Untitled design 20250112 193040 0000 3

 

 

‎വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സുരക്ഷ ഒരുക്കാൻ പോലീസ്, കേന്ദ്ര സേന ഉൾപ്പെടെ 32,000 ഓളം സുരക്ഷാ ഉദ്യോഗസ്ഥരെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു ഖേൽക്കർ. ഓരോ റൗണ്ട് പൂർത്തിയാകുമ്പോഴും ഫലം തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ ലഭ്യമാക്കും.

.

 

കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരും മുൻപേ, വിജയപ്രതീക്ഷയിൽ യുഡിഎഫ് നേതൃത്വം. തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് പന്തലൊരുക്കിയും ലഡുവിനും പാൽപ്പായസത്തിനും ഓർഡർ നൽകിയും കോൺഗ്രസ് ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. എക്സിറ്റ് പോൾ ഫലങ്ങളും താഴെത്തട്ടിലെ റിപ്പോർട്ടുകളും അനുകൂലമായതിനാൽ, ഭരണം പിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് പാർട്ടി.

 

പൊതുപ്രവർത്തകനായിരുന്ന ഡിജോ കാപ്പൻ ഇനി ഓർമ്മ. വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലിരിക്കെ മരിച്ച ഡിജോ കാപ്പന്റെ സംസ്ക്കാരം കഴിഞ്ഞു. മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ.

 

വാണിജ്യ ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടർ വില വർധിപ്പിച്ചതിനെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിലവർദ്ധന ഹോട്ടൽ വ്യവസായത്തെ തകർക്കുമെന്നും ഇതിന്റെ ഭാരം സാധാരണ ജനങ്ങളുടെ മേൽ വരുമെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേറ്റ് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന കേന്ദ്ര നയം തിരുത്തണമെന്നും വർധിപ്പിച്ച വില പിൻവലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 

കേരളത്തിൽ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്നും അപ്രതീക്ഷിത സീറ്റുകളിൽ അട്ടിമറി വിജയം നേടുമെന്നും സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ശക്തികേന്ദ്രങ്ങളിൽ വിജയം ഉറപ്പാണെന്നും, ഇടതു-വലതു മുന്നണികളിൽ മടുത്ത ജനം മാറ്റത്തിനായി ബിജെപിക്ക് വോട്ട് ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

കൈപ്പത്തി ചിഹ്നത്തെക്കുറിച്ചുള്ള എം എം മണിയുടെ വിവാദ പരാമർശത്തിന് മറുപടിയുമായി യുഡിഎഫ് സ്ഥാനാർത്ഥി റോയ് കെ പൗലോസ് രംഗത്ത്. മണിയുടെ കുടുംബാംഗങ്ങൾ പോലും ഇത്തവണ കൈപ്പത്തിക്ക് വോട്ട് ചെയ്തുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇത്തരം പ്രസ്താവനകൾ ബിജെപിയെ സഹായിക്കാൻ മാത്രമേ ഉപകരിക്കൂ എന്നും റോയ് കൂട്ടിച്ചേർത്തു

 

ഇടതുമുന്നണി തുടർഭരണം നേടുമെന്നും തങ്ങൾക്കൊരാശങ്കയുമില്ലെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. തെരഞ്ഞെടുപ്പ് ഫലം വരും മുൻപ് തന്നെ ചിലർ ചില കാട്ടിക്കൂട്ടലുകൾ നടത്തുന്നുണ്ടെന്നും ടി പി രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി.‎ചരിത്രത്തിലാദ്യമായി എല്‍ഡിഎഫ് മൂന്നാം തവണയും തുടര്‍ ഭരണം നേടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഭരണ വിരുദ്ധവികാരമില്ലെന്നും മുഖ്യമന്ത്രിയാകാന്‍ പിണറായി വിജയനാണ് യോഗ്യനെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

‎യുഡിഎഫിന് ഫലം അനുകൂലമെങ്കില്‍ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ നാളെ തന്നെ കേരളത്തിലെത്തും. കോണ്‍ഗ്രസിലെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയതായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി. കോണ്‍ഗ്രസ് ഹൈക്കമാന്റാണ് അന്തിമ തീരുമാനം എടുക്കുകയെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു.

‎കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനമായിരിക്കും നാളെ സംഭവിക്കുക എന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി. കേരളത്തിൽ 1977 ആവർത്തിക്കും. 111സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരും. ബിജെപി ഒരു സീറ്റിനപ്പുറം പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

‎നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിക്കണമെന്നാണ് ആഗ്രഹവും പ്രതീക്ഷയുമെന്ന് വെള്ളാപ്പള്ളി നടേശൻ. എൽഡിഎഫ് ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും അവർ നേരിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും അദേഹം പറഞ്ഞു.

‎യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചയെ പരിഹസിച്ച് കെ ബി ഗണേഷ്കുമാർ. മുഖ്യമന്ത്രി കസേരയല്ല, ഒരു ബഞ്ചിടേണ്ടി വരുമെന്നും മന്ത്രി ചർച്ചയും പ്രൈവറ്റ് സെക്രട്ടറി ചർച്ചയും തുടങ്ങിക്കഴിഞ്ഞെന്നും ഗണേഷ്കുമാർ പരിഹസിച്ചു.

‎സ്ഥാനാർത്ഥികളുടെ സത്യവാങ്മൂലത്തിലെ സ്പെഷ്യൽ അഡ്ഹെസീവ് സ്റ്റാമ്പിന് നിയമസാധുതയില്ലെന്ന് വിദഗ്ധർ. 2011 മുതൽ കേരള നോട്ടറിയായി പ്രവർത്തിക്കുന്ന അഡ്വ.ചാത്തുക്കുട്ടിയാണ് വിഷയം പരാതിയായി ഉന്നയിച്ചിരിക്കുന്നത്.

‎അനുമതിയില്ലാതെ മാധ്യമങ്ങളോട് സർക്കാരിനെതിരെ സംസാരിച്ചതിന് എൻ പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും അച്ചടക്ക നടപടി. നിലവിൽ സസ്പെൻഷനിലായ പ്രശാന്തിനെതിരെ എട്ടാമത്തെ പ്രാവശ്യമാണ് നടപടി എടുക്കുന്നത്.

‎റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ റീഡറുകൾക്ക് എളുപ്പത്തിൽ സ്‌കാൻ ചെയ്യാൻ കഴിയുന്ന വിധത്തിൽ വാഹനത്തിന്റെ വിൻഡ്ഷീൽഡിൽ തന്നെ ഫാസ്റ്റാഗ് ഘടിപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റി. ചില ഉപയോക്താക്കൾ ഫാസ്റ്റാഗ് കൈയിൽ പിടിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണിത്.

‎പാചകവാതകത്തിന് വിലകുറക്കാതെ മുന്നോട്ടുപോകാനാവില്ല എന്ന നിലപാടിൽ ഹോട്ടല്‍ ഉടമകള്‍. 19 കിലോ സിലിണ്ടറിന്റെ വില 3100 ന് മുകളിലാണ്. വിഷയം പരിഗണിച്ചില്ലെങ്കില്‍ വലിയ പ്രതിഷേധത്തിലേക്ക് നീങ്ങാനാണു തീരുമാനം.

നിരവധി കേസുകളിൽ പ്രതിയായ കണ്ണൂർ സ്വദേശി അർജുൻ ആയങ്കി (29) അടക്കമുള്ളവർക്കെതിരെ കേസെടുത്ത് പൊലീസ്. കുറ്റകൃത്യം ആസൂത്രണം ചെയ്യാൻ സംഘടിച്ചു എന്നത് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ക്വട്ടേഷൻ ആസൂത്രണം ചെയ്യാനാണ് പ്രതികൾ ഒത്തുകൂടിയതെന്ന് പൊലീസ് പറയുന്നു.

‎കേരളത്തിൽ അടുത്ത 4 ദിവസം വേനൽ മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് . കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.

‎പ്രതികൂല കാലാവസ്ഥ കാരണം ജനുവരി ഒന്ന് മുതൽ ഏപ്രിൽ 30 വരെ കൃഷി വകുപ്പ് തയ്യാറാക്കിയ പ്രാഥമിക കണക്ക് പ്രകാരം എറണാകുളം ജില്ലയിൽ 43.38 കോടി രൂപയുടെ കൃഷിനാശം. നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകൾ ലഭിച്ചതിന് ശേഷമേ പൂർണ കണക്ക് വ്യക്തമാകൂവെന്നും അധികൃതർ വ്യക്തമാക്കി.

‎കൊല്ലം പുനലൂർ വെട്ടിത്തിട്ടയിൽ 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടി തൂക്കിയെന്ന പരാതിയിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി പറഞ്ഞു.

‎റോഡ് കൈയ്യേറിയും യാത്രക്ക് തടസ്സമുണ്ടാക്കുന്ന വിധവും കച്ചവടം ചെയ്ത സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുമായി അധികൃതര്‍. കോഴിക്കോട് കോര്‍പറേഷനും ട്രാഫിക് പൊലീസും സംയുക്തമായാണ് കഴിഞ്ഞ ദിവസം നടപടിയുമായി രംഗത്തിറങ്ങിയത്.

‎കണ്ണമംഗലം പഞ്ചായത്തില്‍ രണ്ടു പേര്‍ക്ക് കൊതുകിലൂടെ പകരുന്ന ജപ്പാന്‍ മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. അറുപതും എഴുപതും വയസ്സുള്ള രണ്ടു സ്ത്രീകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 17, 21 വാര്‍ഡുകളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

 

‎കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം തിങ്കളാഴ്ച വരാനിരിക്കെ യുഎസിൽ വാതുവെപ്പ് മാർക്കറ്റുകൾ സജീവമായിരിക്കുന്നതായി റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളി മാർക്കറ്റിൽ 26 മില്യൺ യുഎസ് ഡോളറിന്റെ വാതുവെപ്പ് ഇതിനോടകം നടന്നുവെന്നാണ് വിവരം.

‎കർണാടക കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ വിനയ് കുൽക്കർണിയെ അയോഗ്യനാക്കി. 2016-ൽ ബി.ജെ.പി ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന യോഗേഷ് ഗൗഡർ കൊല്ലപ്പെട്ട കേസിൽ വിനയ് കുൽക്കർണിയെ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചതോടെയാണ് അയോഗ്യനായത്.

‎ജർമൻ ബേബി ഫുഡ് ബ്രാൻഡായ’ഹിപ്പ്’കമ്പനിയുടെ ഉൽപ്പന്നങ്ങളിൽ എലിവിഷം കണ്ടെത്തിയതിനെ തുടർന്ന് 39കാരൻ ഓസ്ട്രിയയിൽ പിടിയിൽ. എലിവിഷം കലർത്തി കമ്പനിയെ ഭീഷണിപ്പെടുത്തിയതിനാണ് 39കാരനെ അറസ്റ്റ് ചെയ്തത്.

‎യമന്റെ തെക്കൻ തീരപ്രദേശത്ത് വെച്ച് സായുധരായ ഒരു സംഘം എണ്ണക്കപ്പൽ തട്ടിയെടുത്തതായി റിപ്പോർട്ട്. എം.ടി യുറീക്ക എന്ന കപ്പലാണ് സൊമാലിയയിൽ നിന്നുള്ള കടൽക്കൊള്ളക്കാർ എന്ന് സംശയിക്കുന്ന സംഘം കൈക്കലാക്കിയത്.

‎തെക്കൻ ലെബനനിലെ വിവിധ ഗ്രാമങ്ങളിൽ ആക്രമണം നടത്തുമെന്ന് ഇസ്രയേൽ സൈന്യം . അവിടെയുള്ള ഗ്രാമീണരോട് ഉടൻ വീടുകൾ ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി. ഹിസ്ബുള്ളയെ ലക്ഷ്യമിട്ടുള്ള സൈനിക നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മുന്നറിയിപ്പ്.

‎ഇറാൻ മുന്നോട്ടുവെച്ച 14 ഇന നിർദേശങ്ങൾ അംഗീകരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ചർച്ചകൾ പരാജയപ്പെട്ടാല്‍ വീണ്ടും സൈനിക നടപടികൾ ആരംഭിക്കുമെന്ന ഭീഷണിയും ട്രംപിന്‍റെ ഭാഗത്തുനിന്നുണ്ട്.

 

ആം ആദ്മി പാർട്ടിയിൽ (എ എ പി) നിന്ന് രാജിവെച്ച് ബി ജെ പിയിൽ ചേർന്ന രാജ്യസഭാ എം പിമാർ രാഷ്ട്രപതിയെ കാണാനൊരുങ്ങുന്നു. രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള 3 എം പിമാരുടെ സംഘം വരുന്ന ചൊവ്വാഴ്ച രാവിലെയാണ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

 

പഞ്ചാബ് പോലീസ് തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സന്ദീപ് പഥക്. എഫ്ഐആറിൻ്റെ പകർപ്പിനായി കാത്തിരിക്കുകയാണെന്നും അധികാരം ദുരുപയോഗം ചെയ്ത് തനിക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിൽ അത്ഭുതമില്ലെന്നും അദ്ദേഹം ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

വോട്ടെണ്ണലിന് മണിക്കൂറുകൾ ബാക്കിനിൽക്കെ പിരിമുറുക്കത്തിൽ തമിഴ്നാട്. ജയിച്ചുവരുന്ന സ്ഥാനാർത്ഥികളെ റിസോർട്ടിലേക്ക് മാറ്റാൻ വിജയ് നിർദേശിച്ചതായി പ്രമുഖ ദിനപത്രം റിപ്പോർട്ട് ചെയ്തു. ഭരണം നിലനിർത്തുമെന്ന് ഡിഎംകെ ആവർത്തിച്ചപ്പോൾ വിജയ്‍യോട് മൃദുസമീപനം പുലർത്തിയത് തിരിച്ചടിയായെന്ന അഭിപ്രായം അണ്ണാഡിഎംകെയിൽ ഉയർന്നു.

 

ജബൽപുർ ക്രൂയിസ് ബോട്ട് അപകടത്തിൽ ആകെ മരണസംഖ്യ 13 ആയി. അപകടത്തിൽ കാണാതായ അവസാനത്തെ രണ്ട് പേരുടെ മൃതദേഹം ലഭിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. വിനോദ സഞ്ചാരികളും ജീവനക്കാരും അടക്കം 41 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.

 

 

അമേരിക്കയിൽ നിന്നും അത്യാധുനിക സ്ക്വാഡ്രൺ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കോടികളുടെ പ്രതിരോധ കരാറിന് ഇസ്രയേൽ അംഗീകാരം നൽകി. ഇസ്രയേൽ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ലോക്ഹീഡ് മാർട്ടിന്റെ എഫ്-35 സ്റ്റെൽത്ത് ഫൈറ്റർ വിമാനവും ബോയിങ്ങിന്റെ എഫ്-15 ഐഎ യുദ്ധവിമാനവുമാണ് ഇസ്രയേൽ പുതുതായി സ്വന്തമാക്കുന്നത്.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *