Untitled design 20250112 193040 0000 2

 

 

 

സംസ്ഥാനത്ത് ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിലും ഉയർന്ന താപനിലയും ഉയർന്ന അന്തരീക്ഷ ഈർപ്പവും മൂലമുള്ള അത്യുഷ്ണം അനുഭവപ്പെടും. അതിനാൽ സംസ്ഥാനത്താകെ അതീവ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

 

കനത്ത വേനൽ ചൂട് കണക്കിലെടുത്ത് കുട്ടികളെ അംഗനവാടികളിൽ നിർബന്ധിച്ച് ഇരുത്തരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഹാജരാകാത്ത കുട്ടികൾക്ക് പോഷകാഹാരം വീട്ടിലെത്തിക്കണമെന്നും വായുസഞ്ചാരമില്ലാത്തതും ഷീറ്റ് മേഞ്ഞതുമായ അംഗനവാടികൾ പ്രവർത്തിക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

 

കനത്ത ചൂട് തുടരുന്ന സാ​ഹചര്യത്തിൽ കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നാളെ (24.04.2026 വെള്ളിയാഴ്ച) അവധി പ്രഖ്യാപിക്കുകയായിരുന്നു.

 

സംസ്ഥാനത്ത് താപനില 40 ഡിഗ്രിക്ക് മുകളിലായതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉഷ്‌ണതരംഗ മുന്നറിയിപ്പ് നൽകി. പകൽ 11 മുതൽ 3 വരെ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കുന്നതുൾപ്പെടെയുള്ള സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

 

ശബരിമല കേസിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്ത് പന്തളം കൊട്ടാര അംഗം രാജ രാജ വർമ്മ. യുവതിപ്രവേശനത്തിൽ പണ്ഡിതരുടെ നിലപാട് എന്തിന് സർക്കാർ തേടണമെന്ന് രാജരാജ വർമ്മയ്ക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ രാധാകൃഷ്ണൻ വാദിച്ചു. നേരത്തെ ഹൈക്കോടതിയിൽ മകരജ്യോതി കേസിൽ അന്വേഷണം വേണ്ടെന്ന് സർക്കാർ നിലപാട് എടുത്തു.

 

മുണ്ടത്തിക്കോട് അപകടത്തിൽ മരിച്ചവരുടെ ഡിഎൻഎ പരിശോധന ഫലം മറ്റന്നാൾ മുതൽ ലഭിച്ചു തുടങ്ങുമെന്ന് തൃശൂർ ജില്ലാ കളക്ടർ അറിയിച്ചു. 29 ശരീരഭാഗങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ അയച്ചിട്ടുണ്ട്. ഇന്ന് ലഭിച്ച തലയിൽ നിന്നും ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കും. ആരെന്നത് ഔദ്യോഗികമായി ഡിഎൻഎ ഫലത്തിനുശേഷം സ്ഥിരീകരിക്കുമെന്നും കളക്ടർ പറഞ്ഞു. മൊബൈൽ ഡിഎൻഎ യൂണിറ്റ് സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കളക്ടർ.

 

മുണ്ടത്തിക്കോട് ദുരന്തബാധിതർക്ക് സഹായം ഉറപ്പാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്ര ശേഖർ. അതിനു കൂടി വേണ്ടിയാണ് വന്നത്. നിർമാണ മേഖലയിൽ തൊഴിൽ എടുക്കുന്നവരുടെ സുരക്ഷ പ്രധാനമാണ്. അതിനു കൂടുതൽ ക്രമീകരണം ഉറപ്പാക്കാൻ സർക്കാർ നോക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

 

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതികളായ രണ്ട് അധ്യാപകരുടെ മുൻകൂർ ജാമ്യഹർജിയിൽ മറ്റന്നാൾ വിധി പറയും. ഹർജിയിൽ വാദം പൂർത്തിയായി. ജാതി അധിക്ഷപം എന്ന വകുപ്പ് ഒഴിവാക്കാൻ ഡോക്ടർ റാം പട്ടികജാതിക്കാരനാണെന്ന രേഖ ഹാജരാക്കിയെന്നും അങ്ങനയല്ലെന്ന് കോടതിയെ ബോധ്യപ്പെടുത്തിയതായും പബ്ലിക് പ്രൊസിക്യൂട്ടർ പറഞ്ഞു. തലശ്ശേരി കോടതിയിലാണ് വാദം പൂർത്തിയായത്

 

തൃശൂര്‍ പൂരത്തോടനുബന്ധിച്ച് പൂരനഗരിയിൽ കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്യുന്നവർക്ക് ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷൻ നിർബന്ധമാക്കി. സന്നദ്ധ സംഘടനകൾക്കും ഇത് ബാധകമാണ്. ശുദ്ധമായ ഭക്ഷണവും വെള്ളവും ഉറപ്പാക്കാനും, ശുചിത്വമുള്ള കേന്ദ്രങ്ങളിൽ നിന്ന് മാത്രം ഭക്ഷണം കഴിക്കാനും ഭക്ഷ്യസുരക്ഷാ വകുപ്പ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

