Screenshot 20260613 141344

പിഎം ശ്രീയിൽ തുടരാൻ കേരളം. കരാർ വ്യവസ്ഥയിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി എം ശ്രീയിൽ തുടരാൻ നിർബന്ധിതരായി എന്നും ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും തു‌ടർന‌ടപടിയെന്നും വി ‍ഡി സതീശൻ പറഞ്ഞു. മുൻ സര്‍ക്കാര്‍ കരാ‍ര്‍ ഒപ്പിട്ട് പണം വാങ്ങിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

‎പി എം ശ്രീ പദ്ധതിയില്‍ നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ലെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പി എം ശ്രീയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും എസ് എസ് കെ ഫണ്ട് വാങ്ങുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചതെന്നും വി ശിവൻകുട്ടി വിശദീകരിച്ചു.

‎പിഎം ശ്രീയിൽ തീരുമാനമെടുക്കാൻ നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. മന്ത്രിമാരായ എൻ ഷംസുദീൻ, റോജി എം ജോൺ, പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് ഉപസമിതിയിലുള്ളത്. സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും പിഎം ശ്രീയിൽ സംസ്ഥാന സർക്കാർ തുടർ നടപടി സ്വീകരിക്കുക.

‎ഐപിഎസ് തലപ്പത്ത് മാറ്റങ്ങളുമായി ഉത്തരവിറങ്ങി. ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസർ കൂടിയായ പുട്ട വിമലാദിത്യയെ ഉത്തരമേഖല ഐജിയായി നിയമിച്ചു. സതീഷ് ബിനോ ആഭ്യന്തര സുരക്ഷ വിഭാഗം ഐജിയാകും. കണ്ണൂർ റേഞ്ച് ഡിഐജിയായി കെ കാർത്തിക്കിനെയും തൃശൂര്‍ റേഞ്ച് ഡിഐജിയായി ടി നാരായണനെയും നിയമിച്ചു. തിരുവനന്തപുരം ഡിസിപിയായി ഷഹന്‍ഷാ കെ എസിനെയും നിയമിച്ചു.

‎തന്നെ തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിമർശനങ്ങൾ തനിക്ക് പുത്തരിയല്ല, എന്നാല്‍ എസ്എൻഡിപിക്കെതിരായ വാളോങ്ങലിൽ മൗനം പാലിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‎മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി ഇഡിക്ക് മുന്നിൽ ഹാജരായി. കൊച്ചി ഇ ഡി ഓഫീസിൽ രാവിലെ 10.30 ഓടെയാണ് വീണ ഹാജരായത്. ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് വീണ എത്തിയത്.

‎കാഫിർ സ്ക്രീൻഷോട്ട് അന്വേഷണത്തിൽ രാഷ്ട്രീയ താൽപര്യമുണ്ടെന്നും എസ്ഐടി യുഡിഎഫിന് വേണ്ടിയുള്ള സംവിധാനമായി മാറരുതെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. കാഫിർ സ്ക്രീൻഷോട്ട് വലിയ സംഭവമായി കൊണ്ടുനടക്കരുതെന്നും എന്ത് അന്വേഷണം വേണമെങ്കിലും നടത്തിക്കോട്ടെയെന്നും അദ്ദേഹം പറഞ്ഞു

‎തിരുവിതാംകൂർ ദേവസ്വം ബോർഡിൽ കോൺഗ്രസ് സംഘടന പ്രസിഡന്റിനെ രാത്രി വീണ്ടും മാറ്റി. പി ആർ ശ്രീ ശങ്കറിനെയാണ് ഹെഡ് ഓഫീസിൽ നിന്ന് മാറ്റിയത്.

‎എസ്എഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറി കെ അനുരാഗിനെതിെരായ പരാതിയില്‍ തത്ക്കാലം സംഘടന നടപടിയില്ല.തിടുക്കപ്പെട്ട് നടപടി വേണ്ടെന്നാണ് എസ്എഫ്ഐ ഫ്രാക്ഷൻ യോഗത്തിൽ തീരുമാനം. പരാതിക്കാരിയെ അനുനയിപ്പിക്കാനാണ് പാർട്ടി നേതൃത്വത്തിന്‍റെ ശ്രമം.

‎ഓപ്പറേഷൻ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് റേഷൻ ഗോഡൗണുകളിലും റേഷൻ കടകളിലും ഇന്നലെ നടന്ന റെയ്ഡിൽ നാല് ലൈസൻസികളെ വിജിലൻസ് സംഘം പിടികൂടി. ‘ഓപ്പറേഷൻ ഭക്ഷ്യസുരക്ഷ’ എന്ന പേരിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്.

‎നടി അൻസിബ ഹസൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ കൊച്ചി എസിപി തുടർ നടപടി സ്വീകരിക്കും. കടവന്ത്ര പൊലീസ് അന്വേഷണ റിപ്പോർട്ട് ഉടൻ എസിപിക്ക് കൈമാറും. ടിനി ടോം തനിക്കെതിരെ വർഗീയ പ്രചാരണം നടത്തിയെന്നായിരുന്നു അൻസിബയുടെ പരാതി.

‎നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി. അമ്മയും പങ്കാളിയും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ആണ് ഹൈക്കോടതി മറുപടി തേടിയത്. ഒരാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥൻ മറുപടി നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു.

‎പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം വലതു കൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിക്ക് മുടങ്ങിക്കിടന്ന ചികിത്സാസഹായം കിട്ടി. മൂന്നുമാസത്തെ ധനസഹായമായ 12000 രൂപയാണ് ഇന്നലെ അക്കൗണ്ടിൽ എത്തിയത്.

‎പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം. പാലക്കാട് കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടിൽ ജിജോ മോഹൻ (42) ആണ് ‍ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ഒരാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ച് മൂന്നാമത്തെ മരണമാണിത്.

‎നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളിൽ വിദ്യാർഥികളും രക്ഷിതാക്കളും വഞ്ചിതരാകരുതെന്ന് എൻ ടി എ ഡയറക്ടർ ജനറൽ അറിയിച്ചു. വിദ്യാർഥികൾ ആശങ്കപ്പെടാതെ പരീക്ഷയെക്കുറിച്ച് മാത്രം ചിന്തിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

‎ഷാർജയിൽ നിന്നും ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് ആശ്വാസമേകുന്ന വൻകിട ഗതാഗത വികസന പദ്ധതി വരുന്നൂ. രണ്ട് എമിറേറ്റുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ അൽ താവുൻ റോഡിനടിയിലൂടെ അത്യാധുനിക രീതിയിലുള്ള ഇരട്ട ഭൂഗർഭ തുരങ്കം നിർമ്മിക്കാനാണ് പദ്ധതി.

‎ജി 7 ഉച്ചകോടിക്കിടെ മോദി-ട്രംപ് നിർണായക കൂടിക്കാഴ്ച ഇന്ന്. ഇരു രാഷ്ട്രത്തലവന്മാരും പരസ്പരം കാണുന്നത് നീണ്ട ഇടവേളയ്ക്ക് ശേഷം. ഇന്നലത്തെ കണ്ടുമുട്ടൽ ഹസ്തദാനത്തിൽ മാത്രം ഒതുങ്ങിയത് ശ്രദ്ധേയമായിരുന്നു. യുഎസ് നാവികർക്കെതിരായ ആക്രമണവും താരിഫ് തർക്കവും അടക്കം ചർച്ചയായേക്കും.

‎മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) വിഭാഗത്തിൽ ആഭ്യന്തര കലഹം രൂക്ഷം. പാർട്ടിയുടെ ചില ലോക്സഭാ എംപിമാരെ ഫോണിൽ ബന്ധപ്പെടാൻ മുതിർന്ന നേതാക്കൾക്ക് സാധിക്കുന്നില്ലെന്നും ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നുമാണ് റിപ്പോർട്ട്.

‎കുവൈത്തിൽ വൻ രാഷ്ട്രീയ- ചലനങ്ങൾ സൃഷ്ടിച്ച ‘മന്ത്രാലയ ഫണ്ട് ധൂർത്ത്’ കേസുകളിൽ മുൻ ഉപപ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായിരുന്ന ശൈഖ് തലാൽ അൽ ഖാലിദിന് മൂന്ന് വർഷം കഠിനതടവ്.

‎അമേരിക്കയുമായുള്ള നിർണ്ണായക സമാധാന ചർച്ചകൾക്കിടയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മാനസിക നിലയും പെരുമാറ്റരീതികളും വിലയിരുത്താൻ ഇറാൻ മുതിർന്ന മനഃശാസ്ത്രജ്ഞരുടെ സഹായം തേടിയതായി റിപ്പോർട്ട്.

 

‎ലോകകിരീടം നിലനിർത്താൻ എത്തിയ അർജന്റീനയ്ക്ക് വിജയത്തുടക്കം. മെസി ഹാട്രിക്കോടെ തിളങ്ങിയ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അൾജീരിയയെ അർജന്റീന തോല്പിച്ചത്.

‎കാൻസാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തിൽ അള്‍ജീരിയക്കെതിരെ തന്‍റെ ഇരുന്നൂറാം അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ മെസി ഹാട്രിക് തികച്ച് ലോകകപ്പിലെ ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ റെക്കോര്‍ഡിനൊപ്പമെത്തി.16 ഗോളുകളാണ് ഇരുവരുടെയും പേരിലുള്ളത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *