ശബരിമല സ്വർണ്ണക്കൊള്ളയിൽ അറസ്റ്റിലായ ദേവസ്വം മുൻ പ്രസിഡണ്ട് എ പത്മകുമാറിൻറെ വീട്ടിൽ നിന്ന് സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പിടിച്ചെടുത്ത് എസ്ഐടി. താൻ പ്രസിഡണ്ടാകുന്നതിന് മുമ്പ് തന്നെ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ നല്ല സ്വാധീനമുണ്ടായിരുന്നുവെന്നാണ് പത്മകുമാറിൻറെ മൊഴി. താനെടുത്ത തീരുമാനങ്ങൾക്ക് ബോർഡിലെ മറ്റ് അംഗങ്ങൾക്കും അറിവുണ്ടായിരുന്നുവെന്നും പത്മകുമാർ മൊഴി നൽകി.
ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിന്‍റെ ഭാഗമായി ദിവസേനയുള്ള സ്പോട്ട് ബുക്കിങ്ങിന്‍റെ എണ്ണം നിശ്ചയിക്കാൻ പ്രത്യേക കമ്മിറ്റി രൂപികരിച്ചു. പൊലീസ് കോഡിനേറ്റർ, എക്സിക്യൂട്ടീവ് ഓഫീസർ, സ്പെഷ്യൽ കമ്മീഷണർ എന്നിവരാണ് കമ്മറ്റി അംഗങ്ങൾ. ഒരു മിനിറ്റിൽ 18 -ാം പടി കയറുന്ന തീർത്ഥാടകരുടെ എണ്ണം 85 ആക്കി ഉയർത്തും. ഇതിനായി പരിചയ സമ്പന്നരായ കൂടുതൽ പൊലീസുകാരെ നിയോഗിക്കും. നിലയ്ക്കലിലെ പാർക്കിംഗ് സംവിധാനം വർദ്ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. എല്ലാദിവസവും എഡിഎമ്മിന്‍റെ നേതൃത്വത്തിൽ അവലോകന യോഗം ചേരാനും ഇന്ന് പമ്പയിൽ നടന്ന മന്ത്രി തലയോഗത്തിൽ തീരുമാനമായിട്ടുണ്ട്
പൊലീസ് അസോസിയേഷൻ പട്ടിക മറികടന്ന് ശബരിമലയിൽ പൊലീസുകാരനെ ഡ്യൂട്ടിക്ക് നിയോഗിച്ചതിൽ ഭീഷണിയുമായി അസോസിയേഷൻ ജില്ലാ സെക്രട്ടറി. ശബരിമലയിൽ ഡ്യൂട്ടി ചെയ്യുന്ന സീനിയർ സിവിൽ പൊലിസ് ഓഫീസർക്കാണ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയുടെ ഭീഷണി. തിരുവല്ല സ്റ്റേഷനിലെ പൊലീസുകാരൻ പുഷ്പദാസിനെയാണ് അസോസിയേഷൻ ജില്ലാ സെക്രട്ടറി നിഷാന്ത് ചന്ദ്രൻ ഭീഷണിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തുന്നതിന്‍റെ ശബ്ദരേഖയും പുറത്തവന്നു.
മാവേലിക്കര – ചെങ്ങന്നൂർ സെക്‌ഷനിൽ പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി രാത്രിയിൽ ഓടുന്ന ചില ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചുവെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.
കൊല്ലത്തും തൃശൂരും ആലപ്പുഴയിലും എൻഡിഎ, ബിജെപി സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ തള്ളി. കൊല്ലത്ത് കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ എൻഡിഎ സ്ഥാനാര്‍ത്ഥിയുടെ പത്രികയാണ് തള്ളിയത്.ഇരുമ്പനങ്ങാട് ഡിവിഷൻ സ്ഥാനാർത്ഥി ആർ.ടി.സുജിത്തിന്‍റെ പത്രികയാണ് തള്ളിയത്. സ്ഥാനാര്‍ത്ഥിയെ നിര്‍ദേശിച്ച് ഒപ്പിട്ടയാള്‍ ഡിവിഷന് പുറത്തു നിന്നുള്ളയാളായതാണ് കാരണം. തൃശൂരിൽ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിൽ ബിജെപി സ്ഥാനാര്‍ത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളി.
കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞുവീണു. അഞ്ചരക്കണ്ടി കുറ്റിക്കര സ്വദേശി വലിയവീട്ടിൽ രാമചന്ദ്രൻ (53) ആണ് കുഴഞ്ഞു വീണത്. എസ്ഐആർ ക്യാമ്പിന് ശേഷം വീട്ടിലേക്ക് മടങ്ങി പോകുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ജോലിസമ്മർദമാണ് കുഴഞ്ഞ് വീണതിന് കാരണമെന്ന് കുടുംബം ആരോപിച്ചു. രാമചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ ഡിഡിഇ ഓഫീസിലെ ക്ലർക്കാണ് രാമചന്ദ്രൻ. ബൂത്ത് ലെവൽ ഓഫീസർമാർ കഠിനമായ ജോലി സമ്മർദ്ദമാണ് അനുഭവിക്കുന്നതെന്ന ആരോപണങ്ങളാണ് ഉയരുന്നത്.
കേരള കോൺഗ്രസ് എം നേതാവ് സ്റ്റീഫൻ ജോർജ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കടുത്തുരുത്തിയിൽ കാർ നിർത്തി ഇറങ്ങുമ്പോൾ പിന്നാലെയെത്തിയ സ്വകാര്യ ബസ് കാറിലിടിക്കുകയായിരുന്നു. സ്റ്റീഫൻ ജോർജ് കാറിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കണ്ണൂരിൽ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുകയാണെന്നും ആന്തൂരിൽ അഞ്ചാം പീടിക വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ ലിവ്യയെ സിപിഎം തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ സ്ഥിതി പോലുമുണ്ടായെന്നും ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ് ആരോപിച്ചു. ആന്തൂരിൽ ഭീഷണി കാരണം രണ്ട് ഡിവിഷനുകളിൽ നാമനിർദ്ദേശ പത്രിക നൽകാൻ യുഡിഎഫിന് കഴിഞ്ഞില്ല. മറ്റ് പലയിടത്തും സിപിഎം, സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തിയെന്നും സ്ഥാനാർത്ഥികളെ പിന്തുണച്ച നാലുപേരെയും ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന തുടരുമ്പോൾ യുഡിഎഫിന് തിരിച്ചടി. കൽപ്പറ്റ നഗരസഭയിൽ യുഡിഎഫിന്റെ ചെയർമാൻ സ്ഥാനാർത്ഥിയാകേണ്ടിയിരുന്ന രവീന്ദ്രന്റെ പത്രിക തള്ളി. 23-ാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി കെ.ജി രവീന്ദ്രന്റെ പത്രികയാണ് തള്ളിയത്. പിഴ അടക്കാത്തതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പത്രിക തള്ളിയത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ആലപ്പുഴ നഗരസഭയിൽ ബിജെപിക്ക് തിരിച്ചടി. ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളുകയായിരുന്നു. വാടയ്ക്കൽ വാർഡിലെ ബിജെപി സ്ഥാനാർത്ഥി കെകെ പൊന്നപ്പൻ്റെ പത്രികയാണ് തള്ളിയത്. മുൻപ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതിൻ്റെ കണക്കുകളും രേഖകളും ഹാജരാക്കാതിരുന്നതിനാലാണ് പത്രിക തള്ളിയത്. ഇവിടെ ബിജെപിക്ക് ഡമ്മി സ്ഥാനാർത്ഥികളില്ല.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചിത്രം തെളിയുന്നു. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ, കണ്ണൂരിൽ വോട്ടിടും മുമ്പ് ഇടതിന് മേൽക്കെ. 9 ഇടത്ത് എൽഡിഎഫിന് എതിരാളികളില്ല. മലപ്പട്ടം ഗ്രാമപഞ്ചായത്തിൽ രണ്ട് സ്ഥാനാർത്ഥികൾക്ക് എതിരില്ല. 12 ആം വാർഡിലെ ഇടത് സ്ഥാനാർത്ഥി ഷിഗിനക്കെതിരായ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളി. പഞ്ചായത്തിലെ മറ്റ് രണ്ടുവാർഡുകളിലെ ഇടത് സ്ഥാനാർത്ഥികൾക്കും എതിരാളികളില്ലായിരുന്നു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പോത്തൻകോട് ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ ട്രാൻസ് വുമൺ അമേയ പ്രസാദിന് വനിതാ സംവരണ സീറ്റിൽ മൽസരിക്കാമെന്ന് സ്ഥിരീകരണം. രേഖകൾ പ്രകാരം വനിതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമേയയുടെ നാമനിർദേശ പത്രിക അംഗീകരിച്ചത്. ട്രാൻസ് വുമണായ അമേയയുടെ വോട്ടർപട്ടികയിൽ ട്രാൻസ്ജെൻ്റർ എന്ന് രേഖപ്പെടുത്തിയതാണ് ആശങ്കയുണ്ടാക്കിയത്.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാര്‍ ഡിവിഷനിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ട്രാൻസ്‍ വുമണ്‍ അരുണിമ എം കുറുപ്പിന്‍റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചു. സൂക്ഷ്മപരിശോധനയിൽ അരുണിമയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. ഇതോടെ അരുണിമയ്ക്ക് മത്സരിക്കാം. വോട്ടർ ഐഡി ഉൾപ്പടെയുള്ള അരുണിമയുടെ രേഖകളിൽ സ്ത്രീ എന്നാണ് രേഖപ്പെടുത്തിയത്. അതുകൊണ്ട് സ്ത്രീ സംവരണ സീറ്റിൽ മത്സരിക്കുന്നതിന് തടസമില്ല.
തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേരില്ലെന്ന പരാതിയുമായി മുൻ കേന്ദ്ര തുറമുഖ വകുപ്പ് സെക്രട്ടറി കെ മോഹൻദാസ് ഐഎഎസ്. കഴിഞ്ഞ തവണ കൊട്ടാരക്കരയിൽ വോട്ട് ചെയ്ത തന്‍റെ പേര് ഇപ്പോൾ പട്ടികയിൽ ഇല്ലെന്നാണ് ഫേസ് ബുക് കുറിപ്പിൽ മോഹൻദാസ് പറഞ്ഞത്. ഓൺലൈൻ വഴി അപേക്ഷിച്ചിട്ടും പേര് ഇല്ലെന്നാണ് പരാതി. തനിക്ക് വോട്ടില്ലെങ്കിലും ഭാര്യാ സഹോദരൻ മന്ത്രി കെ ബി ഗണേഷ് കുമാറിന് രണ്ടിടത്ത് വോട്ടുണ്ടെന്ന വിമർശനവും പോസ്റ്റിലുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സൂക്ഷ്മ പരിശോധനയിൽ എറണാകുളത്ത് യുഡിഎഫിന് തിരിച്ചടി. ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോയി. നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എൽസി ജോർജിന്‍റെ പത്രികയാണ് തള്ളിപ്പോയത്. കടമക്കുടി ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു എൽസി. പത്രിക പൂരിപ്പിച്ചതിലെ പിഴവാണ് തള്ളാൻ കാരണം. ഇവിടെ കോൺഗ്രസിന് ഡെമ്മി സ്ഥാനാർത്ഥിയും ഉണ്ടായിരുന്നില്ല. ഫലത്തിൽ കടമക്കുടി ഡിവിഷനിൽ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലാകും.
വിവാരാവകാശ അപേക്ഷകളില്‍ വിവരം നൽകാതിരിക്കുകയോ, വിവരം നൽകുന്നതിൽ കാല താമസം നേരിടുകയോ, തെറ്റായ വിവരം നൽകുകയോ ചെയ്യുന്നത് വിവരാവകാശ നിയമത്തിൻ്റെ ലംഘനമാണെന്നും ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ. ദേശീയ സമ്പാദ്യ പദ്ധതി കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സംസ്ഥാന വിവരാവകാശ കമ്മിഷൻ ഹിയറിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂര്‍ രാഗം തീയറ്റര്‍ നടത്തിപ്പുകാരന്‍ സുനിലിനെ ആക്രമിച്ച സംഭവത്തിലെ അന്വേഷണത്തിൽ വഴിത്തിരിവ്. ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് പ്രവാസി വ്യവസായിയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതികള്‍ സഞ്ചരിച്ച കാറിനെപ്പറ്റി പൊലീസിന് നിര്‍ണായക വിവരം ലഭിച്ചു. പ്രവാസി വ്യവസായിയുടെ വിശ്വസ്തന്‍റെ കാറാണിതെന്നാണ് പൊലീസ് തിരിച്ചറിഞ്ഞത്. സുനിലും പ്രവാസി വ്യവസായിയും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ തര്‍ക്കമാണ് ക്വട്ടേഷന്‍ നല്‍കുന്നതിന് ഇടയാക്കിയതെന്നാണ് പൊലീസിന്‍റെ നിഗമനം.
എസ്ഐആര്‍ സമയക്രമം മാറ്റില്ലെന്നും ഡിസംബര്‍ 9 ന് തന്നെ കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍. അതേ സമയം തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച യോഗത്തിൽ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം നീട്ടണമെന്നാവശ്യം ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ബിഎൽഒ അനീഷ് ജോര്‍ജ്ജിന്‍റെ മരണത്തിന് കാരണം ജോലി സമ്മര്‍ദ്ദമെന്ന സിപിഎം ആരോപിച്ചപ്പോള്‍ പാര്‍ട്ടി ഗ്രാമങ്ങളിലെ ബിഎൽഒമാര്‍ക്ക് സുരക്ഷയൊരുക്കണമെന്ന് ബിജെപി യോഗത്തില്‍ ആവശ്യപ്പെട്ടു.
മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ കുളിമുറിയില്‍ വഴുതി വീണു. വീഴ്ചയെ തുടർന്ന്. കാലിന്‍റെ അസ്ഥിക്ക് ഒടിവുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി ജി സുധാകരനെ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓപ്പറേഷനും തുടർചികിത്സയും ഉള്ളതിനാൽ രണ്ട് മാസം പൂർണവിശ്രമത്തിന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂറിൽ മാത്രം ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പിവി അൻവറിന്‍റെ വീട്ടിലെയും സ്ഥാപനങ്ങളിലേയും റെയ്ഡുമായി ബന്ധപ്പെട്ട് വിശദമായ വാർത്താക്കുറിപ്പുമായി ഇഡി. 22.3 കോടിയുടെ ലോൺ ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടന്നതെന്നും ഒരേ പ്രോപ്പർട്ടി ഈടുവെച്ച് ചുരുങ്ങിയ കാലയളവിനുളളിൽ വിവിധ ലോണുകൾ കെഎഫ്സി വഴി തരപ്പെടുത്തിയെന്നും ഇഡി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. ഇന്നലെയാണ് അൻവറിൻ്റെ മലപ്പുറത്തെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയത്.
വിവാഹ ദിനത്തിൽ അപ്രതീക്ഷിതമായി വന്ന അപകടത്തിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ആവണിയുടെ ശസ്ത്രക്രിയ പൂർത്തിയായി. വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം മേധാവി ഡോ.സുധീഷ് കരുണാകരൻ്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ വിജയമെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ (എസ്ഐആർ) ജോലി സമ്മർദത്തിനിടെ ഒരു മരണം കൂടി. പശ്ചിമ ബംഗാളിലെ നാദിയയിൽ ബൂത്ത് ലെവൽ ഓഫീസറായി ജോലി ചെയ്തിരുന്ന 54കാരിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാമി വിവേകാനന്ദ സ്കൂളിലെ അധ്യാപികയായ റിങ്കു തരഫ്ദാറിനെ കൃഷ്ണനഗറിലെ അവരുടെ വസതിയിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എസ്ഐആർ ജോലി തുടങ്ങിയതോടെ റിങ്കു കടുത്ത സമ്മർദത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു.
ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിൽ ഒരു സ്കൂൾ പ്രിൻസിപ്പൽ 9-ാം ക്ലാസ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നതായി പരാതി. പിൽഖുവയിലെ വിഐപി ഇന്‍റർ കോളേജിലാണ് സംഭവം നടന്നത്. പ്രിൻസിപ്പൽ 9-ാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് നേരെ കൈ ചൂണ്ടിക്കൊണ്ട് ‘നിന്നെ ഞാൻ ക്കൊല്ലും’ എന്ന് ഭീഷണിപ്പെടുത്തുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വിദ്യാർത്ഥിനി ക്ലാസ് മുറിക്ക് പുറത്ത് നിൽക്കുമ്പോഴാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുണ്ട്. സംഭവത്തിന് പിന്നാലെ കുട്ടിയുടെ സുരക്ഷയെ കുറിച്ച് മാതാപിതാക്കൾ പോലീസില്‍ പരാതി നല്‍കി.
ഓസ്ട്രേലിയ- കാനഡ- ഇന്ത്യ കൂട്ടായ്മ പ്രഖ്യാപിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നു രാജ്യങ്ങളും ചേർന്നുള്ള സാങ്കേതിക സഹകരണ കൂട്ടായ്മയാണ് പ്രഖ്യാപിച്ചത്. ജി20 ഉച്ചകോടിക്കിടെ മൂന്നു നേതാക്കളും ചർച്ച നടത്തി. ഇന്ത്യ- കാനഡ ബന്ധം മെച്ചപ്പെടുന്ന സാഹചര്യത്തിൽ കൂടിയാണ് പുതിയ പ്രഖ്യാപനം. മയക്കുമരുന്ന് ശൃംഘലയ്ക്കെതിരെ ജി20 ഒറ്റെക്കെട്ടായി നീങ്ങണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ജയ്ഷെ-മുഹമ്മദ് ഭീകരസംഘടനയിലെ ഓരാളെ കൂടി സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയും ജമ്മു കശ്മീരിലെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും ചേർന്ന് കസ്റ്റഡിയിലെടുത്തു. പുൽവാമയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന തുഫൈലാണ് പിടിയിലായത്. ശ്രീനഗർ സ്വദേശിയായ ഇയാളെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽനിന്നാണ് അന്വേഷണ സംഘം പിടികൂടിയത്.
പ്രശസ്ത പഞ്ചാബി ഗായകൻ ഹർമൻ സിദ്ധു (37) വാഹനാപകടത്തിൽ മരിച്ചു. പഞ്ചാബിലെ മൻസ ജില്ലയിൽവെച്ചായിരുന്നു അപകടം.
റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനായി യുഎസ് മുന്നോട്ടുവെച്ച കരാറിന് ബദല്‍ നിര്‍ദേശങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങളുമായി യുക്രൈന്‍. അമേരിക്കയുടെ മധ്യസ്ഥതയിലുള്ള സമാധാന ഉടമ്പടിയുടെ രൂപരേഖ അംഗീകരിക്കാന്‍ യുഎസ്. യുക്രൈന് ഒരാഴ്ചത്തെ സമയപരിധി നല്‍കിയിരുന്നു. പിന്നാലെ, റഷ്യയുടെ ചില കടുത്ത ആവശ്യങ്ങള്‍അംഗീകരിക്കുന്ന കരാറിന് ബദല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കാനുള്ള തീവ്രശ്രമത്തിലാണ് യുക്രൈനും യുറോപ്യന്‍ സഖ്യകക്ഷികളുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ.
