തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂര്‍ മുതല്‍ കാസര്‍ക്കോട് വരെയുള്ള ഏഴു ജില്ലകളിലും പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. വിവിധ കേന്ദ്രങ്ങളില്‍ നിന്നും പോലീസ് സുരക്ഷയിലാണ് ഉദ്യോഗസ്ഥര്‍ പോളിംഗ് സാമഗ്രികളുമായി ബൂത്തുകളിലേക്ക് പോയത്. പ്രശ്നബാധിത ബൂത്തുകളിലുള്‍പ്പെടെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തദ്ദേശ പൊതുതെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ രാവിലെ ഏഴിന് തുടങ്ങും. വൈകുന്നേരം ആറ് മണിവരെയാണ് വോട്ടെടുപ്പ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12391 വാർഡുകളിലേയ്ക്കാണ് ഇന്ന് (ഡിസംബർ 11) വോട്ടെടുപ്പ് നടക്കുന്നത്.
കോണ്‍ഗ്രസ് എംപി ശശി തരൂരിന് വീര്‍ സവര്‍ക്കര്‍ പുരസ്കാരം നൽകുന്നത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ശബരിമലയിലെത്തിയ വിഡി സതീശൻ ശബരിമല സ്വര്‍ണകൊള്ളയിലടക്കം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ശശി തരൂരിന്‍റെ സവര്‍ക്കര്‍ പുരസ്കാര വിവാദത്തിലും പ്രതികരണം തേടിയത്. ചോദ്യത്തിൽ പ്രതികരിക്കാതെ കൈകൂപ്പി തൊഴുത് ഒന്നും പറയാനില്ലെന്ന രീതിയിൽ വിഡി സതീശൻ പോവുകയായിരുന്നു.
വയനാട് ദുരന്തബാധിതർക്ക് വേണ്ടി കോൺഗ്രസ് വീട് നിർമിക്കുന്ന സ്ഥലത്തിന്റെ രജിസ്ട്രേഷൻ ഈ മാസം നടത്തുമെന്ന് സിദ്ദിഖ് എംഎൽഎ. സ്ഥലത്തിൻ്റെ അഡ്വാൻസ് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ 28ന് കോൺഗ്രസ് ജന്മദിനത്തിൽ വീടുകളുടെ നിർമ്മാണം തുടങ്ങാനാണ് പാർട്ടിയുടെ ആഗ്രഹം. ഗുണഭോക്താക്കളുടെ ലിസ്റ്റ് തയാറാക്കാൻ തുടങ്ങിയിട്ടുണ്ട്. കോൺഗ്രസിൻ്റെ ഭൂമി തോട്ടഭൂമിയല്ലെന്നും അക്കാര്യം പാർട്ടി പരിശോധിച്ച് ഉറപ്പ് വരുത്തിയെന്നും സിദ്ദീഖ് പറഞ്ഞു.
വോട്ടുകൊള്ളയ്ക്കെതിരെ വൻ ജനകീയ പ്രക്ഷോഭം ഉയർന്നു വരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ജയിലിൽ പോകാൻ മടിയില്ലെന്നും തെരഞ്ഞെടുപ്പ് പരിഷ്ക്കരണങ്ങളെക്കുറിച്ച് ലോക്സഭയിൽ നടക്കുന്ന ചർച്ചയിൽ കെസി വേണുഗോപാൽ വ്യക്തമാക്കി.
മലയാറ്റൂരിലെ 19കാരി ചിത്രപ്രിയയുടെ കൊലപാതകത്തില്‍ ആണ്‍ സുഹൃത്ത് അലൻ അറസ്റ്റിൽ. കസ്റ്റഡിയിലെടുത്ത അലന്‍റെ അറസ്റ്റ് ഇന്ന് വൈകിട്ടോടെയാണ് കാലടി പൊലീസ് രേഖപ്പെടുത്തിയത്. സംശയത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് ചിത്രപ്രിയയുടെ മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. ശനിയാഴ്ച മുതല്‍ കാണാതായ പെണ്‍കുട്ടിയെ ഇന്നലെ വൈകിട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ട കോടതി വിധിയിൽ തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ കൂട്ടായ്മ പ്രതിഷേധം സംഘടിപ്പിച്ചു. അവൾക്കൊപ്പം എന്ന പേരിലായിരുന്നു കൂട്ടായ്മ. തിരുവനന്തപുരത്ത് മാനവീയം വീഥിയിലാണ് പരിപാടി നടന്നത്. പെൺ സൗഹൃദ വേദിയാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ സംഘമം നടത്തിയത്. കോടതി വിധി നിരാശ ഉണ്ടാക്കുന്നതെന്നും, പൊതു സമൂഹത്തിനു മുന്നിൽ ദിലീപ് കുറ്റക്കാരൻ ആണെന്നും പരിപാടിയിൽ സംസാരിച്ച അജിത പറഞ്ഞു.
വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചയാൾക്കെതിരെ പൊലീസ് കേസ്. ഡിസംബര്‍ 9 ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നത് മൊബൈലില്‍ ചിത്രീകരിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വോട്ടര്‍ക്കെതിരെയാണ് നെടുമങ്ങാട് പൊലീസ് കേസെടുത്തത്. നെടുമങ്ങാട് കായ്പാടി സ്വദേശി സെയ്താലി എസ് എസിനെതിരേയാണ് ഭാരതീയ ന്യായസംഹിതയിലെ 192 -ാം വകുപ്പ്, ജനപ്രാതിനിധ്യനിയമത്തിലെ 128, 132 വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.
സംവാദത്തിനുള്ള കെസി വേണുഗോപാലിൻ്റെ വെല്ലുവിളി ഏറ്റെടുത്ത മുഖ്യമന്ത്രിയെ സംവാദത്തിന് ക്ഷണിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്ന് പറഞ്ഞും സർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചുമാണ് സംവാദത്തിനുള്ള ക്ഷണം. മുഖ്യമന്ത്രി ഉന്നയിച്ച വിഷയങ്ങളിലെല്ലാം പരസ്യ സംവാദത്തിന് താന്‍ തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കോഴിക്കോട് ഓമശ്ശേരിയില്‍ ഇന്നലെ നടന്ന കലാശക്കൊട്ടിനിടെ കത്തിയുമായി യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രോശിച്ച് സിപിഎം പ്രവര്‍ത്തകന്‍. യുഡിഎഫ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെയായിരുന്നു സംഭവം. ഓമശ്ശേരി സ്വദേശിയായ സലാമാണ് കത്തിയുമായെത്തിയത്. സിപിഎം പ്രവര്‍ത്തകര്‍ ഇയാളെ പിടിച്ചു മാറ്റി കത്തി കൈവശപ്പെടുത്തുകയായിരുന്നു. ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ യുഡിഎഫ് കൊടുവള്ളി പോ`ലീസില്‍ പരാതി നല്‍കി.
ഇടുക്കിയിൽ ഒൻപത് വയസുകാരിയോട് ലൈംഗികതിക്രമം നടത്തിയ 41 കാരന് അഞ്ച് വർഷം കഠിന തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇടുക്കി ഗാന്ധി നഗർ കോളനി നിവാസി ചന്ത്യത് വീട്ടിൽ ഗിരീഷിനെയാണ് ഇടുക്കി അതിവേഗ കോടതി ജഡ്ജ് മഞ്ജു വി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറു മാസം അധിക തടവ് അനുഭവിക്കണം. 2024 ഓണാവധി കാലത്താണ് കേസിനാസ്പദമായ സംഭവം.
സൂരജ് ലാമയുടെ തിരോധാനത്തിൽ വീണ്ടും ഇടപെട്ട് ഹൈക്കോടതി. വിഷയത്തിൽ പൊലീസും എയർപോർട്ട് അധികൃതരും വിശദീകരണം നൽകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. വിദേശത്ത് ജയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരെ നാട്ടിൽ എത്തിക്കാൻ പരിശ്രമിക്കും. എന്നാൽ, അവര്‍ നാട്ടിലെത്തിക്കഴിഞ്ഞാൽ എവിടേക്ക് പോകുന്നുവെന്ന് ആരും അന്വേഷിക്കാറില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.സൂരജ് ലാമയെ കാണാതായതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതി വീണ്ടും പൊലീസിനെയടക്കം വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്.
കേരളത്തിൽ തീർപ്പുകൽപ്പിക്കാത്ത പോക്സോ കേസുകൾ ഏറ്റവും അധികമുള്ളത് തിരുവനന്തപുരത്ത്. ഈ വർഷം ജൂലൈ 31 വരെയുള്ള കണക്ക് പ്രകാരം 1370 കേസുകളാണ് കെട്ടിക്കിടക്കുന്നത്. രണ്ടാമതുള്ള എറണാകുളത്തെ അപേക്ഷിച്ച് ഇരട്ടിയാണിത്. എറണാകുളത്ത് 704 കേസുകളാണ് തീർപ്പുകാത്തിരിക്കുന്നത്. പത്തനംതിട്ടയും (131) കാസർകോടുമാണ് (232) ഏറ്റവും കുറവ് കേസുകളുള്ളത്.
വര്‍ക്കലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ക്ലിഫിൽ വൻ തീപിടുത്തം. വര്‍ക്കലയിലെ നോര്‍ത്ത് ക്ലിഫിലെ റിസോര്‍ട്ടിലാണ് വൻ തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ റിസോര്‍ട്ട് പൂര്‍ണമായും കത്തി നശിച്ചു. നോര്‍ത്ത് ക്ലിഫിലെ കലയില റിസോര്‍ട്ടിലാണ് തീപിടുത്തമുണ്ടായത്. റൂമിൽ വാടക്ക് താമസിച്ച വിനോദ സഞ്ചാരികളടക്കമുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ആര്‍ക്കും പരിക്കില്ല.
ലോക്സഭയില്‍ എസ്ഐആര്‍ ചര്‍ച്ചയ്ത്തിയെ അമിത് ഷാ-രാഹുല്‍ ഗാന്ധി വാക്പോര്. വോട്ട് ചോരിയിൽ ചർച്ചയ്ക്ക് കേന്ദ്ര ആഭ്യന്ത്രര മന്ത്രി അമിത് ഷായെ രാഹുൽ ഗാന്ധി വെല്ലുവിളിച്ചു. പാർലമെന്‍റിൽ അമിത് ഷായുടെ പ്രസംഗത്തിനിടെ ഇടപെട്ടായിരുന്നു രാഹുലിന്‍റെ വെല്ലുവിളി. ഇതോടെ കുപിതനായ അമിത് ഷാ വോട്ട് ചോരി ആദ്യം നടത്തിയത് കോൺഗ്രസാണെന്ന് തിരിച്ചടിച്ചു.
ഹരിത ഗതാഗതത്തിന് പ്രോത്സാഹനം നൽകിക്കൊണ്ട്, സംസ്ഥാനത്തെ പ്രധാന ഹൈവേകളിലെല്ലാം ഇലക്ട്രിക് വാഹനങ്ങൾക്ക് പൂർണ്ണമായും ടോൾ ഒഴിവാക്കാനുള്ള നിർദ്ദേശം അടുത്ത എട്ട് ദിവസത്തിനകം നടപ്പാക്കാൻ മഹാരാഷ്ട്ര സർക്കാരിന് നിർദേശം. ടോൾ ഒഴിവാക്കാനുള്ള ഔദ്യോഗിക നയം നിലവിലുണ്ടായിട്ടും തങ്ങൾക്ക് ടോൾ ഈടാക്കുന്നുവെന്ന ഇ വി ഉടമകളുടെ പരാതികൾ വർദ്ധിച്ചതിനെ തുടർന്നാണ് ഈ നടപടി. നാഗ്പൂരിൽ നടന്ന നിയമസഭാ സമ്മേളനത്തിൽ സ്പീക്കർ രാഹുൽ നർവേക്കറാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ഒരു ഇടവേളയ്ക്ക് ശേഷം ശബരിമലയിൽ തിരക്ക് കൂടുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സന്നിധാനത്ത് എത്തിയത് ഒരു ലക്ഷത്തിന് അടുത്ത് വിശ്വാസികളാണ്. ഇന്ന് ഉച്ചയ്ക്ക് 1 മണി വരെ അമ്പതിനായിരത്തിൽ അധികം വിശ്വസികൾ ശബരിമലയിൽ ദർശനം നടത്തി. തിങ്കാഴ്ച എത്തിയത് 110979 ഭക്തർ, ഇന്നലെ 97000 ന് മുകളിൽ വിശ്വാസികളെത്തി. ഈ സീസണിൽ ഇതുവരെ എത്തിയ ഭക്തരുടെ എണ്ണം 23 ലക്ഷ്യത്തിലേക്ക് എടുക്കുകയാണ്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂര്‍ ജാമ്യം നൽകിയുള്ള തിരുവനന്തപുരം പ്രിന്‍സിപ്പൽ സെഷൻസ് കോടതി ഉത്തരവിന്‍റെ പകര്‍പ്പ് പുറത്ത്. പരാതിക്ക് പിന്നിൽ സമ്മര്‍ദമുണ്ടെന്ന വാദം തള്ളാനാകില്ലെന്നും പരാതി നൽകുന്നതിൽ വൈകയതിനെക്കുറിച്ചുള്ള വാദങ്ങള്‍ വ്യത്യസ്തമാണെന്നും കോടതി ഉത്തരവിൽ പറയുന്നു. പ്രഥമദൃഷ്ട്യ ബലാത്സംഗത്തിന് തെളിവില്ലെന്നും പരാതിയിലും പിന്നീട് യുവതി നൽകിയ മൊഴിയിലും വൈരുദ്ധ്യങ്ങളുണ്ടെന്നും കോടതി ഉത്തരവിലുണ്ട്.
നടിയെ ആക്രമിച്ച കേസിലെ വിധി പകര്‍പ്പ് നേരത്തെ തന്നെ ചോർന്നുവെന്ന ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റിന്‍റെ ആരോപണം തളളി എക്സിക്യൂട്ടീവ് കമ്മിറ്റി രംഗത്ത്. വിധിയുടെ വിശദാംശങ്ങളടങ്ങിയ ഊമക്കത്ത് തങ്ങളറിയാതെയാണ് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ. യശ്വന്ത് ഷേണായി ചീഫ് ജസ്റ്റിസിന് കൈമാറിയെതെന്നും നടപടിയിൽ അസോസിയേഷന് പങ്കില്ലെന്നും സെക്രട്ടറി അഡ്വ എം ആർ നന്ദകുമാർ അറിയിച്ചു.
മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ജനവാസ മേഖലയിൽ ഇറങ്ങി ഏഴ് പേരെ ആക്രമിച്ച പുള്ളിപ്പുലിയെ വനംവകുപ്പ് പിടികൂടി. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പുള്ളിപ്പുലിയെ 10 മണിക്കൂർ നീണ്ട ശ്രമത്തിനടുവിലാണ് പിടികൂടിയത്. ഇന്ന് രാവിലെയാണ് പുള്ളിപ്പുലി ആളുകളെ ആക്രമിച്ചത്. പല തവണ മയക്കുവെടി വെച്ച് പുലിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും വൈകിട്ട് മൂന്ന് മണിയോടെയാണ് പുലിയെ പിടികൂടാന്‍ കഴിഞ്ഞത്.
ഇൻഡിഗോ സർവീസ് പ്രതിസന്ധിയില്‍ കേന്ദ്രസർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി. പ്രതിസന്ധി രൂക്ഷമാകും വരെ കേന്ദ്രസർക്കാർ ഇടപെടാൻ വൈകിയതെന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ഈ പ്രതിസന്ധി രാജ്യത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയെയും ബാധിക്കില്ലെയെന്നും എന്തുകൊണ്ട് നിങ്ങൾക്ക് മാത്രം പ്രശ്നമെന്നും ഇൻഡിഗോയോട് കോടതി ചോദിച്ചു,യാത്രക്കാർക്ക് പണം തിരിച്ചു നൽകുന്ന നടപടി കാര്യക്ഷമമാകണമെന്നും നഷ്ടപരിഹാരം ലഭിക്കാൻ വ്യവസ്ഥയുണ്ടെങ്കിൽ അതിനും ഡിജിസിഎ ഇടപെടണം എന്നും കോടതി വ്യക്തമാക്കി.
25 പേർ മരിച്ച തീപിടുത്തമുണ്ടായ ഗോവയിലെ നിശാ ക്ലബ്ബിന്റെ ഉടമകൾക്കായി ഇന്റർപോൾ ബ്ലു കോർണർ നോട്ടീസ് പുറത്തിറക്കി. സഹോദരങ്ങളായ സൗരഭ് ലുത്ര, സഹോദരന്‍ ഗൗരവ് ലൂത്ര എന്നിവരാണ് അപകടം നടന്നയുടന്‍ തായ്‌ലാന്‍ഡിലേക്ക് മുങ്ങിയത്. രക്ഷപ്പെടലിന് അവസരം നൽകിയ പോലീസിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
രാജസ്ഥാനിലെ മതപരിവർത്തന നിരോധന നിയമത്തിലെ വ്യവസ്ഥകൾക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ. ഹർജി പരിഗണിച്ച കോടതി, രാജസ്ഥാൻ സർക്കാരിന് നോട്ടീസ് നല്കി. മറ്റു സംസ്ഥാനങ്ങളിലെ മതപരിവർത്തന നിയമങ്ങൾക്കെതിരായ കേസിനൊപ്പം സിബിസിഐയുടെ ഹർജിയും പരിഗണിക്കും
.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തമ്മില്‍ ലോക്‌സഭയില്‍ വാക്‌പോര്. വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയാണ് ലോക്‌സഭയില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. എസ്‌ഐആര്‍ സംബന്ധിച്ച് അമിത് ഷാ പ്രസംഗിക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി ഇടപെട്ടത്. എസ്‌ഐആറില്‍ താന്‍ നടത്തിയ പത്രസമ്മേളനങ്ങളില്‍ സംവാദത്തിനായി അദ്ദേഹം അമിത് ഷായെ വെല്ലുവിളിച്ചു. എന്നാല്‍, താന്‍ എന്തുപറയണമെന്നത് ആരും കല്പിക്കേണ്ടതില്ലെന്ന് അമിത് ഷാ തിരിച്ചടിച്ചു. ചില കുടുംബങ്ങളാണ് പാരമ്പര്യമായി വോട്ട് ചോരി നടത്തുന്നതെന്നും നെഹ്‌റു കുടുംബത്തെ ഉന്നമിട്ട് അദ്ദേഹം വിമര്‍ശിച്ചു.
ഗോവ നിശാക്ലബ്ബിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ക്ലബ് ഉടമകളായ ലൂത്ര സഹോദരൻമാരുടെ മുൻകൂർ ജാമ്യഹർജി ദില്ലി കോടതി തള്ളി. ദില്ലി രോഹിണി കോടതിയാണ് ഹർജി തള്ളിയത്. ഗോവ പൊലീസ് ഹർജിയെ ശക്തമായി എതിർത്തിരുന്നു. സൗരഭ് ലൂത്രയും, ഗൗരവ് ലൂത്രയും നിലവിൽ ഒളിവിലാണ്.
യൂട്യൂബിലെ ടൂട്ടോറിയല്‍ വീഡിയോ കണ്ട് വ്യാജ ക്ലിനിക്ക് ഉടമയും ഇയാളുടെ അനന്തരവനും ശസ്ത്രക്രിയ നടത്തിയ യുവതിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബരാബങ്കിയിലാണ് സംഭവം. തെഹ്ബഹാദൂര്‍ റാവത്തിന്റെ ഭാര്യ മുനിഷ്ര റാവത്താണ് മരിച്ചത്. സംഭവത്തില്‍ ക്ലിനിക് ഓപ്പറേറ്ററായ ഗ്യാന്‍ പ്രകാശ് മിശ്ര, ഇയാളുടെ അനന്തരവന്‍ വിവേക് കുമാര്‍ മിശ്ര എന്നിവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിലെത്തും. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി ഇംഫാലിലെത്തുന്നത്. ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. സന്ദർശനത്തിന്റെ ഭാഗമായി ഇംഫാൽ വിമാനത്താവള റോഡിൽ സൗന്ദര്യവത്കരണ പ്രവൃത്തികൾ നടത്തി.
പശ്ചിമബംഗാളിൽ മുൻ തൃണമൂൽ കോൺഗ്രസ് നേതാവിനെതിരായ കേസിലെ പ്രധാന സാക്ഷിയും കുടുംബവും ദുരൂഹ സാഹചര്യത്തിൽ അപകടത്തിൽപ്പെട്ടു. സന്ദേശ്ഖലിയിലാണ് സംഭവം. ഭൂമി തട്ടിപ്പുമായും സ്ത്രീകളെ ആക്രമിച്ചതുമായും ബന്ധപ്പെട്ടുള്ള കേസിലെ പ്രധാന സാക്ഷിയായ ഭോലാനാഥ് ഘോഷും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്.
പശ്ചിമബംഗാളിൽ മുൻ തൃണമൂൽ കോൺഗ്രസ് നേതാവിനെതിരായ കേസിലെ പ്രധാന സാക്ഷിയും കുടുംബവും ദുരൂഹ സാഹചര്യത്തിൽ അപകടത്തിൽപ്പെട്ടു. സന്ദേശ്ഖലിയിലാണ് സംഭവം. ഭൂമി തട്ടിപ്പുമായും സ്ത്രീകളെ ആക്രമിച്ചതുമായും ബന്ധപ്പെട്ടുള്ള കേസിലെ പ്രധാന സാക്ഷിയായ ഭോലാനാഥ് ഘോഷും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്.
