Untitled design 20250112 193040 0000

 

ശബരിമലയില്‍ ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബര്‍ 22-ന് കേരളത്തിലെത്തും. തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി എത്തുന്നത്. അന്ന് രാത്രി തന്നെ മലയിറങ്ങി തിരുവനന്തപുരത്ത് എത്തും. ഒക്ടോബര്‍ 22 മുതല്‍ 24 വരെ രാഷ്ട്രപതി കേരളത്തിലുണ്ടാകും.

പാലക്കാട് ജില്ലാ ആശുപത്രിയിൽ ഒൻപത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ ഡോക്ടർമാരുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. പെൺകുട്ടിക്ക് കൃത്യമായ ചികിത്സ ലഭിച്ചിരുന്നുവെന്നും സെപ്തംബർ 30 ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ കൈയിലെ രക്തയോട്ടം നിലച്ചിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. പാലക്കാട് ഡിഎംഒ നിയോഗിച്ച രണ്ട് ഡോക്ടർമാരാണ് സംഭവം അന്വേഷിച്ചത്.

ആദ്യമായി ദാഹസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മലയാളിയാണ് അടൂർ ഗോപാലകൃഷ്ണൻ. രണ്ട് ദശാബ്ദം മുൻപ് ഈ അവാർഡ് തനിക്ക് ലഭിക്കുമ്പോൾ ഇതുപോലെയുള്ള ആഘോഷങ്ങളോ, ജനങ്ങള്‍ മുഴുവന്‍ പങ്കെടുക്കുന്ന ആദരവ് പ്രകടിപ്പിക്കലുകളോ ഒന്നും ഉണ്ടായിരുന്നില്ലെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാര നേട്ടത്തിൽ സംസ്ഥാന സർക്കാരിന്റെ ആദരം ഇന്നലെ മോഹൻലാൽ ഏറ്റുവാങ്ങിയിരുന്നു .

മോഹൻലാലിന് ദേശീയ പുരസ്കാരം കിട്ടിയതിൽ സന്തോഷിക്കുന്നുണ്ടെന്നും ഇത്തരം കാര്യങ്ങളെ അഭിനന്ദിക്കുന്നത് നല്ലതുതന്നെയാണ് എന്നാൽ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി ചെയ്യുന്നു എന്ന് തോന്നിക്കുന്ന രീതിയില്ണ് ആ പരിപാടി സംഘടിപ്പിച്ചതെന്നും കെസി വേണുഗോപാൽ എം പി. മോഹൻലാലിന്റെ ചടങ്ങ് ആയതിനാൽ ഞങ്ങൾ അത് വിവാദമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംഘാടകരാണ് തീരുമാനിക്കേണ്ടത് മോഹൻലാലിനെ സംഘടിത താല്പര്യത്തിന് വേണ്ടി ഉപയോഗിക്കണോ വേണ്ടയോ എന്നുള്ളത് അത് സംഘാടകരുടെ കുഴപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവോണം ബമ്പർ അടിച്ച ഭാഗ്യശാലി എറണാകുളം നെട്ടൂര്‍ സ്വദേശിയായ സ്ത്രീ എന്ന് ഏജന്‍റ്. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പുകൾക്കെല്ലാം ഒടുവിൽ തിരുവോണം ബമ്പർ ഭാഗ്യശാലി 12 മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് ഏജന്‍റ് ലതീഷ് അറിയിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് അതിന് താല്പര്യമില്ലെന്ന വിവരമാണ് പുറത്തുവന്നത്.

എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി എന്നിവരെ ചേർത്ത് പിടിച്ചാണ് ലീഗ് മുന്നോട്ട് പോകുന്നതെന്നും ലീഗിന് കൊടുക്കുന്ന ഓരോ വോട്ടും ആർഎസ്എസിന് നൽകുന്നതിന് തുല്യമാണെന്നും ഡോ പി സരിൻ. മുസ്‌ലിം ലീഗ് സമം മുസ്‌ലിം എന്നാണ് പ്രചരിപ്പിക്കുന്നത് അതോടെ ബിജെപി സമം ഹിന്ദു എന്ന് ബിജെപിക്കാരും പ്രചരിപ്പിക്കുന്നു. ബിജെപിക്കാർക്ക് വളരാൻ ഉള്ള സാഹചര്യം ലീഗ് ഒരുക്കികൊടുക്കുകയാണ് ചെയ്യുന്നതെന്നും സരിൻ കുറ്റപ്പെടുത്തി.

യൂത്ത് കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനം അപ്രതീക്ഷിതമായി വന്ന ഒഴിവാണെന്നും ചർച്ചകൾ നടക്കുന്നുവെന്നും ഷാഫി പറമ്പിൽ എംപി. അധ്യക്ഷനെ തെരഞ്ഞെടുക്കാൻ വൈകുന്നത് യൂത്ത് കോൺഗ്രസ്‌ സമരങ്ങളെ ബാധിച്ചിട്ടില്ല. പ്രഖ്യാപനം ഏറെ വൈകാതെ ഉണ്ടാകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍റെ കാര്യത്തിൽ പെട്ടെന്ന് തന്നെ തീരുമാനമുണ്ടാകുമെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നുവെങ്കിലും ഇതുവരേയും തീരുമാനമായിട്ടില്ല.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധിയെന്ന് റിപ്പോർട്ട്. ബുധനാഴ്ച വരെ കാത്തിരിക്കുമെന്നും അതിനുള്ളിൽ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിലെ കുടിശ്ശിക ഭാഗികമായി എങ്കിലും തീർക്കണമെന്നും ഉപകരണ വിതരണക്കാർ പറയുന്നു. 10 കോടി രൂപ എങ്കിലും കുടിശ്ശിക തീർക്കണം. അല്ലെങ്കിൽ ബുധനാഴ്ചയ്ക്ക് ശേഷം സ്റ്റോക്ക് തിരിച്ചെടുക്കുമെന്നും വിതരണക്കാർ പറയുന്നു.

ദേവസ്വം ക്ഷേത്രങ്ങളിൽ ഗൂഢ സംഘങ്ങൾ വിളയാടുന്നുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം മുഖ മാസികയായ യോഗനാദം എഡിറ്റോറിയലിൽ ആണ് വെളളാപ്പള്ളി നടേശന്റെ വിമർശനം. സമ്പന്നരായ ഭക്തരിൽ നിന്ന് സൂത്രപ്പണികളിലൂടെ പണം തട്ടുന്നുവെന്നും ജീവനക്കാരും ഇടനിലക്കാരും ഉൾപ്പെട്ടതാണ് ഗൂഢസംഘങ്ങളെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങള്‍ വിജയ് മല്യയുടെ ഗ്രൂപ്പ് പൊതിഞ്ഞത് സ്വര്‍ണ തകിട് ഉപയോഗിച്ചാണെന്ന വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകൻ വേണു മാധവൻ. 1999ൽ ശില്പങ്ങളിൽ സ്വർണം പൊതിയുമ്പോൾ വേണു മാധവൻ സന്നിധാനത്തുണ്ടായിരുന്നു. ശില്പത്തിൽ യുബി ഗ്രൂപ്പ് സ്വർണം പൂശിയതെന്ന വാദം തെറ്റാണെന്നും വേണു മാധവൻ പറഞ്ഞു.

ശബരിമലയിലെ ദ്വാരപാലക സ്വര്‍ണപ്പാളി ബെംഗളൂരുവിലെ ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലും പ്രദര്‍ശിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ദാരുശിൽപ്പി നന്ദകുമാര്‍ ഇളവള്ളിയുടെ വെളിപ്പെടുത്തൽ. ശബരിമല തന്ത്രി ഇടപെട്ടതോടെയാണ് പ്രദര്‍ശനം നടക്കാതെ പോയത്. പ്രദർശിപ്പിക്കുന്നത് ആചാരലംഘനമാണെന്ന് തന്ത്രി അറിയിക്കുകയായിരുന്നു. ഈ സമയം താൻ ജാലഹള്ളിയിലുണ്ടായിരുന്നു എന്നും നന്ദകുമാര്‍ പറഞ്ഞു.

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിൽ സത്യസന്ധമായ അന്വേഷണം നടക്കണമെന്നും എല്ലാവരെയും ദേവസ്വം വിജിലന്‍സ് ചോദ്യം ചെയ്യട്ടെയെന്നും മുൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍ പറഞ്ഞു. താൻ ദേവസ്വം പ്രസിഡന്‍റായിരിക്കെ ശബരിമലയിലെ ഒരു തരി പൊന്നുപോലും പോയിട്ടില്ലെന്നും പോകാൻ അനുവദിച്ചിട്ടില്ലെന്നും ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും പത്മകുമാര്‍ പറഞ്ഞു.

ശബരിമലയിലെ ശ്രീകോവിലിന്‍റെ വാതിൽ നിര്‍മിച്ചത് ബെംഗളൂരുവിലാണെന്നും ഉണ്ണികൃഷ്ണൻ പോറ്റിയാണ് നേതൃത്വം നൽകിയതെന്നും ദാരുശിൽപ്പി നന്ദകുമാര്‍ ഇളവള്ളി. ബെംഗളൂരു സ്വദേശി അജികുമാർ ആണ് വാതിൽ പണിയുന്നതിനുള്ള ഒരു ലക്ഷം രൂപ സംഭാവനയായി നൽകിയത്. ബെംഗളൂരു ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ തന്ത്രിയാണ് വാതിൽ നിർമ്മാണം ആദ്യമായി ആവശ്യപ്പെടുന്നത്. അതിനുശേഷം ഉണ്ണികൃഷ്ണൻ പോറ്റി തന്നെ ബന്ധപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു

ശബരിമല സ്വർണ്ണപ്പാളി വിവാദം നാളെ മുതൽ നിയമസഭയിലും സർക്കാറിനെതിരെ ശക്തമായ ആയുധമാക്കാൻ പ്രതിപക്ഷം. വിശ്വാസ പ്രശ്നത്തിൽ സർക്കാറിനൊപ്പം നിന്ന വെള്ളാപ്പള്ളി നടേശനും യുഡിഎഫിനെയും ബിജെപിയെയും പോലെ വിവാദത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. ആഗോള അയ്യപ്പ സംഗമം വഴി വിശ്വാസ പ്രശ്നത്തിൽ സർക്കാറിനുണ്ടായ മേൽക്കൈ ആണ് പുതിയ വിവാദത്തിൽ നഷ്ടമാകുന്നത്.

കോൺഗ്രസും സി പി എമ്മും കേരളത്തിൽ നടത്തിവരുന്ന ക്ഷേത്രക്കൊള്ളകൾ അവസാനിപ്പിക്കാൻ സമയമായെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ പതിറ്റാണ്ടുകളായി ഭരണം കയ്യാളിപ്പോരുന്ന കോൺഗ്രസും സി പി എമ്മും കാലാകാലമായി ഇന്നാട്ടിലെ ദരിദ്രരിൽ നിന്നും സാധാരണക്കാരിൽ നിന്നും കർഷകരിൽ നിന്നും, വ്യാപാരികളിൽ ബിസിനസുകാരിൽ നിന്നുമെല്ലാം നിരന്തരം കൊള്ള നടത്തി വരികയാണ്. ക്ഷേത്രങ്ങളുടെ നിയന്ത്രണം സർക്കാരിൽ നിക്ഷിപ്തമാക്കി നിലനിർത്തുകയും ചെയ്യുന്നത് എന്തിനാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.

2024-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയിക്കാന്‍ നടനും സംവിധായകനുമായ പ്രകാശ് രാജിനെ ജൂറി ചെയര്‍മാനായി നിയമിച്ചു. സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവര്‍ പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍പേഴ്‌സണ്‍മാരാണ്. ഇരുവരും അന്തിമവിധി നിര്‍ണയ സമിതിയിലെ അംഗങ്ങളുമായിരിക്കും.

സി എം ആർ എൽ എക്സാലോജിക് ഇടപാടില്‍ വിജിലന്‍സ് അന്വേഷണ ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സുപ്രീംകോടതിയെ സമീപിച്ചു. അന്വേഷണ ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍ നൽകിയത്. ചീഫ് ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മുഖ്യമന്ത്രി ഉൾപ്പെടെ 7 പേർക്കെതിരെ നൽകിയ പരാതി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയതിനെ തുടർന്ന് മാത്യു കുഴൽനാടൻ എംഎല്‍എ ഹൈക്കോടതി സമീപിച്ചത്.

പത്തനംതിട്ട ജനറൽ ആശുപത്രിക്ക് എതിരെ ഗുരുതര ആരോപണവുമായി പേവിഷബാധതയെ തുടർന്ന് മരിച്ച വീട്ടമ്മയുടെ കുടുംബം. പ്രാഥമിക ശുശ്രൂഷ നൽകുന്നതിലും മുറിവുകളിൽ ക്യത്യമായി ഇമ്യൂണോഗ്ലോബുലിൻ കുത്തിവെയ്ക്കുന്നതിലും വീഴ്ച വന്നുവെന്നാണ് പരാതി. ശക്തമായ നിയമനടപടിക്ക് ഒരുങ്ങുകയാണ് മരിച്ച മണ്ണാറമല സ്വദേശി കൃഷ്ണമ്മ മോഹന്‍റെ കുടുംബം

49ാമത് വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു. ഇ സന്തോഷ് കുമാര്‍ ആണ് പുരസ്കാരത്തിന് അര്‍ഹനായിരിക്കുന്നത്. ‘തപോമയിയുടെ അച്ഛൻ’ എന്ന കൃതിക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് അവാര്‍ഡ്.

കെഎസ്ആർടിസി ബസിന്‍റെ മുൻവശത്ത് പ്ലാസ്റ്റിക് കുപ്പി കൂട്ടിയിട്ട സംഭവത്തിൽ പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർക്ക് സ്ഥലംമാറ്റം. ഡ്രൈവർ ജെയ്മോൻ ജോസഫിനെ പുതുക്കാടേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സംഭവം ശ്രദ്ധയിൽപെട്ട ബസ് തടഞ്ഞുനിർത്തി ഗതാഗതമന്ത്രി ജീവനക്കാരെ ശാസിച്ചിരുന്നു. വെഹിക്കിൾ സൂപ്പർവൈസറുടെ ചുമതലയുളള ഡ്രൈവറെയും സ്ഥലം മാറ്റിയിട്ടുണ്ട്.

കെ.എസ്.ആർ.ടി.സി ബസിനകത്ത് പ്ലാസ്റ്റിക് കുപ്പിയിട്ടാൽ നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ. ആരും ഫെയ്സ്ബുക്കിലും വാട്സാപ്പിലും എഴുതി മെനക്കെടേണ്ട ആവശ്യമില്ലെന്നും ഞാൻ മന്ത്രിയായിരിക്കുമെങ്കിൽ നടപടി എടുത്തിരിക്കുമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

കാസർകോട് കുമ്പളയിൽ ഡിവൈഎഫ്ഐ നേതാവായ അഡ്വ.രഞ്ജിത തൂങ്ങി മരിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. തിരുവല്ല സ്വദേശിയും കാസർകോട് അഭിഭാഷകനുമായ യുവാവാണ് പിടിയിലായത്. രഞ്ജിതയും കസ്റ്റഡിയിൽ ഉള്ള അഭിഭാഷകനും വർഷങ്ങളായി സുഹൃത്തുക്കളാണ്. സെപ്റ്റംബർ 30 ന് വൈകുന്നേരമാണ് അഡ്വ രഞ്ജിതയെ കുമ്പളയിലെ സ്വന്തം ഓഫീസ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്ടറെ അറസ്റ്റ് ചെയ്തു. മരിച്ച ഭൂരിഭാഗം കുട്ടികളെയും പരിശോധിച്ച ക്ലിനിക്കിലെ ഡോക്ടർ പ്രവീൺ സോണിയാണ് അറസ്റ്റിലായത്. മധ്യപ്രദേശിൽ മാത്രം 11 കുട്ടികളാണ് ഇതുവരെ മരിച്ചത്. ഡോ.പ്രവീൺ സോണി, മരണകാരിയായ കോൾഡ്രിഫ് സിറപ്പ് കുട്ടികൾക്ക് എഴുതി നൽകിയെന്നാണ് പൊലീസ് പറയുന്നത്. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീശൻ ഫാർമസ്യൂട്ടിക്കൽസാണ് കോൾഡ്രിഫ് സിറപ്പ് ഉൽപ്പാദിപ്പിച്ചത്.

ചുമയ്ക്കുള്ള സിറപ്പ് കഴിച്ച് നിരവധി കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹത അന്വേഷിക്കുന്നതിൻ്റെ ഭാഗമായി മരിച്ച രണ്ട് വയസ്സുകാരിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. മധ്യപ്രദേശിൽ ചിന്ത്വാരയിലാണ് മരുന്ന് കഴിച്ച് മരിച്ച കുട്ടിയുടെ മൃതദേഹമാണ് പോസ്റ്റ് മോ‌ർട്ടത്തിനായി പുറത്തെടുത്തത്. ചുമ സിറപ്പ് കഴിച്ച് ദിവസങ്ങൾക്കകം വൃക്കകൾക്ക് തകരാറ് സംഭവിച്ച് മരിച്ച കുട്ടികളിലൊരാളാണ് രണ്ട് വയസ്സുകാരി.

രാജസ്ഥാനിലെ ജയ്‌പൂരിൽ മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന ആറ് വയസുകാരൻ മരിച്ചു. ചുരു സ്വദേശിയായ അനസ് ആണ് മരിച്ചത്. ജയ്‌പൂരിലെ ജെകെ ലോൺ ഗവൺമെൻ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കുഞ്ഞിന് വീട്ടിൽ വച്ച് ചുമയ്ക്കുള്ള മരുന്ന് നൽകിയിരുന്നതായും ഇതാണോ മരണകാരണമെന്ന് സംശയിക്കുന്നുവെന്നും കുടുംബം പ്രതികരിച്ചു.

ദുർഗാ വിഗ്രഹ നിമഞ്ജന ഘോഷയാത്രയോടനുബന്ധിച്ച് ഹൈദരാബാദിലെ പള്ളികൾ വെള്ളത്തുണി ഉപയോഗിച്ച് മറച്ച് പള്ളി അധികൃതർ. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് നടപടിയെന്നാണ് വിശദീകരണം. സെപ്റ്റംബറിൽ ഹൈദരാബാദിലെ ഗണേശ വിഗ്രഹ നിമജ്ജനത്തിന് മുന്നോടിയായും പള്ളികൾ മൂടിയിരുന്നു.

ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ഒക്ടോബർ പത്തിന് ലഭിക്കുമെന്ന് അസം മുഖ്യമന്ത്രി. ഫലം വന്നതിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. ഗോസാമിയുടെ മൊഴി മാത്രമാണ് വിഷം നൽകിയേക്കാം എന്നത്. എന്നാൽ പൊലീസ് ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഉത്തർപ്രദേശിലെ ജോൻപൂരിൽ മതത്തിന്റെ പേരിൽ യുവതിക്ക് ചികിത്സ നിഷേധിച്ചെന്ന് ആരോപണം. ജില്ലാ ആശുപത്രിയിലെ ഡോക്ടർ പ്രസവം നടത്താൻ വിസമ്മതിച്ചുവെന്ന് യുവതിയും ഭർത്താവും ആരോപിച്ചു. ഷമ പർവീൻ എന്ന സ്ത്രീയാണ് ആരോപണവുമായി രംഗത്തെത്തിയത്. ഒക്ടോബർ രണ്ടിനാണ് സംഭവമെന്ന് പറയുന്നു. മുസ്ലീം രോഗികളെ ചികിത്സിക്കില്ലെന്ന് ഡോക്ടർ പറഞ്ഞതായി ഇവർ പറഞ്ഞു.

പാകിസ്ഥാനുമായുള്ള അതിർത്തിയോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളും ആരാധനാലയങ്ങളും സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, പൊതുമേഖലാ സ്ഥാപനത്തിൽനിന്ന് ആറ് ട്രക്ക് ഘടിപ്പിച്ച AK-630 സംവിധാനങ്ങൾ വാങ്ങാൻ ഇന്ത്യൻ സൈന്യം പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച് സൈന്യം പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ എ‌എൻ‌ഐ റിപ്പോർട്ട് ചെയ്തു.

ലഡാക്ക് വെടിവെപ്പിൽ ജുഡീഷ്യൻ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജയിലിൽ നിന്ന് സന്ദേശവുമായി സോനം വാങ് ചുക്ക്. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ താൻ ജയിലിൽ തുടരുമെന്ന് സോനം വ്യക്തമാക്കി. ഇന്നലെ സോനത്തെ അഭിഭാഷകനും സഹോദരനും ജയിലിൽ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സന്ദേശം പങ്കുവെച്ചത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടെ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കെഎപി അഞ്ചാം ബറ്റാലിയൻ കമാൻഡൻ്റ് എസ്‌ സുരേഷിനെയാണ് സസ്പെൻഡ് ചെയ്തത്. ഓഗസ്റ്റ് 21 ന് അമിത് ഷാ കൊച്ചി വിമാനത്താവളത്തിൽ എത്തിയ ദിവസമാണ് സുരക്ഷാ ചുമതല ഉണ്ടായിരുന്ന സുരേഷിനെ മദ്യപിച്ച നിലയിൽ കണ്ടെത്തിയത്.

വ്യോമാതിർത്തിയിൽ ബലൂണുകൾ പറക്കാൻ സാധ്യതയുണ്ടെന്നതിനെ തുടർന്ന് ലിത്വാനിയയിലെ വിൽനിയസ് വിമാനത്താവളത്തിൽ വ്യോമഗതാഗതം നിർത്തിവെച്ചു. ഇതേത്തുടർന്ന് വിമാനങ്ങൾ സമീപ രാജ്യങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായി വിമാനത്താവള അധികൃതർ ശനിയാഴ്ച രാത്രി വൈകി അറിയിച്ചു. അടുത്തിടെയായി യൂറോപ്പിലെ വ്യോമഗതാഗതം ഡ്രോണുകൾ, മറ്റ് വ്യോമ അതിക്രമങ്ങൾ എന്നിവ കാരണം ആവർത്തിച്ച് തടസപ്പെട്ടിരുന്നു.

ഗാസയിൽ ഹമാസിന്റെ തടവിലുള്ള എല്ലാ ബന്ദികളെയും വൈകാതെ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ട്രംപിന്റെ സമാധാന പദ്ധതി പ്രകാരം ബന്ദികളെ വിട്ടയക്കാൻ ഹമാസ് സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് പ്രസ്താവന. എന്നാൽ, ഹമാസിനെ സൈനികമായി നിരായുധീകരിക്കുമെന്നും ഗാസയെ ഭീഷണി ഇല്ലാത്ത മേഖലയാക്കുമെന്നും നെതന്യാഹു ആവർത്തിച്ചു.

ദീപാവലിക്ക് മുന്നോടിയായി, നിരോധിത പടക്കങ്ങൾക്കെതിരെ കാമ്പയിൻ ആരംഭിച്ച് ഡൽഹി ക്രൈംബ്രാഞ്ച്. ഇതിന്റെ ഭാഗമായുള്ള ഓപ്പറേഷനിൽ ദില്ലിയിൽ 1,645 കിലോഗ്രാം അനധികൃത പടക്കങ്ങൾ പിടിച്ചെടുത്തു. ദില്ലിയിലെ വിവിധ പ്രദേശങ്ങളിൽ ക്രൈംബ്രാഞ്ച് തുടർച്ചയായി റെയ്ഡുകൾ നടത്തിയതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സുപ്രീം കോടതി നിർദ്ദേശങ്ങൾ പാലിച്ചാണ് തെരച്ചിൽ നടത്തിയതെന്നും അവർ കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് നടപടികളില്‍ 17 പുതിയ പരിഷ്‌കാരങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. വരാനിരിക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ പുതിയ നടപടികള്‍ പ്രഖ്യാപിച്ചത്. ഭാവിയില്‍ രാജ്യവ്യാപകമായി നടപ്പാക്കാനുള്ളതാണ് ഈ പദ്ധതിയെന്നും കമ്മിഷന്‍ അറിയിച്ചു.

ഇന്ത്യയെന്ന വീടിന്റെ ഒരു മുറിയാണ് പാക് അധിനിവേശ കശ്മീർ എന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ആ മുറിയിൽ … അന്യരാണ് താമസിക്കുന്നതെന്നും ആ മുറി തിരിച്ചുപിടിക്കണമെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു. മധ്യപ്രദേശിലെ.സത്‌നയിൽ നടന്ന ഒരു പരിപാടിയിലാണ് ഭാഗവതിന്റെ ഇത്തരത്തിലുള്ള പരാമർശമുണ്ടായതെന്ന് വാർത്താ ഏജൻസിയായ എഎൻഐ… റിപ്പോർട്ട് ചെയ്തു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *