Untitled design 20250112 193040 0000 1

 

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അറസ്റ്റിലായതിന് പിന്നാലെ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പത്മകുമാറിന്റെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. പത്മകുമാറിൻ്റെ ആറന്മുളയിലെ വീടിനാണ് വൻ പൊലീസ് കാവൽ. വീട്ടിലേക്കുള്ള വഴികളെല്ലാം പൊലീസ് ബാരിക്കേഡ് വച്ച് അടച്ചു. വീടിനു പരിസരത്ത് പൊലീസ് കാവലും ഏർപ്പെടുത്തി. അറസ്റ്റിൽ പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന എ പത്മകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്.

 

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ എ പത്മകുമാറിൻ്റെ മൊഴി പുറത്ത്. ഉദ്യോഗസ്‌ഥരെയും എൻ വാസുവിനെയും കുറ്റപ്പെടുത്തി കൊണ്ടുള്ളതാണ് പത്മകുമാറിൻ്റെ മൊഴി. ഉദ്യോഗസ്ഥർ തന്ന രേഖപ്രകാരമാണ് നടപടിയെടുത്തതെന്ന് പത്‌മകുമാർ പറയുന്നു. പോറ്റിയുമായി ആറൻമുളയിലും ദേവസ്വം ബോർഡ് ആസ്ഥാനത്തും പത്മകുമാർ പലതവണ കൂടിക്കാഴ്ച നടത്തിയെന്നും എസ്ഐടി പറയുന്നു. അതേസമയം, പത്മകുമാറിനെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കൊണ്ടുപോയി. മാധ്യമങ്ങൾക്ക് മുന്നിൽ നിശബ്ദനായ പത്മകുമാർ ദൈവത്തെ പോലെ കണ്ടതാരെയാണെന്ന ചോദ്യത്തിന് ചിരിക്കുക മാത്രമാണ് ചെയ്തത്.

 

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാറിനെ റിമാൻ‍ഡ് ചെയ്തു. കൊല്ലം വിജിലൻസ് കോടതി ജഡ്ജിക്ക് മുൻപാകെ ഹാജരാക്കിയ പത്മകുമാറിനെ 14 ദിവസത്തേക്കാണ് റിമാൻ‍ഡ് ചെയ്തത്. പത്മകുമാറിനെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റും.

 

ശബരിമല സ്വർണ്ണ കൊള്ള അന്വേഷണത്തിൽ കർശന നടപടി ഉറപ്പാണെന്ന് സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. ആരാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കാൻ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും രാജു എബ്രഹാം വ്യക്തമാക്കി. ഇനി പാർട്ടി പ്രവർത്തകൻ ആണെങ്കിലും കർശന നടപടി ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളെയും തൂക്കി എടുത്ത് അകത്ത് ഇടാൻ ആണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ കർശന നടപടി ഉണ്ടാകുമെന്നും സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി വിവരിച്ചു.

 

ശബരിമല ശ്രീകോവിൽ കൊള്ളയടിച്ച സംഭവം സിപിഎം അറിഞ്ഞുകൊണ്ടാണ് നടന്നതെന്ന് തെളിയിക്കുന്നതാണ് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റ് എന്ന് .മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. ദേവസ്വം ബോർഡിന്റെ പേരിൽ സിപിഎം ശബരിമലയിൽ നിയോഗിച്ചത് ഒരു കൊള്ളസംഘത്തെയാണോ എന്ന് ചോദിച്ച അദ്ദേഹം ഉദ്യോഗസ്ഥതല തട്ടിപ്പ്..എന്ന് പറഞ്ഞ് ഈ വിഷയത്തിൽ നിന്ന് സിപിഎമ്മിന് ഇനിയും ഒഴിഞ്ഞുമാറാനാകില്ലെന്നും പറഞ്ഞു.

 

 

ശബരിമല സ്വർണ്ണ കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ സി പി എം ജില്ലാ കമ്മിറ്റി അംഗവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റുമായ എ പത്മകുമാറിനെ എസ് ഐ ടി അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. സി പി എം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര ആരംഭിച്ചെന്നാണ് വി ഡി സതീശൻ അഭിപ്രായപ്പെട്ടത്. കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി മാത്രമായിരുന്നു ഉത്തരവാദിയെങ്കിൽ എന്തുകൊണ്ട് ദേവസ്വം ബോർഡ് പോറ്റിക്കെതിരെ പരാതി നൽകിയില്ലെന്ന ചോദ്യവും അദ്ദേഹം ഉയർത്തി. ഇനി ചോദ്യം ചെയ്യേണ്ടത് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയാണെന്നും സതീശൻ അഭിപ്രായപ്പെട്ടു

 

ദേവസ്വം ബോർഡിന്റെ തീരുമാനങ്ങൾ സർക്കാരിൻ്റെ അറിവോടെയല്ലെന്നും സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോർഡുകളും സ്വതന്ത്രമായി പ്രവർത്തിക്കുന്നവയാണെന്നും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റിനെ കുറിച്ചും ശബരിമല വിഷയത്തെക്കുറിച്ചും പ്രതികരിക്കുകയായിരുന്നു കടകംപള്ളി സുരേന്ദ്രൻ.

 

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാറിന്‍റെ അറസ്റ്റ് പാർട്ടിക്ക് തിരിച്ചടിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എ പത്മകുമാറിന്‍റെ അറസ്റ്റിലൂടെ പാർട്ടി പ്രതിരോധത്തിലല്ലെന്നും അത് ഉൾപ്പെടെ എല്ലാം തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി ആരെയും സംരക്ഷിക്കില്ലെന്നും വേണ്ട സമയത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ശബരിമല സ്വര്‍ണ്ണക്കൊള്ളയിൽ മുൻ എംഎൽഎയും പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ പത്മകുമാറിൻ്റെ അറസ്റ്റോടെ സിപിഎം കടുത്ത പ്രതിരോധത്തിലായി. എ പത്മകുമാർ കുറ്റാരോപിതൻ മാത്രമാണെന്ന് സംസ്ഥാന സെക്രട്ടറി പറയുമ്പോഴും തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് വിശദീകരിക്കാൻ പാർട്ടി പാടുപെടും. പത്മകുമാറിൻ്റെ മൊഴികളും എസ്ഐടിയുടെ അടുത്ത നീക്കങ്ങളും സിപിഎമ്മിന് കൂടുതൽ കുരുക്കാകും.

 

എറണാകുളം ജില്ലാ കേന്ദ്രീകരിച്ച് നടത്തുന്ന നൂറ് കിലോ ചന്ദന വില്പന പിടികൂടി വനം വകുപ്പ്. ഇടുക്കി ഇരട്ടയാർ സ്വദേശികളിൽ നിന്നാണ് മേയ്ക്കപ്പാല ഫോറസ്റ്റ് റേഞ്ചിന്റെ നേതൃത്വത്തിൽ ചന്ദനം പിടിച്ചെടുത്തത്. രണ്ടു കാറുകളായി കടത്താൻ ശ്രമിച്ച ചന്ദനമാണ് ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. ഇടുക്കി സ്വദേശികളായ ശരൺ ശശി, നിഖിൽ സുരേഷ്, ഷാജി വിഎസ്, അനീഷ് മാത്യു, ചാർളി ജോസഫ് എന്നിവരെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്.

 

കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്തിലെ 13-ാം വാർഡ് സ്വതന്ത്ര സ്ഥാനാർത്ഥിക്ക് വധഭീഷണിയെന്ന് പരാതി. സ്ഥാനാർത്ഥിയായ നന്ദൻ ആപ്പുംകുഴി മേപ്പയൂരിനാണ് വധഭീഷണിയുണ്ടായത്. ഇതിനെ തുടർന്ന് സ്ഥാനാർത്ഥി പൊലീസിൽ പരാതി നൽകി. കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു നന്ദൻ ആപ്പുംകുഴി. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് ‌സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.

 

ദേവസ്വം മന്ത്രി രാജി വെയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. സിപിഎമ്മിന്റെ അറിവോടെയാണ് അഴിമതി നടന്നത്. ശക്തമായ സമരം സംഘടിപ്പിക്കും. പിണറായി വിജയൻ അറിയാതെ നടക്കില്ല. നടന്നത് രാഷ്ട്രീയ അഴിമതി തന്നെയാണ്. അമ്പലത്തിൽ നിന്നു സ്വർണം കട്ടവർ എന്തെല്ലാം അഴിമതി നടത്തിയിട്ടുണ്ടാകുമെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു. മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന എ പത്മകുമാറിൻ്റെ അറസ്റ്റിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിൻ്റെ പ്രതികരണം.

 

തിരുവനന്തപുരം നെടുമങ്ങാട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആനാട് സ്വദേശി കെ വി വിനയ (26) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. 40 ദിവസം കൊണ്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

 

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴക്ക് ശമനമുണ്ടെങ്കിലും നാളെമുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം സംസ്ഥാനത്ത് അടുത്ത 3 ദിവസങ്ങളിലും ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇത് പ്രകാരം നാളെ 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിധി പ്രസ്താവിക്കുന്ന ദിനത്തിൽ തീരുമാനമായില്ല. ഈ മാസം 25ന് വിചാരണക്കോടതി കേസ് വീണ്ടും പരിഗണിക്കും. അന്തിമ വാദം പൂർത്തിയാക്കിയ കേസിൽ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണമാണ് ഇപ്പോൾ നടക്കുന്നത്. സംശയ നിവാരണം കൂടിക്കഴിഞ്ഞാൽ കേസ് വിധി പറയുന്നതിനായി മാറ്റും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുക.

 

 

ഹൃദയം തുറക്കാതെയുള്ള അയോര്‍ട്ടിക് വാല്‍വ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ (TAVR) കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിജയകരമായി പൂര്‍ത്തിയാക്കി. പതിമൂന്നാമത്തെ തവണയാണ് TAVR ചികിത്സ മെഡിക്കല്‍ കോളേജില്‍ നടക്കുന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

 

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പുതിയ ബെഞ്ച് വിശദമായ വാദം കേൾക്കും. ജസ്റ്റിസ് അനിൽ നരേന്ദ്രൻ അധ്യക്ഷനായ ബെഞ്ച് ഹർജി ഫയലിൽ സ്വീകരിച്ചു. ഹർജിയിലെ എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹർജിൽ വാദം കേൾക്കുന്നതിൽ നിന്ന് രണ്ട് ഡിവിഷൻ ബെഞ്ചുകൾ നേരത്തെ പിന്മാറിയിരുന്നു.

 

കൊല്ലം ജില്ലയിലെ തങ്കശ്ശേരി ആൽത്തറമൂടിൽ വൻ തീപിടിത്തം. നാല് വീടുകൾക്ക് തീപിടിക്കുകയും ഇവ പൂർണ്ണമായും കത്തി നശിക്കുകയും ചെയ്തു. തീ മറ്റ് കെട്ടിടങ്ങളിലേക്ക് അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ഒരു ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ തീ ആളിക്കത്തുകയും സമീപത്തെ വീടുകളിലേക്ക് പടരുകയുമായിരുന്നു. സംഭവം അറിഞ്ഞ ഉടൻ തന്നെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണയ്ക്കാൻ തീവ്ര ശ്രമം തുടരുകയാണ്.

 

ദില്ലി കലാപക്കേസിൽ ഉമർ ഖാലിദ് അടക്കം പ്രതികളുടെ ജാമ്യപേക്ഷയിലെ വാദത്തിനിടെ കടുത്ത പരാമർശവുമായി ദില്ലി പൊലീസ്. ദില്ലി കലാപം കേന്ദ്ര ഭരണ മാറ്റം ലക്ഷ്യമിട്ട് ആയിരുന്നുവെന്ന് വാദിച്ച അഡീഷണൽ സോളിസിസ്റ്റർ ജനറൽ എസ് വി രാജു ചെങ്കോട്ട സ്ഫോടനവും പരാമർശിച്ചു. സർക്കാർ നൽകുന്ന സബ്സിഡി ഉപയോഗിച്ച് പഠിച്ച് ഡോക്ടറുമാരും ആക്ടീവിസ്റ്റുകളുമാകുന്നവർ നേരിട്ട് ആയുധമെടുക്കുന്ന ഭീകരരേക്കാൾ അപകടകാരികൾ ആകുന്നുവെന്നും കേന്ദ്ര സർക്കാർ ആഞ്ഞടിച്ചു.

 

 

ദില്ലിയിൽ മെട്രോ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത പത്താം ക്ലാസ് വിദ്യാർത്ഥി ഷൌര്യ പാട്ടിലിന്റെ മരണത്തിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയുടെ കൈവശമുണ്ടായിരുന്ന സ്കൂൾ ബാഗിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. അതിൽ ദില്ലിയിലെ ഒരു പ്രൈവറ്റ് സ്കൂളിൽ പഠിക്കുന്ന കുട്ടി സ്കൂളിൽ നിന്നും നേരിടുന്ന മാനസിക പീഡനത്തെ കുറിച്ച് എഴുതിയിരുന്നു. സ്കൂളിലെ പീഡനം കാരണമാണ് കടുംകൈ ചെയ്തതെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.അധ്യാപകർക്കെതിരെ നടപടി വേണമെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

 

ജമ്മു കശ്മീരിൽ നിന്നുള്ള ഏറ്റവും പഴയ ഇംഗ്ലീഷ് ഭാഷാ മാധ്യമങ്ങളിൽ ഒന്നായ കശ്മീർ ടൈംസിൻ്റെ ജമ്മുവിലെ ഓഫീസിൽ റെയ്‌ഡ്. ജമ്മു കശ്മീർ സ്റ്റേറ്റ് ഇൻവെസ്റ്റിഗേറ്റീവ് ഏജൻസിയാണ് പരിശോധന നടത്തുന്നത്. രാജ്യത്തിനെതിരെ അതൃപ്തി പരത്തുന്നെന്നും രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്നും ആരോപിച്ച് രജിസ്റ്റർ ചെയ്ത എഫ്ഐആറിൻ്റെ പേരിലാണ് റെയ്‌ഡ്.

 

ജെൻ സീ സംഘർഷത്തെ തുടർന്ന് നേപ്പാളിലെ ബാര ജില്ലയിൽ കർഫ്യൂ പ്രഖ്യാപിച്ചു. യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് (യുഎംഎൽ) പ്രവർത്തകരും ജെൻ സീ പ്രതിഷേധക്കാരും തമ്മിൽ പുതിയ സംഘർഷങ്ങൾ ഉടലെടുത്തതിനെ തുടർന്നാണ് നടപടി.

 

നവംബര്‍ 10-ന് ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മുസമ്മില്‍ ഗനായിയും ഷഹീന്‍ സയീദും ഉള്‍പ്പെടെ നാലുപേരെ കൂടുതല്‍ ചോദ്യംചെയ്യലിനായി കോടതി ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) കസ്റ്റഡിയില്‍ വിട്ടു. വ്യാഴാഴ്ച, പട്യാല ഹൗസ് കോടതിയാണ് ഇവരെ 10 ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്.

 

ഇന്ത്യൻ പൗരന്മാരല്ലെന്ന് ട്രൈബ്യൂണൽ വിധിച്ച അഞ്ച് പേരോട് ഉടൻ രാജ്യം വിടാൻ അസമിലെ സോണിത്പുർ ജില്ലാ ഭരണകൂടം നിർദേശം നൽകി. 1950-ലെ കുടിയേറ്റ (അസമിൽ നിന്നുള്ള പുറത്താക്കൽ) നിയമം നിലവിൽ വന്ന ശേഷം ആദ്യമായാണ് ഈ നിലയിൽ ഒരു ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം അഞ്ച് പേരും ഒരു വർഷമായി താമസമില്ലെന്നാണ് ഇവരുടെ അയൽവാസികൾ പൊലീസിനും അധികൃതർക്കും മൊഴി നൽകിയത്. ഇവർ ഒളിവിൽ പോയിരിക്കാമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

 

ബ്രിട്ടന്റെ തീര മേഖലകളിലേക്ക് എത്തി റഷ്യയുടെ കുപ്രസിദ്ധമായ ചാര കപ്പൽ. സാധാരണ കപ്പലെന്ന് റഷ്യ അവകാശപ്പെടുന്നതും ലോക രാജ്യങ്ങൾ ചാരക്കപ്പലെന്ന് വിളിക്കുകയും ചെയ്യുന്ന യാന്റർ ആണ് ബ്രിട്ടന്റെ തീരദേശത്ത് കറങ്ങി നടക്കുന്നത്. ഇതിന് പിന്നാലെ കനത്ത ആശങ്കയിലാണ് ബ്രിട്ടീഷ് പ്രതിരോധ മേധാവികൾ. ബ്രിട്ടൻ സമുദ്രത്തിൽ സ്ഥാപിച്ച കേബിളുകൾ യാന്റർ നിരീക്ഷിക്കുന്നുവെന്നാണ് ആശങ്ക.

 

 

സൗദി അറേബ്യയ്ക്ക് എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കാൻ പദ്ധതിയുണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏറ്റവും പുതിയ പ്രഖ്യാപനം ചര്‍ച്ചയാകുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായിട്ടാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. മാധ്യമപ്രവർത്തകരുടെ ചോ​ദ്യത്തിന് മറുപടിയായിട്ടായിരുന്നു ട്രംപിന്റെ പ്രതികരണം.

 

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രൂക്ഷമായ വിമര്‍ശനവുമായി സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്സ്. ഏകാധിപതികളായ ശതകോടീശ്വരന്മാരെ അനുകൂലിക്കുകയും സാധാരണ മുസ്ലീങ്ങളെ വെറുക്കുകയും ചെയ്യുന്ന സമീപനമാണ് ട്രംപിന്റേത് എന്നായിരുന്നു സാന്‍ഡേഴ്സന്റെ വിമര്‍ശനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *