Untitled design 2026 05 17T203656.419

 

 

അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനും മെട്രോമാൻ ഇ. ശ്രീധരനും കൂടിക്കാഴ്ച നടത്തി. കെ റെയിൽ സിൽവർ ലെയിനിന് ബദലായി ശ്രീധരൻ മുന്നോട്ടുവെച്ച, കുറഞ്ഞ തോതിൽ സ്ഥലം ഏറ്റെടുക്കൽ ആവശ്യമുള്ള, പുതിയ പാതയുടെ ഇടക്കാല റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. വിഷയത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാർ തീരുമാനം അറിയിക്കുമെന്നാണ് സൂചന.

 

നിയമസഭാ സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗത്തിനിടെ വന്ദേമാതരം പൂർണ്ണമായി ആലപിക്കാത്തതിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സ്പീക്കറെ രേഖാമൂലം പ്രതിഷേധം അറിയിച്ചു. ഇത് പ്രോട്ടോകോൾ ലംഘനമാണെന്ന് ഗവർണർ നിലപാടെടുത്തപ്പോൾ, സർക്കാർ തീരുമാനത്തെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പിന്തുണച്ചു.

 

യുഡിഎഫ് സർക്കാരിന്റെ പുതിയ നയപ്രഖ്യാപനത്തിന് വ്യക്തമായ ദിശാബോധമില്ലെന്നും ബിജെപിയോടും കേന്ദ്രസർക്കാരിനോടും മൃദുസമീപനം പുലർത്തുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിമർശിച്ചു. മുൻ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളെ അവഗണിക്കുന്ന നയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും പാർട്ടി മുന്നറിയിപ്പ് നൽകി.

 

തലസ്ഥാനത്ത് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച 18 സിപിഎം പ്രവർത്തകർ റിമാൻഡിൽ. ഇന്നലെ ഏഴു പ്രതികളെ റിമാൻഡ് ചെയ്തിരുന്നു. പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ കൗണ്‍സിലറുമായ ഐപി ബിനു ഉള്‍പ്പെടെ 11 പേരെയാണ് ഇന്ന് റിമാൻഡ് ചെയ്തതത്.

 

ബജറ്റിൽ ജീവനക്കാര്‍ക്കായി ചില വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. എല്ലാ പ്രശ്നങ്ങളും ഒറ്റയടിക്ക് തീര്‍ക്കുമെന്നല്ല. ജീവനക്കാരിൽ വലിയ ഒരു വിഭാഗം യുഡിഎഫിനാണ് വോട്ടു ചെയ്തത്. കഴിഞ്ഞ പത്തു വര്‍ഷം യുഡിഎഫ് അനുകൂല ജീവനക്കാര്‍ അനുവദിച്ച യാതനകള്‍ മറിക്കില്ലെന്നും എൻജിഒ അസോസേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

 

ഇഡി റെയ്ഡിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി വിഡി സതീശൻ. എപ്പോൾ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും തരണമെന്നും ഒളിച്ചോടുന്ന ആളല്ല താനല്ലെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. മോദിയെ കണ്ടതിന് പിന്നാലെയാണ് ഇഡി റെയ്ഡ് നടന്നതെന്ന ആരോപണം പരിഹസിച്ച് തള്ളുകയും ചെയ്തു.

 

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ കൗഷിഗൻ ഐഎഎസിനെ നിയമിച്ചു. 2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. മുൻ സിഇഒ ഡോ. രത്തൻ യു ഖേൽക്കർ ഐഎഎസ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിതനായതോടെയാണ് പുതിയ നിയമനം.

 

ജനങ്ങൾക്ക് നൽകിയ വാ​ഗ്ദാനങ്ങൾ പൂർണമായി പാലിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 5 ഇന്ദിരാ​​ഗ്യാരന്റികൾ നടപ്പിലാക്കുമെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. കേരളം പുതുയു​ഗത്തിലേക്ക് ചുവടുവെയ്ക്കുന്നു. വെല്ലുവിളികളെ ജനാധിപത്യരീതിയിൽ നേരിടുമെന്നും വി ഡി സതീശൻ പറഞ്ഞു.

 

റെയിൽവെ സിഗ്നൽ സംവിധാനത്തിന്‍റെ കേബിളുകൾ മോഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ബാലരാമപുരം സ്വദേശി സിജു ആണ് അറസ്റ്റിലായത്. 125 മീറ്ററോളം ചെമ്പ് കേബിളാണ് മോഷണം പോയത്. ഇതേ തുടർന്ന് തിരുവനന്തപുരത്തിനും നെയ്യാറ്റിൻകരയ്ക്കുമിടയിൽ സിഗ്നൽ തകരാറിലായിരുന്നു.

 

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് വസ്തുക്കൾ നഷ്ടപ്പെട്ടെന്ന ഡിജിപിയുടെ റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്ന് ക്ഷേത്ര ഭരണസമിതി. വൈര നാമവും വിളക്കും ഉൾപ്പെടെയുള്ളവ ക്ഷേത്രത്തിൽ ഭദ്രമാണെന്നും, തെറ്റായ റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു.

 

ആലുവയിൽ അച്ഛനമ്മമാർക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയായ ക്രിസ്റ്റൽ രാജിന് ഇരട്ട ജീവപര്യന്തം. പെരുമ്പാവൂർ അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പോക്സോ ഉൾപ്പെടെ നിരവധി കേസുകളിൽ ഉൾപ്പെട്ട ക്രിസ്റ്റൽ രാജിനെതിരെ കാപ്പയും ചുമത്തിയിട്ടുണ്ട്.

 

 

ശബരിമലയിൽ കഴിഞ്ഞ 10 വർഷത്തെ അഷ്ടാഭിഷേകങ്ങൾ ഓഡിറ്റ് ചെയ്ത് റിപ്പോർട്ട്‌ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. റിപ്പോർട്ട് നൽകാൻ സ്റ്റേറ്റ് ഓഡിറ്റ് വകുപ്പിനാണ് നിർദേശം നൽകിയത്. മൂന്ന് ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഫണ്ട് വകമാറ്റിയെന്ന ആരോപണത്തിലാണ് നടപടി.

 

പതിനെട്ടുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സൈക്യാട്രിക് കൗണ്‍സിലര്‍ അറസ്റ്റില്‍. കോഴിക്കോട് തൊണ്ടയാട് സ്വദേശി യഹിയ ഖാന്‍ ആണ് അറസ്റ്റിലായത്. കൗണ്‍സിലിങിന് വന്ന 18കാരിക്കാണ് ദുരനുഭവം നേരിട്ടത്. മാനസിക പ്രയാസത്തിന് പരിഹാരം തേടിയാണ് തൃശൂര്‍ സ്വദേശിയായ 18കാരി പാലാഴിയിലുള്ള യാഹിയ ഖാന്‍ കൗണ്‍സിലിങ് കേന്ദ്രത്തിലെത്തിയത്.

 

ഇന്ന് നിയമസഭ സമ്മേളനത്തിൽ വന്ദേമാതരം മുഴുവൻ ഈരടികളും അവതരിപ്പിക്കാത്ത സർക്കാർ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു. യുഡിഎഫ് സർക്കാരിൻ്റെ മുൻ നിലപാടിനെ തിരുത്തി ക്രിയാത്മക പ്രതിപക്ഷമാകാൻ എൽഡിഎഫിന് സാധിച്ചെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

 

തമിഴ്നാടിന്‍റെ പുതിയ പൊലീസ് മേധാവിയായി (ഡിജിപി) മഹേഷ്‌ കുമാർ അഗർവാൾ. 1994 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനാണ്. നിലവിൽ ദില്ലിയിൽ ബിഎസ്എഫ് ഡിജിപിയാണ് മഹേഷ്‌ കുമാർ. കൊൽക്കത്ത ആസ്ഥാനമായുള്ള ബിഎസ്എഫ് ഈസ്റ്റേൺ കമാൻഡിന്റെ സ്പെഷ്യൽ ഡയറക്ടർ ജനറലെന്ന അധിക ചുമതലയും അദ്ദേഹം വഹിച്ചു വരികയായിരുന്നു. യുപിഎസ്‍സിയുടെ മൂന്നംഗ പാനലിൽ നിന്നാണ് നിയമനം.

 

 

ബംഗാളിൽ ബിജെപി സർക്കാർ നടപ്പാക്കിയ ‘അന്നപൂർണ യോജന’ പദ്ധതിയുമായി ബന്ധപ്പെട്ടു ഗുഢാലോചന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് രംഗത്ത്. പദ്ധതിക്ക് 12 പേജുള്ള അപേക്ഷ ഫോം പുറത്തിറക്കിയതിന് പിന്നിൽ ബിജെപിയുടെ ഗുഢാലോചനയുണ്ടെന്ന് തൃണമൂൽ കോൺഗ്രസ്.

 

സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് സിബിഎസ്ഇ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തീയതി ജൂൺ ഒന്നിലേക്ക് മാറ്റി. ഈ മാസം 26 മുതൽ 29 വരെ പുനർമൂല്യനിർണ്ണയത്തിന് അപേക്ഷ നൽകാമെന്നായിരുന്നു സി ബി എസ് ഇ ആദ്യം വ്യക്തമാക്കിയിരുന്നത്

 

ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് നടത്തുന്ന നീറ്റ് യുജി പുനപരീക്ഷയിൽ വീഴ്ചകളൊന്നും ഉണ്ടാകാതിരിക്കാൻ പ്രധാനമന്ത്രി നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആണ് സുപ്രീം കോടതിയെ ഇക്കാര്യം അറിയിച്ചത്. ജൂൺ 21ന് നടക്കാനിരിക്കുന്ന പരീക്ഷയ്ക്കായി ചില പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.

 

നീറ്റ് ക്രമക്കേടില്‍ എന്‍ടിഎയ്ക്ക് വീണ്ടും സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ചോദ്യപേപ്പര്‍ ചോര്‍ച്ച എങ്ങനെ സംഭവിച്ചുവെന്നും എന്തുകൊണ്ടാണ് വീഴ്ചകളുണ്ടാകുന്നത് എന്നും സുപ്രീം കോടതി ചോദിച്ചു.വിഷയത്തില്‍ പ്രധാനമന്ത്രി നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്നും യുവാക്കളെക്കുറിച്ച് സർക്കാരിന് ആശങ്കയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

 

പശ്ചിമ ബംഗാളിൽ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താനായി നടപ്പിലാക്കിയ ‘ഡിറ്റക്ട്, ഡിലീറ്റ്, ഡീപോർട്ട്’ (കണ്ടത്തുക, ഒഴിവാക്കുക, നാടുകടത്തുക) നയത്തിൻ്റെ ഭാഗമായി ഇതുവരെ കസ്റ്റഡിയിലെടുത്തത് 335 അനധികൃത കുടിയേറ്റക്കാരെ. നാടുകടത്തുന്നതിന് മുന്നോടിയായി ഇവരെ പുതിയതായി സജ്ജീകരിച്ച 11 ഹോൾഡിങ് സെൻ്ററുകളിലേക്ക് മാറ്റി.

 

 

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചതോടെ കർണാടകത്തിൽ നാളെ നിർണായക കോൺഗ്രസ് നിയമസഭ കക്ഷിയോഗം. ഡികെ ശിവകുമാറിനെ നേതാവായി തെരഞ്ഞെടുക്കും. തിങ്കളാഴ്ച വൈകീട്ടോടെ സത്യപ്രതിജ്ഞ നടത്താനാണ് നീക്കം

 

 

പഞ്ചാബിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടി 220 സീറ്റുകൾ നേടി വൻ വിജയം കരസ്ഥമാക്കി. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് 90 സീറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, ബിജെപിക്കും ശിരോമണി അകാലിദളിനും കാര്യമായ മുന്നേറ്റം നടത്താനായില്ല. ഈ വിജയം മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ നേതൃത്വത്തിന് കരുത്തേകുന്നു.

 

ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് പടരുന്ന സാഹചര്യത്തിൽ എമിറേറ്റ്‌സ് എയർലൈൻ യാത്രക്കാർക്ക് അടിയന്തര യാത്രാ നിർദ്ദേശം പുറപ്പെടുവിച്ചു. യാത്രാ തടസ്സങ്ങൾ നേരിടുന്നവർക്ക് റീബുക്കിംഗ് സൗകര്യവും ടിക്കറ്റ് തീയതി മാറ്റാനുള്ള ആനുകൂല്യവും എമിറേറ്റ്സ് പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

 

 

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *