Screenshot 20260331 1339472

 

ചിക്മം​ഗളൂരുവിൽ കൊക്കയിൽ വീണ് മരിച്ച ശ്രീനന്ദയുടെ മൃതദേഹം കർണാടക പൊലീസിന്റെ അകമ്പടിയോടെ വീട്ടിലെത്തിച്ചു. അതേസമയം ശ്രീനന്ദയുടെ മരണത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. വസ്ത്രം കീറിയത് മരത്തിൽ കൊളുത്തി വലിച്ചതാകാമെന്നാണ് പ്രാഥമിക നി​ഗമനം. ശ്രീനന്ദയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് കണ്ടെത്തിയത്.

 

ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ കുടുംബത്തിന്‍റെ ആരോപണം തള്ളി കർണാടക പൊലീസ്. കുട്ടിയെ അപായപ്പെടുത്തിയതാകാനുള്ള സാധ്യതയാണ് പൊലീസ് തള്ളിയത്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികതയൊന്നും കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണസംഘം അറിയിച്ചു.

 

റാഗിങ് നിരോധന നിയമ ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം നൽകുന്നതിൽ തടസമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കാൻ ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് നിർദേശിച്ചു.

 

മുൻ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പോളിങ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചെന്ന് പരാതി. വോട്ട് ചെയ്യാൻ ബൂത്തിൽ കയറിയത് അനുയായിയോടൊപ്പമാണ് . കൂടെയുണ്ടായിരുന്ന ജയന്ത് ദിനേശിനെതിരെയും പരാതി നൽകി. യുവമോർച്ച ഉപാധ്യക്ഷൻ കെ ഷിജിൽ ആണ് പരാതി നൽകിയത്. ബൂത്തിൽ മൊബൈൽ ഫോൺ ഉപയോഗിച്ചു. സുധാകരൻ വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. ദൃശ്യങ്ങൾ സഹിതമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

 

ലൈംഗികാതിക്രമ കേസിൽ രഞ്ജിത്തിന് എതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി.ജാമ്യം നൽകിയാൽ പ്രതി സാക്ഷിയെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷൻ്റെ ആശങ്ക ഗൗരവമായി കാണുന്നു. അതിനാൽ കർശന ഉപാധികൾ വച്ച് ജാമ്യം അനുവദിക്കുന്നുവെന്നും കോടതി. ഉപാധികൾ ലംഘിച്ചാൽ ജാമ്യം റദ്ദ് ചെയ്യുമെന്നും കോടതി പറഞ്ഞു.

 

ഭരണവിരുദ്ധ തരംഗത്തിന്റെ സൂചനയാണ് ഉയർന്ന പോളിംഗ് ശതമാനം, യുഡിഎഫ് 100 സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും കെ. മുരളീധരൻ. വട്ടിയൂർക്കാവിൽ അയ്യായിരം മുതൽ പതിനായിരം വരെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വോട്ടർമാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടതായും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

 

പിസി ജോർജിനും മകൻ ഷോണിനും മറുപടിയുമായി ദീപിക മുഖപത്രം. മുഖപ്രസംഗത്തിലൂടെയാണ് ദീപിക മറുപടി നൽകിയത്. എഫ്സിആർഎയെക്കുറിച്ച് മിണ്ടിപ്പോകരുതെന്ന ഭീഷണിയുമായി എത് രാഷ്ട്രീയ അവസരവാദി മുണ്ടുമടക്കിക്കുത്തി വന്നാലും നിലപാട് ഇനിയും പറയേണ്ടിവരും. രാഷ്ട്രീയം ദുഷിപ്പുകാർ തട്ടിപ്പറിക്കരുതെന്നും ദീപിക മുഖപ്രസംഗത്തിൽ പറഞ്ഞു.

 

പി സി ജോര്‍ജിന്‍റെയും ഷോൺ ജോര്‍ജിന്‍റെയും സഭാ വിമര്‍ശനങ്ങളെ പിന്തുണച്ച് മുൻ ഡിജിപിയും ബിജെപി അനുഭാവിയുമായ ടി പി സെൻകുമാർ. കോർ ഹിന്ദുവിനെ വിട്ട് ബിജെപി ക്രിസ്ത്യൻ ഔട്ട് റീച്ചിനായി പോയപ്പോൾ തന്നെ താൻ ഇതെല്ലാം പറഞ്ഞതാണെന്ന് ടി പി സെൻകുമാർ പ്രതികരിച്ചു. കേരളത്തെ പറ്റി എബിസിഡി അറിയാത്ത പ്രസിഡന്‍റും മറുത്തു പറയാത്ത അനുചാരവൃന്ദവും ഇന്ന് കേരളത്തിലെ ബിജെപിയെ എവിടെ എത്തിച്ചുവെന്ന് അദ്ദേഹം ചോദിച്ചു.

 

കേരളത്തിലെ തെരഞ്ഞെടുപ്പിൽ എഫ്സിആർഎ വിവാദം ബിജെപിക്ക് തിരിച്ചടിയാകില്ലെന്ന് മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ. കൂടിയാലോചന ഇല്ലാതെ നിയമം കൊണ്ടുവരില്ലെന്ന് കേന്ദ്രമന്ത്രി അടക്കം ക്രൈസ്തവ സഭാ നേതൃത്വത്തെ ബോധ്യപ്പെടുത്തിയതാണ്. കേന്ദ്രവുമായി നടത്തിയ ചർച്ചകളിൽ സഭാ നേതൃത്വം തൃപ്തിയിലാണെന്നും അദ്ദേഹം പ്രതികരിച്ചു.

 

നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച സപ്ലൈകോയിലെ പ്രത്യേക ഓഫര്‍ ഇന്ന് അവസാനിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടു പൊടി നൽകുമെന്നാണ് സപ്ലൈകോ അറിയിച്ചിരുന്നത്. വോട്ട് ചെയ്തതിന്റെ തെളിവായി വിരലിലെ മഷിയടയാളം പരിശോധിച്ച ശേഷമായിരിക്കും പുട്ടുപൊടി നൽകുക. വോട്ട് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനായിട്ടായിരുന്നു ഈ ഓഫർ.

 

റാന്നിയിൽ പോളിങ് കുറഞ്ഞതിൽ എൽഡിഎഫ് യുഡിഎഫ് സ്ഥാനാർത്ഥികളെ അടക്കം വിമർശിച്ച് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. പോളിങ്ങിലെ കുറവിനു കാരണം റാന്നിക്കാർ അല്ലാത്ത സ്ഥാനാർത്ഥികൾ അടക്കം ഏഴു കാരണങ്ങളെണെന്നാണ് പി.എസ്.സി മുൻ അംഗംകൂടിയായ റോഷൻ റോയ് മാത്യു പറയുന്നത്. സംസ്ഥാനത്ത് പോളിങ് ശതമാനത്തില്‍ പിന്നിലായത് പത്തനംതിട്ട ജില്ലയാണ്.

 

കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിൽ പോക്സോ കേസിന് പിന്നാലെ പട്ടിക വർഗപീഡന കുറ്റവും ചുമത്തും. വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ കൂട്ട് നിന്നവരും പ്രതികളാകും. ഇക്കാര്യം വ്യക്തമാക്കി എസ് ടി കമ്മീഷൻ നിയമ ഉപദേശകൻ പ്രകാശ് ഉയ്‌ക്കെ ഫേസ്ബുക്ക് പോസ്റ്റിട്ടു. സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്ന് പ്രകാശ് ചൂണ്ടിക്കാട്ടുന്നു. വിവാഹത്തിന് കാർമികത്വം വഹിച്ച കേരളത്തിലെ സിപിഎം നേതാക്കളുടെ പങ്കും അന്വേഷിക്കണമെന്നാണ് ആവശ്യം.

 

മുഖ്യമന്ത്രി ചർച്ച ഒഴിവാക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തം. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞത് ശരിയായില്ലെന്ന നിലപാടിലാണ് കോൺഗ്രസിലെ ഐ എ ഗ്രൂപ്പുകൾ. എന്നാല്‍, മുഹമ്മദ് ഷിയാസിന്റ അഭിപ്രായത്തിലെ ഒരു ഭാഗം മാത്രം എടുത്തു എന്നാണ് സതീശൻ അനുകൂലികൾ വിശദീകരിക്കുന്നത്.

 

കണ്ണൂര്‍ പയ്യന്നൂരിൽ തുടങ്ങിയ രാഷ്ട്രീയ ആക്രമണങ്ങൾ തുടരുന്നു. മാതമംഗലം പേരൂലിൽ വി കുഞ്ഞികൃഷ്ണന് അനുകൂല ഫേസ്ബുക്ക് പോസ്റ്റിട്ടയാളുടെ കാർ കത്തിച്ചു. കാങ്കോൽ കരിങ്കുഴിയിൽ വി കുഞ്ഞികുഞ്ഞികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ഷെഡ് കത്തിച്ചു. മയ്യിലിൽ മുസ്‌ലിം ലീഗ് ഓഫീസും തകർത്തു. അക്രമസംഭവങ്ങളിൽ ആശങ്ക ഉയര്‍ന്നതോടെ എഡിഎം രാഷ്ട്രീയപാർട്ടികളുടെ സമാധാനയോഗം വിളിച്ചു.

 

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം നേടുമെന്ന് ശശി തരൂർ എം.പി. തിരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി നടക്കുന്ന ചർച്ചകൾ അനാവശ്യമാണെന്നും, വിജയിച്ച ശേഷം എം.എൽ.എമാരും ഹൈക്കമാൻഡുമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വിമർശിച്ചു.

 

വർക്കലയിൽ തർക്കത്തിലുള്ള വഴിയിലൂടെ ഓട്ടോറിക്ഷയിൽ എത്തിയ ഭർത്താവിനെ തടഞ്ഞത് ചോദ്യം ചെയ്ത വയോധികയ്ക്ക് നേരെ ക്രൂരമർദ്ദനം. വർക്കല ഇലകമൺ കെടാകുളം സ്വപ്ന നിവാസിൽ 65 വയസ്സുള്ള രമാഭായിക്കാണ് മർദ്ദനമേറ്റത്. വയോധികയുടെ തലയ്ക്കാണ് മുറിവേറ്റത്. സംഭവത്തിൽ ഇലകമൺ കെടാകുളം കാട്ടുവിളവീട്ടിൽ രാജേഷ് (44) അയിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

മലപ്പുറം തിരൂരിൽ രോഗികളുടെ പേരിൽ വ്യാജ പണപ്പിരിവ് നടത്തിയ സംഘത്തെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. വാഹനത്തിൽ ഫ്ലക്സ് ബോർഡുകളുമായി വീടുകൾ കയറിയിറങ്ങി പണം തട്ടിയ സംഘത്തിലെ ഒരാൾ ഓടി രക്ഷപ്പെട്ടു. ഇത്തരം തട്ടിപ്പുകൾ യഥാർത്ഥ രോഗികൾക്കുള്ള സഹായത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

 

ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ 10 ലക്ഷം രൂപ മടക്കി നൽകിയതായി ദല്ലാൾ നന്ദകുമാർ. ഏപ്രിൽ 7 ന് പണം അക്കൗണ്ടിലേക്ക് ഇട്ടു. ഹരിഹരൻ എന്ന വ്യക്തിയുടെ അക്കൗണ്ടിൽ നിന്നാണ് തുക ലഭിച്ചതെന്നും നന്ദകുമാർ വെളിപ്പെടുത്തി. ഭൂമി നൽകാമെന്ന വാഗ്ദാനത്തിലാണ് പണം വാങ്ങിയതെന്നും പിന്നീട് ഭൂമി ലഭിക്കാത്ത സാഹചര്യത്തിലാണ് വിവാദം ഉണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു. ഇപ്പോൾ പണം തിരികെ ലഭിച്ച സാഹചര്യത്തിൽ കേസ് പിൻവലിക്കുമെന്നും നന്ദകുമാർ കൂട്ടിച്ചേര്‍ത്തു.

 

ആഗോളതലത്തിൽ ഊർജ്ജ, വൈദ്യുതി നിരക്കുകളിൽ വലിയ ചാഞ്ചാട്ടം ഉണ്ടായതായി ‘ഗ്ലോബൽ പെട്രോൾ പ്രൈസസ്’ റിപ്പോർട്ട് ചെയ്യുന്നു. അസംസ്‌കൃത എണ്ണയുടെ വിലയിലുണ്ടാകുന്ന മാറ്റങ്ങൾക്ക് ഉപരിയായി, അതത് രാജ്യങ്ങളിലെ നികുതി നയങ്ങളും സർക്കാർ നൽകുന്ന സബ്‌സിഡികളുമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന അന്തിമ വില നിശ്ചയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

 

ഹോർമുസ് കടൽപാത പൂർണ്ണമായും സ്വതന്ത്രമാകണം എന്ന നിലപാട് ആവർത്തിച്ച് ഇന്ത്യ. കടൽപ്പാതയിലൂടെ സുരക്ഷിതമായ കപ്പൽ നീക്കം സാധ്യമാകണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. മിഡിൽ ഈസ്റ്റിലെ യുദ്ധം വളരെയധികം ദുരിതങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും ആഗോള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

 

പാകിസ്ഥാനിലെത്തിയ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിന്റെ വിമാനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ ലോക ശ്രദ്ധ നേടുന്നു. ചർച്ചകൾക്ക് വേണ്ടി പാകിസ്ഥാനിലേക്ക് പോയ സംഘം സഞ്ചരിച്ച വിമാനത്തിലെ ഒഴിഞ്ഞ സീറ്റുകളിൽ ഫെബ്രുവരി 28-ന് മിനാബിൽ അമേരിക്കൻ ആക്രമണത്തിൽ മരിച്ച എലിമെന്ററി സ്കൂൾ കുട്ടികളുടെ ചിത്രങ്ങളാണ് പതിച്ചിട്ടുള്ളത്. വിമാനത്തിൽ എന്റെ സഹയാത്രികർ എന്ന പേരിലാണ് ഇറാൻ സ്പീക്കർ എം ബി ഗാലിബാഫ് ചിത്രം സമൂഹമാധ്യമങ്ങളിൽ പതിച്ചിട്ടുള്ളത്.

 

ഡൽഹി സർക്കാർ പുതിയ ഇലക്ട്രിക് വാഹന നയത്തിന്‍റെ കരട് പുറത്തിറക്കി. ഇത് പ്രകാരം 2028-ഓടെ പുതിയ പെട്രോൾ ടു-വീലറുകളുടെ രജിസ്ട്രേഷൻ നിർത്തലാക്കുകയും വാണിജ്യ, സർക്കാർ, സ്കൂൾ വാഹനങ്ങൾ ഘട്ടംഘട്ടമായി ഇലക്ട്രിക് ആക്കുകയും ചെയ്യും. വായുമലിനീകരണം കുറയ്ക്കാൻ ലക്ഷ്യമിടുന്ന നയത്തിൽ ഇവി വാങ്ങുന്നവർക്ക് സബ്‌സിഡികളും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.

 

സുരക്ഷാ കാരണങ്ങളെ തുടർന്ന് നടൻ വിജയുടെ തമിഴക വെട്രി കഴകം കടലൂരിൽ നടത്താനിരുന്ന റോഡ്ഷോ മാറ്റിവെച്ചു. കഴിഞ്ഞ റോഡ്ഷോയിൽ ആരാധകർക്ക് അപകടം സംഭവിച്ച പശ്ചാത്തലത്തിലാണ് ഈ തീരുമാനം. അതേസമയം, കർശന സുരക്ഷാ ക്രമീകരണങ്ങളോടെ പുതുക്കോട്ടയിൽ ഈ മാസം 14-ന് വിജയ് റോഡ്ഷോ നടത്തും.

 

എച്ച്ആർഡിഎസ് സ്ഥാപക ചെയർമാൻ അജി കൃഷ്ണനെതിരെ പോക്സോ കേസ് പരാതി. പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് എച്ച്ആർഡിഎസിലെ ജീവനക്കാരനാണ് പരാതി നൽകിയത്. അജി കൃഷ്ണനെ ദില്ലി പൊലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 11 വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കി എന്നാണ് പരാതി.

 

മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരൻ 23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ മരണത്തിന് കീഴടങ്ങി.ഝലാരിയ ഗ്രാമത്തിൽ വ്യാഴാഴ്ച വൈകുന്നേരം കുഴൽക്കിണറിൽ വീണ ഭഗീരഥ് എന്ന ബാലനാണ് മരണത്തിന് കീഴടങ്ങിയത്. വെള്ളിയാഴ്ച കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

 

അമേരിക്ക-ഇറാൻ വെടിനിർത്തലിനിടെ, ഇറാന് പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നൽകാൻ ചൈന ഒരുങ്ങുന്നതായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. തോളിൽ വെച്ച് തൊടുക്കാവുന്ന മിസൈലുകൾ ഏതാനും ആഴ്ചകൾക്കുള്ളിൽ ഇറാനിലെത്തുമെന്നാണ് സൂചന. എന്നാൽ, ഈ ആരോപണങ്ങൾ നിഷേധിച്ച ചൈന, തങ്ങൾ ഒരു പക്ഷത്തിനും ആയുധം നൽകുന്നില്ലെന്ന് വ്യക്തമാക്കി.

 

ഇറാനുമായുള്ള ചർച്ചകളിൽ പോരാട്ടം അവസാനിപ്പിക്കുന്നതിനും ആഗോള സമ്പദ്‌വ്യവസ്ഥയുടെ മേലുള്ള സമ്മർദ്ദം കുറയ്ക്കുന്നതിനുമായിരിക്കും പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുൻഗണന നൽകുകയെന്ന് കുവൈറ്റിലെയും ഇറാഖിലെയും മുൻ യുഎസ് അംബാസഡർ ഡഗ്ലസ് സിലിമാൻ അഭിപ്രായപ്പെട്ടു. അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ട്രംപിന്‍റെ നയതന്ത്ര നീക്കങ്ങളെക്കുറിച്ച് മനസ് തുറന്നത്.

 

തായ്‌വാന് ചുറ്റും വീണ്ടും പ്രകോപനവുമായി ചൈനീസ് സൈന്യം. ശനിയാഴ്ച രാവിലെ 6 മണി വരെയുള്ള കണക്കനുസരിച്ച് 17 ചൈനീസ് സൈനിക വിമാനങ്ങളും ഏഴ് നാവികസേനാ കപ്പലുകളും ഒരു ഔദ്യോഗിക കപ്പലും തായ്‌വാന്റെ സമുദ്രാതിർത്തിക്ക് സമീപം കണ്ടെത്തിയതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം വിശദമാക്കുന്നത്.

 

ഹോർമുസ് കടലിടുക്കിൽ തങ്ങൾ തന്നെ സ്ഥാപിച്ച നാവിക മൈനുകൾ എവിടെയാണെന്ന് കണ്ടെത്താൻ കഴിയാത്തതിനാൽ കടലിടുക്ക് പൂർണ്ണമായി തുറക്കാൻ കഴിയാതെ ഇറാൻ പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ടുകൾ. അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ദി ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്. കഴിഞ്ഞ മാസം യുഎസും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചപ്പോൾ, ചെറിയ ബോട്ടുകൾ ഉപയോഗിച്ച് തിരക്കിട്ടാണ് ഇറാൻ ഇവിടെ മൈനുകൾ വിന്യസിച്ചത്.

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *