രാജ്യത്ത് ആദ്യമായി അതിദാരിദ്ര്യം തുടച്ചുനീക്കുന്ന സംസ്ഥാനമായി കേരളം മാറുന്നു. 64,006 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകിയ ഈ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നവംബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാജ്യത്ത് ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനം എന്ന നേട്ടത്തിനൊപ്പം ചൈനയ്ക്ക് ശേഷം ലോകത്ത് ഈ ലക്ഷ്യം കൈവരിച്ച രണ്ടാമത്തെ പ്രദേശമാവാനും കേരളത്തിന് കഴിഞ്ഞു.
പിഎം ശ്രീ പദ്ധതിയിൽ ചേരാനുള്ള തീരുമാനത്തിൽ മന്ത്രിസഭാ യോഗത്തിൽ എതിർപ്പ് ഉയർത്തി സിപിഐ. കെ രാജൻ പാർട്ടിയുടെ ആശങ്ക അറിയിച്ചെങ്കിലും മുഖ്യമന്ത്രിയോ വിദ്യാഭ്യാസമന്ത്രിയോ മറുപടി നൽകിയില്ല. ഫണ്ട് വാങ്ങിയാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്ന ശിവൻകുട്ടിയുടെ വാദം ബിനോയ് വിശ്വം തള്ളി. പദ്ധതിയെ ചൊല്ലി കോൺഗ്രസ്സിൽ രണ്ട് അഭിപ്രായമാണ്.
പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന ഐ.എം.ഡി. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി നാളെ രാവിലെ ഒമ്പത് മുതല്‍ വെള്ളം തുറന്നുവിടുന്നതാണെന്ന് പീച്ചി ഹെഡ് വര്‍ക്ക്സ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്റ്റർ ഇറങ്ങിയ സ്ഥലത്തെ കോൺക്രീറ്റ് തറ താഴ്ന്നുപോയ സംഭവത്തിൽ പ്രതികരിച്ച് ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ. ഹെലികോപ്റ്റർ തള്ളിയ സംഭവം വലിയ വിവാദമാകുമ്പോഴാണ് കളക്ടറിന്‍റെ പ്രതികരണം. ഉണ്ടായത് അര ഇഞ്ചിന്‍റെ താഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു.സുരക്ഷാ പ്രശ്നമുണ്ടായിരുന്നുവെങ്കിൽ ഇവിടെ നിന്ന് തന്നെ ഹെലികോപ്റ്റർ ടേക്ക് ഓഫ് ചെയ്യില്ലായിരുന്നുവെന്നും കളക്ടര്‍ വ്യക്തമാക്കി.
രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച പറ്റിയെന്ന് ആന്റോ ആന്റണി എംപി. പ്ലാൻ ബിയെ കുറിച്ച് ഫലപ്രദമായി ആലോചിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺക്രീറ്റ് ഉണങ്ങാനുള്ള സമയം കിട്ടാത്തതാണ് ഹെലികോപ്റ്റർ താഴാൻ കാരണം. രാഷ്ട്രപതിയെത്തും മുൻപ് മൈതാനത്തേക്ക് തെരുവുനായ ഓടിക്കയറിയിരുന്നു. രാഷ്ട്രപതി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്നും എംപി പറഞ്ഞു.
ആശ പ്രവര്‍ത്തകരുടെ ക്ലിഫ് ഹൗസ് മാര്‍ച്ചിന് നേരെ ഉണ്ടായ പൊലീസ് നടപടി ജനാധിപത്യ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജനാധിപത്യ വിരുദ്ധ മാര്‍ഗങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയാറാകുകയും വേണം. വേതന വര്‍ധനവ് ആവശ്യപ്പെട്ടുള്ള സമരം കേരളത്തില്‍ ഇതാദ്യമല്ല. എന്നാല്‍, ആശാ പ്രവര്‍ത്തകരെ ശത്രുക്കളെ പോലെയാണ് സര്‍ക്കാര്‍ നേരിടുന്നതെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഡിഫൻസ് റിസേർച്ച് & ഡവലപ്പ്മെന്റ് ഓർഗനൈസേഷൻ / നേവൽ ഫിസിക്കൽ & ഓഷ്യനോഗ്രാഫിക് ലബോറട്ടറിക്ക് ഭൂമി പതിച്ച് നൽകാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഡിആർഡിഒ പ്രൊജക്ട് ഡയറക്ടര്‍ ആവശ്യപ്പെട്ട പ്രകാരമാണ് തീരുമാനം. തിരുവനന്തപുരം പൂവാർ വില്ലേജിലും സമുദ്രതീര പുറമ്പോക്കിലും ഉൾപ്പെട്ട 2.7 ഏക്കർ ഭൂമിയാണ് പതിച്ചുനൽകുന്നത്.
കെപിസിസി പുനഃസംഘടനയിൽ ഇടഞ്ഞ ചാണ്ടി ഉമ്മന്‍ എംഎല്‍എക്കും ഷമ മുഹമ്മദിനും എഐസിസിയില്‍ പുതിയ പദവി. ടാലന്‍റ് ഹണ്ട് കോര്‍ഡിനേറ്റര്‍മാരായി ഇരുവരെയും നിയമിച്ചിരിക്കുന്നത്. മേഘാലയുടെയും അരുണാചൽ പ്രദേശിൻ്റെയും ചുമതലയാണ് ചാണ്ടി ഉമ്മന് നല്‍കിയിരിക്കുന്നത്. ഷമ മുഹമ്മദിന് ഗോവയുടെയും ചുമതല നല്‍കി.
ശബരിമല ദർശനത്തിനിടെയുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പൂജപ്പുര സെൻട്രൽ ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അനീഷ്.എ.ആർ ഇനി 8 പേരിലൂടെ ജീവിക്കും. അനീഷിന്റെ ഹൃദയം ഉള്‍പ്പെടെ 9 അവയവങ്ങള്‍ ദാനം ചെയ്തു. മസ്തിഷ്‌ക മരണത്തെ തുടർന്ന് ഹൃദയം, കരൾ, വൃക്കകൾ, നേത്രപടലങ്ങൾ എന്നിവ ഉൾപ്പെടെ അവയവ ദാനത്തിലൂടെ ആളുകൾക്ക് പുതുജീവൻ നൽകിയാണ് അനീഷ് യാത്രയായത്.
ഗുരുവായൂരില്‍ വ്യാപാരി ആത്മഹത്യ ചെയ്യാനിടയായത് കൊള്ള പലിശക്കാരുടെ ഭീഷണി മൂലമാണെന്ന് പരാതി. ഗുരുവായൂര്‍ നഗരസഭയുടെ മഞ്ജുളാല്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ കച്ചവടം നടത്തിയിരുന്ന കര്‍ണംകോട്ട് ബസാര്‍ മേക്കണ്‌ഠനകത്തു മുസ്‌തഫ (മുത്തു)യാണ് മരിച്ചത്. ഒക്ടോബർ പത്തിന് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുസ്‌തഫയുടെ മരണത്തിൽ സഹോദരന്‍ ഹക്കീമാണ് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസില്‍ പരാതി നല്‍കിയത്.
പത്തനംതിട്ട ജില്ലയിലെ പരുമല പള്ളി തിരുനാൾ ദിനമായ നവംബർ മൂന്നിന് തിങ്കളാഴ്ച ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ ഉത്തരവായി. പൊതുപരീക്ഷകൾക്ക് ഉത്തരവ് ബാധകമല്ല.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് (കാസ്‌പ്) 250 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. രണ്ടാം പിണറായി സർക്കാർ 4618 കോടിയോളം രൂപ കാസ്‌പിനായി ലഭ്യമാക്കി. ഒരു കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാസ്‌പിൽ ദരിദ്രരും ദുർബലരുമായ 41.99 ലക്ഷം കുടുംബങ്ങൾക്കാണ് സൗജന്യ ചികിത്സ ഉറപ്പാക്കുന്നത്.
പാലക്കാട് അട്ടപ്പാടിയിൽ കർഷകനായ കൃഷ്ണ സ്വാമി ആത്മഹത്യ ചെയ്തതിൽ വില്ലേജ് ഓഫീസറുടെ ഭാഗത്ത് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോർട്ട്. അട്ടപ്പാടി ലാൻഡ് അക്വസിഷൻ ഡെപ്യൂട്ടി കലക്ടർ എസ് ശ്രീജിത്ത് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകി. ഇന്ന് രേഖകളുമായി എത്താനാണ് കൃഷ്ണസ്വാമിയ്ക്ക് നിർദേശം നൽകിയിരുന്നത്. അതിനിടെയാണ് കൃഷ്ണസ്വാമി ആത്മഹത്യ ചെയ്തത്. കൃഷ്ണസ്വാമി നേരത്തെ നൽകിയ അപേക്ഷയിലും കൂടുതൽ അന്വേഷണം നടത്തുമെന്ന് ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.
എറണാകുളം പെരുമ്പാവൂരിൽ ടണലിൽ കുടുങ്ങി ഇതരസംസ്ഥാനതൊഴിലാളിക്ക് ദാരുണാന്ത്യം. പെരുമ്പാവൂർ ഓടയ്ക്കാലിയിലെ റൈസ്കോ കമ്പനിയിൽ ആണ് അപകടം. ബിഹാര്‍ സ്വദേശിയായ രവി കിഷൻ എന്നയാളാണ് മരിച്ചത്. ചാരം പുറന്തള്ളുന്നതിനുള്ള ടണലിൽ കാൽവഴുതി വീഴുകയായിരുന്നു രവി കിഷൻ. ഒരാഴ്ച മുമ്പാണ് രവി കിഷൻ റൈസ്കോയില്‍ ജോലിയില്‍ ചേര്‍ന്നത്.
തന്റെ ചിത്രവും പേരും ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ അശ്ലീലവും ക്രിമിനൽ സ്വഭാവമുള്ളതുമായ പോസ്റ്റുകൾ പ്രചരിക്കുന്നുവെന്ന് മുൻ മന്ത്രിയും മുതിർന്ന സി.പി.എം. നേതാവുമായ ജി. സുധാകരൻ. ഫേസ്ബുക്കിലൂടെ ജി സുധാകരൻ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. “സ. പിണറായി വിജയന് ജി. സുധാകരൻ അയച്ച കവിത വൈറലാകുന്നു” എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പ്രചരിക്കുന്നത്.ഇത്തരം പ്രചാരണങ്ങൾ ഗുരുതരമായ സൈബർ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സൈബർ പോലീസ് ഈ വിഷയത്തിൽ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടു.
വനത്തിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ വിവാഹിതയായ യുവതിയെയും 19കാരനായ കാമുകനെയും രക്ഷിക്കാനായില്ല. ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയിലെ ഹുസൈൻപുർ സ്വദേശിയായ ആരതി, ഇവരുടെ കാമുകനായ 19 വയസുകാരൻ ലളിത് എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
കർണാടകയിൽ നേതൃമാറ്റം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെ, സിദ്ധരാമയ്യ രാഷ്ട്രീയ ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് മകൻ യതീന്ദ്ര സിദ്ധരാമയ്യ. രാഷ്ട്രീയ ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം സിദ്ധരാമയ്യ, മന്ത്രി സതീഷ് ജാർക്കിഹോളിയുടെ ഉപദേഷ്ടാവാകുമെന്നും യതീന്ദ്ര പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന അഭ്യൂഹം സിദ്ധരാമയ്യ തള്ളി.
ബെംഗളൂരുവിൽ നഗരപ്രാന്തത്തിൽ കൊൽക്കത്ത സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. വീട്ടിൽ അതിക്രമിച്ചു കയറിയ അഞ്ചംഗ സംഘത്തിലെ മൂന്നുപേരാണ് ബ്യൂട്ടി പാർലർ ജീവനക്കാരിയായ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. സംഘത്തിലെ രണ്ടു പേർ പിടിയിലായി. സംഭവത്തിന് പിന്നിൽ അയൽക്കാരിയായ ടീച്ചർ നൽകിയ ക്വട്ടേഷനാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
ലഡാക്കിലെ സംഘടനകളുമായി കേന്ദ്ര സർക്കർ ചർച്ച നടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നടന്ന ചർച്ചയിൽ കാർഗിൽ ഡെമോക്രാറ്റിക് അലയൻസ്, ലേ അപെക്സ് ബോഡി എന്നീ സംഘടനകളുമായാണ് ചർച്ച നടന്നത്. രണ്ട് സംഘടനകളുടെയും മൂന്ന് പ്രതിനിധികൾ വീതം ചർച്ചയിൽ പങ്കെടുത്തു. ലഡാക്ക് എംപിയും അഭിഭാഷകരും ചർച്ചയിൽ ഉണ്ടായിരുന്നു. ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നതും, ലഡാക്ക് നിവാസികൾകളെ സർക്കാർ ജോലിയിൽ നിയമിക്കണമെന്ന ആവശ്യങ്ങളാണ് സംഘടനകൾ ചർച്ചയിൽ ഉയർത്തിയത്.
പുതിയ ബിഎംഡബ്ല്യു കാറുകള്‍ക്കായി അഴിമതി വിരുദ്ധ സ്ഥാപനമായ ലോക്പാല്‍ ടെന്‍ഡര്‍ ക്ഷണിച്ച നടപടി വിവാദത്തില്‍. ഒക്ടോബർ 16 നാണ് അഴിമതി വിരുദ്ധ അതോറിറ്റി ഏഴ് ബിഎംഡബ്ല്യു കാറുകൾ വാങ്ങുന്നതിനായി ടെൻഡർ ക്ഷണിച്ചത്. പിന്നാലെ ലോക്പാലിനെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. എ.ഐ.സി.സി വക്താവ് ഡോ. ഷാമ മുഹമ്മദ് ബിജെപി സർക്കാരിനെയും പ്രധാനമന്ത്രി മോദിയെയും രൂക്ഷമായി വിമർശിച്ചു.
പാട്ടിന്റെ പകർപ്പവകാശ കേസിൽ സംഗീത സംവിധായകൻ ഇളയരാജയുടെ ആവശ്യം തള്ളി സോണി മ്യൂസിക്. പാട്ടുകളിലൂടെ കിട്ടിയ വരുമാനത്തിന്റെ കണക്ക് ഇളയരാജയ്ക്ക് നൽകാൻ ആകില്ലെന്ന് സോണി മ്യൂസിക് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ആപ്പിൾ മ്യൂസിക്, ആമസോൺ മ്യൂസിക്, സ്പോട്ടിഫൈ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ വരുമാനത്തിന്റെ കണക്ക് നൽകാണ് കഴിയില്ലെന്നാണ് സോണി മ്യൂസിക് മദ്രാസ് കോടതിയെ അറിയിച്ചത്. നിർമാതാക്കളിൽ നിന്ന് പ്രതിഫലം വാങ്ങി പാടിയ പാട്ടുകളിൽ പകർപ്പവകാശം തനിക്കാണെന്ന് ഇളയരാജ ആദ്യം തെളിയിക്കട്ടെ എന്നും സോണി മ്യൂസിക് പ്രതികരിച്ചു.
തമിഴ്നാട്ടിൽ മഴക്കെടുതിയിൽ രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തു. വീടിന്റെ ചുമരിടിഞ്ഞു വീണ് അമ്മയും മകളുമാണ് മരിച്ചത്. കടലൂരിലാണ് സംഭവം. അശ്വതി (69) മകൾ ജയ എന്നിവർ ആണ് മരിച്ചത്. തമിഴ്നാട്ടിൽ കനത്ത മഴ തുടരുകയാണ്. വടക്കൻ ജില്ലകളായ തിരുവള്ളൂരിലും റാണിപ്പെട്ടിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈ ഉൾപ്പടെയുള്ള ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
ഹലാൽ സർട്ടിഫൈഡ് ഉൽപ്പന്നങ്ങൾ വാങ്ങരുതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹലാൽ ഉൽപ്പന്നങ്ങളുടെ വിൽപന സംസ്ഥാനം നിരോധിച്ചിട്ടുണ്ടെന്നും അത്തരം ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന ലാഭം തീവ്രവാദത്തിന് ധനസഹായം നൽകുന്നതിനും നിർബന്ധിത മതപരിവർത്തനത്തിനും ലവ് ജിഹാദിനും ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
വേഗതയിൽ ലോകത്തെ ഞെട്ടിച്ച് ചൈന. ഏറ്റവും പുതിയ ബുള്ളറ്റ് ട്രെയിനായ CR450 ലോകത്തിലെ ഏറ്റവും വേഗതയേറിയ അതിവേഗ ട്രെയിൻ എന്ന റെക്കോർഡ് സ്വന്തമാക്കി. പരീക്ഷണ ഓട്ടത്തിൽ മണിക്കൂറിൽ 453 കിലോമീറ്റർ വേഗത കൈവരിച്ചു. ഷാങ്ഹായ്ക്കും ചെങ്ഡുവിനും ഇടയിലുള്ള 1965 കിമീ അതിവേഗ റെയിൽ റൂട്ടിലാണ് വേഗപരീക്ഷണം നടത്തുന്നത്.
ഐക്യരാഷ്ട്രസഭ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് സ്ത്രീകൾക്കായി ഭീകരവാദം പരിശീലിപ്പിക്കുന്നതിനായി ഓൺലൈൻ കോഴ്സ് ആരംഭിക്കുന്നുവെന്ന് റിപ്പോർട്ട്. ഫണ്ട് ശേഖരിക്കുന്നതിനും റിക്രൂട്ട്‌മെന്റ് നടത്തുന്നതിനുമായി ഗ്രൂപ്പ് തുഫത് അൽ-മുമിനത്ത് എന്ന പേരിൽ ഒരു ഓൺലൈൻ പരിശീലന കോഴ്‌സ് ആരംഭിക്കുന്നതായാണ് പുതിയ വാർത്ത. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം നടത്തിയെന്ന് ദക്ഷിണ കൊറിയ. അഞ്ച് മാസത്തിനിടെ ആദ്യമായാണ് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം നടത്തിയതെന്ന് ദക്ഷിണ കൊറിയ സൈന്യം വിവരിച്ചു. പ്യോങ്യാങിന് തെക്കുള്ള പ്രദേശത്ത് നിന്ന് ഒന്നിലധികം ഹ്രസ്വദൂര മിസൈലുകൾ വിക്ഷേപിച്ചതായും, ഇവ വടക്കുകിഴക്കൻ മേഖലയിലേക്ക് ഏകദേശം 350 കിലോമീറ്റർ ദൂരം സഞ്ചരിച്ചതായും സൈന്യം വ്യക്തമാക്കി.
കർണാടകയിലെ ആലന്ദ് നിയമസഭാ സീറ്റിൽ 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന വോട്ടർ പട്ടികയിലെ തട്ടിപ്പ് സംബന്ധിച്ച കേസിൽ ബിജെപി നേതാവുമായി ബന്ധമുള്ള സ്ഥലങ്ങളിൽ എസ്ഐടി റെയ്ഡ്. വോട്ടർമാരെ ഒഴിവാക്കുന്നതിനായി ഇലക്ഷൻ കമ്മീഷന് സമർപ്പിച്ച ഓരോ വ്യാജ അപേക്ഷയ്ക്കും ഡാറ്റാ സെന്റർ ഓപ്പറേറ്റർക്ക് 80 രൂപ നൽകിയിരുന്നതായി കർണാടക പോലീസ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
വഴിമുട്ടിയ ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ യാഥാര്‍ഥ്യത്തിലേക്ക് എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേലുള്ള നികുതി 15 മുതല്‍ 16 ശതമാനം ആക്കി കുറയ്ക്കുന്ന വ്യാപാര കരാറാണ് തയ്യാറാകുന്നതെന്നാണ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
