ടുഡെയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോൾ പ്രവചനം പുറത്തുവന്നു. കേരളത്തിൽ തൂക്കുസഭയ്ക്ക് പോലും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നതാണ് പ്രവചനം. യു ഡി എഫും എൽ ഡി എഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് ടുഡെയ്‌സ് ചാണക്യ പറയുന്നത്.
പോസ്റ്റൽ വോട്ട് കേസുമായി ബന്ധപ്പെട്ട ഹര്‍ജി തള്ളി ഹൈക്കോടതി. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റൽ വോട്ടിന് അവസരമുണ്ടാകില്ല. ഇക്കാര്യത്തിൽ ഇടക്കാല ഉത്തരവിറക്കണമെന്ന ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. എൻജിഒ യൂണിയനടക്കമാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിൽ 19 വീടുകൾ കൂടി സാങ്കേതികമായി കൈമാറി. 178 വീടുകളും താമസ യോഗ്യമായ ശേഷം മാത്രമേ താമസം ആരംഭിക്കുവെന്നാണ് ദുരന്തബാധിതരുടെ നിലപാട്. കഴിഞ്ഞദിവസം ഏഴു വീടുകൾ ഉൾപ്പെടുന്ന ഒരു ക്ലസ്റ്ററും സാങ്കേതികമായി കൈമാറിയിരുന്നു.
ആറ്റുകാൽ പൊങ്കാല ദിവസത്തെ എസ്‌എംവി സ്കൂളിലെ പാര്‍ക്കിങ്ങ് വിവാദത്തില്‍ മേയറുടെ നടപടികളിൽ ദുരൂഹതയാരോപിച്ച് പിടിഎ പ്രസിഡന്‍റ്. മേയര്‍ വി വി രാജേഷ് സ്കൂളിന് സമീപത്തെ വ്യാപാരിയോടുള്ള താല്‍പര്യത്തിലാണ് സ്കൂളിനെ ആക്ഷേപിച്ചതെന്ന് പിടിഎ പ്രസിഡന്‍റ് കര്‍ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വട്ടിയൂർക്കാവ് സ്റ്റേഷൻ ഉപരോധ കേസിലെ പ്രതികളായ ഡെപ്യൂട്ടി മേയർ ആശാനാഥ് ഉൾപ്പെടെയുള്ളവർ നോട്ടീസ് നൽകിയിട്ടും മൊഴി രേഖപ്പെടുത്താൻ ഹാജരായില്ല. വട്ടിയൂർക്കാവ് സംഘർഷത്തിന് കാരണക്കാരായ പൊലീസിനെതിരെ നിയമപടി സ്വീകരിക്കുന്നതിനാൽ ഹാജരാകാൻ കഴയില്ലെന്ന് പ്രതികളായ മൂന്നു കൗണ്‍സിലർമാർ രേഖമൂലം പൊലീസിന് മറുപടി നൽകി
കുംഭമേള വൈറൽ താരം കോടതിയിൽ രഹസ്യ മൊഴി നൽകി. സമുഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി, മണിപ്പൂർ ഡയറി എന്ന സിനിമയുടെ സംവിധായകൻ മോശമായി പെരുമാറി എന്നീ പരാതികളുമായി ബന്ധപ്പെട്ട കേസിലാണ് പെൺകുട്ടി രഹസ്യ മൊഴി നൽകിയത്.
ബെംഗളൂരു ബിടിഎൽ നഴ്സിംഗ് കോളേജിൽ മലയാളി വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പരാതിയുമായി കുടുംബം. രണ്ടാംവർഷ ബിഎസ്സി നഴ്സിംഗ് വിദ്യാർത്ഥി തിരുവനന്തപുരം അരുവിക്കര സ്വദേശി ആദിത്യന്‍റെ മരണത്തിലാണ് കുടുംബം ദുരൂഹത ആരോപിക്കുന്നത്.
കേരളത്തിൽ 75ലധികം സീറ്റുകൾ യുഡിഎഫിന് കിട്ടുമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. എക്സിറ്റ് പോളുകളുടെ ആരാധകനല്ല താനെന്നും സാമ്പിളുകൾ സ്വീകരിക്കുന്ന രീതികൾ ശാസ്ത്രീയമല്ലെന്നും ശശി തരൂർ പറഞ്ഞു. ബംഗാളിൽ പലരും പ്രതികരിക്കാൻ പോലും തയ്യാറായിട്ടില്ലെന്നും ശശി തരൂർ പ്രതികരിച്ചു. എക്സിറ്റ് പോൾ ഫലം പുറത്തുവന്ന ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു തരൂർ.
കേരളത്തിൽ ഏപ്രിൽ മാസത്തിൽ 63 ശതമാനം മഴ കുറവ്. ഏപ്രിൽ മാസത്തിൽ സാധാരണ ലഭിക്കേണ്ടുന്നത് 106 മില്ലി മീറ്റർ മഴയാണ്. എന്നാൽ ഇത്തവണ ലഭിച്ചത് 37 എംഎം മഴ മാത്രമാണ്. മാർച്ച് മാസത്തിൽ 15 ശതമാനത്തിൽ അധിക മഴ ലഭിച്ചെങ്കിലും കൂടുതൽ വേനൽ മഴ ലഭിക്കേണ്ട ഏപ്രിൽ മാസത്തിൽ 63 ശതമാനം കുറവ് ലഭിച്ചതാണ് മൊത്തത്തിൽ മഴ കുറയാൻ കാരണം.
സൈക്കിളിൽ നിന്നും വീണു മരിച്ച സൈറ ഹാത്തൂനെ കാണാൻ മന്ത്രി സജി ചെറിയാൻ ആലപ്പുഴ മെഡിക്കൽ കോളേജിലെത്തി. ബുധനാഴ്ച രാത്രി 7.30നാണ് സൈറ ഹാത്തൂൻ കോയിക്കൽ ജങ്ഷന് പടിഞ്ഞാറുള്ള കോട്ടക്കുഴി കലുങ്ക് റോഡരികിൽ സൈക്കിളിൽ നിന്ന് വീണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റത് സൈറ ആലപ്പുഴ മെഡിക്കൽ കോളേജിൽ മരിച്ചു.
പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ താല്‍ക്കാലിക അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് കുറ്റ്യാടി മരുത്തോങ്കര മുപ്പറ്റ കുഴിയില്‍ വീട്ടില്‍ എം. ഫൈസലി(34)നെയാണ് തൊണ്ടര്‍നാട് പൊലീസ് അറസ്റ്റ് ചെയ്തത്. 2026 ഏപ്രില്‍ മാസത്തിലാണ് സംഭവം.
തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ മൂത്ത സഹോദരൻ അനോഷിനെ ഡിസ്ചാർജ് ചെയ്തു. ഇന്ന് നാലരയോടെയാണ് അനോഷിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. തനിക്കുവേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി അനോഷ് പറഞ്ഞു.
മെഡിക്കല്‍ കോളേജ് ഗ്രേഡ് എസ്‌ഐ അനില്‍ കുമാറിനെയും കുടുംബത്തെയും ആക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കി സൈനിക ഉദ്യോഗസ്ഥന്‍. പൊലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതി വ്യാജമാണെന്ന് കാണിച്ച് ഉത്തര്‍പ്രദേശിലെ 194 മീഡിയം റെജിമെന്റില്‍ ഹവീല്‍ദാറായി സേവനമനുഷ്ടിക്കുന്ന പി.കെ പ്രജിത്ത് ആണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.
കാലടി സംസ്കൃത സർവകലാശാല പരീക്ഷാ കൺട്രോളറും സീനിയർ പബ്ലിക്കേഷൻസ് ഓഫീസറുമായിരുന്ന ഡോ. ലിസി മാത്യുവിനെതിരെ വൈസ് ചാൻസിലർ സിസ തോമസ് അകാരണമായി നടപടികളെടുക്കുന്നുവെന്നാരോപിച്ച് പ്രതിഷേധവുമായി കാലടി സർവകലാശാലയിലെ ഇടത് അധ്യാപക സംഘടനയായ എഎസ്‍എസ്‍യുടി. ചട്ടമ്പി സ്വാമികളുടെ ജീവചരിത്രം അച്ചടിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലും പരീക്ഷ തോറ്റ വിദ്യാർത്ഥിയെ വിജയിപ്പിച്ചുവെന്ന വിഷയത്തിലും ലിസി മാത്യുവിന് പങ്കുണ്ടെന്ന് കണ്ടെത്തി വിസി കുറ്റപത്രം സമർപ്പിച്ചിരുന്നു.
രണ്ടാം പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണം എന്ന ഹർജിയിൽ വാദം കേൾക്കുന്നത് മെയ് 14 ലേക്ക് മാറ്റി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് ഹർജി പരിഗണിച്ചത്.
ബെംഗളൂരുവിൽ കനത്ത മഴയിൽ ചുറ്റുമതിൽ ഇടിഞ്ഞ് വീണ് മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ സഹായധനം പ്രഖ്യാപിച്ച് മന്ത്രി സമീര്‍ അഹമ്മദ് ഖാൻ. മെയ് അഞ്ചിന് മരിച്ചവരുടെ വീടുകളിൽ നേരിട്ടെത്തി പണം കൈമാറുമെന്ന് മന്ത്രി അറിയിച്ചു. പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും നൽകും. പരിക്കേറ്റവരുടെ കേരളത്തിലെ ചെലവും വഹിക്കും. മുഖ്യമന്ത്രി പ്രഖ്യാപിച്ച സഹായത്തിന് പുറമെയാണ് സമീര്‍ അഹമ്മദ് ഖാന്‍റെ പ്രഖ്യാപനം.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്ക് മൂന്ന് പാസ്പോർട്ടുണ്ടെന്ന ആരോപണത്തിൽ എടുത്ത കേസിൽ കോൺഗ്രസ് വക്താവ് പവൻ ഖേരയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി ഉത്തരവ് പറയാൻ മാറ്റി. ഖേരയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന അസം പോലീസ് വാദത്തെ പവൻ ഖേരയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്വി എതിർത്തു.
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി മുഖ്യമന്ത്രി മമത ബാനർജി. 226ലധികം സീറ്റുകൾ നേടി തൃണമൂൽ കോൺഗ്രസ് (ടിഎംസി) സർക്കാർ രൂപീകരിക്കുമെന്ന് മമത ബാനർജി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ജനനിയുടെയും ജന്മഭൂമിയുടെയും ജനത്തിൻ്റെയും (മാ മതി മാനുഷ്) സർക്കാർ രൂപീകരിക്കുമെന്നാണ് മമത ബാനർജിയുടെ പ്രതികരണം.
ജമ്മുവിനും ശ്രീനഗറിനും ഇടയിലെ ആദ്യ വന്ദേ ഭാരത് ട്രെയിൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഫ്ലാഗ് ഓഫ് ചെയ്തു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നേരത്തെ ശ്രീനഗറിനും കത്രയ്ക്കും ഇടയിൽ ഉണ്ടായിരുന്ന സർവീസാണ് ജമ്മുവിലേക്ക് നീട്ടിയത്.
മധ്യപ്രദേശിലെ ധാർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ 15 പേർക്ക് ദാരുണാന്ത്യം. ധാറിലെ ചിക്ലിയ ക്രോസിംഗിന് സമീപം തൊഴിലാളികളുമായി സഞ്ചരിച്ച പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ 13 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ആറുപേരുടെ നില അതീവ ഗുരുതരമാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗ്രാമീണരും അവരുടെ കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്.
തെലങ്കാനയിൽ മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിൻ്റെ മകൾ കെ കവിത പ്രഖ്യാപിച്ച പുതിയ പാർട്ടിക്ക് ‘തെലങ്കാന രക്ഷണ സേന’ (ടിആർഎസ്) എന്ന പേര് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. ചന്ദ്രശേഖര റാവുവിൻ്റെ ഭാരത് രാഷ്ട്ര സമിതിയുമായി തെറ്റിപ്പിരിഞ്ഞ് ഇക്കഴിഞ്ഞ 25-ാം തീയതി പ്രഖ്യാപിച്ച പാർട്ടിക്കാണ് കമ്മീഷൻ്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇക്കാര്യം സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്ക ദയനീയമായി പരാജയപ്പെട്ടെന്ന് ഇറാൻ പരമോന്നത നേതാവിന്‍റെ പുതിയ സന്ദേശം. ഹോർമസിലും പേർഷ്യൻ ഗൾഫിലും ഇറാൻ പുതിയ അധ്യായം തുറക്കുന്നുവെന്നും മൊജ്തബ ഖമനെയി അവകാശപ്പെട്ടു. മേഖലയിൽ അമേരിക്കൻ സാമ്രാജ്യത്വം ദയനീയമായി പരാജയപ്പെട്ടെന്നും അമേരിക്കയുടെ ചൂഷണം സമ്പൂർണമായി അവസാനിപ്പിക്കുമെന്നും മൊജ്തബ ഖമനെയി പുതിയ സന്ദേശത്തിലൂടെ പറഞ്ഞു.
