ഇന്ത്യൻ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിലെ ചൈനാ-സോവിയറ്റ് പിളർപ്പിന് ശേഷമുരുത്തിരിഞ്ഞ തീവ്ര കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളെ പൊതുവായി വിളിക്കുന്ന നാമമാണ് നക്സലൈറ്റുകൾ അല്ലെങ്കിൽ നക്സലുകൾ …..!!!
പ്രത്യയശാസ്ത്രപരമായി അവർ മാവോയിസമാണ് പിന്തുടരുന്നത്. പശ്ചിമ ബംഗാളിലാണ് നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ തുടക്കം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയുടെ മദ്ധ്യ, പൗരസ്ത്യ ഭാഗത്തെ അവികസിത ദേശങ്ങളിൽ പ്രത്യേകിച്ചും ആന്ധ്രാ പ്രദേശ്, ഛത്തീസ്‌ഗഢ് സംസ്ഥാനങ്ങളിൽ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) മുതലായ സംഘടനകളിലൂടെ അവരുടെ പ്രവർത്തനം വ്യാപകമായി.
ഇന്ത്യൻ സർക്കാരും ഇന്ത്യയിലെ ചില സംസ്ഥാന സർക്കാരുകളും സി.പി.ഐ. (മാവോയിസ്റ്റ്)-നെയും മറ്റ് ചില നക്സൽ സംഘടനകളെയും തീവ്രവാദ സംഘങ്ങളായി കരുതുന്നു.സെപ്റ്റമ്പർ 21, 2004-ൽ സ്വതന്ത്രമാക്കപ്പെട്ടൊരു മേഖലയിൽ വെച്ച്, മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്റർ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്), പീപ്പിൾസ് വാർ ഗ്രൂപ്പ് എന്നീ സംഘടനകൾ തമ്മിൽ ലയിച്ച്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്), എന്ന പാർട്ടി ആയി.
പീപ്പിൾസ് വാർ ഗ്രൂപ്പും ആന്ധ്രാ പ്രദേശ് ഭരണകൂടവും നടത്തിക്കൊണ്ടിരുന്ന സമാധാന ചർച്ചകൾക്കിടയിൽ വെച്ച്, പീപ്പീൾസ് വാർ ഗ്രൂപ്പ് സംസ്ഥാന സെക്രട്ടറി, രാമകൃഷ്ണ, ഹൈദരാബാദിൽ, ഒക്ടോബർ 14, 2004-നാണ് ഈ വാർത്ത ഔദ്യോഗികമായി പുറത്ത് വിട്ടത്.
പശ്ചിമ ബംഗാളിലെ നക്സൽബാരി എന്ന ഗ്രാമത്തിൽ, സംഘടിപ്പിച്ച ആക്രമാസക്തമായ വിപ്ലവ പ്രക്ഷോഭമാണ് നക്സൽ പ്രസ്ഥാനങ്ങളുടെ തുടക്കം. നക്സൽബാരി എന്ന ഈ സ്ഥലനാമം മൂലമാണ് നക്സലൈറ്റുകൾ എന്ന് ഇവർക്ക് പേരു് വരുവാൻ കാരണമായത്.
1967-ലെ നക്സൽബാരി പ്രക്ഷോഭത്തിൽ നിന്നുമാവേശമുൾക്കൊണ്ട് അറുപതുകളുടെ അന്ത്യഘട്ടത്തിൽ കേരളത്തിൽ നക്സൽ പ്രക്ഷോഭങ്ങൾ വ്യാപകമായി. 1968-76 കാലയളവിനെ നക്സലുകളുടെ സുവർണ്ണ കാലഘട്ടമെന്ന് വിശേഷിപ്പിക്കാം. ഈ സമയത്താണ് തലശ്ശേരി-പുൽപ്പള്ളി, കുറ്റ്യാടി, കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണങ്ങൾ, വയനാടു്, കാസർഗോഡു്, കണ്ണൂർ, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ജന്മികളെ കൊള്ളയടിക്കലും കൊലപാതകവും നടത്തിയത്.പാലക്കാട് ജില്ലയിൽ കോങ്ങാട് ദേശത്തു ജന്മി ആയിരുന്ന നാരായണൻ കുട്ടി നായർ കൊല്ലപ്പെട്ടതും ഇക്കാലത്താണ്.മുണ്ടൂർ രാവുണ്ണി, ലക്ഷ്മണൻ നായർ, ഭാസ്കരൻ തുടങ്ങിയവർ അന്നത്തെ സജീവ നക്സൽ പ്രവർത്തകർ ആണെന്ന് പറയപ്പെടുന്നു.