 

അത്യാധുനിക സൗകര്യങ്ങളുമായി കെഎസ്ആർടിസിയുടെ ‘ബിസിനസ് ക്ലാസ്’ ബസിന് ആവേശ സ്വീകരണം. ഒരു മാസം മുൻപ് എറണാകുളത്ത് വച്ച് ഉദ്ഘാടനം നിർവഹിച്ച പുതിയ ബിസിനസ് ക്ലാസ് ബസ്‌ ഓടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ മന്ത്രി കെ ബി ഗണേഷ് കുമാര്‍ പുറത്ത് വിട്ടിട്ടുണ്ട്. ശുചിമുറി, കഫെറ്റീരിയ, പാൻട്രി തുടങ്ങിയ സൗകര്യങ്ങളുള്ള ആഡംബര ബസുകളാണ് നിരത്തിലിറങ്ങുന്നത്. ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന രണ്ട് ബസുകളാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക.

 

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസ് പരിഗണിക്കുന്നത് ദില്ലി ഹൈക്കോടതി വീണ്ടും മാറ്റി. സമയക്കുറവ് മൂലം വാദം കേൾക്കാൻ സാധിക്കാത്തതിനെത്തുടർന്ന് ഹർജികൾ ജൂലൈ ഏഴിലേക്ക് മാറ്റുകയായിരുന്നു. വീണയുടെ എക്സാലോജിക് കമ്പനിയും സിഎംആർഎല്ലും തമ്മിൽ സേവനങ്ങൾ നൽകാതെ പണം കൈപ്പറ്റിയെന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുന്നത്.

 

 

ചൂട് കൂടുന്ന സാഹചര്യത്തിൽ പാമ്പുകടിയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ പാമ്പുകൾ വരുന്നത് തടയാം. പാമ്പുകടിയേറ്റാൽ ഭയപ്പെടാതെ ശരിയായ പ്രഥമ ശുശ്രൂഷ നൽകി ഉടൻ ആശുപത്രിയിൽ എത്തിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ചികിത്സാ ലഭ്യതയെക്കുറിച്ചും ലേഖനം വിശദീകരിക്കുന്നു.

 

പാലക്കാട് ഊഞ്ഞാൽ ആടുന്നതിനിടെ ബനിയൻ കഴുത്തിൽ കുടുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം. പാലക്കാട് നല്ലേപ്പിള്ളി കറുപ്പുസ്വാമി- പ്രിയ ദമ്പതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിക്കാണ് അപകടം ഉണ്ടായത്.

 

ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് എട്ട് വയസുകാരൻ മരിച്ച സംഭവത്തിൽ ഡി എം ഒ റിപ്പോർട്ട് തേടി. ഉടൻ റിപ്പോർട്ട് നൽകണമെന്ന് സൂപ്രണ്ടിനോട് നിർദേശിച്ചു. സംഭവത്തിൽ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ വേണ്ട പരിഗണന ലഭിച്ചില്ലെന്ന് അച്ഛന്റെ പരാതിയിലാണ് ഡി എം ഒ റിപ്പോർട്ട് തേടിയത്.

 

കണ്ണൂരിൽ അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗിച്ചതിന് ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസെടുത്തു. 10 പേ​ർ​ക്കെ​തി​രെയാണ് വളപട്ടണം പൊലീസ് കേ​സെ​ടു​ത്തത്. കീ​ച്ചേ​രി പാ​ലോ​ട്ടു​കാ​വ് ക്ഷേ​ത്രോ​ത്സ​വ​ത്തിലായിരുന്നു കരിമരുന്ന് പ്രയോഗം. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലിച്ചില്ലെന്നാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. അ​ശ്ര​ദ്ധ​മാ​യി സ്ഫോ​ട​ക വ​സ്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്തതിനാണ് കേസെടുത്തിരിക്കുന്നത്.

 

 

പൊലീസിന്‍റെ ആത്മവീര്യം ചോദ്യം ചെയ്യപ്പെടുന്ന ആനുകാലിക സംഭവങ്ങളിൽ രൂക്ഷമായ പ്രതികരണവുമായി റിട്ട. ഡിവൈഎസ്പി നവാസ് വി എസ്. സർവീസിൽ നിന്ന് വിരമിച്ചതിന്‍റെ ഒന്നാം വാർഷികത്തിൽ അദ്ദേഹം പങ്കുവെച്ച ഓർമ്മക്കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. പൊലീസിനെ തെറിവിളിക്കുന്ന മുൻ ഉദ്യോഗസ്ഥരെ തന്‍റെ സർവീസ് കാലത്തെ ഒരു അനുഭവം മുൻനിർത്തി അദ്ദേഹം വിമർശിക്കുന്നു.

 

നന്ദഗോവിന്ദം ഭജൻസ് ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചത് വിവാദമാക്കിയ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയ്ക്ക് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിൻ വർക്കി. ക്ഷേത്ര കമ്മിറ്റിക്കോ വിശ്വാസികൾക്കോ ഇല്ലാത്ത പ്രശ്നം കുത്തിത്തിരിപ്പുണ്ടാക്കാൻ ശ്രമിക്കുന്നവർക്കാണെന്നും, ഇത്തരം പ്രവൃത്തികൾ നാടിനെ നാറ്റിക്കുമെന്നും അബിൻ വർക്കി വിമർശിച്ചു.

 

എസ്എൻഡിപി യോഗത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട കേസിൽ ഇടപെടലുമായി സുപ്രീംകോടതി. എസ്എൻഡിപി യോഗത്തിന് ബാധകമായത് 1956-ലെ കേന്ദ്ര കമ്പനി നിയമമാണോ 1961-ലെ കേരള നോൺ ട്രേഡിങ് കമ്പനീസ് ആക്ടാണോ എന്ന് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു. മെയ് 19 നകം നിലപാട് വ്യക്തമാക്കാൻ സുപ്രീംകോടതി സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് നിർദേശിച്ചു.

 

 

വിവരങ്ങൾ മറച്ചുവെച്ച് ഹൈക്കോടതിയെ സമീപിച്ചതിന് ഹർജിക്കാർക്ക് 50,000 രൂപ പിഴ ചുമത്തി ഹൈക്കോടതി. കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിക്ക് (റെറ) എതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എസ് ഈശ്വരന്റെ ഉത്തരവ്. ഗുരുവായൂരിലെ കേരള ഗ്രാമം പ്രോപ്പർട്ടീസും അതിന്റെ പാർട്ണർമാരുമാണ് ഹർജി നൽകിയത്.

 

പശ്ചിമബംഗാളിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ 92% എന്ന റെക്കോർഡ് പോളിംഗ്. ഇത് തങ്ങൾക്ക് അനുകൂലമാണെന്ന് തൃണമൂലും ബിജെപിയും അവകാശവാദം ഉന്നയിച്ചു. മെയ് 4 ടിഎംസിയുടെ എക്സ്പയറി ഡേറ്റെന്ന് മോദി പ്രഖ്യാപിച്ചപ്പോൾ, ബിജെപിയുടെ പതനം തുടങ്ങുമെന്ന് മമത തിരിച്ചടിച്ചു

 

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ദിവസം തന്നെ സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിക്കുമെന്ന അവകാശവാദവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വ്യാഴാഴ്ച ഹൂഗ്ലി ജില്ലയിലെ ബാലാഘട്ടിലും പുരുഷുറയിലും നടന്ന തെരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കവെ മുഖ്യമന്ത്രി മമത ബാനർജിയെ അദ്ദേഹം കടന്നാക്രമിച്ചു.

 

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സർവകാല റെക്കോഡ് പോളിംഗ് രേഖപ്പെടുത്തി. ബംഗാളിൽ 91 ശതമാനം കടന്നെന്നും തമിഴ്‌നാട്ടിൽ 85 ശതമാനത്തോളം എത്തിയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ബംഗാളിൽ ഒറ്റപ്പെട്ട സംഘർഷങ്ങൾക്കിടയിലും ഇരു സംസ്ഥാനങ്ങളിലും ഉയർന്ന പോളിംഗ് ശതമാനം മുന്നണികൾക്ക് ഒരുപോലെ പ്രതീക്ഷ നൽകുന്നു

 

ഗര്‍ഭനിരോധന ഉറകൾക്ക് 20-30 ശതമാനം വരെ വില വർധനയുണ്ടാകുമെന്ന് ലോകത്തെ ഏറ്റവും വലിയ ഗര്‍ഭനിരോധന ഉറ നിര്‍മ്മാതാക്കളായ കാരക്‌സ്. യുഎസ്-ഇറാന്‍ സംഘര്‍ഷം മൂലമുള്ള ഹോര്‍മുസ് പ്രതിസന്ധി, അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം, ഗതാഗത തടസ്സം എന്നിവയാണ് പ്രധാന കാരണങ്ങള്‍. ഈ പ്രതിസന്ധി ഇന്ത്യയിലെ മരുന്ന് വിലയെയും ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

അക്രമാസക്തമായി പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി അക്രമസംഭവങ്ങളും വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സ്ഥാനാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നത് മുതൽ ബോംബേറ് വരെ ഉണ്ടായിട്ടുണ്ടെന്നാണ് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

 

ഇറാനിലെ മുൻ കിരീടാവകാശി റെസ പഹ്‌ലവിക്ക് നേരെ ജർമനിയിൽ മഷി ആക്രമണം. ഇറാൻ യുദ്ധത്തിലെ നിലപാടുകളിൽ പ്രതിഷേധിച്ചായിരുന്നു ആക്രമണം. ബെർലിനിലെ ഫെഡറൽ പ്രസ് കോൺഫറൻസിൽ വാർത്താ സമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു പ്രതിഷേധം. അദ്ദേഹത്തിന്റെ വസ്ത്രത്തിലും കഴുത്തിലും ചുവന്ന നിറത്തിലുള്ള മഷി ഒഴിച്ചായിരുന്നു ആക്രമണം.

 

 

ഇറാന്‍റെ കടുത്ത നിലപാടും അമേരിക്കൻ ഉപരോധവും നിലനിൽക്കുന്നതിനിടെ ഹോർമൂസ് കടലിടുക്ക് വഴി ഇതുവരെ പത്ത് ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി കടന്നെന്ന് വിദേശകാര്യ മന്ത്രാലയം. ഹോർമൂസ് മേഖലയിൽ കപ്പലുകൾക്ക് പൂർണ്ണമായ യാത്രാസ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇറാൻ സൈന്യം പിടിച്ചെടുത്ത രണ്ട് കപ്പലുകളിൽ ഇന്ത്യൻ നാവികർ ഉണ്ടായിരുന്നുവെന്ന വിവരത്തെത്തുടർന്ന് അവരുടെ സുരക്ഷ ഉറപ്പാക്കാനായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇറാനുമായി നിരന്തരം ആശയവിനിമയം നടത്തിവരികയാണെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.

 

ഇന്ത്യയെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയുടെ പ്രധാനമന്ത്രി തന്റെ വളരെ അടുത്ത സുഹൃത്താണെന്ന് വിശേഷിപ്പിച്ച ട്രംപ്, ഇന്ത്യ ഒരു മഹത്തായ രാജ്യമാണെന്നും കൂട്ടിച്ചേർത്തു. ഇന്ത്യക്കും ചൈനയ്ക്കുമെതിരായ കുടിയേറ്റ വിരുദ്ധ പരാമർശം തന്റെ ട്രൂത്ത് പ്ലാറ്റ്ഫോമിൽ റീ പോസ്റ്റ് ചെയ്തത് വിവാദമായതിന് പിന്നാലെയാണ് പ്രശംസിച്ചുള്ള പരാമർശം.

 

ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്ന ഇറാൻ ബോട്ടുകളെ വെടിവെക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കൻ നാവികസേനയ്ക്ക് നിർദ്ദേശം നൽകി. കപ്പൽ ഗതാഗതം തടസ്സപ്പെടുത്താനുള്ള ഇറാന്‍റെ നീക്കങ്ങളെ എന്ത് വില കൊടുത്തും നേരിടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഈ നീക്കം മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ കൂടുതൽ വഷളാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

 

ഇറാനിൽ നിന്ന് അനധികൃതമായി എണ്ണ കടത്തുകയായിരുന്ന ‘എം/ടി മജസ്റ്റിക് എക്സ്’ എന്ന കൂറ്റൻ കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് അമേരിക്കൻ സൈന്യം പിടിച്ചെടുത്തു. അന്താരാഷ്ട്ര ഉപരോധം ലംഘിക്കുന്ന ഇറാന്‍റെ നിയമവിരുദ്ധ ശൃംഖലകൾ തകർക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടിയെന്ന് പെന്‍റഗൺ അറിയിച്ചു.

 

ഫ്രഞ്ച് വിമാനത്താവളങ്ങൾ വഴി അന്താരാഷ്ട്ര യാത്ര നടത്തുന്ന ഇന്ത്യക്കാർക്ക് ഇനി മുതൽ ട്രാൻസിറ്റ് വിസ ആവശ്യമില്ലെന്ന് ഫ്രാൻസ് തീരുമാനിച്ചു. പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ ഈ തീരുമാനത്തിന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. ഈ നീക്കം ഇന്ത്യൻ യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്നതാണ്

 

അമേരിക്കയുടെ അതീവ രഹസ്യ പദ്ധതികളിൽ ഏർപ്പെട്ടിരിക്കുന്ന പ്രമുഖ ശാസ്ത്രജ്ഞർ ദുരൂഹമായി കൊല്ലപ്പെടുകയോ അപ്രത്യക്ഷരാവുകയോ ചെയ്യുന്നു. നാസ, കാൽടെക് തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ഇരകളായതോടെ, എഫ്ബിഐയുടെ നേതൃത്വത്തിൽ ട്രംപ് ഭരണകൂടം വിപുലമായ അന്വേഷണത്തിന് ഉത്തരവിട്ടു.

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *