ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ‘മാ വന്ദേ’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. സ്‌പെഷ്യല്‍ പോസ്റ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സിന്റെ ബാനറില്‍ വീര്‍ റെഡ്ഡി എം ആണ് പാന്‍ ഇന്ത്യന്‍ ചിത്രമായ ‘മാ വന്ദേ’ നിര്‍മിക്കുന്നത്. ക്രാന്തി കുമാര്‍ സി എച് ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ പറയുക എന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദിയുമായുള്ള ആഴത്തിലുള്ള ബന്ധവും ചിത്രത്തില്‍ പ്രതിപാദിക്കും. അന്താരാഷ്ട്ര നിലവാരത്തില്‍ അത്യാധുനിക വിഎഫ്എക്‌സ്, രാജ്യത്തെ മികച്ച സാങ്കേതിക വിദഗ്ധരുടെ വൈദഗ്ധ്യം എന്നിവ ഉപയോഗിച്ചാണ് ചിത്രം ഒരുക്കുന്നത്. പാന്‍ ഇന്ത്യ റിലീസിനൊപ്പം ഇംഗ്ലീഷിലും ചിത്രം നിര്‍മിക്കുന്നുണ്ട്.
‘മാ വന്ദേ’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍
