തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂര്‍ മുതല്‍ കാസര്‍ക്കോട് വരെയുള്ള ഏഴു ജില്ലകളിലും പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. വിവിധ കേന്ദ്രങ്ങളില്‍ നിന്നും പോലീസ് സുരക്ഷയിലാണ് ഉദ്യോഗസ്ഥര്‍ പോളിംഗ് സാമഗ്രികളുമായി ബൂത്തുകളിലേക്ക് പോയത്. പ്രശ്നബാധിത ബൂത്തുകളിലുള്‍പ്പെടെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തദ്ദേശ പൊതുതെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ രാവിലെ ഏഴിന് തുടങ്ങും. വൈകുന്നേരം ആറ് മണിവരെയാണ് വോട്ടെടുപ്പ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12391 വാർഡുകളിലേയ്ക്കാണ് (ഡിസംബർ 11) വോട്ടെടുപ്പ് നടക്കുന്നത്.
