Untitled design 20250112 193040 0000 1

 

 

 

ശബരിമല ശ്രീ കോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം പൂശിയ പാളികൾ ഒക്ടോബർ 17 ന് പുനസ്ഥാപിക്കും. സ്വര്‍ണ്ണം പൂശിയ പാളി പുനസ്ഥാപിക്കാനായുള്ള ഹൈക്കോടതി അനുമതിയും താന്ത്രിക അനുമതിയും ലഭിച്ചതോടെയാണ് പാളികൾ പുനസ്ഥാപിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത്. അറ്റകുറ്റ പണികൾക്ക് ശേഷം സന്നിധാനത്ത് എത്തിച്ച സ്വർണ്ണം പൂശിയ പാളികൾ ശബരിമല സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോണ്‍ഗ്രസ് വേദിയിലെത്തി പാര്‍ട്ടി എംപിയും പ്രവര്‍ത്തക സമിതി അംഗവുമായ ശശി തരൂര്‍. പിണറായി സര്‍ക്കാരിനെതിരെ മഹിളാ കോണ്‍ഗ്രസ് കുറ്റപത്രം സമര്‍പ്പിക്കാൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പരിപാടിയിലാണ് തരൂര്‍ പങ്കെടുത്തത്. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയുടെ ക്ഷണപ്രകാരമാണ് തരൂര്‍ എത്തിയതെന്നാണ് വിവരം.കെപിസിസി പ്രസിഡന്‍റ്, പ്രതിപക്ഷ നേതാവ് തുടങ്ങിയ നേതാക്കള്‍ക്കൊപ്പമാണ് തരൂര്‍ വേദി പങ്കിട്ടത്.

 

സർക്കാറിൽ വിശ്വാസമുണ്ടെന്ന എൻഎസ്എസ് പ്രസ്താവന സ്വാഗതാർഹമെന്ന് ഇടത് മുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ. രാഷ്ട്രീയ നിലപാട് പറയാൻ എൻഎസ്എസിന് പ്രാപ്തിയുണ്ട്. സർക്കാറിന്‍റെ നല്ല പ്രവർത്തനങ്ങൾക്കുള്ള പിന്തുണയാണ് ജി സുകുമാരൻ നായർ നൽകിയത്. അത് രാഷ്ട്രീയ പിന്തുണയാണോ എന്ന് പറയേണ്ടത് എൻഎസ്എസ് ആണെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

 

ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതും സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള പുതിയ സംരംഭം ‘മുഖ്യമന്ത്രി എന്നോടൊപ്പം ‘ അഥവാ സി എം വിത്ത് മീ പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍.സിഎം വിത്ത് മീ എന്നാൽ സർക്കാർ അപ്പാടെ ഒപ്പം എന്നാണ് അർത്ഥം. പൊതുജനവും സർക്കാരും തമ്മിലുള്ള ആശയവിനിമയത്തിൽ വിടവുണ്ടാകാൻ പാടില്ല’ എന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

 

സംഘാടനം മോശമെന്നാരോപിച്ച് മോട്ടോര്‍ വാഹന വകുപ്പിന്‍റെ പരിപാടിയില്‍ നിന്ന് മന്ത്രി ഗണേഷ് കുമാര്‍ ഇറങ്ങിപ്പോയി. 52 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിക്കാതെയാണ് മന്ത്രി ചടങ്ങ് റദ്ദാക്കി ഇറങ്ങിപ്പോയത്. കനകക്കുന്നിലെ പരിപാടിയില്‍ പങ്കെടുത്തത് തന്‍റെ പാർട്ടിക്കാരും കുറച്ച് ഉദ്യോഗസ്ഥരും മാത്രമെന്നു പറഞ്ഞ മന്ത്രി സംഘാടകനായ എംവിഡി ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്നും പറഞ്ഞു.

 

സംസ്ഥാനത്ത് നാളെ (സെപ്റ്റംബര്‍ 30) ബിവറേജസ് ഔട്ട്ലെറ്റുകൾ പ്രവര്‍ത്തിക്കുക രാത്രി 7 മണി വരെ മാത്രം. അർദ്ധ വാർഷിക സ്റ്റോക്ക് ക്ലിയറൻസിനെ തുടര്‍ന്നാണ് ഔട്ട്ലെറ്റുകൾ നേരത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുക. ഒക്ടോബര്‍ 1 ഡ്രൈ ഡേ ആയതിനാലും ഒക്ടോബര്‍ 2 ഗാന്ധി ജയന്തിയായതിനാലും ഇനി ഒക്ടോബര്‍ 3-ാം തീയതി മാത്രമേ ബിവറേജസ് ഔട്ട്ലെറ്റുകൾ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളൂ.

 

സാമ്പത്തിക പ്രതിസന്ധിയിൽ നിയമസഭയിലെ അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. ധനകാര്യ മന്ത്രിയായതുകൊണ്ട് തന്‍റെ തറവാട്ട് കാര്യമായിട്ടാണോ ധനകാര്യത്തെ താൻ കാണുന്നതെന്ന ചോദ്യത്തോടെയാണ് കെഎൻ ബാലഗോപാൽ മറുപടി തുടങ്ങിയത്. നികുതിയേതര വരുമാനങ്ങള്‍ കൂടിയെന്നും അതുകൊണ്ടാണ് ഇപ്പോള്‍ പിടിച്ചു നിൽക്കാൻ കഴിയുന്നതെന്നും ട്രഷറി അടച്ചുപൂട്ടാതിരിക്കാനുള്ള ധന വിനിയോഗ മാനേജ്മെന്‍റ് ഞങ്ങൾ നടത്തുന്നുണ്ടെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു.

 

ഇനി മുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ക്ഷേത്രങ്ങളിൽ കൗണ്ടറുകൾക്ക് മുന്നിൽ ക്യൂ നിന്ന് രസീത് കൈപ്പറ്റി വഴിപാട് കഴിക്കുന്ന രീതി മാത്രമായിരിക്കില്ല ഉണ്ടാകുക. ഭക്തജനങ്ങൾക്ക് എല്ലാ വഴിപാടുകളും ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സംവിധാനമൊരുങ്ങുകയാണ്. ആദ്യപടിയായ കൗണ്ടർ ബില്ലിംഗ് മൊഡ്യൂളിന്റെ ഉദ്ഘാടനം കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നടന്നു. വഴിപാട് ബില്ലിംഗിന് പുറമേ ക്ഷേത്രങ്ങളുടെ ആസ്തി വിവരങ്ങളും സോഫ്റ്റ്‌വെയറിൽ ലഭ്യമാകും.

 

ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ അന്വേഷണം വേണമെന്ന ഹൈക്കോടതി ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് രാജിവയ്ക്കണമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. ഈ വിവാദം ദേവസ്വം ബോർഡിൻ്റെ വിശ്വാസ്യത പൂർണ്ണമായും നഷ്ടപ്പെടുത്തിയെന്നും വിഷയത്തിൽ വിശ്വാസികൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ദേവസ്വം മന്ത്രി മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

പലസ്തീന്റെ ജനാധിപത്യ അവകാശങ്ങൾ ഇസ്രയേൽ നിഷേധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം പലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശത്തിനൊപ്പമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയ ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുല്ല അബു ഷാവേസിനോടാണ് മുഖ്യമന്ത്രി ഐക്യദാർഢ്യം അറിയിച്ചത്.

 

അനധികൃത മത്സ്യബന്ധനം നടത്തിയ എട്ട് യാനങ്ങള്‍ ഫിഷറീസ് വകുപ്പ് കസ്റ്റഡിയിലെടുത്തു. 1,55,000 രൂപ പിഴയീടാക്കുകയും ചെയ്തു. മാര്‍ക്കറ്റുകളിലും തീരപ്രദേശങ്ങളിലും ചെറുമീനുകളുടെ അനധികൃത വില്‍പന വ്യാപകമാണെന്ന പരാതിയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ വിവിധ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് യാനങ്ങള്‍ പിടികൂടിയത്. നിയമാനുസൃതമല്ലാത്ത മത്സ്യബന്ധന ഉപകരണങ്ങള്‍ ഉപയോഗിക്കുകയും അനധികൃത മത്സ്യബന്ധനം നടത്തുകയും ചെയ്യുന്ന യാനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ നിർദേശം നൽകി.

 

അനധികൃത മീൻപിടുത്തത്തിനെതിരെ കോട്ടയം ജില്ലയിൽ ഫിഷറീസ് വകുപ്പ് പരിശോധനയും നടപടിയും കർശനമാക്കി. വേമ്പനാട് കായൽ, പുഴകൾ, തോടുകൾ, പാടശേഖരങ്ങൾ എന്നിവിടങ്ങളിൽ നിരോധിത മാർഗങ്ങളുപയോഗിച്ചുള്ള മീൻപിടിത്തം വ്യാപകമായതോടെയാണ് പരിശോധന. മത്സ്യബന്ധനത്തിനുപയോഗിച്ച വള്ളങ്ങൾ പിടിച്ചെടുക്കുകയും ആറ് പേരെ പിടികൂടുകയും ചെയ്തു. പിടിച്ചെടുത്ത മീൻ ലേലം ചെയ്ത് വിറ്റ് പണം സർക്കാരിലേക്ക് മുതൽകൂട്ടി.

 

എറണാകുളം തൃക്കാക്കരയില്‍ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം സ്കൂട്ടര്‍ മോഷ്ടിച്ച സംഭവത്തില്‍ രണ്ടു പ്രതികള്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശി അക്ഷയ്, പാലക്കാട് സ്വദേശി സതീശന്‍ എന്നിവരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ഇരുപത്തിരണ്ടാം തീയതിയാണ് യുവാവിനെ ഇരുവരും ചേര്‍ന്ന് ആക്രമിച്ചത്. ഒന്നാം പ്രതിയായ അക്ഷയ് കാപ്പാ കേസിലടക്കം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

 

കണ്ണൂർ ജില്ലയിലെ അയ്യൻകുന്നിൽ വനം വകുപ്പ് നടത്തിയ പരിശോധനയിൽ കടുവയുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് വനം-വന്യജീവി വകുപ്പ് കൊട്ടിയൂർ റേഞ്ച് ഓഫീസ് അധികൃതർ അറിയിച്ചു. കടുവയിറങ്ങിയെന്ന സംശയത്തിൽ അയ്യൻകുന്നിലും പരിസര പ്രദേശങ്ങളിലും വനം വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ നടത്തിയ വ്യാപക തിരച്ചിലിൽ തെളിവുകളൊന്നും ലഭിച്ചില്ല.

 

തിരുവനന്തപരും നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ തിരുമല അനിൽ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിന് മൊഴി നല്‍കി കൗൺസിലർ ഓഫിസിലെ ജീവനക്കാരി. ആത്‌മഹത്യയുടെ വക്കിലാണെന്ന് പല പ്രാവശ്യം അനിൽ പറഞ്ഞിട്ടുണ്ടെന്നാണ് ജീവനക്കാരിയായ സരിതയുടെ മൊഴി. ഇത് കൗൺസിലർമാരോടും പറഞ്ഞിട്ടുണ്ടെന്ന് സതിര പൊലീസിനോട് പറഞ്ഞു. കൗൺസിലറുടെ മരണം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനാണ് ഇവര്‍ മൊഴി നൽകിയത്.

 

ഷാർജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കി കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി. മുൻകൂർ ജാമ്യം റദ്ദാക്കിയതോടെ പ്രതി സതീഷ് ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരായി. കൊലപാതകത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും എഫ്ഐആറിൽ ചേർത്ത കൊലപാതക വകുപ്പുകൾ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ പ്രോസിക്യൂഷൻ ആത്മഹത്യ പ്രേരണയ്ക്കുള്ള വകുപ്പുകൾ ചേർക്കാത്തതിൽ കോടതി നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.

 

കരൂർ ദുരന്തത്തിനു പിന്നാലെ ചെന്നൈയിൽ രണ്ട് ടിവികെ പ്രവർത്തകർ അറസ്റ്റിൽ. സാമൂഹിക മാധ്യമ പോസ്റ്റുകളിലാണ് 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സഹായം, ശിവനേശൻ എന്നിവരാണ് അറസ്റ്റിലായത്. കരൂർ ദുരന്തത്തിനു പിന്നിൽ ഡിഎംകെ എന്നായിരുന്നു ഇവരുടെ പോസ്റ്റ്. ഇതിനെതിരെയാണ് നടപടി. അതേസമയം, ദുരന്തത്തിന് കാരണക്കാരെന്ന പേരിൽ ടിവികെ പ്രവർത്തകരെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലാണ് പൊലീസ്.

 

കരൂര്‍ ദുരന്തത്തിൽ ടിവികെ ഭാരവാഹികളെ അറസ്റ്റ് ചെയ്യാൻ ആലോചന. ബുസി ആനന്ദിനെയും നിർമൽ കുമാരിനെയും അറസ്റ്റ് ചെയ്യുന്നത് പരിഗണനയിലാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കരൂര്‍ ദുരന്തത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ എഫ്ഐആറിൽ ടിവികെ അധ്യക്ഷൻ വിജയ്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. വിജയ് മനപ്പൂര്‍വം റാലിക്കെത്താൻ നാലുമണിക്കൂര്‍ വൈകിയെന്നാണ് എഫ്ഐആറിലുള്ളത്. കരൂരിൽ അനുമതിയില്ലാതെയാണ് റോഡ്‍ ഷോ നടത്തിയതെന്നും എഫ്ഐആറിലുണ്ട്.

 

കർണാടകയിൽ വൻ മയക്കുമരുന്ന് വേട്ട. നാല് കിലോയോളം എംഡിഎംഎ ഉൾപ്പെടെ 10 കോടി രൂപയുടെ മയക്കുമരുന്നുമായി 7 പേരെ കർണാടക പൊലീസിന്റെ സിസിബി വിഭാഗം പിടികൂടി. ദില്ലിയിൽ നിന്നും മുംബൈയിൽ നിന്നും മയക്കുമരുന്നെത്തിച്ച് ബെംഗളൂരുവിൽ ടെക്കികൾക്കും വിദ്യാർത്ഥികൾക്കും ഇടയിൽ വിൽപന നടത്തുന്ന വൻ സംഘമാണ് ബെംഗളൂരുവിൽ പിടിയിലായത്.

 

ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയ ഹരിയാന മേവാത് സ്വദേശിയെ അറസ്റ്റ് ചെയ്തു. പൽവാൽ പൊലീസിൻ്റെ ക്രൈം ഇൻവസ്റ്റിഗേഷൻ ഏജൻസിയാണ് ഇയാളെ പിടികൂടിയത്. തൗഫീഖ് എന്നാണ് പിടിയിലായ വ്യക്തിയുടെ പേര്. മേവാത്തിനടുത്ത് ഹാത്തിൻ ബ്ലോക്കിലെ അലിമേവ് എന്ന ഗ്രാമത്തിലെ താമസക്കാരനാണ്. വിദേശ വിസ സേവനം നടത്തുന്നതിൻ്റെ മറവിലാണ് ഇയാൾ പാകിസ്ഥാന് വിവരങ്ങൾ കൈമാറിയതെന്നാണ് വിവരം.

 

പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദിൽ പാകിസ്ഥാൻ സർക്കാരിനെതിരെ പ്രതിഷേധം. പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലിൽ രണ്ട് പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാക് സൈന്യത്തിന്റെയും ഐഎസ്‌ഐ പിന്തുണയുള്ള മുസ്ലീം കോൺഫറൻസിന്റെയും പിന്തുണയുള്ള സായുധ ഗുണ്ടകൾ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തതായി റിപ്പോർട്ടുകൾ പുറത്തുവന്നു. മൗലികാവകാശ നിഷേധത്തിനെതിരെ അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മേഖലയിൽ പ്രതിഷേധങ്ങൾ അരങ്ങേറിയത്.

 

യുണൈറ്റഡ് സ്റ്റേറ്റ്സിന് പുറത്ത് നിർമ്മിക്കുന്ന എല്ലാ സിനിമകൾക്കും” 100% താരിഫ് ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. തിങ്കളാഴ്ച ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനൊരു സമയപരിധി ട്രംപ് പറഞ്ഞിട്ടില്ല. താരിഫ് എങ്ങനെ നടപ്പിലാക്കുമെന്നും വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഇതുവരെ ട്രംപ് ഉൽപ്പന്നങ്ങൾക്ക് മേൽ നടപ്പാക്കിയിരുന്ന അധിക നികുതി, ഇതോടെ സർവീസ് സെക്ടറിലേക്ക് കൂടി കടക്കും.

 

ഭരണ അട്ടിമറി നടന്നെങ്കിലും തങ്ങൾ ബംഗ്ലാദേശിൻ്റെ വഴിയിലല്ലെന്ന് വ്യക്തമാക്കി നേപ്പാൾ സർക്കാർ. ജനകീയ പ്രതിഷേധത്തെ തുടർന്ന് ഭരണ അട്ടിമറിക്ക് ശേഷം നേപ്പാളിൽ രൂപീകരിച്ച പുതിയ സർക്കാരിൻ്റെ പ്രതിനിധിയുടെ ഇന്ത്യാ സന്ദർശനമാണ് ഇന്ത്യയും നേപ്പാളും തമ്മിലുള്ള സൗഹൃദം തുടരുമെന്ന വ്യക്തമായ സൂചന നൽകുന്നത്. നേപ്പാളിൽ പുതിയ ഊർജ-ജലവിഭവ വകുപ്പ് മന്ത്രി കുൽമാൻ ഗിസിങാണ് ഇന്ത്യ സന്ദർശിക്കാൻ നിശ്ചയിച്ചിരിക്കുന്നത്.

 

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം ​ഗതാ​ഗതത്തിന് തുറന്ന് കൊടുത്ത് ചൈന. ഹുയാജിയാങ് ഗ്രാന്‍റ് കന്യോൻ എന്ന് പേരിട്ട പാലമാണ് കഴിഞ്ഞ ദിവസം തുറന്നത്. ഗുയിഷൗ പ്രവിശ്യയിൽ നദിക്കു കുറുകെയാണ് പാലം നിർമിച്ചത്. ഹുയാജിയാങ് ഗ്രാൻഡ് കന്യോനിലെ ഇരു വശത്തേക്കുമുള്ള യാത്രക്ക് മുമ്പ് രണ്ട് മണിക്കൂർ എടുത്തിരുന്നെങ്കിൽ പാലം തുറന്നതോടെ വെറും രണ്ട് മിനിറ്റായി കുറഞ്ഞു. പാലത്തിലൂടെ വാഹനങ്ങൾ കടന്നു പോകുന്ന ദൃശ്യങ്ങൾ ചൈനീസ് മാധ്യമങ്ങൾ വഴി പുറത്തുവന്നു.

 

ഗാസയിലെ വെടിനിർത്തൽ സാധ്യത അകലെയെന്ന് ഹമാസ്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അവതരിപ്പിച്ച പദ്ധതിയെ കുറിച്ച് അറിയില്ലെന്ന് ഹമാസ് വ്യക്തമാക്കി. ഇടക്കാല ഗാസ ഭരണത്തിന് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറിനെ അംഗീകരിക്കില്ലെന്നും ടോണി ബ്ലയർ വിചാരണ നേരിടേണ്ട ആളാണെന്നും ഹമാസ് അഭിപ്രായപ്പെടുന്നു. ഗാസയിൽ വെടിനിർത്തലിന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് 21 ഇന പദ്ധതി അവതരിപ്പിച്ചിരുന്നു. ഇതാണ് ഹമാസ് ഭാഗികമായി തള്ളുന്നത്.

 

അമേരിക്കയിൽ സർക്കാർ സർവീസിൽനിന്ന് കൂട്ടരാജിക്കൊരുങ്ങി ഉദ്യോഗസ്ഥർ. ചൊവ്വാഴ്ച ഒരുലക്ഷം പേർ വിവിധ വകുപ്പുകളിൽനിന്ന് രാജിവെക്കുമെന്നാണ് വിവരം. ചെലവു ചുരുക്കലിന്റെ ഭാഗമായി ട്രംപ് ഭരണകൂടം നടപ്പാക്കുന്ന സ്വയം വിരമിക്കൽ പദ്ധതിപ്രകാരമാണ് ഇത്. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടരാജിക്കാണ് കളമൊരുങ്ങുന്നത്.

 

ബുവലോയ് ചുഴലിക്കാറ്റ് കരതൊട്ടത്തിനുപിന്നാലെയുണ്ടായ അപകടങ്ങളില്‍ വിയറ്റ്‌നാമില്‍ എട്ടുമരണം. 17 പേരെ കാണാതായി. മത്സ്യബന്ധനത്തൊഴിലാളികളെയാണ് കാണാതായത്. ക്വാങ് ട്രി പ്രവിശ്യയില്‍ മത്സ്യബന്ധനത്തിനിടെ ഉയര്‍ന്ന തിരമാലകള്‍ ആഞ്ഞടിച്ചതിനെത്തുടര്‍ന്നാണ് രണ്ടുബോട്ടുകളിലുണ്ടായിരുന്ന 17 പേരെ കാണാതായത്. ചുഴലിക്കാറ്റിനിടെ മറ്റൊരു ബോട്ടുമായുള്ള ബന്ധം നഷ്ടപ്പെട്ടതായും സര്‍ക്കാരിന്റെ ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *