IMG 20260904 WA0055

കേരളം പിഎം ശ്രീയുടെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് അയക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എസ്എസ്കെ ഡയറക്ടറുമായുള്ള കൂടിക്കാഴ്ചയിലാണ് നിലപാട് അറിയിച്ചത്.ആർടിഇ പദ്ധതി ഒഴികെ ഉള്ള എസ്എസ്കെ ഫണ്ടുകൾക്ക് പി എം ശ്രീ നിർബന്ധമാക്കുകയാണ് കേന്ദ്രം.

‎പിഎം ശ്രീ വിഷയത്തിൽ ലീഗിന് പിന്നാലെ കോൺഗ്രസിലും ഭിന്നത രൂക്ഷമായതോടെ സർക്കാറിന് അന്തിമ തീരുമാനമെടുക്കൽ കടുത്ത വെല്ലുവിളിയായിരിക്കുകയാണെന്നാണ് വിവരം.

‎ആത്മീയ ചർച്ചകളെ ബോധപൂർവ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും തിരിച്ചുവിടാൻ ശ്രമം നടക്കുന്നുവെന്ന ഫേസ്ബുക്ക് പോസ്റ്റുമായി കാന്തപുരം എ പി അബൂബകർ മുസ്ലലിയാർ. സമൂഹത്തിൽ ഭിന്നത വളർത്താനുള്ള ശ്രമമാണ് നടക്കുന്നത്. പ്രവർത്തകർ പ്രകോപനങ്ങളിൽ വീഴരുതെന്നും പക്വതയോടെയും വിവേകത്തോടെയും ഇടപെടണമെന്നും കാന്തപുരം ഫേസ്ബുക്കിൽ കുറിച്ചു.

‎പാലാ നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാരുടെ കൂറുമാറ്റത്തിൽ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. കൂറുമാറിയ കൗൺലിർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നേട്ടീസ് നൽകി. ഈ മാസം 22 ന് കമ്മീഷന് മുന്നിൽ ഹാജരാകാനാണ് നിർദേശം. പാർട്ടി വിപ്പ് ലംഘിച്ചെന്ന കോൺഗ്രസ് പരാതിയിലാണ് കമ്മീഷൻ നടപടി.

‎പ്രതിപക്ഷ ഉപനേതൃപദവി തർക്കത്തിൽ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പ്രശ്നം കേരളത്തിൽ പരിഹരിക്കുമെന്നും ചർച്ചകളിലൂടെ പരിഹാരം കാണുമെന്നും എംഎ ബേബി പ്രതികരിച്ചു. പിണറായിയും മറ്റ് നേതാക്കളും പറഞ്ഞതിൽ വൈരുദ്ധ്യമില്ലെന്നും എംഎ ബേബി കൂട്ടിച്ചേർത്തു.

‎തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം അണികളും നേതാക്കളും ഷെയർ ചെയ്ത് എടുക്കട്ടെയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ.  പിണറായിയാണോ മറ്റേതെങ്കിലും നേതാവാണോ പരാജയ കാരണമെന്ന് പരിശോധിക്കുന്നത് പാർട്ടിയുടെ പണിയല്ലെന്നും മാധ്യമങ്ങളെടുക്കുന്ന പണിയാണെന്നും വിജയരാഘവൻ പറഞ്ഞു.

‎കാന്തപുരത്തിൻ്റെ പ്രസ്താവന ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും ഭരണഘടനയ്ക്ക് മുകളിൽ അല്ല മത ശാസനയെന്നും പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.  മതവിശ്വാസികളോട് മാത്രമാണ് പ്രസ്താവന എന്ന കാന്തപുരം വിഭാഗം നേതാക്കളുടെ ന്യായീകരണവും മുതിർന്ന നേതാവ് തള്ളി.

‎വായ്പ കുടിശിക വരുത്തിയവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി കെഎസ്എഫ്ഇ. കുടിശ്ശികയുള്ളവർക്ക് പരമാവധി 60 ശതമാനം വരെ പലിശ ഇളവ് ലഭിക്കും. സെപ്റ്റംബർ 7 മുതൽ വിമുക്തി 26 ആരംഭിക്കും. ചിട്ടികളിലും വായ്പകളിലും കുടിശ്ശിക വരുത്തിയവർക്ക് ആനുകൂല്യം ലഭിക്കും.

‎നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി. കോടതി ഉത്തരവുമായി കസ്റ്റഡിയിലുള്ള ബൈക്ക് തിരികെ വാങ്ങുന്നതിനായി ഉടമ സ്റ്റേഷനിലെത്തിയപ്പോഴാണ് വാഹനം കാണാനില്ലെന്ന വിവരം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്.

‎ലഹരി കച്ചവടത്തിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ കേസുകള്‍ അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എത്തുന്നു. പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസിന് പുറമേ കൂടുതല്‍ കേസുകളുടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ ഇ ഡി ഇന്റലിജന്‍സ് വിഭാഗം ശേഖരിച്ചു.

‎കോട്ടയം മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് പരാതി. ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയെന്നാണ് പരാതി. കോഴിക്കോട് സ്വദേശി അഞ്ജു വിനീഷാണ് പരാതിക്കാരി. അഞ്ജുവിന്റെ കുഞ്ഞിന്റെ ശരീരത്തിലാണ് സൂചി കണ്ടെത്തിയത്.

‎ആലപ്പുഴ ചുനക്കര കോമല്ലൂരിൽ പ്രവർത്തിച്ചുവന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പൊതുജനങ്ങളിൽനിന്ന് പണയമായി സ്വീകരിച്ച സ്വർണം തിരിമറി നടത്തി കോടികൾ തട്ടിയ കേസിൽ ഒന്നാം പ്രതിയായ സ്ഥാപനയുടമ അറസ്റ്റിലായി. ചുനക്കര കോമല്ലൂരിലെ ശ്രീലകം ഫിനാൻസ് എന്ന സ്ഥാപനത്തിന്റെ ഉടമയായ രാധാകൃഷ്ണ പിള്ളയാണ് പിടിയിലായത്.

‎മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട. രണ്ടുകിലോ എംഡിഎംഎയുമായി രണ്ടുപേരെ പൊലീസ് പിടികൂടി. സംഭവത്തിൽ മട്ടാഞ്ചേരി സ്വദേശി നൗഫൽ(36) എന്നയാളെ കസ്റ്റഡിയിലെടുത്തു.

‎പ്ലാസ്റ്റിക് റീസൈക്ലിംഗ് ഖാദി യൂണിറ്റിൽ കുടുങ്ങി യുവാവിന്റെ വിരലുകൾ അറ്റു. കോന്നി അട്ടച്ചാക്കലിലാണ് സംഭവം. അതുമ്പുംകുളം കൊച്ചുമേലേതിൽ ഷിബുവിന്റെ (36) രണ്ട് വിരലുകളാണ് ജോലിക്കിടെ യന്ത്രത്തിൽ കുടുങ്ങി അറ്റുപോയത്. വിവരമറിഞ്ഞ് ഉടമ ആശുപത്രിയിൽ എത്തിയെങ്കിലും തുടർ ചികിത്സാ സഹായങ്ങൾ ലഭ്യമാക്കിയിട്ടില്ല എന്നാണ് പരാതി.

‎ശ്രീകൃഷ്ണ ജയന്തിയിൽ ജന്മാഷ്ടമി ആശംസകൾ നേർന്നു തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ധർമ്മത്തിന്റെ വഴിയിൽ മുന്നോട്ടുപോകണമെന്ന ശ്രീകൃഷ്ണന്റെ സന്ദേശം ഉൾക്കൊള്ളുന്ന ലോകത്തെ നിർമ്മിക്കാമെന്ന് വിജയ് ആശംസ നേർന്നു.

‎ഡൽഹിയിൽ വീണ്ടും സിജെപി പ്രതിഷേധം. സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തവരെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സി ജെപി പ്രവർത്തകരെ പൊലീസ് സ്റ്റേഷനു മുന്നിൽ തടഞ്ഞു. സൗരവ് ദാസ്, അഷ്തോഷ് രംഗ തുടങ്ങിയ നേതാക്കൾ പ്രവർത്തകർക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തു.

‎പഞ്ചാബിലെ തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിന്(എസ്ഐആർ) ശേഷം പുറത്തിറക്കിയ കരട് വോട്ടർപട്ടികയിൽനിന്ന് കോൺഗ്രസ് എംപിയും പുറത്ത്. രണ്ടുവട്ടം പട്യാലയിൽനിന്ന് ലോക്സഭാംഗമായ മുതിർന്ന കോൺഗ്രസ് നേതാവ് ഡോ. ധരംവീര ഗാന്ധിയാണ് കരട് പട്ടികയിൽനിന്ന് പുറത്തായത്.

‎നേപ്പാളിലെ പ്രളയത്തിൽ രസുവ ജില്ലയിലെ ത്രിശൂലി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള തുരങ്കത്തിനുള്ളിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി. ദുരന്തം സംഭവിച്ച് ഒൻപതുദിവസത്തിന് ശേഷമാണ് രണ്ടുപേരെ തുരങ്കത്തിനുള്ളിൽനിന്ന് രക്ഷിച്ചത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

‎അമേരിക്കയിലെ ന്യൂഹാംഷെയറിലുള്ള ലെബനൻ നഗരത്തിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ രണ്ട് ദിവസത്തിനിടെ മൂന്ന് പേർക്ക് പരിക്കേറ്റു.  ആക്രമണം നടത്തിയത് പേവിഷബാധ ബാധിച്ച മൃഗമായിരിക്കാമെന്ന സംശയത്തെ തുടർന്ന് പ്രദേശത്ത് പോലീസ് കടുത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

‎വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനം പാർക്കിങ് പോസ്റ്റിലിടിച്ചു. ശ്രീനഗർ വിമാനത്താവളത്തിലാണ് സംഭവം. നവി മുംബൈയിൽനിന്ന് ശ്രീനഗറിൽ ലാൻഡ് ചെയ്ത ഇൻഡിഗോ 6ഇ 225 വിമാനമാണ് അപകടത്തിൽപെട്ടത്.

‎ഇറാനെതിരെ വലിയ ആക്രമണങ്ങളൊന്നും നടക്കുന്നില്ലെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികള്‍ മാത്രമാണ് അമേരിക്ക നടത്തുന്നതെന്നാണ് വാന്‍സ് വിശദീകരിക്കുന്നത്.

‎അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് മധ്യനിര താരം മാർക്കോസ് ല്ലോറന്‍റെ. 31-ാം വയസിൽ അപ്രതീക്ഷിതമായാണ് അത്‌ലറ്റിക്കോ മാഡ്രിഡ് താരം അന്താരാഷ്ട്ര കരിയറിന് തിരശ്ശീലയിട്ടത്. സമൂഹമാധ്യമത്തിലൂടെയായിരുന്നു ല്ലോറന്‍റെയുടെ വിരമിക്കൽ പ്രഖ്യാപനം.

‎പ്രായത്തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് താരം രോഹിത് യാദവിന് രണ്ട് വർഷത്തെ വിലക്കേർപ്പെടുത്തി ബിസിസിഐ.  ബിസിസിഐ നടത്തിയ പ്രായ പരിശോധയിലാണ് രോഹിതിന്‍റെ തിരിച്ചറിയൽ രേഖകളിൽ തിരിമറി നടന്നിട്ടുള്ളതായി കണ്ടെത്തിയത്.

‎വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഹോങ്കോംഗിനെ 137 റൺസിന് തകർത്ത് ഇന്ത്യ സെമി ഫൈനലിൽ കടന്നു. ഓപ്പണർ സ്മൃതി മന്ദാനയുടെ സെഞ്ചുറിയുടെ കരുത്തിലാണ് ഗ്രൂപ്പ് എ-യിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ വൻ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹോങ്കോംഗ് 56 റൺസിന് ഓൾ ഔട്ടായി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *