നെയ്യാറ്റിൻകര സബ് ആർ.ടി. ഓഫീസിൽ കൈക്കൂലി വാങ്ങി യോഗ്യതയില്ലാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് നൽകുന്നതടക്കം പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം ജില്ല സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 പൊലീസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിലുള്ള വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയത്. ജോയിന്റ് ആർ.ടി. ഓഫീസിലും പരിസരത്തും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ജോയിന്റ് ആർ.ടി.ഒ യുടെ ഏജന്റായ സ്വകാര്യ ഡ്രൈവറുടെ കൈയിൽ നിന്നും 3,500 രൂപ വിജിലൻസ് പിടിച്ചെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിൽ വിവിധ ഏജന്റുമാർ പല ദിവസങ്ങളിലും വൻ തുകകൾ ജോയിന്റ് ആർ.ടി.ഒ ക്ക് വേണ്ടി ഡ്രൈവറുടെ ഗൂഗിൾ-പേ അക്കൗണ്ടിലേക്ക് അയച്ചു നൽകുന്നതായും ഇത്തരത്തിൽ ഓരോ മാസവും 1 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിച്ചിട്ടുള്ളതായും വിജിലൻസ് കണ്ടെത്തി.
നെയ്യാറ്റിൻകര സബ് ആർ.ടി. ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
