്ചവരെ വെറുതെ വിടില്ലെന്നും സംഘടനക്ക് വേണ്ടി എല്ലാം നൽകിയെന്നും എത്ര കൊമ്പനായാലും പോരാടുമെന്നും ആനന്ദ് തമ്പി പറയുന്നുണ്ട്.

 

തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചെന്നാരോപിച്ച് ബിജെപിയുടെ വനിതാ പ്രാദേശിക നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. നെടുമങ്ങാട് നഗരസഭ പനക്കോട്ടല വാർഡിൽ പ്രതീക്ഷിച്ച സ്ഥാനാർത്ഥിത്വം കിട്ടിയില്ലെന്നാണ് പരാതി. മഹിളാ മോര്‍ച്ച നോര്‍ത്ത് ജില്ലാ സെക്രട്ടറിയായ ശാലിനി അനിൽ ആണ് സീറ്റ് നിഷേധിച്ചതിനെതുടര്‍ന്ന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

 

പുത്തൂർ സുവോളജിക്കൽ പാർക്കിൽ പുള്ളിമാനുകൾ ചത്ത സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് ജീവനക്കാരന് സസ്പെൻഷൻ. മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി കെ മുഹമ്മദ് ഷമീമിനെയാണ് സസ്പെൻഡ് ചെയ്തത്. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. ആർ ആടലരശന്റെയാണ് ഉത്തരവ്. പോസ്റ്റുമോർട്ടവും ജഡം മറവ് ചെയ്യുന്നതും ഉൾപ്പടെയുള്ള ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് അച്ചടക്ക നടപടി.

 

പാർട്ടി നേതൃത്വത്തിനെതിരെ ഗുരുതര പരാതിയുന്നയിച്ച് സിറ്റിംഗ് കൗൺസിലറടക്കം രണ്ടുപേർ ആത്മഹത്യ ചെയ്തതതോടെ തിരുവനന്തപുരത്തെ, ബിജെപി കടുത്ത പ്രതിരോധത്തിൽ. സാമ്പത്തിക ക്രമക്കേട് മുതൽ മണ്ണ് മാഫിയ ബന്ധം അടക്കമുള്ള ആരോപണങ്ങൾക്ക് മറുപടി പറയേണ്ട അവസ്ഥയിലാണ് സംസ്ഥാന നേതൃത്വം. തുടർ ആത്മഹത്യകൾ സിപിഎമ്മും കോൺഗ്രസും ബിജെപിക്കെതിരെ രാഷ്ട്രീയ ആയുധമാക്കുകയാണ്.

 

കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യയില്‍ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ധൃതി പിടിച്ചുള്ള എസ്ഐആർ നടപ്പാക്കലിൻ്റെ ഇരയാണ് മരിച്ച ബൂത്ത് ലെവൽ ഓഫീസർ അനീഷ് എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനം കാരണമുണ്ടായ രക്തസാക്ഷിയാണ് അനീഷ്, സംഭവത്തിന്‍റെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണ്. ഞങ്ങൾ നിയമപരമായി നേരിടും. സുപ്രീം കോടതിയെ സമീപിക്കും എന്നും കെസി വേണുഗോപാൽ പറഞ്ഞു.

 

കണ്ണൂരിലെ ബിഎൽഓയുടെ ആത്മഹത്യ ഗൗരവമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബിഎൽഓമാർ നേരിടുന്നത് അമിതമായ ജോലി ഭാരമാണ്. തെരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരും കൃത്യമായി അന്വേഷിച്ച് മറുപടി പറയണമെന്നും വി‍‍‍‍ഡി സതീശൻ പറഞ്ഞു.

 

കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നീട്ടിവെക്കണമെന്ന സർവീസ് സംഘടനകളുടെ ആവശ്യം പരിഗണിക്കാനാകില്ലെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ. എസ്ഐആർ നടപടികൾ നീട്ടിവെക്കുന്ന വിഷയം ചീഫ് ഇലക്ടറൽ ഓഫീസർ തലത്തിൽ പരി​ഗണിക്കാൻ കഴിയുന്ന വിഷയമല്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും അറിയിച്ചു.

 

പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുകുടുക്ക സ്വദേശി അനീഷ് ആണ് മരിച്ചത്. കുന്നരു എയുപി സ്കൂളിലെ പ്യൂൺ ആണ് അനീഷ്. ഇന്ന് രാവിലെ 11മണിയോടെയാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ അനീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിലവിൽ ബൂത്ത് ലെവൽ ഓഫീസറായി ജോലി ചെയ്യുന്നുണ്ട്. പയ്യന്നൂർ പൊലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.

 

പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബിഎൽഒ അനീഷ് ജോർജ് ആത്മഹത്യ ചെയ്ത സംഭവം ദൗർഭാഗ്യകരമാണെന്ന് സിപിഎം മുതിർന്ന നേതാവ് എംവി ജയരാജൻ. അനീഷ് കടുത്ത ജോലി സമ്മർദ്ദത്തിലായിരുന്നു. കേരളത്തിൽ എസ്ഐആർ നടപ്പിലാക്കാൻ സമയം വേണമെന്ന് ബിജെപി ഉൾപ്പടെ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റേത് ഏകപക്ഷീയമായ നടപടിയാണ്. ബൂത്ത്‌ ലെവൽ ഉദ്യോഗസ്ഥർ നേരിടുന്നത് കടുത്ത സമ്മർദ്ദമാണെന്നും എംവി ജയരാജൻ പറഞ്ഞു

 

കണ്ണൂർ പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കലക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപോർട്ട് തേടി. എന്നാല്‍ സംഭവത്തില്‍ ജോലിഭാരമെന്ന വിവരം ഇത് വരെ തനിക്ക് ലഭിച്ചിട്ടില്ലെന്നും ബിഎൽഒമാർക്ക് 31 ദിവസം മറ്റൊരു ജോലികളും നൽകിയിട്ടില്ല എന്നും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ ഖേൽക്കർ പ്രതികരിച്ചു. എന്നാൽ അനീഷ് ജീവനൊടുക്കാൻ കാരണം എസ് ഐ ആർ സമ്മർദം മാത്രമാണെന്ന് അനീഷ് ജോർജിന്റെ പിതാവ് വ്യക്തമാക്കി .

 

കെ.സി.വേണുഗോപാലിൻ്റെ ജനസമ്മതിയെ സി.പി.എം ഭയപ്പെടുന്നതുകൊണ്ടാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അദ്ദേഹത്തെ രാഷ്ട്രീയ മാന്യതയില്ലാതെ അപഹസിച്ചതെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.ബീഹാർ തെരഞ്ഞെടുപ്പിൽ ശ്രദ്ധിക്കാതെ കെ.സി.വേണുഗോപാൽ കേരളത്തിൽ അധികാരം ഉറപ്പിക്കാനുള്ള തിരക്കിലായിരുന്നുവെന്നാണ് ഗോവിന്ദൻ പറഞ്ഞത്.

 

ജനാധിപത്യം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടങ്ങളിൽ കെ.സി വേണുഗോപാലിന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് എഐസിസി സെക്രട്ടറി ടി.എൻ പ്രതാപൻ പറഞ്ഞു.കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കെ.സി വേണുഗോപാൽ ഉയർത്തുന്ന വിമർശനങ്ങളിൽ അസഹിഷ്ണുതയുള്ളതിനാലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കെസി വേണുഗോപാലിനെ ആക്ഷേപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

തിരുവനന്തപുരം മുന്‍ മേയര്‍ ആര്യ രാജേന്ദ്രന് കോ‍ര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് നൽകാത്തതില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി. പത്താം ക്ലാസിൽ പഠിച്ച കുട്ടിയെ എട്ടാം ക്ലാസിൽ ഇരുത്താനാകില്ലല്ലോയെന്നും മികച്ച സ്ഥാനങ്ങളിൽ ഇനിയും ആര്യയെ കാണാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്യ തന്‍റെ പ്രവര്‍ത്തന മേഖല കോഴിക്കോട്ടേക്ക് മാറ്റാന്‍ പാര്‍ട്ടിയോട് അഭ്യര്‍ത്ഥിച്ചുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് മന്ത്രിയുടെ പ്രതികരണം.

 

തദ്ദേശ തെരഞ്ഞെടുപ്പിൽ യൂത്ത് ലീഗ് നേതാവ് അഡ്വ. ഫാത്തിമ തഹ്ലിയ കോഴിക്കോട് കോർപറേഷനിൽ സ്ഥാനാർഥി. നിലവിൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായ ഫാത്തിമ തഹ്ലിയ കുറ്റിച്ചിറ വാർഡിൽ നിന്നാണ് മത്സരിക്കുന്നത്. ചാനൽ ചർച്ചകളിലും സോഷ്യൽ മീഡിയയിലും ലീഗിന് വേണ്ടി പ്രതിരോധം തീ‍ർക്കുന്ന തഹ്ലിയക്ക് ഇത് കന്നി മത്സരമാണ്.

 

ശബരിമല സ്വർണ്ണകൊള്ളയുമായി ബന്ധപ്പെട്ട് സന്നിധാനത്തെ ശാസ്ത്രീയ പരിശോധനയ്ക്കായി എസ് ഐ ടി സംഘം പമ്പയിൽ എത്തി. എസ് പി ശശിധരനും സംഘവുമാണ് എത്തിയത്. ശ്രീകോവിലിലെ ദ്വാരപാലക പാളി കട്ടിളപ്പാളി എന്നിവയുടെ സാമ്പിൾ ശേഖരിക്കും. പോറ്റി പണി ചെയ്ത് കൊണ്ടുവന്ന എല്ലാ സ്വർണ പാളികളുടെയും ചെമ്പ് പാളികളുടെയും സാമ്പിൾ ശേഖരിക്കും. ഹൈകോടതി നിർദേശം പ്രകാരം ആണ് നടപടി.

 

ശബരിമലയിലെ സ്വർണക്കൊള്ള സംബന്ധിച്ച കേസുകളിലും വിവാദങ്ങളിലും ആശങ്കയോ ഭയമോ തോന്നിയിട്ടില്ലെന്ന് ഇന്ന് സ്ഥാനം ഒഴിയുന്ന ശബരിമല മേൽശാന്തി അരുൺ കുമാർ നമ്പൂതിരി. എല്ലാം അയ്യപ്പൻ നോക്കിക്കോളുമെന്നാണ് വിശ്വാസമെന്നും അരുണ്‍ കുമാര്‍ നമ്പൂതിരി പറഞ്ഞു. താരതമ്യേന പരാതി രഹിതമായ തീർത്ഥാടന കാലത്ത്‌ അയ്യനെ സേവിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

കൽപ്പാത്തി അഗ്രഹാരത്തെ ഭക്തി സാന്ദ്രമാക്കി ദേവരഥ സംഗമം. ദേവരഥ സംഗമം കാണാൻ ആയിരങ്ങളാണ് കൽപ്പാത്തിയിലെത്തിയത്. തൃസന്ധ്യയിൽ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു മുന്നിലെ തേരുമുട്ടിയിൽ 5 ദേവരഥങ്ങളുടെ സംഗമമാണ് നടന്നത്. വിശ്വനാഥൻറെ തേരിനൊപ്പം മുരുകനും ഗണപതിയും പഴ കൽപാത്തി ലക്ഷിനാരായണ പെരുമാളും ചാത്തപുരംപ്രസന്ന മഹാഗണപതിയും ഇടം പിടിച്ചു. അപൂർവ നിമിഷത്തിന് സാക്ഷിയായതും വേദമന്ത്രജപത്താല്‍ മുഖരിതമായ അഗ്രഹാര വീഥികളില്‍ നിറഞ്ഞതും ആയിരങ്ങളാണ്.

 

വർക്കലയിൽ ട്രെയിനിൽ നിന്ന് പെണ്‍കുട്ടിയെ ചവിട്ടി തള്ളിയിട്ട കേസിലെ മുഖ്യ സാക്ഷിയെ പൊലീസ് കണ്ടെത്തി. പെണ്‍കുട്ടിയെയും സുഹൃത്തിനെയും രക്ഷിക്കുകയും പ്രതിയെ കീഴടുക്കുകയും ചെയ്ത ചുവന്ന ഷർട്ടുകാരനായ ശരത്ത് എന്നയാൾക്കൊപ്പം വെളുത്ത ഷർട്ട് ഇട്ട സുഹൃത്തും കൂടെയുണ്ടായിരിന്നു. പുകവലിക്കുന്നത് ചോദ്യം ചെയ്തിന്‍റെ പേരിലാണ് ജനറൽ കംപാര്‍ട്ട്മെന്‍റിന്‍റെ വാതിലിൽ ഇരുന്ന ശ്രീക്കുട്ടിയെ പ്രതി സുരേഷ് ട്രെയിനിൽ നിന്ന് ചവിട്ടി തള്ളിയിട്ടത്.

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ. ചാരമംഗലം കുമാരപുരം എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്ത് എത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

വൈദ്യുതി ലൈനില്‍ നിന്നുണ്ടായ തീപ്പൊരിയില്‍ കയര്‍ സൊസൈറ്റിയില്‍ അഗ്നിബാധ. കൊയിലാണ്ടി അണേല കറുവങ്ങാട് ജൂബിലിക്ക് സമീപത്തെ കയര്‍ സൊസൈറ്റിയിലാണ് തീപ്പിടിത്തമുണ്ടായത്. ചേരിക്കമ്പനിക്ക് മുകളിലൂടെ വൈദ്യുതി ലൈന്‍ കടന്നുപോകുന്നുണ്ട്. കമ്പനി പറമ്പിലെ തെങ്ങില്‍ നിന്നും ഓല വൈദ്യുതി ലൈനില്‍ തട്ടുകയും തീപ്പൊരിയുണ്ടായി. ഇത് നിലത്ത് കൂട്ടിയിട്ട ചേരിക്ക് തീ പിടിക്കുകയുമായിരുന്നു.

 

ചെങ്കോട്ടയിലെ സ്ഫോടന സ്ഥലത്ത് നിന്ന് വെടിയുണ്ടകളും ഒഴിഞ്ഞ ഷെല്ലുകളും കണ്ടെത്തിയെന്ന് സ്ഥീരീകരണം. എന്നാൽ തോക്ക് കണ്ടെത്തിയിട്ടില്ല. കാറിൽ 30 കിലോയോളം സ്ഫോടകവസ്തു സൂക്ഷിച്ചിരുന്നതായാണ് വിവരം. ടിഎടിപി എന്ന മാരകസ്ഫോടക വസ്തു ഉപയോഗിച്ചെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

 

ചെങ്കോട്ട സ്ഫോടനത്തില്‍ ഒരാൾകൂടി അറസ്റ്റില്‍. ഉമർ നബിയുടെ സഹായിയാണ് എന്‍ഐഎയുടെ പിടിയിലായിരിക്കുന്നത്. അമീർ റഷീദ് അലി എന്നയാളെയാണ് പിടികൂടിയിരിക്കുന്നത്. ഇയാളുടെ പേരിലാണ് കാര്‍ വാങ്ങിയത്. നിലവില്‍ കേസുമായി ബന്ധപ്പെട്ട് 73 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഫോടനത്തിനുവേണ്ടി കാർ വാങ്ങാൻ ആണ് അമീർ റഷീദ് അലി ദില്ലിക്ക് എത്തിയതെന്നും ഗൂഢാലോചനയുമായി ബന്ധപ്പെട്ട കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണെന്നും എൻഐഎ വ്യക്തമാക്കി.

 

ചെങ്കോട്ട സ്ഫോടനക്കേസിൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അൽ-ഫലാഹ് യൂണിവേഴ്സിറ്റിയിലെ ഡോക്ടർമാരിൽ ഒരാളായ ഡോ. ഷഹീൻ സയീദിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ഷഹീൻ സയീദിന്റെത് വിചിത്രമായ പെരുമാറ്റമായിരുന്നെന്നു സഹപ്രവർത്തകർ വെളിപ്പെടുത്തി. ശരിക്കും ജോലി വൈകിട്ട് 4 മണിക്ക് ശേഷം ആണെന്ന് ഷഹീൻ ഇടയ്ക്കിടെ പറയുമായിരുന്നുവെന്ന് സഹപ്രവർത്തക‍ർ പറഞ്ഞു.

 

ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ആറ് സംസ്ഥാനങ്ങളിൽ എൻ ഐ എയുടെ നിർണായക പരിശോധന. ദില്ലി, ഉത്തർപ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, ജമ്മു കശ്മീർ, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് പരിശോധന നടക്കുന്നത്. ചെങ്കോട്ട സ്ഫോടനത്തിൽ കസ്റ്റഡിയിലുള്ള ഭീകരരിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് എൻ ഐ എ പരിശോധന എന്നാണ് വ്യക്തമാകുന്നത്.

 

ശബരിമല തീർത്ഥാടനത്തിനായി കർണാടകത്തിൽ നിന്ന് അയ്യപ്പ ഭക്തരുമായി കേരളത്തിലേക്ക് വരുന്ന വാഹനങ്ങൾക്ക് നികുതിയിൽ ഇളവ് നൽകണമെന്ന് കർണാടക സ്റ്റേറ്റ് ട്രാവൽ ഓണേഴ്സ് അസോസിയേഷൻ. മണ്ഡല-മകരവിളക്ക് കാലയളവിൽ പ്രത്യേക ടാക്സ് ഇളവ് നൽകണമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി കെ ബി ഗണേഷ്‍കുമാറിനും സംഘടന കത്തയച്ചു.

 

ദില്ലിയില്‍ അമിത് ഷായുമായി ജെ ഡി യു നേതാക്കളായ സജ്ജയ് ഝായും കേന്ദ്രമന്ത്രി ലല്ലന്‍ സിങ്ങും നടത്തിയ കൂടിക്കാഴ്ചയില്‍ ബിഹാറിലെ മന്ത്രിസഭ പ്രാതിനിധ്യത്തില്‍ ഏകദേശ ധാരണയായി. ജെ ഡി യുവിന് 14 വരെ മന്ത്രിമാരുണ്ടാകും. ബി ജെ പിക്ക് ഉപമുഖ്യമന്ത്രി പദം ഉള്‍പ്പെടെ 16 മന്ത്രിമാര്‍. ചിരാഗ് പാസ്വാന്‍റെ എല്‍ ജെ പിക്ക് മൂന്നും ജിതിന്‍ റാം മാഞ്ചിയുടേയും ഉപേന്ദ്ര കുശ്വയുടേയും പാര്‍ട്ടികള്‍ക്ക് ഓരോ മന്ത്രിസ്ഥാനവും ലഭിക്കും. നാളെ പട്നനയില്‍ 202 എന്‍ ഡി എ എം എല്‍ എമാര്‍ യോഗം ചേര്‍ന്ന് കക്ഷി നേതാവായി നിതീഷ് കുമാറിനെ തിരഞ്ഞെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങ് അടുത്ത ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഗാന്ധി മൈതാനത്ത് നടന്നേക്കുമെന്നാണ് വിവരം.

 

പാകിസ്ഥാനിലെ ഹൈദ്രാബാദിൽ അനധികൃത പടക്കനിർമ്മാണ കേന്ദ്രത്തിലെ സ്ഫോടനത്തിൽ നാല് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. ലത്തീഫാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിൽ, ലഘാരി ഗോത്ത് നദിയുടെ തീരത്ത് പടക്ക നിർമ്മാണ ശാലയിലാണ് ശക്തമായ സ്ഫോടനം നടന്നത്. തുടർന്ന് സ്ഥലത്ത് തീപിടിത്തമുണ്ടായെന്ന് പാക് മാധ്യമമായ ഡോണ്‍ റിപ്പോർട്ട് ചെയ്തു.

 

നീറ്റ് വിരുദ്ധ ബില്ലിന് രാഷ്‌ട്രപതി അംഗീകാരം തടഞ്ഞതിനെതിരെ തമിഴ്നാട് സർക്കാർ സുംപ്രീംകോടതിയിൽ ഹർജി നൽകി. രാഷ്‌ട്രപതിയുടെ നടപടി ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവും ആണെന്നാണ് തമിഴ്നാടിന്‍റെ വാദം. ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം കിട്ടിയതായി കണക്കാക്കണമെന്നാണ് ആവശ്യം.

 

ഉത്തർ പ്രദേശിൽ പാറമടയിൽ ഉണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ഉത്തർ പ്രദേശിലെ സോൻഭദ്രയിലാണ് അപകടമുണ്ടായത്. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിരവധി ജോലിക്കാർ പാറമടയിൽ ജോലി ചെയ്യുന്നതിനിടെ പാറമടയുടെ ഒരു ഭാഗം തകർന്നാണ് അപകടമുണ്ടായത്.

 

ബി ബി സിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പനോരമ എഡിറ്റ് വിവാദത്തിൽ ബി ബി സി മാപ്പ് പറഞ്ഞെങ്കിലും നഷ്ടപരിഹാരം നൽകില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ട്രംപ് നിയമ നടപടികളിലേക്ക് കടക്കുന്നത്. ഒരു ബില്യൺ ഡോളറിനും അഞ്ച് ബില്യൺ ഡോളറിനും ഇടയിലുള്ളൊരു തുക നഷ്ടപരിഹാരമായി ആവശ്യപ്പെടുമെന്നും ട്രംപ് വ്യക്തമാക്കി.

 

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നടപ്പാക്കിയ അമൃത് ഫാർമസി പദ്ധതി പത്ത് വർഷം പൂർത്തീകരിച്ചു. പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ അമൃത് കാ ദസ്വാം വര്‍ഷ് പരിപാടി ദില്ലിയിൽ ആരോഗ്യമന്ത്രി ജെ പി നദ്ദ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ഇതുവരെ 6.85 കോടി ആളുകൾക്ക് പ്രയോജനം ലഭിച്ചെന്നും 17047 കോടി രൂപയുടെ മരുന്ന് ഇതിനോടകം വിതരണം ചെയ്തെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

 

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം വാഹനത്തില്‍ ഘടിപ്പിച്ച ഐഇഡി ഉപയോഗിച്ച് നടന്ന സ്‌ഫോടനം ചാവേറാക്രമണമായിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി ( എന്‍.ഐ.എ). സ്‌ഫോടനം നടത്തിയ ഉമര്‍ ഉന്‍ നബി ചാവേറായിരുന്നുവെന്നും എന്‍ഐഎ സ്ഥിരീകരിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *