Untitled design 20250112 193040 0000 1

 

കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍, മത പഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

 

പി എസ് സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പി എസ് സിയിലെ ഉദ്യോ​ഗസ്ഥരെ പ്രതികളാക്കിക്കൊണ്ടാണ് എഫ്ഐആർ. ആരുടെയുടെയും പേരെടുത്ത് പറഞ്ഞിട്ടില്ല. ആസൂത്രബോർഡിലെ പരീക്ഷ ക്രമകേടിലാണ് ആദ്യ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

 

സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് സർക്കാർ ഓണാവധി പ്രഖ്യാപിച്ചു. ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13-ന് ആരംഭിച്ച് 20-ന് അവസാനിക്കും. ഓഗസ്റ്റ് 22 മുതൽ 30 വരെയാണ് അവധി.

 

കൊച്ചി കോർപറേഷൻ്റെ ഡെപ്യൂട്ടി മേയറായി കോൺഗ്രസ് കൗൺസിലർ വി ആർ സുധീർ അധികാരമേറ്റു. ഡെപ്യൂട്ടി മേയറായിരുന്ന ദീപക് ജോയ് എംഎൽഎയായതിനെ തുടർന്നാണ് പദവിയിൽ ഒഴിവുവന്നത്. എളമക്കര സൗത്ത് ഡിവിഷൻ കൗൺസിലറാണ് വി ആർ സുധീർ.

 

സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് ‘സ്നേഹാലയം’ എന്ന് മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പ്രകാരം ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ എല്ലാ രേഖകളിലും പുതിയ പേര് രേഖപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. കൂടാതെ, ‘വൃദ്ധസദനം’ എന്ന പേര് പൊതുപ്രയോഗത്തിൽ നിന്നും ഒഴിവാക്കുന്നതിനായി ആവശ്യമായ ബോധവൽക്കരണം നൽകാനും കമ്മീഷൻ ഉത്തരവിട്ടു.

 

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സ്ഥിതിഗതികൾ അതിദയനീയമാണെന്നും, അവിടെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിലയിരുത്തി.ആത്മഹത്യാ പ്രവണതയുള്ള രോഗികളെ ഇത്തരം സെല്ലുകളിൽ പാർപ്പിക്കുന്നത് അവരുടെ മാനസിക നില കൂടുതൽ വഷളാക്കാൻ മാത്രമേ ഇടയാക്കൂ എന്നും ചൂണ്ടിക്കാട്ടി.

 

ശബരിമലയിലേക്കുള്ള മില്‍മ നെയ്യ് മറിച്ച് വിറ്റത്തില്‍ അന്വേഷണം ദേവസ്വം ബോർഡിലേക്കും. നെയ്യ് തട്ടിപ്പിൽ ഗുരുതര വീഴ്ച ഉണ്ടായി എന്ന് പറഞ്ഞ ദേവസ്വം മന്ത്രി കെ മുരളീധരൻ ദേവസ്വം കമ്മീഷണറോട് റിപ്പോർട്ട് തേടി. ഇതിനിടെ ആരോപണ വിധേയനായ ഉദ്യോഗസ്ഥന് രാജിവെച്ച് പോകാൻ മിൽമ ഭരണസമിതി അനുമതി നൽകിയതിൻ്റെ രേഖകൾ പുറത്തുവിട്ടു.

 

ഗുരുവായൂർ ക്ഷേത്രത്തിലെ ‘കോടതി വിളക്ക്’ ആഘോഷത്തിന്റെ പേരുമാറ്റം സംബന്ധിച്ച് മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ ഗുരുവായൂർ ദേവസ്വം മാനേജ്മെന്റ് കമ്മിറ്റിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. മതേതര സ്ഥാപനമായ കോടതിയെ മതപരമായ ചടങ്ങുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്ന നിലപാടിനെ തുടർന്നാണ് ഈ നിർദ്ദേശം.

 

ഓണക്കാലത്തെ തിരക്ക് കുറയ്ക്കാനായി ഹുബ്ബള്ളി – കോട്ടയം – ഹുബ്ബള്ളി റൂട്ടിൽ പ്രഖ്യാപിച്ച രണ്ട് സ്പെഷ്യൽ ട്രെയിനുകളുടെ റിസർവേഷൻ നാളെ (ജൂലൈ 30) ആരംഭിക്കും. ഹുബ്ബള്ളി – കോട്ടയം റൂട്ടിൽ ഓഗസ്റ്റ് 25, 29 തീയതികളിലും കോട്ടയം – ഹുബ്ബള്ളി റൂട്ടിൽ ഓഗസ്റ്റ് 26, 30 തീയതികളിലുമാണ് ട്രെയിനുകൾ സർവീസ് നടത്തുക.

 

സംസ്ഥാനത്തിന്റെ സുസ്ഥിര വികസനത്തിനും അടിസ്ഥാനസൗകര്യ വികസനങ്ങള്‍ക്കും കരുത്തേകാന്‍ വന്‍കിട നിക്ഷേപങ്ങളുമായി ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്.മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ, മിഷൻ സമുദ്ര, ബ്ലൂ ഇക്കോണമി, ഊർജ്ജം, ആരോഗ്യം തുടങ്ങിയ പുതിയ മേഖലകളിൽ സഹകരിക്കാൻ ബാങ്ക് സന്നദ്ധത അറിയിച്ചു.

 

തിരുവനന്തപുരം പാറ്റൂരിൽ അപകടം. നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാറിൽ ഉണ്ടായിരുന്നവരെ വഞ്ചിയൂർ പൊലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

 

വീട്ടിൽ അതിക്രമിച്ച് കയറി റീത്ത് വെച്ച ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ പാലക്കുഴ മേഖലാ പ്രസിഡന്‍റ് എൽദോസ് സണ്ണി ആണ് അറസ്റ്റിലായത്. കൂത്താട്ടുകുളം സ്വദേശി പികെ ജോണിന്‍റെ വീട്ടിൽ ശനിയാഴ്ചയാണ് എൽദോസ് റീത്ത് വെച്ചത്.

 

കുറ്റിപ്പുറം ദേശീയപാതയിലൂടെ മൊബൈല്‍ ഫോൺ വിളിച്ച് ബസ് ഓടിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. മനുഷ്യജീവന് അപകടം വരുത്തുന്ന വിധം വാഹനമോടിച്ചതിനും, ഫോൺ വിളിച്ചുള്ള ഡ്രൈവിങ്ങിനുമാണ് കേസ്.

 

സംസ്ഥാന സർക്കാരിനെതിരെ ഫെയ്സ്ബുക്കിൽ ലൈവ് ഇട്ട രോഗിയ്ക്ക് പോലീസിന്‍റെ ക്രൂരമർദനം. പത്തനംതിട്ട ആങ്ങമൂഴി സ്വദേശി കെഎസ് അനിൽകുമാർ (46)നെ മൂഴിയാർ സ്റ്റേഷനിലെ എഎസ്‌ഐയും ഡ്രൈവറും ചേർന്ന് വീട്ടിൽ കയറി മർദിച്ചതായാണ് പരാതി. ഹൃദ്രോഗിയായ അനിൽ കുമാറിനെ മരുന്ന് കഴിക്കാൻ പോലും അനുവദിക്കാതെയായിരുന്നു മർദിച്ചതെന്നാണ് ആരോപണം.

 

നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ പങ്കെടുത്തിൻ്റെ പേരിൽ റഷ്യയിലുള്ള തനിക്കെതിരെ പൊലീസ് കേസെടുത്തുവെന്ന ആരോപണവുമായി യുവാവിൻ്റെ വീഡിയോ പ്രചരിക്കുന്നു. ബിഹാറിലെ കിഷൻഗഞ്ച് സ്വദേശിയായ മുഹമ്മദ് സദഖത്ത് ആണ് വീഡിയോയിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

 

തമിഴ്നാടിന് കാവേരിയിലെ വെളളം നൽകണമെന്ന നിർദേശത്തിൽ നിലപാട് കടുപ്പിച്ച് കർണാടക. കാവേരിയിലെ വെള്ളം നൽകാൻ കഴിയാത്ത സാഹചര്യമെന്നാണ് കർണാടകയുടെ നിലപാട്. തമിഴ്നാടിന് വെള്ളം നൽകണമെന്ന കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി (സി ഡബ്ല്യു ആർ സി) യുടെ ഉത്തരവിനെതിരെ കർണാടക രംഗത്തെത്തി.

 

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെൻ്റില്‍ വെച്ച് അമിത്ഷാ പൊലീസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിക്കുന്നതും ജിതേന്ദ്ര സിംഗിന് അമിത്ഷായുടെ കോൾ തുരുതുരെ വരുന്നതും താൻ കണ്ടുവെന്ന് രാഹുല്‍ വൈകിട്ട് നടത്തിയ വാര്‍ത്ത സമ്മേളനത്തിൽ പറഞ്ഞു. പെല്ലറ്റ് പ്രയോഗത്തിൽ പരിക്കേറ്റവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാര്‍ത്ത സമ്മേളനം.

 

ദേശീയപാതകളുടെ തകർച്ചയുമായി ബന്ധപ്പെട്ട സംഭവങ്ങളെ തുടർന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിലെ 11 ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് പുറത്താക്കി. 2025, 2026 വർഷങ്ങളിൽ നിർമ്മിച്ച ദേശീയപാതകളുടെ തകർച്ച, ഘടനാപരമായ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാണ് നടപടി.

 

 

ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരായതും ‘ഇഡിയറ്റ്’ എന്നതുമുള്‍പ്പെടെ രാഹുല്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശങ്ങള്‍ ലോക്സഭാ രേഖകളില്‍ നിന്ന് സ്പീക്കര്‍ നീക്കം ചെയ്തു. ഭരണകക്ഷി എംപിമാരുടെ ആവശ്യപ്രകാരമാണ് നടപടി. വിദ്യാര്‍ത്ഥി പ്രതിഷേധവുമായി ബന്ധപ്പെട്ടായിരുന്നു രാഹുല്‍ ഗാന്ധി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

 

ദില്ലി പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ്എഫ്ഐ നേതാവ് ഐഷി ഘോഷ്. തൻ്റെ ഫോൺ പൊലീസ് ട്രാക്ക് ചെയ്യുന്നുവെന്നും എവിടെയുണ്ട് എന്ന് കണ്ടെത്തി കൃത്യമായി ഫോളോ ചെയ്യുന്നുവെന്നും ഐഷി ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു. നിരന്തരം കേസുമായി ബന്ധപ്പെട്ട് പൊലീസുമായി സമ്പർക്കത്തിലിരിക്കെ ആണ് പെട്ടെന്നുള്ള അസാധാരണമായ നടപടി. വിദ്യാർത്ഥികൾ നിരന്തരം സർക്കാരിൻ്റെ നിരീക്ഷണത്തിൽ ആണെന്നും ഐഷി ആരോപിച്ചു.

 

കൽക്കരി കുംഭകോണ കേസിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ക്ലീൻ ചിറ്റ്. മൻമോഹൻ സിങ്ങിന് എതിരായ കേസ് അവസാനിപ്പിച്ച സിബിഐ റിപ്പോർട്ട് സുപ്രീം കോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് റിപ്പോർട്ട് അം​ഗീകരിച്ചത്.

 

കേന്ദ്ര സർക്കാർ ഓട്ടോമൊബൈൽ കമ്പനികളെ സമ്മർദത്തിലാക്കുന്നതായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. എഥനോൾ കലർത്തിയ പെട്രോൾ (ഇ20) ഉപയോഗിക്കുന്നതുമൂലം 2023ന് മുമ്പ് നിർമ്മിച്ച വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുമെന്ന് വെളിപ്പെടുത്താതിരിക്കാൻ കേന്ദ്ര സർക്കാർ കമ്പനികൾക്ക് മേൽ സമ്മർദം ചെലുത്തുന്നുവെന്നാണ് കെജ്രിവാളിൻ്റെ ആരോപണം.

 

പ്രതിപക്ഷ പ്രതിഷേധത്തിനും ബഹളത്തിനുമിടെ പരീക്ഷാ ഭേദഗതി ബില്ല് പാസാക്കി ലോക്സഭ. പരീക്ഷ ക്രമക്കേടുകളിൽ ശിക്ഷയും പിഴയും വർധിപ്പിക്കുന്ന ബില്ല് ശബ്ദവോട്ടോടെയാണ് പാസാക്കിയത്.

 

ദില്ലിയിൽ അനധികൃത ഇറച്ചിക്കടകൾ അടച്ചുപൂട്ടാൻ കോർപറേഷൻ്റെ നിർദേശം. ജൂലൈ 30ന് ആരംഭിക്കുന്ന കൻവർ യാത്ര പ്രമാണിച്ചാണ് ദില്ലി മുനിസിപ്പൽ കോർപറേഷനാണ് നിർദേശം നൽകിയത്. ജൂലൈ 30 മുതൽ ഓഗസ്റ്റ് 11 വരെയാണ് കൻവർ യാത്ര.

 

നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ ഭാഷയെയും ശൈലിയെയും വിമർശിച്ചതിനെച്ചൊല്ലി ബിജെപി എംപി കങ്കണ റണൗട്ടും കോക്‌റോച്ച് ജനതാ പാർട്ടി മുഖ്യ വക്താവും അ സൗരവ് ദാസും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. ഇരുഭാഗത്തുനിന്നും കടുത്ത വിമർശനങ്ങളും ആരോപണങ്ങളുമാണ് ഉയരുന്നത്.

 

മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സേനയ്ക്കു നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണത്തിന് കടുത്ത സൈനിക തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരെ അതിരൂക്ഷമായ വാക്കുകളിലാണ് ട്രംപ് പ്രതികരിച്ചത്.

 

പാകിസ്ഥാൻ പൗരന്മാർക്ക് യുഎഇ അപ്രഖ്യാപിത വിസ വിലക്ക് ഏർപ്പെടുത്തിയതായി വ്യാപാരികൾ ആരോപിക്കുന്നു. ഇത് രാജ്യത്തിന്റെ വ്യാപാരത്തെയും കയറ്റുമതിയെയും പ്രതികൂലമായി ബാധിക്കുന്നതായും, പലർക്കും വിസ ലഭിക്കാൻ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നതായും അവർ പറയുന്നു.

 

ടെലഗ്രാം സ്ഥാപകൻ പാവേൽ ദുറോവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് റഷ്യ. ദുറോവിനെ അന്താരാഷ്ട്ര വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി. രാജ്യത്ത് ഭീകരവാദത്തെ സഹായിച്ചുവെന്നാണ് ആരോപണം. യുക്രൈൻ സുരക്ഷാ സൈന്യം ഉപയോഗിക്കുന്ന ഗ്രൂപ്പുകളും ബോട്ടുകളും നീക്കം ചെയ്തില്ലെന്നാരോപിച്ചാണ് നീക്കം. റഷ്യയിൽ ടെലിഗ്രാമിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

 

സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിൽ ഹാഷിഷ് കടത്തിയ കേസിൽ അഞ്ച് എത്യോപ്യൻ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ശിക്ഷ നടപ്പാക്കിയതെന്നും ലഹരി കടത്തുകാർക്ക് കടുത്ത ശിക്ഷ നൽകുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

സൗദി അറേബ്യയിലെ എണ്ണ ഉൽപാദന കേന്ദ്രങ്ങൾക്ക് നേരെ ഇറാഖിൽ നിന്നുണ്ടായ ഡ്രോൺ ആക്രമണങ്ങളെ ഖത്തറും ബഹ്റൈനും ശക്തമായി അപലപിച്ചു. ഈ പ്രകോപനപരമായ നീക്കം മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും കടുത്ത ഭീഷണിയാണെന്ന് ഇരു രാജ്യങ്ങളും പ്രസ്താവിച്ചു,

 

യുഎഇയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികളും വിനോദസഞ്ചാരികളും ലഗേജിൽ കൊണ്ടുപോകുന്ന സാധനങ്ങളെക്കുറിച്ച് വിമാനത്താവള അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കസ്കസ്, ചില കളിപ്പാട്ടങ്ങൾ, മരുന്നുകൾ തുടങ്ങി സാധാരണമായി കരുതുന്ന പല വസ്തുക്കളും യുഎഇയിൽ നിരോധിക്കപ്പെട്ടവയാണ്. ഇവ കൊണ്ടുപോകുന്നത് നിയമനടപടികൾക്ക് കാരണമായേക്കാം.

 

 

ലോകപ്രശസ്ത കിക്ക്ബോക്‌സിംഗ് പ്രൊമോഷനായ കെ-1 വേള്‍ഡ് ജിപി, ഡ്രാക്കോ ഫൈറ്റ് സീരീസുമായി സഹകരിച്ച് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഈ സംരംഭത്തിന്റെ ഭാഗമായി പ്രതിവര്‍ഷം 10 അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ രാജ്യത്തെ വിവിധ നഗരങ്ങളിലായി സംഘടിപ്പിക്കും.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *