പുന്നപ്ര രക്തസാക്ഷികളുടെ മണ്ണാണെന്നും അമ്പലപ്പുഴ ജനത എൽഡിഎഫിനെ നെഞ്ചിലേറ്റിയവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജി സുധാകരന്‍റെ പേര് പറയാതെ അവസരവാദിയെന്ന് പറഞ്ഞ് മുഖ്യമന്ത്രി വിമര്‍ശിച്ചു. അവസരവാദക്കാരൻ ചരിത്രത്തിന്‍റെ ചെളികുഴിയിലേക്ക് വീഴുമെന്നും പിണറായി വിമര്‍ശിച്ചു. അമ്പലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി എച്ച് സലാമിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെൻഷനിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
നിയമസഭാ തിരഞ്ഞെടുപ്പിനിടെ ലോക്‌സഭയില്‍ എഫ്‌സിആര്‍എ ഭേദഗതി ബില്ല് കൊണ്ടുവരാന്‍ ശ്രമിക്കുന്നത് ചര്‍ച്ചപോലും ചെയ്യാതെ ബില്ല് പാസാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്ന് രമേശ് ചെന്നിത്തല.ബില്ലിനെതിരെ സഭയ്ക്ക് അകത്തും പുറത്തും കോണ്‍ഗ്രസ് വലിയ പ്രതിഷേധം ഉയര്‍ത്തും. നിയമഭേദഗതി റദ്ദാക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫിനും യുഡിഎഫിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ്. പറവൂരിൽ എൻഡിഎ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെൻഷനിൽ സംസാരിക്കുകയായിരുന്നു രാജ്‍നാഥ് സിങ്. എസ്‍ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരിൽ നിന്ന് കേരളത്തെ ആര് രക്ഷിക്കുമെന്ന് ചോദിച്ച രാജ്‍നാഥ് സിങ് അതിന് കെൽപ്പുള്ളത് ബിജെപിക്ക് മാത്രമാണെന്ന് പറഞ്ഞു. ശബരിമല സ്വർണക്കൊള്ള സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കുമെന്നും രാജ്‍നാഥ് സിങ് പറഞ്ഞു.
എൽഡിഎഫിനെ മോദിയും രാഹുലും ഒന്നിച്ച് എതിര്‍ക്കുകയാണെന്നും ഇന്ത്യയെ കടക്കെണിയിലാക്കിയ മോദി ഇവിടെ വന്ന് കേരളം കടക്കെണിയിലാണെന്ന് ആരോപിക്കുകയാണെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. ഇന്ത്യൻ ഭരണ ഘടന മതേതര ജനാധിപത്യ രാഷ്ട്രം ആണെന്ന് പറയുമ്പോഴും ബിജെപി ഇന്ത്യയെ മതേതര രാഷ്ട്രമായി ആയി കാണുന്നുണ്ടോ, എഫ്‍സിആര്‍എ നിയമ ഭേദഗതിയിലൂടെ മോദി ന്യൂനപക്ഷകള്‍ക്കെതിരെ തിരിയുകയാണ്. ഇത് ചോദ്യം ചെയ്യേണ്ട രാഹുലും യുഡിഎഫും മിണ്ടാതെയിരിക്കുകയാണെന്നും ഡി രാജ വിമര്‍ശിച്ചു.
തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 9 ന് വേതനത്തോടെ അവധി നൽകുമെന്ന് ലേബർ കമ്മിഷണറേറ്റ്. വാർത്താക്കുറിപ്പിലാണ് സംസ്ഥാന ലേബർ കമ്മിഷണർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ, ഷോപ്സ് ആൻ്റ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെൻ്റ് ആക്ടിൻ്റെ പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും തൊഴിലാളികൾക്കുമാണ് വോട്ടെടുപ്പു ദിവസമായ ഏപ്രിൽ 9 ന് വേതനത്തോടു കൂടിയ അവധി അനുവദിച്ചിരിക്കുന്നത്.
സംസ്ഥാനം കടക്കെണിയിൽ അല്ലെന്നും എന്നിട്ടും ഖജനാവിൽ പൂച്ച പെറ്റു കിടക്കുന്നുവെന്ന് പ്രതിപക്ഷം നിരന്തരം പ്രചാരണം നടത്തുകയാണെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ എല്ലാ പേയ്മെന്‍റുകളും കൊടുത്തു കഴിഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം 78.12 ശതമാനം കൊടുത്തുവെന്നും ബാലഗോപാൽ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പരസ്പര വിരുദ്ധമായ കാര്യം പറഞ്ഞ് കണ്ടം വഴി ഓടുന്നയാളാണ് മുഖ്യനെന്നും അങ്ങനെയുള്ള അദ്ദേഹത്തോട് എങ്ങനെ ഫേസ്ബുക്ക് വഴി സംവാദം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സിപിഎം പാർട്ടി വിട്ട ജി സുധാകരനെതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയിലും അദ്ദേഹം പ്രതികരിച്ചു. ജി സുധാകരനെതിരെ വളരെ വില കുറഞ്ഞ പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് വി ഡി സതീശൻ പറഞ്ഞു.
സംസ്ഥാനത്ത് വീണ്ടും താപനില മുന്നറിയിപ്പ്. ഇന്നും നാളെയും വിവിധ 36 മുതല്‍ 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോട്ടയം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും; പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും; തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അധികാരം നഷ്ടപ്പെട്ടപ്പോഴും കോൺഗ്രസ് അഴിമതി തുടരുകയാണെന്നും സീറ്റ് വിറ്റ് പണമുണ്ടാക്കുന്ന പുതിയ രീതിയാണ് ഇപ്പോൾ കാണുന്നതെന്നും സി പി എം നേതാവ് എം സ്വരാജ് . ഹരിയാനയിൽ സീറ്റ് വാഗ്ദാനം ചെയ്ത് കോൺഗ്രസ് നേതാക്കൾ 7 കോടി രൂപ കൈപ്പറ്റിയതായും സമാനമായ രീതിയിൽ ബിഹാറിലും സീറ്റ് വില്പന നടന്നതായാണ് വിവരമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ ഈ വാർത്തകൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും തൃശൂരിൽ മേയർ സ്ഥാനം ലഭിക്കാത്തത് പണം നൽകാത്തത് കൊണ്ടാണെന്ന് സ്വന്തം കൗൺസിലർ തന്നെ വെളിപ്പെടുത്തിയത് കോൺഗ്രസിന്റെ തകർച്ചയ്ക്ക് തെളിവാണെന്നും സ്വരാജ് പരിഹസിച്ചു.
മെത്രാൻമാർ കോൺഗ്രസിന് വേണ്ടി പണിയെടുക്കുന്നുവെന്നത് പിസി ജോർജിന്റെ അഭിപ്രായമാണെന്ന് ഷോൺ ജോർജ്. അങ്ങനെ താൽപര്യമുള്ള മെത്രാൻമാരുണ്ടോയെന്ന് അദ്ദേഹം പറയട്ടെയെന്നും തനിക്ക് ആ അഭിപ്രായമില്ലെന്നും ഷോൺ നിലപാട് വ്യക്തമാക്കി. എന്നാൽ മെത്രാൻമാരുടെ പ്രസ്താവനകൾ കോൺഗ്രസ് ദുരുപയോഗം ചെയ്യുന്നുണ്ട്. ചങ്ങനാശേരി ബിഷപ്പ് തോമസ് തറയിലിന് പ്രസ്താവനയിൽ വ്യക്തത വരുത്തേണ്ടി വന്നത് അതുകൊണ്ടാണെന്നും ഷോൺ ജോർജ് പറഞ്ഞു.
യുഡിഎഫ് ഭരിച്ചപ്പോൾ ഇരുണ്ടകാലമായിരുന്നെന്നും എല്‍ഡിഎഫ് സർക്കാർ പുരോഗതി നടക്കില്ലെന്നു കരുതിയ പദ്ധതികൾ ഉൾപ്പടെ പൂർത്തിയാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടനാട്ടിലെ പൊതുയോഗത്തിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. വികസന പ്രവർത്തനങ്ങൾ ജനങ്ങളിൽ വലിയ ആത്മവിശ്വാസമാണ് ഉണ്ടാക്കിയതെന്നും എസി റോഡ് മാതൃകാപരമായി പൂർത്തിയാക്കാൻ കഴിഞ്ഞു. മഴ പെയ്താൽ വെള്ളപ്പൊക്കം മൂലം യാത്ര മുടങ്ങുന്ന ഒരു കാലമുണ്ടായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുവനടി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകൻ രഞ്ജിത്ത് എറണാകുളം സബ് ജയിലില്‍ തുടരും. ശനിയാഴ്ച രഞ്ജിത്തിനെ നേരിട്ട് കോടതിയില്‍ ഹാജരാക്കും. പൊലീസിന്‍റെ കസ്റ്റഡി അപേക്ഷ ശനിയാഴ്ച പരിഗണിക്കും. തുടര്‍ന്ന് ജാമ്യാപേക്ഷയും പരിഗണിക്കും. അതേസമയം, എല്ലാം തെളിയും എന്നായിരുന്നു സബ് ജയിലിൽ പ്രവേശിപ്പിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്.
സംവിധായകൻ രഞ്ജിത്തിനെ പീഡന കേസിൽ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടികെ ഗോവിന്ദൻ. എൽഡിഎഫ് പീഡകര്‍ക്കൊപ്പമാണെന്നും രഞ്ജിത്തിനെ കോഴിക്കോട് സ്ഥാനാര്‍ത്ഥിയാക്കാൻ സിപിഎം മുന്‍പ് ശ്രമിച്ചിരുന്നുവെന്നും ടികെ ഗോവിന്ദൻ പറഞ്ഞു. രഞ്ജിത്തിന്‍റെ അസിസ്റ്റന്‍റ് ഡയറക്ടറാണ് എംവി ഗോവിന്ദനെ കൊണ്ട് ഇതൊക്കെ ചെയ്യിപ്പിച്ചതെന്നും ടികെ ഗോവിന്ദൻ ആരോപിച്ചു.
പേരാമ്പ്രയിൽ എൽഡിഎഫ് വർഗീയ പ്രചാരണം നടത്തുന്നതായി യുഡിഎഫിന്‍റെ പരാതി. എൽഡിഎഫ് സ്ഥാനാർഥി ടിപി രാമകൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തിൽ ഉടനീളം സഞ്ചരിച്ച് കൊണ്ടിരിക്കുന്ന വാഹനത്തിൽ മതവിദ്വേഷവും, വർഗീയതയും പ്രചരിപ്പിക്കുന്നതായാണ് പരാതി. അനൗൺസ്മെന്‍റിന്‍റെ വീഡിയോ സഹിതം കെഎസ്‌യു ആണ് ഡിജിപിക്ക് പരാതി നൽകിയത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യുഡിഎഫിന്റെ വനിതാ സ്ഥാനാര്‍ത്ഥിക്കെതിരെ കടുത്ത വര്‍ഗീയത പ്രചരിപ്പിക്കുന്ന സിപിഎം മതേതര കേരളത്തിന് അപമാനമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. പേരാമ്പ്ര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്ലിയയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശം സിപിഎം ക്യാമ്പ് നടത്തുന്നത്.ഇത് ക്രിമിനല്‍ കുറ്റമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രകടന പത്രിക നാളെ പ്രകാശനം ചെയ്യും. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ,കെ സി വേണുഗോപാൽ,വി ഡി സതീശൻ എന്നിവർ കൊച്ചിയിലെ ചടങ്ങിൽ പങ്കെടുക്കും. ആധുനിക സാങ്കേതിക വിദ്യയുടെ അനന്തസാധ്യതകള്‍ ഉള്‍പ്പെടെ പ്രയോജനപ്പെടുത്തി വികസനത്തിന്‍റെയും കരുതലിന്‍റെയും പുതുയുഗ കേരളം സൃഷ്ടിക്കാനുള്ള രൂപരേഖയാണ് ജനങ്ങള്‍ക്ക് മുന്നിൽ അവതരിപ്പിക്കാൻ പോകുന്നതെന്ന് വിഡി സതീശൻ പ്രസ്താവനയിൽ പറഞ്ഞു.
തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥി അഞ്ജലി നായർ ഇവിഎമ്മിലെ നിലവിലെ പേര് മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ അനുകൂല നിലപാടെടുത്ത് ഹൈക്കോടതി. കമ്മീഷൻ പ്രസിദ്ധീകരിച്ച മത്സരാർത്ഥികളുടെ പട്ടികയിലും ഇവിഎമ്മിലും ‘അഞ്ജലി പി.വി’ എന്ന പേരിന് പകരം അഞ്ജലി നായർ എന്ന പേര് നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്ന അപരന്മാരുടെ സ്ഥാനാര്‍ത്ഥിത്വം തെരഞ്ഞെടുപ്പിനെ ഇല്ലാതാക്കുമെന്ന് കോടതി നിരീക്ഷിച്ചു.
ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണനെതിരെ എൽഡിഎഫ് – യുഡിഎഫ് സ്ഥാനാർത്ഥികൾ. വിഭജനത്തിന്‍റെ രാഷ്ട്രീയമാണ് ഗോപാലകൃഷ്ണന്‍റേത്. ഗുരുവായൂരിലെ ജനങ്ങൾ ജാതിയല്ല ഗ്യാസാണ് ചോദിക്കുന്നതെന്നും എൽഡിഎഫ് സ്ഥാനാർത്ഥി എൻ കെ അക്ബർ പറഞ്ഞു.
ബിജെപി സർക്കാർ എടുക്കുന്ന നിലപാടുകൾ ക്രിസ്ത്യൻ ന്യൂനപക്ഷം മനസിലാക്കണമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ബിജെപിയുടെ ന്യൂനപക്ഷ സംരക്ഷണം പ്രചാരവേല മാത്രമാണെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു. എഫ്സിആർഎ നിയമ ഭേദഗതിയിലാണ് പ്രതികരണം.
‘കുറ്റ്യാടിയിലെ അക്രമരാഷ്ട്രീയത്തിന് എതിരെ’ എന്ന മൂദ്രാവാക്യവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപിയുടെ നേതൃത്വത്തില്‍ പ്രഭാത സവാരി നടന്നു. യുഡിഎഫ് നേതൃത്വത്തിലായിരുന്നു പരിപാടി.ജനങ്ങളുമായി നേരിട്ട് സംവദിക്കാനും സമാധാനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനുമാണ് പ്രഭാത സവാരി തിരഞ്ഞെടുത്തതെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.
അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ജി സുധാകരന്റെ ഡ്രൈവർക്ക് വധഭീഷണിയെന്ന് പരാതി. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറങ്ങിയാൽ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുമെന്ന് ഭീഷണി. രണ്ട് നമ്പറുകളിൽ നിന്നായി 4 തവണ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നാണ് പ്രദീപ് കുമാറിന്‍റെ പരാതി. സംഭവത്തില്‍ പ്രദീപ് കുമാർ പുന്നപ്ര പൊലീസിൽ പരാതി നൽകി.
തൃശ്ശൂർ മുൻ മേയർ എം കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്. അഞ്ച് കൊല്ലം മുമ്പ് കൗൺസിലർ സ്ഥാനം നിഷേധിച്ചതോടെയാണ് എം കെ വർഗീസ് കോൺഗ്രസ് വിട്ട് സ്വതന്ത്രനായത്. അഞ്ച് കൊല്ലം ഇടതുമുന്നണിയിൽ മേയറായിരുന്നു. തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ രാജൻ പല്ലന് പിന്തുണ നൽകുമെന്ന് എം കെ വർഗീസ് അറിയിച്ചു.
കേരളത്തിലെ യുവാക്കള്‍ തൊഴില്‍ അവസരങ്ങളും വികസന പദ്ധതികളും കുറഞ്ഞതോടെ പ്രതിസന്ധിയിലാണെന്ന ആരോപണവുമായി യുഡിഎഫ്. കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട ഗ്രാന്റുകള്‍ നേടിയെടുക്കുന്നതില്‍ ഇടതു സര്‍ക്കാര്‍ കാണിച്ച അനാസ്ഥയാണ് ഇതിന് കാരണമായത്. ജിഎസ്ടി നഷ്ടപരിഹാര ഗ്രാന്റ് 13,174 കോടിയില്‍ നിന്ന് 4,749 കോടിയായി കുറഞ്ഞത് സംസ്ഥാനത്തിന്റെ സാമ്പത്തിക ശേഷിയെ ഗണ്യമായി ബാധിച്ചുവെന്ന് യുഡിഎഫ് ചൂണ്ടിക്കാട്ടി
വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അമ്മയ്ക്ക് കൂട്ടുവന്ന 12 വയസ്സുകാരിയെ ഉപദ്രവിച്ച കേസിൽ പ്രതിക്ക് കഠിനശിക്ഷ. പുന്നപ്ര സ്വദേശി അരുണിനെ (28) ആണ് ഹരിപ്പാട് പോക്സോ കോടതി ഒൻപത് വർഷം തടവിനും 70, 000 രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്. ഹരിപ്പാട് പോക്സോ കോടതി ജഡ്ജി ഹരീഷ് ജി ആണ് വിധി പ്രസ്താവിച്ചത്. 2024 മെയ് 13 നായിരുന്നു കേസിനാസ്പദമായ സംഭവം.
പെരുമ്പാവൂരിൽ യുവാവിനെ സംഘം ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. അസം സ്വദേശി നൂറുൽ ഹുസൈൻ ആണ് കൊല്ലപ്പെട്ടത്. ഇയാൾ മോഷണ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിലാണ് മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നത്. സംഭവത്തില്‍ ആറ് അതിഥി തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
സ്വന്തം വീടുകളിൽ മതപരമായ പ്രാർത്ഥനായോഗങ്ങൾ സംഘടിപ്പിക്കാൻ അധികാരികളുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് ഛത്തീസ്‌ഗഢ് ഹൈക്കോടതി. നിയമലംഘനങ്ങൾ നടക്കാത്തിടത്തോളം കാലം ഇത്തരം ചടങ്ങുകളിൽ ഇടപെടാൻ സർക്കാരിനോ പൊലീസിനോ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. പൗരന്മാരുടെ സിവിൽ അവകാശങ്ങളിൽ കടന്നുകയറരുതെന്ന് സംസ്ഥാന സർക്കാരിന് കർശന നിർദ്ദേശം നൽകിക്കൊണ്ടാണ് ജസ്റ്റിസ് നരേഷ് കുമാർ ചന്ദ്രവൻഷിയുടെ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
വ്യവസായി അനിൽ അംബാനിക്കെതിരെ പുതിയ കേസ്. എൽഐസി നൽകിയ പരാതിയിൽ സിബിഐ ആണ് കേസെടുത്തിരിക്കുന്നത്. 4500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നും വ്യാജ രേഖകൾ നൽകി നിക്ഷേപം നടത്തിച്ചുവെന്നും പരാതിയിൽ പറയുന്നു. ഗൂഢാലോചന, വഞ്ചന, പണം ദുരുപയോഗം, അഴിമതി നിരോധന നിയമപ്രകാരം കുറ്റങ്ങൾ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
പഞ്ചാബിലെ ഛണ്ഡീഗഡിലുള്ള ബിജെപി ആസ്ഥാനത്തിന് സമീപം സ്ഫോടനം. വൈകിട്ട് അഞ്ചുമണിയോടെ ഉണ്ടായ നേരിയ സ്ഫോടനത്തിൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിനും സ്കൂട്ടറിനും കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കില്ല. പൊലീസും ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടനത്തെ തുടർന്ന് പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
തമിഴ്‌നാട് കോൺഗ്രസ് തെരഞ്ഞെടുപ്പ് ഏകോപന സമിതി ചെയർമാൻ സ്ഥാനം മാണിക്കം ടാഗോർ എം പി രാജിവെച്ചു. സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ വൈകുന്നതിനിടെയാണ് പാർട്ടി അധ്യക്ഷൻ മല്ലികാർജുന ഖർഗെയ്ക്ക് അദ്ദേഹം രാജിക്കത്ത് നൽകിയത്.സീറ്റ് വിഭജനത്തെയും സ്ഥാനാർഥി നിർണയത്തെയും ചൊല്ലിയുള്ള തർക്കങ്ങളാണ് രാജിക്ക് പിന്നിലെന്ന് മാണിക്കം ടാഗോർ വ്യക്തമാക്കി.
തമിഴകത്ത് സ്റ്റാലിൻ 2.0 അധികാരത്തിലേറുമെന്ന് പ്രവചിച്ച് ലോക്പോൾ സർവേ. നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ സഖ്യം വൻ വിജയം നേടുമെന്നാണ് ലോക്പോൾ സർവേയുടെ പ്രവചനം. ഡി എം കെ സഖ്യം 181 മുതൽ 189 വരെ സീറ്റുകൾ നേടുമെന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത്.
നാറ്റോ വെറും കടലാസ് പുലിയാണെന്നും സഖ്യത്തിൽ നിന്നും അമേരിക്ക പുറത്ത് പോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തിയ സൈനിക നടപടിക്ക് സഖ്യകക്ഷികളുടെ പിന്തുണ ലഭിക്കാഞ്ഞതോടെയാണ് ഈ കാര്യം ആലോചിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിലാണ് റ്റോയിൽ നിന്ന് അമേരിക്കയെ പിൻവലിക്കുന്നതിനെക്കുറിച്ച് താൻ ഗൗരവമായി ആലോചിച്ചതെന്ന് ട്രംപ് വ്യക്തമാക്കിയത്. നാറ്റോ സഖ്യം ഒരു ‘കടലാസ് പുലി’ മാത്രമാണെന്നും ട്രംപ് വിശേഷിപ്പിച്ചു.
അമേരിക്കയിലെ ആയിരക്കണക്കിന് കമ്പനികളിൽ ഉത്തരകൊറിയന്‍ ഹാക്കര്‍മാരുടെ ആക്രമണം. അമേരിക്കയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്വെയര്‍ പാക്കേജിലാണ് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയത്.. ആക്രമണത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറാന്‍ മാസങ്ങള്‍ എടുത്തേക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
അമേരിക്കൻ പ്രസിഡൻ്റിന്റെ ലോകം ഉറ്റുനോക്കുന്ന രാജ്യത്തോടുള്ള അഭിസംബോധന നാളെ. ഇറാൻ വിഷയമാണ് സംസാരിക്കുകയെന്ന് വൈറ്റ്ഹൗസ് തന്നെ പ്രഖ്യാപിച്ചു. സമാധാന ശ്രമങ്ങളുടെ സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കരാറില്ലാതെയുള്ള വെടിനിർത്തലിന് ഒരുക്കമല്ലെന്നും ഇറാൻ വിദേശകാര്യമന്ത്രി പറഞ്ഞു. ഗൾഫ് മേഖലയിൽ ഗൂഗിൾ ഉൾപ്പടെ ടെക് ഭീമന്മാർക്ക് നേരെയാണ് ഇറാന്റെ പുതിയ ഭീഷണി.
ഖത്തറിന് നേരെ ഇറാന്‍റെ ആക്രമണം. ബുധനാഴ്ച ഇറാനിൽ നിന്ന് മൂന്ന് ക്രൂയിസ് മിസൈൽ ഖത്തറിന് നേർക്ക് എത്തിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. മൂന്ന് ക്രൂയിസ് മിസൈലുകളിൽ രണ്ടെണ്ണം ഖത്തർ സായുധ സേന വിജയകരമായി വെടിവെച്ചിട്ടു.ഖത്തർ വാർത്താ ഏജൻസി പുറത്തുവിട്ട പ്രതിരോധ മന്ത്രാലയത്തിന്‍റെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ മരണപ്പെടുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാൻ പൗരന്മാർക്ക് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനും രാജ്യം വഴി ട്രാൻസിറ്റ് ചെയ്യുന്നതിനും കർശന വിലക്ക് ഏർപ്പെടുത്തി. യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ് എന്നിവ ബുധനാഴ്ച തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴിയാണ് ഈ വിവരം പുറത്തുവിട്ടത്.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഊർജ മേഖല പ്രതിസന്ധിയിലായതിന് പിന്നാലെ വൈദ്യുതി നിരക്ക് വർധിപ്പിച്ച് ശ്രീലങ്ക. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ വൈദ്യുതി വില വർദ്ധിപ്പിക്കാൻ ശ്രീലങ്ക തീരുമാനിച്ചതായി വൈദ്യുതി അധികൃതർ അറിയിച്ചു.നേരത്തെ പെട്രോളിനും ഡീസലിനും വില വർധിപ്പിക്കുകയും പ്രവൃത്തി ദിനങ്ങൾ വെട്ടിക്കുറക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിലെ സ്ഥാപനങ്ങളിൽ നിന്ന് 12000 ജീവനക്കാരെ പിരിച്ചുവിട്ട് അമേരിക്ക ആസ്ഥാനമായ ടെക് കമ്പനി ഓറക്കിൾ. ആഗോളതലത്തിൽ 30000 ജീവനക്കാരെയാണ് കമ്പനി പുറത്താക്കിയത്. ഒരു മാസത്തിനുള്ളിൽ വലിയ രീതിയിലുള്ള മറ്റൊരു കൂട്ടപ്പിരിച്ചുവിടലുണ്ടാകുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. ഇന്ത്യയിൽ ഏകദേശം 30000 ത്തോളം ജീവനക്കാരാണ് ഓറക്കിളിന് ഉള്ളത്.
