നന്ദമൂരി ബാലകൃഷ്ണയുടെ ‘അഖണ്ഡ 2: താണ്ഡവം’ എന്ന പടത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. ബാലയ്യയും സംയുക്ത മേനോനും നിറഞ്ഞാടിയ ഗാനം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. എസ് തമന്‍ ആണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. കാസര്‍ല ശ്യാം എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് ബ്രിജേഷ്, ശ്രേയ ഘോഷാല്‍ എന്നിവരാണ്. ബോയപതി ശ്രീനു സംവിധാനം ചെയ്ത ചിത്രം 2025 ഡിസംബര്‍ 5ന് തിയറ്ററുകളില്‍ എത്തും. ബോയപതി ശ്രീനു – നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ് അഖണ്ഡ 2: താണ്ഡവം. സൂപ്പര്‍ ഹിറ്റ് ചിത്രം ‘അഖണ്ഡ’യുടെ തുടര്‍ച്ച ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 14 റീല്‍സ് പ്ലസ് ബാനറില്‍ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. സംയുക്ത മേനോന്‍ ആണ് ചിത്രത്തിലെ നായിക. പാന്‍ ഇന്ത്യന്‍ ചിത്രമായി ബ്രഹ്മാണ്ഡ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടി. ബോളിവുഡ് താരം ഹര്‍ഷാലി മല്‍ഹോത്രയും ചിത്രത്തിന്റെ താരനിരയിലുണ്ട്.
നന്ദമൂരി ബാലകൃഷ്ണയുടെ ‘അഖണ്ഡ 2: താണ്ഡവം’ ഗാനം
