Untitled design 20250112 193040 0000 2

 

ശക്തമായ മഴയില്‍ താമരശ്ശേരി ചുരം ഒന്നാം വളവിനും രണ്ടാം വളവിനും ഇടയില്‍ റോഡിലേക്ക് മരങ്ങള്‍ മുറിഞ്ഞുവീണു. തുടര്‍ന്ന് ചുരത്തിലൂടെയുള്ള ഗതാഗതം നിലവില്‍ പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. അടിയന്തരമായി മരങ്ങള്‍ മുറിച്ചുമാറ്റി ഗതാഗതം പൂര്‍വ്വ സ്ഥിതിയിലാക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

 

സംസ്ഥാനത്തെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതാകും സർക്കാരിന്‍റെ പ്രധാന പരിഗണന എന്ന് മുഖ്യമന്ത്രി വിഡി സതീശൻ.ദീപിക പത്രത്തിന്‍റെ ജുബിലി ആഘോഷത്തിൽ ആണ് മുഖ്യമന്ത്രിയുടെ പ്രസംഗം. നാട്ടിൽ മാധ്യമ സ്വാതന്ത്ര്യം ഉണ്ടാകണം. ഞാൻ അടക്കം ഭരണകർത്താക്കൾ വിമർശിക്കപ്പെടണം എന്നും വിഡി സതീശൻ പറഞ്ഞു.

 

ജൂൺ ആദ്യവാരം പെരുമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ജൂൺ 3, 4 തീയതികളിൽ വിവിധ ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതൽ അടുത്ത 5 ദിവസവും മഴ ശക്തമാകുമെന്നും വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്

 

കണ്ണൂർ എ ഡി എം ആയിരിക്കെയുള്ള നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി ബി ഐ. അന്വേഷണം കൊണ്ടുവരാനുള്ള സതീശൻ സർക്കാരിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കണ്ണൂരിലെ സി പി എം നേതാക്കൾ. നവിൻ ബാബു കേസിൽ സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യം മുൻപ് ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതാണെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജനും കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷും ചൂണ്ടിക്കാട്ടി.

 

ദീപിക പത്രത്തിന്‍റെ ജൂബിലി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടെ തന്‍റെ പ്രസംഗം തുടങ്ങും മുൻപ് മുഖ്യമന്ത്രി വി ഡി സതീശനെ അഭിനന്ദിച്ച് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ. സദസിൽ ഉള്ളവർ എഴുന്നേറ്റ് നിന്ന് മുഖ്യമന്ത്രിക്ക്‌ കൈയടിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. മുഖ്യമന്ത്രിക്ക്‌ ഉപരാഷ്ട്രപതി ജന്മദിന ആശംസകളും നേർന്നു.

 

പ്രതിപക്ഷനേതാവ് പിണറായി വിജയന് ജന്മനാട്ടിൽ ഇടതുമുന്നണിയുടെ സ്വീകരണം.തിരഞ്ഞെടുപ്പ് പരാജയം അവസാനമല്ലെന്നും കഴിഞ്ഞ 10 വർഷം നാടിന്റെ ഉന്നമനത്തിനു വേണ്ടിയാണ് പ്രവർത്തിച്ചതെന്നും പിണറായി വിജയൻ സമ്മേളനത്തിൽ സംസാരിച്ചു.കളങ്കരഹിതമായാണ് സിപിഎമ്മിന്റെ നേതൃത്വം നിലനിൽക്കുന്നതെന്നാണ് സ്വീകരണ സമ്മേളനത്തിൽ പിണറായി പ്രതികരിച്ചത്.

 

നവകേരള യാത്രയ്ക്കിടെയുണ്ടായ ഗൺമാൻ മർദ്ദനക്കേസിൽ എഡിജിപി എം ആർ അജിത് കുമാറിനെതിരെ എസ്ഐടി പ്രാഥമിക റിപ്പോർട്ടിൽ പരാമർശമില്ലെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. വിശദമായ റിപ്പോർട്ടിൽ പേര് വന്നാൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസ് ഡയറി തിരുത്തിയെന്ന ആരോപണത്തിൽ എസ്ഐടി അന്വേഷണം തുടരുകയാണ്.

 

അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ, തന്റെ മണ്ഡലത്തിൽ അറിയിക്കാതെ സന്ദർശനം നടത്തിയ കുട്ടനാട് എംഎൽഎ റെജി ചെറിയാനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.റെജി ചെറിയാന്റെ ബാർ ഹോട്ടലിനെക്കുറിച്ചും സുധാകരൻ പരിഹാസ രൂപേണ പരാമർശിച്ചു.

 

സംസ്ഥാനത്തു മില്‍മ പാലിന്‍റെ വില വര്‍ധനവ് നാളെ മുതല്‍ പ്രാബല്യത്തില്‍. ലിറ്ററിന് നാല് രൂപയാണു വര്‍ധിപ്പിച്ചത്. തൈരിന് കിലോയ്ക്ക് 10 രൂപ കൂടും. പാല്‍ കവറുകളില്‍ പഴയ വിലയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ വില പ്രിന്‍റ് ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഒരുമാസം വരെ ഇതു തുടരുമെന്ന് മില്‍മ അറിയിച്ചു.

 

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലം കൈ മുറിച്ചു മാറ്റേണ്ടി വന്ന പത്തുവയസ്സുകാരി വിനോദിനിക്ക് സ്കൂൾ തുറക്കുന്നതിന്റെ തലേദിവസം സ്നേഹസമ്മാനങ്ങൾ എത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പാലക്കാട് ജില്ലാ കളക്ടർ നേരിട്ടാണ് കുട്ടിയുടെ വീട്ടിൽ സമ്മാനങ്ങൾ എത്തിച്ചത്.

 

 

തൊടുപുഴ സ്മിതാ ആശുപത്രിയിലെ നഴ്സ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തില്‍ ആരോപണ വിധേയരായ മൂന്ന് ജീവനക്കാർക്ക് എതിരെ നടപടി സ്വീകരിച്ചു. ലിസി ഫിലിപ്പ് (CNO), നിഷ (എമർജൻസി ഡിപ്പാർട്മെന്റ് സൂപ്പർവൈസർ),അൽഫോൻസാ (സ്റ്റാഫ് നേഴ്സ്) എന്നിവരെയാണ് സസ്പെന്‍റ് ചെയ്തത്. സംഭവത്തില്‍ പ്രതിഷേധിച്ച് ആശുപത്രിയിലേക്ക് യുവമോർച്ച, ഡിവൈഎഫ്ഐ പ്രവർത്തകര്‍ പ്രതിഷേധ മാർച്ച് നടത്തി.

 

നെടുമങ്ങാട് ഒന്നര വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അഷ്കർ (31) കുറ്റം സമ്മതിച്ചു. കുഞ്ഞിൻ്റെ തല ഭിത്തിയിൽ ഇടിപ്പിച്ചുവെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ഭക്ഷണം നൽകിയപ്പോൾ കുഞ്ഞ് കരഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്നാണ് പ്രതിയുടെ മൊഴി.അഷ്കറുമായി നടത്തിയ തെളിവെടുപ്പിനിടെ പ്രതിക്കെതിരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.

 

 

കാണാതായിട്ട് 5 ദിവസം 12കാരിയുടെ മൃതദേഹം മുതലകൾ പാതി തിന്ന നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ സിരോലിലാണ് സംഭവം. ഭിണ്ടിലെ സിന്ധ് നദീ പരിസരത്താണ് 12കാരിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൃതദേഹത്തിന്റെ ഏറിയ പങ്കും മുതലകൾ തിന്ന നിലയിലാണ് 12കാരിയെ കണ്ടെത്തിയിട്ടുള്ളത്. സംഭവത്തിൽ 12കാരിയുടെ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

 

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വ്യാപക ആക്രമണം. പാർട്ടി ജനറല്‍ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനര്‍ജിക്ക് പിന്നാലെ കല്യാണ്‍ ബാനര്‍ജി എംപിയെ ഒരു സംഘം നടുറോഡില്‍ തലക്കിടിച്ച് വീഴ്ത്തി. ചണ്ഡിതല പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെ ഹൂബ്ലിയില്‍ വച്ചാണ് കല്യാണ്‍ ബാനര്‍ജി ആക്രമിക്കപ്പെട്ടത്.

 

 

അവധി കഴിഞ്ഞ് മടങ്ങിയെത്തിയ യുവതിയുടെ ബാഗിൽ 55 ട്രാവൽ ബാഗുകൾ. ജർമൻ-സ്വിസ് അതിർത്തിയിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ അമ്പരപ്പിച്ച സംഭവം ഉണ്ടായത്. ജർമ്മൻ നഗരമായ ബീറ്റിംഗിനും സ്വിറ്റ്‌സർലൻഡിലെ ഷാഫ്‌ഹൗസൻ പ്രവിശ്യയിലെ തായംഗിനും ഇടയിലുള്ള അതിർത്തിയിലാണ് കഴിഞ്ഞ മെയ് ആദ്യവാരം ഈ വിചിത്ര സംഭവം നടന്നത്

 

 

എബോള വ്യാപിക്കുന്ന പശ്ചാത്തലത്തിൽ യുഎഇ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. രാജ്യത്തെ പൊതുജനാരോഗ്യം സുരക്ഷിതമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു. കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നിവിടങ്ങളിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

 

ദുബായിൽ രാജകുമാരിയായി വേഷംമാറി എത്തിയ സ്ത്രീയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം വ്യാപാരിയിൽ നിന്ന് 27 കോടിയുടെ ഊദ് മോഷ്ടിച്ചു. ആഡംബര വില്ലയിലേക്ക് വിളിച്ചുവരുത്തി ഊദ് കൈക്കലാക്കിയ സംഘം പകരം മരക്കഷ്ണങ്ങൾ നൽകി കബളിപ്പിക്കുകയായിരുന്നു. പരാതി ലഭിച്ച് 12 മണിക്കൂറിനുള്ളിൽ ദുബായ് പോലീസ് മുഴുവൻ പ്രതികളെയും പിടികൂടി മോഷ്ടിച്ച ഊദ് കണ്ടെടുത്തു.

 

ഫുട്ബോൾ ആരാധകരും പൊലീസും തമ്മിൽ രാജ്യ വ്യാപക തെരുവുയുദ്ധം. 219 പേർക്ക് പരിക്ക്, 9 പേരുടെ നില ഗുരുതരമാണ്. ആരാധകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിന് പിന്നാലെ പാരീസിൽ ട്രെയിൻ, ബസ് ഗതാഗതം താറുമാറായി. അക്രമ സംഭവങ്ങളിൽ 780 പേർ അറസ്റ്റിലായി. 480 പേർ കസ്റ്റഡിയിലാണ്. ചാമ്പ്യൻസ് ലീഗിൽ പാരീസ് സെയിൻ്റ് ജെർമയിൻ വിജയിച്ചതിന് പിന്നാലെയാണ് വ്യാപക അക്രമം പൊട്ടിപ്പുറപ്പെട്ടത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *